കുട്ടികൾ അച്ചടക്കത്തോടെ നല്ല രീതിയിൽ വളർന്നു വരണമെങ്കിൽ നല്ല ശിക്ഷണം വേണമെന്നാണ് പണ്ടത്തെ ആളുകൾ പറയുന്നത്. എന്നാൽ, സാഹചര്യങ്ങൾ ഇന്ന് പഴയ പോലെയല്ല. പണ്ടത്തെ പോലെ ഒരു വടിയെടുത്ത് കുട്ടിയെ തല്ലി പഠിപ്പിക്കുന്നത് ഇന്ന് ശരിയായ രീതിയാണോ?
ഏതൊരു മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ എന്തെങ്കിലും തെറ്റുകൾ ചെയ്യുന്നത് കാണുമ്പോൾ അവരെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് സാധാരണമാണ്. ഒരു രക്ഷകർത്താവ്
എന്ന നിലയിൽ
നമ്മുടെ കുട്ടികൾ ശരിയായി ചിന്തിക്കണമെന്നും നല്ല കാര്യങ്ങൾ ചെയ്യണമെന്നും നാം ആഗ്രഹിക്കുന്നു. നമ്മുടെ കുട്ടികൾക്ക് വേണ്ട കാര്യങ്ങൾ നൽകികൊണ്ട് അവരെ നല്ല മനുഷ്യരാക്കി മാറ്റാൻ നാമെല്ലാം കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. കുട്ടികൾ ഏതെങ്കിലും തരത്തിൽ തെറ്റുകുറ്റങ്ങളും കുരുത്തക്കേടുകളും കാണിക്കുമ്പോൾ എല്ലാ മാതാപിതാക്കളുടേയും പിടി വിട്ടു പോവുകയും പെട്ടെന്നുണ്ടാവുന്ന ദേഷ്യത്തിൽ കുട്ടിയെ ശകാരിക്കുകയും ശിക്ഷിക്കുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്യാറ് പതിവാണ്.
പണ്ടത്തെ പോലെ കുട്ടികളെ വടിയെടുത്തു തല്ലുന്നതു പോലുള്ള ശിക്ഷാനടപടികൾ ചിലപ്പോൾ ഒരുപക്ഷേ ലക്ഷ്യത്തെ പിന്നോട്ട് നയിക്കുന്ന കാര്യങ്ങളാകാം. ഇത്തരം രീതികൾ പലപ്പോഴും നിങ്ങൾക്ക് ഉടനടി ഫലങ്ങൾ നൽകുമെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ, ഇത് ദോഷകരമായി മാറുന്നു.
ഇന്ന് കുട്ടികൾ നമ്മളെക്കാൾ അറുവുള്ളവരാണ്. അവരിൽ നിന്നും പഠിക്കാൻ നമുക്ക് ഒരുപാടുണ്ട്. മുതിർന്നവർ പറയുന്നത് മാത്രമാണ് ശരി എന്ന് കരുതുന്നത് ഇന്ന് വെറും തെറ്റിദ്ധാരണയാണ്. പണ്ട് നമ്മൾ വളർന്നപ്പോലുള്ള കാലഘട്ടമല്ല,
ഇന്ന് അവർ മൊബൈൽ ഫോണിലൂടെയും ഇന്റർനെറ്റിലൂടെയും കണ്ടും കേട്ടും നമ്മുടെ ചുറ്റുപാടുമുള്ളത് നമ്മളിലും വേഗത്തിൽ അറിയുന്നു. അവർ നമുക്ക് പകർന്നു തരുന്ന അറിവുകളെ തുച്ഛമായി കാണാതെ അവർ പറയുന്ന കാര്യങ്ങളെ നാം അംഗീകരിക്കണം. അതിലൂടെ അവർക്ക് തന്റെ മാതാപിതാക്കളിലേക്ക് എളുപ്പത്തിൽ ആശയങ്ങൾ പങ്കുവെയ്ക്കുവാൻ
സാധിക്കുന്നു. തന്നെ അംഗീകരിക്കുന്നു എന്ന് കുട്ടികൾക്കു തോന്നിയാൽ അവർ പിന്നീട് അവർ കടന്നുപോകുന്ന സന്തോഷങ്ങളിലും സങ്കടങ്ങളിലും നിങ്ങളെയും പങ്കാളിയാക്കും.
മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാൻ ആഗ്രഹിക്കുന്നത് അവരുടെ ഒരു നല്ല
പ്രവർത്തിക്ക് അല്ലെങ്കിൽ നല്ല പെരുമാറ്റ രീതികൾക്ക്
പ്രതിഫലങ്ങളും പാരിദോഷികങ്ങളും ലഭിക്കുമെന്നും മോശം പെരുമാറ്റതികൾക്ക് ശിക്ഷകൾ അനുഭവിക്കേണ്ടി വരുമെന്നുമാണ്. എന്നാൽ ഇത്തരമൊരു ചിന്താഗതി ചെറുപ്പം മുതൽ നൽകുന്നത് നിങ്ങളുടെ കുട്ടികളെ നല്ലതിനേക്കാൾ കൂടുതൽ ദോഷകരമായി ബാധിക്കാനുമുള്ള സാധ്യതയുണ്ട്. ഒരുപക്ഷേ സൗമ്യമായ ശിക്ഷകളാണ് നിങ്ങൾ അവർക്ക് നൽകുന്നതെങ്കിൽ പോലും പല സാഹചര്യങ്ങളിലും ഇത് നിങ്ങളെ ശരിക്കും സഹായിച്ചില്ല എന്ന് വരാം. ഒരു രക്ഷകർത്താവ് എന്ന നിലയിൽ, പെട്ടെന്നുണ്ടാകുന്ന നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കുകയും നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞിന് എവിടെയാണ് തെറ്റ് പറ്റിയതെന്ന് കണ്ടെത്തി അതവരെ സമഗ്രതയോടെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനുള്ള ക്ഷമയും ശക്തിയും ഉണ്ടാവണം.
കുട്ടികളുടെ പ്രവർത്തികൾക്ക് ശിക്ഷകൾ നൽകാൻ തുനിന്നതിന് മുൻപ് ശരിയായ രീതിയിൽ നിങ്ങളുടെ കുട്ടിയുമായി ആശയവിനിമയം നടത്തുകയും കാര്യങ്ങൾ ചർച്ച ചെയ്യാനുമുള്ള മുൻകൈ എടുക്കുകയും വേണം. കുഞ്ഞുങ്ങളുമായി ഇടപഴകുമ്പോൾ പട്ടാളച്ചിട്ടയും അമിത ലാളനയും ഒരുപോലെ അപകടകരമാണ്. സ്‌നേഹവും ശാസനയും കൂടിച്ചേർന്ന പാരന്റിംഗ് രീതിയാണ് ഫലപ്രദം. അച്ചടക്കം പഠിപ്പിക്കാനായി സ്നേഹം കുട്ടി
കൾക്ക് നിഷേധിക്കുന്നതും അമിത സ്‌നേഹവും
ലാളനയും നൽകി ജീവിതത്തിനാവശ്യമായ അച്ചടക്കശീലങ്ങൾ അവരെ പരിശീലിപ്പിക്കാതിരിക്കുന്നതും ദോഷകരമാണ്. സ്നേഹവും ശാസനയും ശരിയായ ആനുപാതത്തിൽ ക്രമീകരിക്കാനും കുഞ്ഞുങ്ങളിലേക്ക് പകരാനും മാതാപിതാക്കൾ പരിശീലിക്കേണ്ടതുണ്ട്.
നിങ്ങൾ കുട്ടികളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കുമ്പോൾ വാക്കുകൾ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്ന് മനസിലാക്കുക. ഒപ്പം അവർ കേൾക്കെ നിങ്ങൾ ചുറ്റുപാടും സംസാരിക്കുമ്പോൾ ഉപയോഗിക്കുന്ന വാക്കുകളിലും ശ്രദ്ധയുണ്ടാകണം.
ആധിപത്യമോ ശിക്ഷയോ ഇല്ലാതെ തന്നെ ശരിയും തെറ്റും എങ്ങനെ വേർതിരിച്ചറിയണമെന്ന അറിവ് നിങ്ങളുടെ കുട്ടികൾക്ക് പഠിപ്പിച്ചു കൊടുക്കേണ്ടത് പ്രധാനമാണ്. പെട്ടെന്ന് തോന്നുന്ന കോപത്താൽ പരുഷമായ വാക്കുകളോ അവരുടെ മേൽ ചൊരിയാതെ യുക്തിയോടെ നിങ്ങളുടെ കുട്ടിയോട് കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ കുട്ടി ഉണ്ടാക്കിയ എന്തെങ്കിലും കുഴപ്പങ്ങളെ യുക്തിപൂർവം ചിന്തിച്ചുകൊണ്ട് അവരോട് തന്നെ പരിഹരിക്കാൻ ആവശ്യപ്പെടുക. അതിനുവേണ്ട സഹായങ്ങൾ നിങ്ങൾക്ക് ചെയ്തു കൊടുക്കാം.
അതുപോലെ തന്നെ പരീക്ഷാ ഫലങ്ങളുടെ സമയം കൂട്ടികളെ സമ്മർദത്തിലാക്കുന്ന അവസരമാണ്. അതുകൊണ്ട് മാതാപിതാക്കൾ
എന്ന നിലയിൽ നിങ്ങളുടെ കുട്ടികൾക്കായി കൂടെ നിൽക്കേണ്ടത് പ്രധാനമാണ്, പ്രതേകിച്ച് ഫലങ്ങൾ പ്രതീക്ഷിച്ചതുപോലെയല്ലെങ്കിൽ. ആദ്യം, നിങ്ങളുടെ പിന്തുണയും സ്വീകാര്യതയും അവർക്ക് നൽകുക. പരീക്ഷാഫലങ്ങൾ ലോകാവസാനമല്ലെന്ന് നിങ്ങളുടെ കുട്ടികളെ മനസിലാക്കാൻ സഹായിക്കുകയും അവർ കടന്നുപോകുന്ന സമയത്തെക്കുറിച്ച് നിങ്ങളോട് സംസാരിക്കാൻ അവരെ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. രണ്ടാമതായി, കാര്യങ്ങൾ കാഴ്ചപ്പാടിലേക്ക് കൊണ്ടുവരാൻ അവരെ സഹായിക്കുക. തീരുമാനങ്ങളെടുക്കാൻ തിരക്കുകൂട്ടേണ്ട ആവശ്യമില്ല, പകരം, എന്താണ് സംഭവിച്ചതെന്ന് ചിന്തിക്കാനും അവരുടെ ലക്ഷ്യങ്ങൾ നേടാനുള്ള വഴികൾ കണ്ടത്താനും സഹായിക്കാനാകും.
കുട്ടികളുടെ പ്രാഥമികാവശ്യം പോലും ചോദിച്ചറിയാൻ നേരമില്ലാത്ത അല്ലെങ്കിൽ അതിനു കഴിയാത്ത ഒരു പാരന്റിംഗ് സംവിധാനമാണ് ഇന്നുള്ളത്. ഒരു പക്ഷെ കുട്ടികൾ വഴി തെറ്റാനുള്ള ഒന്നാമത്തെ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് രക്ഷിതാക്കളുടെ അശ്രദ്ധയാണ്. തങ്ങളെ ആർക്കും വേണ്ടായെന്ന കുട്ടികളിലുണ്ടാകുന്ന ചിന്ത അവരെ മറ്റ് വഴിക
ൾ തേടാൻ പ്രേരിപ്പിക്കുന്നു. മക്കളോട് കടലോളം സ്നേഹമുള്ള മാതാപിതാക്കളാണ് നിങ്ങളെങ്കിലും അവർക്കൊപ്പം സമയം ചെലവിടാൻ നിങ്ങൾക്ക് പറ്റാതെ വരുമ്പോൾ ആ സ്‌നേഹം കൊണ്ട് ഒരു പ്രയോജനവും ഇല്ലാതെയാകും. മക്കൾക്കായി നിങ്ങൾ ഒരുക്കി നല്ലന്ന സൗകര്യങ്ങളേക്കാൾ അവർ കൊതിക്കുന്നത് നിങ്ങളുടെ സാമീപ്യമാവും. നിങ്ങളുടെ പണത്തേക്കാൾ അവർ നിങ്ങളെ സ്‌നേഹിക്കണമെങ്കിൽ അവർക്കൊപ്പം ചെലവിടാൻ സമയം കണ്ടെത്തണം. നിങ്ങളുടെ സാമീപ്യവും നിർദേശങ്ങളും അവരെ കൂടുതൽ ഫലപ്രദമായി ലക്ഷ്യത്തിലേക്ക് അടുപ്പിക്കും. തിരക്കുകൾക്കിടയിലും കുട്ടികൾക്കായി മാതാപിതാക്കൾ സമയം കണ്ടെത്തി അവരുടെ കാര്യങ്ങൾ കേൾക്കുകയാണെങ്കിൽ അത് കുട്ടികളിലുണ്ടാകുന്ന സമ്മർദ്ദങ്ങളെ ഒരു പരിധി വരെ കുറക്കാൻ സാധിക്കും.
കുട്ടികൾക്ക് അവരുടെ സ്വന്തം വ്യക്തിത്വം ഉണ്ടാക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുക എന്നതാണ് ഏറ്റവും മികച്ച പാരന്റിംഗ്
ടിപ്പ്. പ്രായത്തിനൊത്തുള്ള ഉത്തരവാദിത്തങ്ങൾ മക്കളെ തന്നെ ഏൽപ്പിക്കുക. പുസ്തകങ്ങൾ അടുക്കി വെക്കുന്നതും, കിടക്ക വിരിക്കുന്നതും,
റൂം വൃത്തിയാക്കുന്നതും ചെടി നനയ്ക്കുന്നതും എല്ലാം കുട്ടികളുടെ
ചുമതല ആക്കി മാറ്റുക. മുതിർന്ന കുട്ടികൾക്ക് അവരുടെ പ്രായത്തിനൊത്ത മറ്റു ജോലികളും നൽകുക. പതിയെ പതിയെ അവരിൽ
ചുമതല ബോധം ഉടലെടുമെന്നുള്ളതിൽ യാതൊരുസംശയവും വേണ്ട. പരാജയവും വിജയം പോലെ തന്നെ ജീവിതത്തിന്റെ ഭാഗമാണെന്ന് കുട്ടികളെ പഠിപ്പിക്കുക. വിജയത്തെ അഭിനന്ദിക്കുന്നത് പോലെ തന്നെ പരാജയത്തെ ധീരതയോടെ നേരിടാൻ കുരുന്നുകളെ സജ്ജരാക്കുക... ഒരിക്കലും തോൽക്കാത്തവൻ ഒന്നും ചെയ്യാത്തവനാണെന്ന് അവർ പഠിക്കട്ടെ.
ശാരിക രാധാകൃഷ്ണൻ
ജേർണലിസ്റ്റ്
വിദ്യാഭ്യാസം കുട്ടികളുടെ സ്വഭാവരൂപീകരണത്തിൻ്റെ അടിസ്ഥാന ഘടകമാണ് .വിദ്യാഭ്യാസം സാമൂഹിക, സാംസ്കാരിക ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു . വിദ്യാഭ്യാസത്തിലൂടെ ഓരോ കുട്ടിയും സത്യസന്ധത, ഉത്തരവാദിത്വബോധം, സമഗ്രത, സഹാനുഭൂതി എന്നിവ ജീവിതത്തിൻ്റെ ഭാഗമായി മാറ്റുന്നു. ഒരു കുട്ടി ക്രിയാത്മമായും വിമർശനാത്മകമായും ചിന്തിക്കുന്നത് വിദ്യാഭ്യാസത്തിലൂടെ യാണ്. ഒരു സമൂഹ ജീവിഎന്ന നിലയിൽ പരസ്പരം സംവദിക്കാനും ഉൾക്കൊള്ളാനും നല്ല ബന്ധങ്ങൾ രൂപപ്പെടുത്തുവാനും പരസ്പര ധാരണയും ബഹുമാനവും വച്ചുപുലർത്തുവാനും വിദ്യാഭ്യാസ സഹായിക്കുന്നു. മാതാപിതാക്കളാണ് കുട്ടികളുടെ ആദ്യത്തെ അധ്യാപകർ . കുട്ടികളിൽ അവർക്കുള്ള സ്വാധീനം വളരെ വലുതാണ്. കുട്ടികൾ തങ്ങളെ തന്നെ നിയന്ത്രിക്കാനും അച്ചടക്കത്തോടെ ജീവിക്കാനും ചിട്ടയായ ജീവിതരീതിയിൽ മുന്നോട്ട് പോകുവാനും മാതാപിതാക്കൾ കുട്ടികളെ നിരന്തരം പാകപ്പെടുത്തിയെടുക്കുന്നു. സാംസ്കാരിക വൈവിധ്യങ്ങളെ മനസ്സിലാക്കാനും അംഗീകരിക്കാനും വിസ്തൃതി കൂട്ടാനും ഒപ്പം എല്ലാവരെയും എല്ലാറ്റിനെയും ബഹുമാനിക്കാനും ഇതിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.
കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ അധ്യാപകർക്കുള്ള പങ്ക് വളരെ വിലപ്പെട്ടതാണ് ഒരു നല്ല അധ്യാപകൻ കുട്ടികളിൽ സത്യസന്ധതയും നന്മയും പകർന്നു നൽകുന്ന, അതിൻ്റെപാതയിൽ അവരെ കൈപിടിച്ച് നടത്തുന്ന ഒരു മാതൃകയായിരിക്കണം. അക്കാദമിക് വിജയം മാത്രമാകരുത് ലക്ഷ്യം മറിച്ച് നല്ല പൗരന്മാരായി മാറാനും ധാർമികതയും സത്യസന്ധതയും ഉള്ള വ്യക്തികളായി വളരാനും അധ്യാപകർ കുട്ടികളെ സഹായിക്കണം.സമഗ്ര വിദ്യാഭ്യാസം ആയിരിക്കണം അധ്യാപകരുടെ മുഖമുദ്ര. കുട്ടികളുടെ തനതായ വ്യക്തിത്വത്തെയും മനുഷ്യത്വത്തെയും വളർത്തിയെടുക്കുന്നതാണ് സമഗ്രമായ വിദ്യാഭ്യാസം .ബുദ്ധിയുടെ തലവും ഹൃദയത്തിന്റെ തലവും ചേരുന്നിടത്താണ് സമഗ്ര വിദ്യാഭ്യാസം ഉണ്ടാകുന്നത്. സമഗ്രമായ വിദ്യാഭ്യാസം കുട്ടികളുടെ ജീവിതത്തിൽ നന്മയുടെ മൂല്യങ്ങൾ സാമൂഹ്യബോധം ആത്മവിശ്വാസം വിവേകം തുടങ്ങിയ ഫലങ്ങൾ പുറപ്പെടുവിക്കുന്നു. ഇത് ഓരോ കുട്ടിയെയും മികച്ച വ്യക്തികളായും മനുഷ്യരായും വളർത്തുന്നു.
കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ സമപ്രായക്കാരായ കൂട്ടുകാർക്കുള്ള പങ്ക് വളരെ സുപ്രധാനമാണ്. കുട്ടികൾ വളരുന്നതിനനുസരിച്ച് അവരുടെ ഭാവനയും, പെരുമാറ്റ ശീലങ്ങളും, ശൈലികളും അവർ വളർത്തിയെടുക്കുന്നതിൽ കൂട്ടുകാരുടെ സ്വാധീനം വളരെ വലുതാണ്. പലപ്പോഴും കൂട്ടുകാരുടെ ചിന്തയും ആശയങ്ങളും പ്രവർത്തികളുമാണ്കുട്ടികളിൽ ആദർശമായി മാറുന്നത് .സുഹൃത്തുക്കൾ പുലർത്തുന്ന മൂല്യങ്ങളും ആദർശങ്ങളും ആ പ്രായത്തിൽ കുട്ടികളിൽ പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിവികാസത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നു.
അക്കാദമിക്ക് പാഠ്യ പദ്ധതിക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങൾ സാമൂഹിക, മാനസിക, ശാരീരിക വളർച്ചയ്ക്ക് ഏറെ സഹായകമാണ്. കായിക വിനോദങ്ങൾ, കലാരംഗം, കൂട്ടായ്മകൾ എന്നീ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത് കുട്ടികളിൽ സഹകരണത്തിൻ്റെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങൾ വളർത്തുന്നു. ഡിബേറ്റ്, തിയറ്റർ പബ്ലിക്ക് സ്പീക്കിങ്ങ് തുടങ്ങിയവ കുട്ടികളിൽ ഫലപ്രദമായ ആശയവിനിമയ കഴിവുകളും നേതൃത്വ ഗുണങ്ങളും മെച്ചപ്പെടുത്തുന്നു. വിവിധ തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ അവരുടെ കഴിവുകളും ദൗർബല്യങ്ങളും തിരിച്ചറിയുവാനും സ്വയാവബോധവും ആത്മവിശ്വാസവും ഉള്ള കുട്ടികളായി വളർന്നു വരുവാനും സാധിക്കുന്നു . അങ്ങനെ അവർ നല്ല പൗരന്മാരായി മാറ്റപ്പെടുകയും ചെയ്യുന്നു. ഒരു സമഗ്രമായ വിദ്യാഭ്യാസത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രധാന സ്ഥാനമുണ്ട്
കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കും വ്യക്തിവികസനത്തിനും നിർണായക പങ്കു വഹിക്കുന്നത്
ധാർമിക പാഠങ്ങളാണ്. ഈ പാഠങ്ങൾ കുട്ടികളിൽ നല്ല പെരുമാറ്റം, മനുഷ്യത്വം, ഉത്തരവാദിത്വം തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നു. മാന്യമായ പെരുമാറ്റമുള്ള സമൂഹത്തിനായും സത്യം പറയുവാനും വഞ്ചനകളിൽ ഏർപ്പെടാതിരിക്കുവാനുമുള്ള ധൈര്യത്തിനായും അങ്ങനെ സ്വഭിമാനത്തോടെ ജീവിക്കുവാൻ ധാർമിക മൂല്യബോധ ക്ലാസുകൾ കുട്ടികളെ നിരന്തരം പ്രചോദിപ്പിച്ചു കൊണ്ടിരിക്കും. ധാർമിക മൂല്യക്ലാസ്സുകൾ ഒരു സമഗ്രമായ വിദ്യാഭ്യാസത്തിൻ്റെ അഭിഭാജ്യഘടകമാണ്. ഇത് കുട്ടികളെ നല്ല പൗരന്മാരാക്കി മാറ്റുന്നതിനും സമഗ്രമായ വ്യക്തിത്വ വികസനത്തിനും സഹായിക്കുന്നു. വിദ്യാഭ്യാസ ശരിയായ രീതിയിൽ കിട്ടിയാൽ അത് ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുകയും പുതിയൊരു മാനവികത ഉടലെടുക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസവും, സ്വഭാവ രൂപീകരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണെന്നും ഈ രണ്ടു ഘടകങ്ങളും സമാനമായ പ്രാധാന്യമുള്ള വയാണെന്നും മാതാപിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ മനസ്സിലാക്കണം.
നമ്മുടെ യുവതലമുറ
മെരുക്കാത്ത കുതിര ദുശാഠൃം കാണിക്കും ശിക്ഷണം ലഭിക്കാത്ത പുത്രൻ തന്നിഷ്ടകാരൻ ആകും പ്രഭാഷകൻ 30 - 8 നമ്മുടെ യുവതലമുറയെ കുറിച്ച് ചിന്തിക്കുമ്പോൾ വളരെ അർത്ഥവത്തായ ഒരു വചനമാണ് ഇത് കാരണം ദുശാഠൃക്കാരും കോപിഷ്ഠരും തന്നിഷ്ടകാരുമായി നമ്മുടെ യുവതലമുറ മാറുന്നു എങ്കിൽ അതിനു കാരണക്കാർ അവർ തന്നെയല്ല പിന്നെയോ അവർക്ക് മാതൃകകൾ ആകേണ്ട മാതാപിതാക്കളും അവരെ നന്മയിൽ വളർത്തേണ്ട തിരുസഭയും ആണ് യുവതലമുറ നമ്മളിൽ നിന്ന് എന്ത് ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയുള്ള ഒരു യാത്രയാണ് ഇത് ഈയാത്രയിൽ ഞാൻ കണ്ടുമുട്ടിയ യുവതലമുറ പങ്കുവെച്ച് ചിതറിയ ചിന്തകൾ അതിലൂടെ തിരുസഭയും മാതാപിതാക്കളും തങ്ങൾക്ക് എന്തു നൽകണമെന്ന് അവർ പങ്കുവെക്കുന്നു
ദൈവവും ഞാനും
വ്യക്തിപരമായി ദൈവ സന്നിധിയിൽ സമയം ചിലവഴിക്കാൻ ആഗ്രഹിക്കുന്ന യുവതി യുവാക്കൾ ധാരാളമുണ്ട് നമ്മുടെ ഇടയിൽ കഴിഞ്ഞ ദിവസം ഞാൻ കണ്ടെത്തിയ ഒരു യുവാവ് എന്നോട് പങ്കുവെച്ച കാര്യം നിങ്ങ
ളുടെ ആചാരാനുഷ്ഠാനങ്ങളിൽ ഒന്നും എനിക്ക് താല്പര്യമില്ല ഞാ
ൻ വ്യക്തിപരമായി ഈശോയോട് സംസാരിക്കാൻ ആഗ്രഹി
ക്കുന്നു ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നു അതിനെക്കുറിച്ച് നിങ്ങൾ എന്താണ് ഒന്നും പഠിപ്പിക്കാത്തത് തിരുസഭയിൽ നിന്നും അവർ ആഗ്രഹിക്കുന്ന ഒന്നാമത്തെ കാര്യം വ്യക്തിപരമായി ദൈവത്തെ കണ്ടെത്താനും അവിടുത്തോട് കൂടി ആയിരിക്കാനും ആണ് ശാന്തമായിരിക്കുക ഏകാഗ്രമാകുക എന്നതെല്ലാം ഇന്നത്തെ തലമുറയ്ക്ക് അന്യമായ കാര്യങ്ങളാണ് ബഹളങ്ങളുടെ ഇടയിൽ നിന്നും മാറി സ്വസ്ഥമായിരിക്കാൻ അവരും ആഗ്രഹിക്കുന്ന അതിന് അവരെ നമുക്ക് സഹായിക്കണം
ദിശാബോധം
നന്മയും തിന്മയും വേർ തിരിച്ചറിയാനാകാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന ഈ കാലഘട്ടത്തിൽ യുവതലമുറയെ നന്മയിലൂടെ കൈപിടിച്ച് ന
ടത്താൻ സാധിക്കുന്ന വിധം വിശുദ്ധിയുള്ള ആത്മീയ ഗുരുക്കന്മാരെ ഇന്നത്തെ തലമുറ തേടുന്നു തങ്ങൾ എങ്ങോട്ട് പോകണം എന്ത് ചെയ്യണം എങ്ങനെ ജീവിക്കണം എന്ന ദിശാബോധം തങ്ങൾക്ക് നൽകാൻ സാധിക്കുന്ന ആത്മീയ ആചാര്യന്മാരെയാണ് അവർ അന്വേഷിക്കുന്നത് ഇത് തെറ്റാണ് ഇത് ശരിയാണ് എന്ന് തങ്ങൾക്ക് ചൂണ്ടിക്കാട്ടി തരുമ്പോൾ എന്തുകൊണ്ട് അത് തെറ്റാകുന്നു എന്നുകൂടി പറഞ്ഞുതരാൻ സാധിക്കുന്നവർ ആകണം ഈ ഗുരു ഭൂതർ ലോകത്തിൽ ജീവിക്കുമ്പോൾ ഒത്തിരി പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നുപോകുന്നവരാണ് ഇന്നത്തെ യുവ തലമുറ അവർക്ക് മോറൽ സപ്പോർട്ട് നൽകി നന്മയിൽ വളർത്താൻ തിരുസഭയ്ക്ക് ആകണം എന്ന് അവർ ആഗ്രഹിക്കുന്നു
തിരുസഭയിലെ സ്ഥാനം
തിരുസഭയുടെ ഭാവി വാഗ്ദാനങ്ങളാണ് യുവജനങ്ങൾ അവർ വളരാൻ ആഗ്രഹിക്കുന്നവരാണ് അവരുടെ കഴിവും ശക്തിയും പുറത്തെടുക്കാൻ വേദികൾ അന്വേഷിക്കുന്ന ഈ കാലഘട്ടത്തിൽ വേദികൾ നൽകേണ്ടത് തിരുസഭയുടെ കടമയാണ് അവരുടെ നേതൃത്വപാടവവും കർമ്മോത്സുകതയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവും പ്രോഗ്രാമുകൾ സെറ്റ് ചെയ്യാനുള്ള പാഠവവും എല്ലാം പുറത്തെടുക്കാനും സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കാനും ആവശ്യമായ വേദികൾ അവർ സഭയിൽ ആഗ്രഹിക്കുന്നു തങ്ങളെ സഭാ അംഗീകരിക്കണമെന്നും തങ്ങൾക്ക് അർഹമായ സ്ഥാനങ്ങൾ ലഭിക്കണമെന്നും അവർ ആഗ്രഹിക്കുന്നു അവരുടെ ആഗ്രഹത്തെ സഫലമാക്കാൻ നമുക്കും കൂടെ നിൽക്കാം
മാതാപിതാക്കളിൽ നിന്നും യുവജനങ്ങളുടെ ആഗ്രഹം
എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം - വൃക്ഷങ്ങൾക്ക് ശാഖകൾ എന്ന പോലെയാണ് മനുഷ്യർക്ക് വ്യക്തിബന്ധങ്ങൾ ജീവൻറെ ഊർജ്ജം സ്വീകരിക്കുന്നതും ഫലങ്ങൾ പുറപ്പെടുവിക്കുന്നതും ബന്ധങ്ങളിലൂടെയാണ് ഈ ബന്ധത്തിൻറെ ഏറ്റവും ആഴമായ പതിപ്പാണ് മാതാപിതാക്കളുമായുള്ളത് മാതാപിതാക്കളിൽ നിന്ന് അവർ എന്ത് ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിനുള്ള മറുപടി എന്തും സ്വതന്ത്രമായി പറയാൻ കഴിയുന്ന വിധം ഞങ്ങളോട് ചേർന്ന് ഇരിക്കുന്നവർ ആകണം ഞങ്ങളുടെ മാതാപിതാക്കൾ ഒരു കാര്യം പറഞ്ഞു തുടങ്ങുന്നതിനു മുൻപേ ദേഷ്യപ്പെടുകയും ഉപദേശിച്ചു തുടങ്ങുകയും ചെയ്യുന്നവരാകരുത് ഞങ്ങളെ ശാന്തമായി കേട്ട് ഞങ്ങൾ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ കാര്യം കാരണ സഹിതം ഞങ്ങളെ തിരുത്താൻ ശ്രമിക്കുക അപ്പോൾ മാത്രമാണ് ഞങ്ങൾ മനസ്സ് തുറക്കുന്നത്
അമ്മ - മക്കൾ
അമ്മയില്ലാത്തവർക്ക് എന്ത് വീട്, എന്ന് വിനയചന്ദ്രൻ എഴുതുന്നു അമ്മയാണ് ഒരു കെട്ടിടത്തെ വീടാക്കി മാറ്റുന്നത് അവളില്ലാത്ത വീട്ടിലേക്ക് കയറി ചെല്ലാൻ നമുക്ക് ആർക്കും തോന്നാറില്ല യുവതലമുറയുടെ ഏറ്റവും വലിയ ശക്തിസ്രോതസ്സ് അമ്മയാണ് ഞങ്ങൾ വൈകി വരുമ്പോൾ ഭക്ഷണം ഒരുക്കി വഴിക്കണ്ണുമായി കാത്തിരിക്കുന്ന അമ്മ ഞങ്ങളുടെ കുറുമ്പുകളിൽ ഞങ്ങളെ തള്ളിക്കളയാതെ ചേർത്തുപിടിക്കുന്ന അമ്മ. അമ്മ എപ്പോഴും ഒരു പാലം ആയിരിക്കണം എന്ന് യുവജനങ്ങൾ ആഗ്രഹിക്കുന്നു ആൺകുട്ടികളെ സംബന്ധിച്ചിടത്തോളം അപ്പനിലേക്ക് എത്തിച്ചേരാനുള്ള പാലം അമ്മയാണ് ഈ യുവതലമുറയ്ക്ക് എപ്പോഴും മറ്റു കുടുംബാംഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള പാലമായി അമ്മ ഉണ്ടാകണം എന്നവർ ആഗ്രഹിക്കുന്നു ഒരു കുടുംബത്തിൽ ചിട്ടയും ക്രമവും വൃത്തിയും വെടിപ്പും എല്ലാം തങ്ങൾക്ക് കാട്ടിതരെണ്ടത് അമ്മയാണ് എന്ന് യുവതലമുറ ആഗ്രഹിക്കുന്നു
അപ്പൻ - മക്കൾ
ഒരു പിതാവിന്റെ ഒന്നാമത്തെ യോഗ്യതയായി യുവതല തലമുറ പറയുന്നത് സമൂഹത്തിൽ മാന്യനും മാതൃകാപരമായി ജീവിതം നയിക്കുന്നവനും സമൂഹ തിന്മകളിൽ ഒളിഞ്ഞിരിക്കുന്നവനും ആകണം അപ്പൻ രണ്ടാമതായി മക്കൾക്ക് ആശ്വാസവും ധൈര്യവുമാണ് അപ്പൻ. അപ്പൻ കൂടെയുണ്ട് എങ്കിൽ എനിക്കൊന്നും പേടിക്കാനില്ല എന്ന് യുവതികൾക്ക് പ്രത്യേകിച്ച് പറയാൻ സാധിക്കണം. പിന്നെ ഭാവിയിൽ താൻ ആരാകണം എന്ന് ഒരു പിതാവിൽ നിന്നാണ് ഒരു യുവാവും യുവതിയും പഠിക്കുന്നത് സംസ്കാരം, നന്മപ്രവർത്തനങ്ങൾ, സഹാനുഭൂതി, ഇതെല്ലാം യുവതലമുറയ്ക്ക് കാട്ടി കൊടുക്കേണ്ടത് പിതാക്കന്മാരാണ്
മാതാപിതാക്കൾ - കൂടെ ആയിരിക്കുക
മക്കളോടൊപ്പം ആയിരിക്കുക എന്നതാണ് ഓരോ പിതാവിനും മാതാവിനും മക്കൾക്ക് നൽകാനാകുന്ന ഏറ്റവും നല്ല സമ്മാനം അവർ പറയുന്നതു മുഴുവൻ കേൾക്കാൻ സമയമുണ്ടാകുക അവരുടെ വികാരങ്ങളും ഭാവചലനങ്ങളും തിരിച്ചറിയുക ഇതാണ് അവരോടൊപ്പം ആയിരിക്കുക, യുവാക്കളോട് കൂടിയായിരിക്കുക എന്നാൽ അവരുടെ ജീവിതത്തിലേക്കും സാഹചര്യങ്ങളിലേക്കും ചേരുക എന്നാണ് അർത്ഥം. ദൈവം തരുന്ന ആയുസ്സിൽ സമയത്തിൽ ഒരു നല്ല പങ്ക് മക്കൾക്കായി മാറ്റി വയ്ക്കേണ്ടതാണ് ജോലിത്തിരക്കുകളിൽ ഇത് നമുക്ക് സാധിക്കാതെ പോയാൽ യുവതി യുവാക്കൾ മാതാപിതാക്കളിൽ നിന്നും ഒത്തിരി അകലെയാകും
കൈപിടിച്ച് നടത്തേണ്ടവർ
ജീവിത ഭദ്രതയ്ക്കായും സാമ്പത്തിക ഉന്നമനത്തിനായും ശുഭഭാവിക്കായും യുവതി യുവാക്കളിൽ ഭൂരിഭാഗവും വിദേശത്തേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. മുൻപ് ഭർത്താക്കന്മാർ ജോലി ചെയ്യുകയും ഭാര്യമാർ വീട്ടുജോലിയും ശിശു പരിപാലനവും നടത്തിക്കൊണ്ടിരുന്ന ഒരു സംസ്കാരത്തിന് മാറ്റം വന്നിരിക്കുന്നു. ഇന്ന് ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നു. പല കുടുംബങ്ങളിലും ജോലിയിലുള്ള സ്ഥിരതയും സാമ്പത്തികമായ ഭദ്രതയും കൈ വരുമ്പോഴേക്കും മക്കൾ വലുതായിട്ട് ഉണ്ടാകും. തങ്ങൾ ചോര നീരാക്കി അധ്വാനിച്ചിട്ടും അതൊന്നും മക്കൾ വിലമതിക്കുന്നില്ലെന്നും അവർ തങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി അകന്നുപോയി എന്നും വളരെ വൈകിയാണ് പല മാതാപിതാക്കളും മനസ്സിലാക്കുന്നത്. അത് അവർക്ക് താങ്ങാൻ പറ്റാത്ത വേദനയായി മാറുന്നു. തങ്ങളുടെ അധ്വാനവും ജീവിതവും എല്ലാം അർത്ഥശൂന്യമായി എന്ന് പലർക്കും തോന്നുന്നു. അങ്ങനെ ഒരു ദുരവസ്ഥ ഒഴിവാക്കാൻ മക്കളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ലേഖനം.
എന്റെ മകൻ എൻജിനീയറാകുമോ ?
2009ൽ പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്സ് എന്ന ഹിന്ദി സിനിമയിലാണ് ഈ രംഗം. തനിക്ക് ഒരു മകൻ ഉണ്ടായി എന്നറിഞ്ഞ മിസ്റ്റർ ഖുറേഷി തന്റെ മകനെ കയ്യിലെടുത്ത് പറയുന്നു നീ ഒരു എൻജിനീയർ ആകും. ഭീമമായ ഒരു തുക മുടക്കി മകനെ എൻജിനീയറിങ് കോളേജിലേക്ക് അയക്കുന്നു. എൻജിനീയർ ആയാലും ജീവിതത്തിൽ സംതൃപ്തി ലഭിക്കില്ലെന്ന് അറിഞ്ഞ് മകൻ ഫർഹാൻ തന്റെ പാഷനായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് വേണ്ടി പിതാവിന്റെ സ്വപ്നത്തെ പരിത്യജിക്കുന്നു. മക്കളെ എൻജിനീയറാക്കാനും ഗായകൻ ആക്കാനും കളിക്കാരൻ ആക്കാനും മാതാപിതാക്കൾക്ക് സാധിക്കുമോ?
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച ചിന്തകനായ ജോൺ ലോക്ക് പറഞ്ഞിരിക്കുന്നത് ഒരു ശിശുവിന്റെ മനസ്സ് ശൂന്യമായ ബോർഡ് (Tabula Rasa) ആണ് എന്നാണ്. ആ ശിശുവിനെ മാതാപിതാക്കൾക്കും അധ്യാപകർക്കും തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ രൂപീകരിക്കാം. ബാല്യത്തിൽ എന്തു നൽകുന്നോ അതാണ് ഒരു കുട്ടി സ്വീകരിക്കുന്നത് എന്ന് സാരം. പക്ഷേ ആധുനികശാസ്ത്രം പറയുന്നത് ഈ ചിന്ത തെറ്റാണ് എന്നാണ്. ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് അവന്റേതായ മനോഭാവത്തോടും താല്പര്യങ്ങളോടും സ്വഭാവ ആഭിമുഖ്യങ്ങളോടും ആണ്. അതിന് കാരണം കുഞ്ഞിന്റെ തലച്ചോറിന്റെ ഘടനയും ഹോർമോണുകളും ആണ്. മക്കളുടെ കഴിവുകളും താൽപര്യങ്ങളും തിരിച്ചറിഞ്ഞ് ആ മേഖലയിൽ അവരെ എക്സലൻസിലേക്ക് കൈപിടിച്ച് നടത്തുന്നവരാകണം മാതാപിതാക്കൾ. അല്ലാതെ തങ്ങൾക്ക് ഇഷ്ടമുള്ള കഴിവുകളോടെ തന്റെ മക്കൾ വളരണം എന്ന് വാശിപിടിക്കുന്നവർ ആകരുത്. ചില കുട്ടികൾ കലാകാരന്മാർ ആകുമ്പോൾ ചിലർ കായികതാരങ്ങൾ ആകും, ചിലർ പഠനത്തിൽ മികവ് പുലർത്തുമ്പോൾ ചില കൃഷിയെയും പ്രകൃതിയും സ്നേഹിക്കുന്നവർ ആകും. അതിനാൽ മക്കളുടെ മേഖല ഇത് ആകണമെന്ന് മാതാപിതാക്കൾ വാശി പിടിക്കരുതേ.
ഒപ്പമായിരിക്കൂ നല്ല മക്കൾ ആക്കൂ
തങ്ങളുടെതായ മനോഭാവങ്ങളോടും, താല്പര്യങ്ങളോടും, സ്വഭാവ ആഭിമുഖ്യങ്ങളോടും കൂടിയാണ് കുട്ടികൾ ജനിക്കുന്നത് എന്ന് നാം മനസ്സിലാക്കി. ഇവരെ നല്ലവരാക്കി മാറ്റാൻ മാതാപിതാക്കൾക്ക് എന്ത് ചെയ്യാൻ സാധിക്കും? ഒരു കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തിൽ 80 ശതമാനത്തോളം നടക്കുന്നത് ഏഴു വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ്. അതോടെ സ്വഭാവം ഭൂരിഭാഗവും രൂപപ്പെടും. അതിനാൽ ഈ കാലഘട്ടം അതിപ്രധാനമാണെന്ന് തിരിച്ചറിഞ്ഞ് മാതാപിതാക്കൾ അധികശ്രദ്ധ നൽകണം.
ഒരു കുഞ്ഞിന്റെ ആദ്യത്തെ ദിനങ്ങൾ അറിയപ്പെടുന്നത് സ്പർശനത്തിന്റെ ഘട്ടം (Touching Stage) എന്നാണ്. സ്പർശനത്തിലൂടെ പ്രത്യേകിച്ച് അമ്മയുടെ കരതലങ്ങളിലൂടെയാണ് കുഞ്ഞ് സ്നേഹം മനസ്സിലാക്കുന്നത്. അവിടെ കുഞ്ഞിനെ എടുക്കാനും തലോടാനും മാതാപിതാക്കൾ ഉണ്ടാകണം. അതിനുശേഷം സംസാരത്തിന്റെ ഘട്ടമാണ് (Speaking Stage). മാതാപിതാക്കൾ അല്ല കുഞ്ഞാണ് സംസാരിക്കുക. നമുക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത എന്തൊക്കെയോ കുഞ്ഞ് സംസാരിക്കും. അത് ശ്രദ്ധിച്ച് പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കൾ ഉണ്ടാവുക എന്നത് കുഞ്ഞിന്റെ ആവശ്യമാണ്. മൂന്നാം ഘട്ടം രൂപീകരണമാണ് (Tuning Stage). കുഞ്ഞു കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങുമ്പോൾ നല്ല ശീലങ്ങൾ പഠിപ്പിക്കാം. അത് കുഞ്ഞിന്റെ ഉള്ളിൽ നിലനിൽക്കും. ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി അത് പങ്കുവയ്ക്കാൻ പറയുമ്പോൾ ഭാവിയിൽ പങ്കുവയ്ക്കുന്ന ഒരു മകനെ നാം രൂപപ്പെടുത്തുകയാണ്. കുഞ്ഞിലെ പ്രാർത്ഥനകൾ പഠിപ്പിക്കുമ്പോൾ നാം വിശ്വാസത്തിന് അടിത്തറയിടുകയാണ്. ഈ ഘട്ടത്തിൽ കുഞ്ഞിനെ തിരുത്തണം, പഠിപ്പിക്കണം, കൂടെ ആയിരിക്കണം അല്ലെങ്കിൽ ഭാവിയിൽ വേദനിക്കേണ്ടതായി വരാം. നാലാം ഘട്ടം അറിയപ്പെടുന്നത് വിശ്വാസ രൂപീകരണഘട്ടം (Trust Building Stage) എന്നാണ്. തന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും തന്നെ സ്നേഹിക്കുന്നു എന്നറിയുന്ന കുഞ്ഞ് അവരിൽ വിശ്വാസമർപ്പിക്കുന്നു. പിന്നീട് മനുഷ്യരിൽ വിശ്വാസമർപ്പിക്കാൻ അവരെ നല്ലവരായി കാണാനും ഈ ഘട്ടമാണ് അവരെ പ്രാപ്തരാക്കുന്നത്. എന്നാൽ മാതാവിൽ നിന്നോ പിതാവിൽ നിന്നോ ദുരനുഭവങ്ങൾ ലഭിക്കുന്ന ഒരു കുഞ്ഞിന് പിന്നീട് മനുഷ്യരെ വിശ്വസിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. അതിനാൽ ബാല്യത്തിൽ സ്നേഹത്തോടെ ഒപ്പം ആയിരുന്നാലേ മക്കളുടെ സ്വഭാവരൂപീകരണത്തിന് ക്രിയാത്മകമായി സഹായിക്കാൻ മാതാപിതാക്കൾക്ക് സാധിക്കൂ.
ആദ്യത്തെ ആയിരം ദിനങ്ങൾ
ബോറിസ് സൈറൽനിക് (Boris Cyrulnik) ഫ്രഞ്ചുകാരനായ ഡോക്ടറും സൈക്കോളജിസ്റ്റും ആണ്. മനുഷ്യരിൽ മാനസിക സമ്മർദ്ദം (Stress) ഉണ്ടാകാനുള്ള കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പഠനം നടത്തി. അതിനെ വെളിച്ചത്തിൽ അദ്ദേഹത്തിന്റെ കണ്ടെത്തലിൽ ഒന്ന് ഇതായിരുന്നു. കുഞ്ഞിന്റെ മാനസിക വളർച്ചയിൽ അതിപ്രധാനമായ ഒരു ഘടകം അമ്മയുമായുള്ള ബന്ധമാണ്. കുഞ്ഞ് ഉദരത്തിൽ ആയിരിക്കുമ്പോൾ മുതൽ അമ്മയുടെ മനോഭാവം കുഞ്ഞിനെ ബാധിക്കുന്നു. ഗർഭാവസ്ഥയും ശിശു ജനിച്ചു കഴിഞ്ഞുള്ള ആദ്യത്തെ രണ്ട് വർഷങ്ങളും കുഞ്ഞിന്റെ മാനസിക ആരോഗ്യത്തെ നിർണയിക്കുന്ന അതിപ്രധാന വർഷങ്ങളാണ്. ഒരു കുഞ്ഞിനും അമ്മയുടെ സ്നേഹവും പരിചരണവും നഷ്ടപ്പെടാൻ ഇടയാകരുത്. അദ്ദേഹത്തിന്റെ പഠനങ്ങൾ പൂർണമായും ശരിയാണ് എന്ന് മനസ്സിലാക്കി 2019 ഫ്രഞ്ച് ഗവൺമെന്റ് തുടങ്ങിയ പദ്ധതിയാണ് "ആദ്യത്തെ ആയിരം ദിനങ്ങൾ (First Thousand Days)." ഗർഭാവസ്ഥ മുതൽ കിൻഡർ ഗാർഡൻ വരെ കുഞ്ഞുങ്ങളെ പ്രത്യേകം പരിപാലിക്കുന്ന ഫ്രഞ്ച് ഗവൺമെന്റിന്റെ പ്രത്യേക പ്രോഗ്രാം ആണിത്. ഒരു കുഞ്ഞിനും ആദ്യകാലങ്ങളിൽ പരിചരണം ലഭിക്കാതെ മാനസികാരോഗ്യം നഷ്ടപ്പെടരുത് എന്ന് സർക്കാർ ഉറപ്പുവരുത്തുന്നു. ഫ്രഞ്ച് സർക്കാർ മനസ്സിലാക്കിയ ഈ തിരിച്ചറിവ് നമ്മളുടെ കുടുംബങ്ങളിൽ ഇനിയും എത്തിയിട്ടില്ല. മക്കൾക്ക് പ്രാധാന്യം കൊടുക്കാൻ നമ്മുടെ കുടുംബങ്ങൾ മുൻകൈയെടുക്കണം. മാതാപിതാക്കളുടെ ജോലിക്കും പണത്തിനും നേട്ടങ്ങൾക്കും നടുവിൽ എരിഞ്ഞടങ്ങരുത് നമ്മളുടെ മക്കളുടെ ഭാവി.
നല്ല കുടുംബത്തിനായി നല്ല ശീലങ്ങൾ
ഏഴ് വയസ്സോടെ മക്കളുടെ കാര്യത്തിൽ മാതാപിതാക്കളുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല മക്കളുടെ നന്മയ്ക്കും കുടുംബപദ്ധതിക്കുമായി കുടുംബങ്ങളിൽ ചില നല്ല ശീലങ്ങൾ പാലിക്കണം അത് മക്കളുടെ നന്മയ്ക്ക് ഉപകരിക്കും അപ്രകാരമുള്ള ചില നല്ല ശീലങ്ങൾ താഴെ കൊടുക്കുന്നു
1. ഒരുമിച്ചുള്ള പ്രാർത്ഥന- ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബങ്ങളിൽ ദൈവത്തിന്റെ പ്രത്യേക സംരക്ഷണം നിലനിൽക്കുന്നു
2. ഒരുമിച്ചുള്ള ഭക്ഷണം - ഭക്ഷണമേശ പങ്കുവെപ്പിന്റെയും ഒരുമയുടേയും ഇടമാകണം.
3. തുറന്നുപറയാനുള്ള സ്വാതന്ത്ര്യം - കാലഘട്ടത്തിനനുസരിച്ച് പല പ്രശ്നങ്ങളും മക്കൾ നേരിടുന്നുണ്ട്. അവർക്ക് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം.
4. നിരീക്ഷണം - മാതാപിതാക്കൾ മക്കളെ നിരീക്ഷിക്കുന്നവരാകണം. ടീച്ചേഴ്സിന്റെ അഭിപ്രായം അറിയണം. അസ്വാഭാവികമായിട്ട് എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അതീവ ശ്രദ്ധ പുലർത്തണം.
5. കൂട്ടുകാരെ അറിയുക - കൂട്ടുകെട്ടുകൾ മക്കളെ അറിയാനുള്ള വഴിയാണ് മക്കളുടെ കൂട്ടുകാരുമായി ബന്ധം സ്ഥാപിക്കണം. അവർ എങ്ങനെയുള്ളവരാണെന്ന് അറിയുക. കൂട്ടുകാരുടെ സ്വഭാവസവിശേഷതകൾ മക്കളെ സ്വാധീനിക്കാനുള്ള സാധ്യത വളരെയേറെയാണ്.
6. മക്കളെ ശ്രവിക്കുക - മാതാപിതാക്കൾ പറയുന്നു മക്കൾ കേൾക്കുന്നു എന്ന ക്ലീഷേ മക്കൾ വളരുമ്പോൾ മാറ്റേണ്ടിവരും ചില കാര്യങ്ങളിൽ മക്കൾ പറയുന്നത് ആകും ശരി. അതനുസരിച്ച് മാതാപിതാക്കൾ മാറ്റം വരുത്തിയാൽ മക്കൾ മാതാപിതാക്കളെയും സ്വാഭാവികമായി ശ്രവിക്കും.
7. നല്ല മാതൃകയാവുക മക്കളുടെ ഏറ്റവും വലിയ മാതൃകകൾ മാതാപിതാക്കൾ ആകണം. മാതാപിതാക്കളിൽ ഉള്ള നന്മ ഭൂരിഭാഗവും മക്കളിലും ഉണ്ടാകും. കാരണം മക്കളുടെ ആദ്യത്തെ വിദ്യാലയം മാതാപിതാക്കളാണ്.
ദൈവത്തിൽ പ്രത്യാശ വയ്ക്കാം
ഓരോ മനുഷ്യനും പ്രവചനങ്ങൾക്കപ്പുറമാണ്. മാതാപിതാക്കൾ എത്ര നന്മകൾ ഉള്ളവരായാലും ചില മക്കൾ വഴിതെറ്റാറുണ്ട്. അധികം ശ്രദ്ധ ലഭിച്ചില്ലെങ്കിലും മുറിവേറ്റ ബാല്യത്തിലൂടെ കടന്നു പോയെങ്കിലും നല്ലവരായി ജീവിക്കുന്ന മക്കളുമുണ്ട്. തങ്ങളുടെ ഭാഗം ചെയ്തു മാതാപിതാക്കൾ ദൈവത്തിൽ പ്രത്യാശ അർപ്പിക്കട്ടെ . ഇന്നത്തെ ലോകത്തിലെ വെല്ലുവിളികൾ വലുതാണ്. ആ വെല്ലുവിളികളിൽ ഒളിഞ്ഞുകിടക്കുന്ന പ്രലോഭനങ്ങളിൽ വീഴാതെ നന്മയെ മുറുകെപ്പിടിക്കുന്നവരാകട്ടെ നമ്മുടെ മക്കൾ
ആന്മവിശ്വാസം ഉണ്ടാവാൻ ഏറ്റവും കൂടുതൽ സഹായിക്കുന്നത് കുടുംബമാണ്. പാരന്റിംഗിലെ അപാകതകൾ മിക്ക കുട്ടികളുടെയും ആന്മവിശ്വാസം കുറക്കാൻ കാരണമാകുന്നുണ്ടോ ? അവരുടെ ചെറിയ കാര്യങ്ങൾ പോലും നമ്മൾ കൂടുതൽ പെർഫെക്റ്റ് ആക്കാൻ നോക്കുകയോ, അല്ലെങ്കിൽ ചെറിയ കാര്യത്തിൽ പോലും അവരെ കൂടുതൽ സഹായിക്കുകയോ ചെയ്യുമ്പോൾ നമ്മൾ അവരുടെ ആന്മവിശ്വാസം കുറക്കുന്നു. Gentle parenting കുട്ടികളിൽ കൂടുതൽ ആന്മവിശ്വാസം ഉണ്ടാക്കും. Gentle parenting കുട്ടികളിൽ വളരെ അധികം നല്ല സ്വഭാവങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നു, പ്രതേകിച്ചും അവർ കുടുബത്തിൽ കൂടുതൽ വിശ്വസിക്കാനും, സ്നേഹിക്കാനും പഠിക്കും. കുട്ടികളിൽ ആന്മവിശ്വാസം വളർത്തുന്നതിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. ആന്മവിശ്വാസം ഉള്ള ഒരു കുട്ടി എവിടെ പോയാലും എന്ത് ചെയ്താലും എല്ലാത്തിലും സർഗാത്മകത ഉണ്ടാകും, അത് പോലെ ചുറ്റുമുള്ളവരെ അവർ കൂടുതൽ ആന്മവിശ്വാസത്തിലേക്കു കൊണ്ട് വരുകയും ചെയ്യും.
വീട്ടിൽ തന്നെ ഉറ്റസുഹൃത്ത്
കുട്ടികളിലെ ആന്മവിശ്വാസം വളർത്താൻ നമുക്കു കുറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. ഒന്നാമതായി ഒരു വിശ്വസ്തത ഉള്ള ഒരു ആള് ഉണ്ടാവുക എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ആണ്. വീട്ടിൽ തന്നെ അവരെ മനസിലാക്കി, കൂട്ടായി നിൽക്കാൻ ആളുകൾ ഉള്ളപ്പോൾ അവർ ഒരിക്കലും വേറൊരാളെ അതിനുവേണ്ടി തിരയില്ല. സ്വന്തം വീട്ടിൽ അവരെ പരിഗണിക്കാനും അവരെ മനസിലാക്കാനും അവർക്കുവേണ്ടി ശബ്ദം ഉയർത്താനും, അവരെ ഒരു കൂട്ടുകാരൻ എന്ന പോലെ നോക്കാനും പറ്റുന്ന ഒരാൾ ഉണ്ട് എങ്കിൽ അവർ പുറത്തു ഇത്തരം ബന്ധങ്ങളിലേക് തിരിയില്ല. വിശ്വസ്തത എന്നത് വളരെ എളുപ്പത്തിൽ കിട്ടുന്നത് അല്ല, എങ്കിൽ കൂടി അത് കളയാൻ അധികം സമയം വേണ്ട. നമ്മുടെ ചെറിയ ഒരു പിഴവ് മതി അത് നഷ്ടപ്പെടാൻ. മുതിർന്നവരുടെയും ഇങ്ങനെ തന്നെയാണ്. ഒരാൾക്കു വിശ്വാസം ഉള്ള ഒരാൾ ആവുക എന്ന് പറയുന്നത് ഒരിക്കലും എളുപ്പം അല്ല. ഒരാൾ നമ്മെ വിശ്വസിക്കുന്നു എങ്കിൽ അവർ നമ്മളെ അത്രയധികം സ്നേഹിക്കുന്നു എന്നാണ് അർഥം. നമ്മുടെ വീടുകളിൽ തന്നെ അങ്ങനെ ഒരാളെ കുട്ടികൾക്ക് കിട്ടുമ്പോൾ അവർ ബന്ധങ്ങളെ കൂടുതൽ മാനിക്കുകയും ചെയ്യും. ബന്ധങ്ങളുടെ വിലയും, നല്ല ബന്ധങ്ങളെ മനസ്സിൽ ആക്കാനുള്ള കഴിവും, ചീത്ത ബന്ധങ്ങളിൽ നിന്ന് അകന്ന് നിൽക്കാനും സാധിക്കും. കുട്ടികളും അവരുടെ മാതാപിതാക്കളും തമ്മിൽ വിശ്വസ്തത ഉണ്ട് എങ്കിൽ അത് നിങ്ങളുടെ കുട്ടികളുടെ ആന്മവിശ്വാസം വർധിപ്പിക്കും.
കുട്ടികളിലുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ എങ്ങനെ കുറക്കാം
ഈ ലോകത്തിലെ ഏറ്റവും 'Toughest Job ' ഏതാണെന്നറിയാമോ? എപ്പോഴും ചലനാത്മകത, ഉയർന്ന സ്റ്റാമിന, ഇടവേളകളില്ലാത്ത ജോലി സമയം. (24 hours a day, 7 days a week, 365 days an year) മികച്ച രീതിയിൽ ബന്ധങ്ങൾ സ്ഥപിക്കാനുള്ള നൈപുണ്യം എന്നിവ ആവശ്യമുള്ള ജോലി. അവധിയില്ലാത്ത, ശമ്പളമില്ലാത്ത മറ്റാർക്കും പകരം ചെയ്യാൻ കഴിയാത്ത ഒരു ജോലി ( A Great Responsibility ) അതെ ഉത്തരം ഒന്നുമാത്രം രക്ഷാകർതൃത്വം (Parenting). അതെ മാതാപിതാക്കൾ എന്ന ഉത്തരവാദിത്വം. ഒരു കുഞ്ഞ് ജീവിതത്തിൽ മികച്ചവനോ, മോശക്കാരനോ ആകുന്നതിൽ പ്രധാന ഉത്തരവാദിത്വം അവന്റെ മാതാപിതാക്കൾക്കാണെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? ഗാന്ധിജി പറഞ്ഞുവെക്കുന്നുണ്ട് " വെക്തി നന്നായാൽ കുടുംബം നന്നാവും. കുടുംബം നന്നായാൽ സമൂഹം നന്നാകും, സമൂഹം നന്നായാൽ രാഷ്ട്രം നന്നാവും, അതുവഴി ലോകത്തു സമാധാനം നിറയും. അങ്ങനെയെങ്കിൽ ഒരു മികച്ച പൗരനെ വാർത്തെടുക്കുന്നതിൽ മാതാപിതാക്കളുടെ പങ്ക് എത്ര വലുതാണെന്ന് കാണം.
രക്ഷകർതൃത്വം ഒരു കലയാണ്
ജീവിതത്തിലെ വിജയ പരാജയങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യാൻ ഒരു കുട്ടിയെ പ്രാപ്തനാക്കണമെങ്കിൽ, മാതാപിതാക്കളുടെ പരിചരണം, സംരക്ഷണം, മാർഗനിർദ്ദേശം, സ്നേഹം, പരിഗണന, കരുതൽ, ശിക്ഷണം, ചേർത്തുപിടിക്കൽ, എല്ലാം അനിവാര്യമാണ്. രക്ഷാകർതൃത്വം (Good Parenting) ഒരു കലയാണ്. കുഞ്ഞിന്റെ സമഗ്രമായ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നതു അവന്റെ മാതാപിതാക്കളാണ്. എന്നാൽ ഇന്ന് നല്ല രീതിയിൽ കുഞ്ഞുങ്ങളെ വളർത്തുന്നതിനുള്ള വൈഭവം കുറഞ്ഞുവരുന്നതായി കാണാനാവും. അതിന്റെ കോട്ടങ്ങൾ പുതുതലമുറയെ ഏറെ സ്വാധീനിക്കുന്നുമുണ്ട്. രക്ഷകർതൃത്വം ഒരു ജോലിയായി കാണാൻ പറ്റില്ല; ആസ്വദിച്ചു നിർവ്വഹിക്കേണ്ട ഒരു കലയാണ് എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്.
ഒറ്റപെടുത്തപ്പെട്ട ഒരു ബാല്യകാലം
ഏകദേശം നാലഞ്ചു വർഷങ്ങൾക്കപ്പുറം നമ്മുടെ നാടിനെ നടുക്കിയ ഒരു കൂട്ട കൊലപാതത്തെ പറ്റി പത്രമാസികകളിലൂടെ വായിച്ചറിഞ്ഞത് ഓർത്തുപോകുകയാണ്, തലസ്ഥാന നഗരിയിലാണ് സംഭവം ഇരുപതുകളുടെ മധ്യത്തിലെത്തിയ ഒരു യുവാവ് സ്വന്തം അമ്മയെയും, പെങ്ങളെയും, ആന്റിയെയും, ദാരുണമായി കൊലപ്പെടുത്തി. പിന്നീട് അവനെ അറസ്റ്റ് ചെയ്തു; എങ്കിലും അതിനുശേഷം ധാരാളം ചർച്ചകളും വിശദീകരങ്ങളും വായിക്കാനിടയായി. ആ പയ്യന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് ഒരു കൂട്ടർ, ചാത്തൻ സേവയാണ്, മയക്കുമരുന്നിനടിമയാണ് എന്ന് വേറൊരുകൂട്ടർ, കുടുംബവഴക്കെന്ന് മറ്റൊരുവിഭാഗം. എന്നാൽ ഇതിനോടൊപ്പം കൂട്ടിച്ചേർക്കപെട്ട ഒരു വാചകമാണ് എന്നെ ചിന്തിപ്പിച്ചത്. 'പലപ്പോഴും തന്റെ മാതാപിതാക്കളിൽ നിന്നും അവൻ അവഗണന നേരിട്ടിരുന്നു എന്ന്, ഒറ്റപെടുത്തപ്പെട്ട ഒരു ബാല്യകാലം, മനസിനേറ്റ മുറിവുകൾ'. പക്വമായ രക്ഷാകർതൃത്വം എങ്ങനെ - എന്ന അവബോധമാണ് ഇന്നിന്റെ വലിയ ആവശ്യം എന്ന് തോന്നുന്നു. തത്വചിന്തകനായ ജെ. കൃഷ്ണമൂർത്തി പറയുന്നുണ്ട്; "നാം എഞ്ചിനിയറിനെയും ഡോക്ടറ്റേഴ്സിനെയും സൃഷ്ടിക്കാൻ സർവ്വകലാശാലകൾ തുറക്കുന്നു, എന്നാൽ അതിനേക്കാൾ പതിന്മടങ്ങ് പ്രാധ്യാനമുള്ള ഉത്തമമായ മാതാപിതാക്കളെ സൃഷ്ടിക്കുവാനുള്ള യൂണിവേഴ്സിറ്റികൾ ഇല്ല എന്നത് ദുഃഖകരമാകുന്നു". സദ്ഗുണങ്ങളുള്ള കുഞ്ഞു ജനിക്കുന്നത് ഉത്തമരായ മാതാപിതാക്കളിൽ നിന്നാണല്ലോ. അതിനാൽ ഉത്‌കൃഷ്ടരായ മാതാപിതാക്കളെ വാർത്തെടുക്കലാണ് ഈ കാലഘട്ടത്തിന്റെ അനിവാര്യത.
നമുക്ക് എന്ത് ചെയ്യാനാകും?
കുട്ടികൾക്ക് അവരുടെ പ്രായത്തിനൊത്തു സ്പേസ് കൊടുക്കണം ഒപ്പം തന്നെ അതിരുകൾ തിരിച്ചറിയാനും പഠിപ്പിക്കേണ്ടതുണ്ട്.
'അരുതേ' എന്ന് മാത്രം പറയാതെ, എങ്ങനെ ചെയ്യാം എന്ന് പരിശീലിപ്പിക്കണം. നിരന്തരമായ കുറ്റപ്പെടുത്തലും ആക്രോശങ്ങളും അരുതുകളും കുട്ടിയുടെ ആത്മ വിശ്വാസത്തിന്റെ അടിവേരുതകർക്കും. മാതാപിതാക്കൾ തങ്ങളുടെ മാനസിക സംഘർഷങ്ങൾ തീർക്കാൻ കുട്ടികളെ ഉപകാരണമാക്കരുതെന്ന് സാരം. കുട്ടികളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നത് അവരുടെ സ്വഭാവരൂപീകരണത്തെയും, വ്യക്തിത്വത്തെയും ദോക്ഷകരമായി ബാധിക്കുമെന്ന് - നാഷണൽ ചൈൽഡ് റൈറ്റ് കമ്മീഷൻ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളിലേക്ക് ആണ് ആദ്യം നമ്മുടെ ശ്രദ്ധ തിരിക്കേണ്ടത്. കുടുംബത്തിൽ ഉണ്ടാകേണ്ട ഒരു സ്നേഹാന്തരീക്ഷമുണ്ട് (we feeling) .നമ്മുടെ ദുരഭിമാനവും മുൻവിധികളും ഒക്കെ ഒഴിവാക്കി ബോധ്യത്തിലൂന്നിയുള്ളപഠന പരിശീലനംകുട്ടികളെ രൂപപ്പെടുത്തുന്നതിൽ വലിയ പ്രാധാന്യമർഹിക്കുന്നുണ്ട്. Manners value system, life skills , cultural adaptation, respect and acceptance , എല്ലാം കുഞ്ഞുനാളിൽ പരിഹരിക്കപ്പെടണം. Be a role model മക്കളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യാതിരിക്കുക. ഇത് വഴി കുട്ടികളിൽ പലവിധ മാനസിക പ്രശ്നങ്ങളും സ്വഭാവ വൈകല്യങ്ങളും നിരഉത്തരവാദപ്രദമായപ്രവർത്തികളും ഉടലെടുക്കുവാൻ കാരണമായെക്കാം ലക്ഷ്യബോധമില്ലാത്ത അവസ്ഥ ഒളിച്ചോട്ടത്തിനുള്ള സാധ്യതകൾ എന്നിവയെല്ലാം കൂടി വരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു
ബാല്യകാലം സുവർണ്ണകാലം
ചെറുപ്പകാലങ്ങളിൽ ഉള്ള ശീലം മാറക്കുമോ മാനുഷനുള്ളകാലം എന്ന പഴമൊഴി ഏറെ പ്രസക്തമാണിന്ന്. ലോകത്തിലെ കുപ്രസിദ്ധനായ ഒരു സ്വേച്ഛാധിപതി ആയിരുന്ന അഡോൾഫ് ഹിറ്റ്ലർ തന്റെ ആത്മകഥയായ 'മെയിൻ കാംഫ് ' ( MEIN KAMPF ) - ൽ ക്രൂരനും മർദ്ദകനുമായ സ്വന്തം പിതാവിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ബാല്യകാലത്തു നേരിട്ട മർദ്ദനം ഹിറ്റ്ലറെ പ്രതികാര ദാഹിയാക്കി മാറ്റിയത്രെ: ചരിത്രത്തിലെ എകാധിപതികളെ പരിശോധിച്ചാൽ അവരുടെ ബാല്യം തികഞ്ഞ അവഗണനകളുടേയും ക്രൂരതകളുടേയും പര്യായമായിരുന്നു എന്ന് കാണാനാകും.
കടുത്ത ശിക്ഷകൾ കുട്ടികൾക്ക് മാനസിക സംഘർഷങ്ങൾക്കു കാരണമാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഉദാ : കോപം, പ്രതികാര ബുദ്ധി, പരാജയഭീതി, സ്വയം മതിപ്പില്ലായ്മ, നിരാശ, , അന്തർമുഖത്ത്വം, അക്രമവാസന, തുടങ്ങിയവയ്ക്ക് കാരണമാകുന്നു. ചിന്തകനായ ആൻഡേഴ്‌സന്റെ അഭിപ്രായത്തിൽ 80% കുറ്റവാളികളും സ്നേഹമില്ലാത്ത, തകർന്ന കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. ഒരു കുട്ടിയുടെ ശാരീരിക വളർച്ചയ്ക്ക് നല്ല ഭക്ഷണം, ശുചിത്വം, ഊഷ്മളത, വാത്സല്യം, തുടങ്ങിയവ ആവശ്യമാണ് എന്ന് നമുക്കറിയാം. എന്നാൽ അതിലുപരി അവന്റെ മാനസിക വളർച്ചയ്ക്ക് സുരക്ഷിതത്വം, അംഗീകാരം, പരിലാളന, പ്രോത്സാഹനം, കരുതൽ, ബഹുമാനം, എന്നിവ എത്രയോ അത്യാവശ്യമാണ് .
തിരുത്തലുകൾ
കൂടാതെ ആത്മീയ വളർച്ചയ്ക്കും, ധാർമിക ജീവിതത്തിനും, അനുകൂലമായ സാഹചര്യങ്ങൾ കുടുംബത്തിലുണ്ടാകണം. ബാല്യകാല അനുഭവങ്ങളാണ് ഒരു വ്യക്തിയുടെ ജീവിതത്തിന്റെ അടിത്തറപാകുന്നതെന്ന് നമുക്കറിയാം. അച്ചടക്കലംഘനമുണ്ടാകുമ്പോൾ ഇടപെടുകയും വേണ്ട തിരുത്തലുകൾ നൽകുകയും ചെയ്യണം. അത് കുട്ടിയെ വളർച്ചയിലേക്ക് നയിക്കാനും കാരണമാകണം. ശിക്ഷയല്ല ശിക്ഷണമാണ് വേണ്ടത്. തെറ്റ് ബോധ്യപ്പെടുത്തി ശരി ചെയ്യാൻ പരിശീലിപ്പിക്കണം. തന്റെ പെരുമാറ്റം സംസാരം പ്രവർത്തികൾ തിരുത്തപ്പെടേണ്ടവയാണ് എന്ന തോന്നൽ ഉണ്ടാകുന്ന തരത്തിലുള്ള ഇടപെടലുകളാണ് അഭികാമ്യം. ഇതിന് കൃത്യമായ ആസൂത്രണത്തോടെ പരിശ്രമിക്കേണ്ടതാണ് . കുട്ടികളുടെ അക്കാഡമിക് മികവിനൊപ്പം ജീവിത നൈപുണ്ണ്യവും അവരെ മികച്ചവരാക്കട്ടെ. അവരുടെ സർഗശേഷി തകരുന്ന തരത്തിൽ പലതരം ലേബൽ ഒട്ടിച്ചു അവരെ പരിഹസിക്കാനും മുതിരാതിരിക്കുക ( ഉദാ: നാണം കുണിങ്ങി, പൊണ്ണത്തടിയൻ, അലസൻ, ഉറക്കം തൂങ്ങി, തല്ലുകൊള്ളി, കുരുത്തംകെട്ടവൻ, മരംകേറി, ഉഴപ്പൻ.) ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തേണ്ടത്; അർഹമായ വിധം പ്രശംസിക്കുക; പോസറ്റീവ് നിർദ്ദേശങ്ങൾ നൽകുക, അംഗീകാരം നൽകുക, നല്ലസ്വഭാവം എടുത്തുപറയുക. ഇതുമൂലം അവരുടെ ആത്മാഭിമാനം വളരുകയും സമഗ്രമായ വളർച്ചയ്ക്ക് സഹായകമാവുകയും ചെയ്യും.
പെരുമാറ്റ വൈകല്യങ്ങൾ
കുഞ്ഞുങ്ങളിലെ വികൃതികൾ സ്ഥിരമായി കണ്ടാൽ ഒരുപക്ഷെ പിന്നിടത് പെരുമാറ്റ വൈകല്യമാകാൻ സാധ്യതയുണ്ട് അതിനാൽ അത്തരം കാര്യങ്ങൾ ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതാണ്. കുട്ടികളിൽ കാണുന്ന ബിഹേവിയറൽ പ്രശ്ങ്ങൾ: ഉൽക്കണ്ഠ (Anxiety ) വിഷാദം (Depression) , ADHD (Attention Deficit Hyperactivity Disorder) , സാമൂഹ്യദ്രോഹ സ്വഭാവവിശേഷം (Anti Social Traits) , BPD (Borderline Personality Disorder), ഇത്തരം പ്രശ്നങ്ങളിലേക്ക് നീങ്ങിയാൽ ആവശ്യമായ ചികിത്സകൾ ലഭ്യമാക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം. ഇന്നത്തെ കുരുന്നുകളാണ് നാളത്തെ പൗരന്മാർ. സമഗ്രമായ വളർച്ച നല്ല പൗരന്മാരെ പടുത്തുയർത്തും. അതിൽ മാതാപിതാക്കളുടെ പങ്ക് വളരെ നിർണായകമാണ്.
പാരന്റിങ് ടൂൾസ്
* അച്ചടക്കം (Discipline ) : അച്ചടക്കം പരിശീലിപ്പിക്കുക എന്നത് . അനുകൂലവും പ്രതികൂലവുമായ ജീവിതസാഹചര്യങ്ങളെ നേരിടാൻ പ്രാപ്തരാക്കുന്നു.
* പരിശീലനം (Training ) : പരിശീലനം അറിവുനൽകുക, പഠിപ്പിക്കുക, ജീവിത നൈപുണ്യം സ്വായത്തമാക്കാൻ സഹായിക്കുക.
* ശിക്ഷണം (Punnishment ) : ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ ശരിയും തെറ്റും തിരിച്ചറിഞ്ഞു നന്മയിലേക്ക് നയിക്കുന്നതിനാണ് ശിക്ഷണം നൽകുന്നത്
* കൂടെയായിരിക്കുക: (Quality Time With Your Child ) : കുഞ്ഞിന്റെ വളർച്ചയിൽ നിർണ്ണായകമായ ഒന്നാണ് ഗുണനിലവാരമുള്ള സമയം കുട്ടികളുമായി ചിലവഴിക്കുക എന്നുള്ളത്. Eg : 30 മിനുറ്റ് ഒരുദിവസം കുഞ്ഞിനോടൊപ്പം ചിലവഴിക്കുക എന്നുള്ളത് ഒരു വര്ഷം കൊണ്ട് അത് പതിനൊന്നായിരം മിനിറ്റ് ആയിരിക്കും (182 മണിക്കൂർ), 15 വർഷത്തിനിടയിൽ 2000 - 3000 മണിക്കൂർ. ഈ ക്വാളിറ്റി ടൈം ആണ് കുട്ടികളെ രൂപപ്പെടുത്തുന്നതിൽ ഏറ്റവും അധികം സഹായിക്കുന്നത്. അതില്ലാതെ വരുമ്പോൾ താളപ്പിഴകൾ മാനസീക സഘർഷങ്ങൾ ഉടലെടുക്കുന്നു അതിന് കുട്ടിയുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്ന് ആശയ വിനിമയം നടത്തണം ഇത് സമയമെടുക്കുന്ന പ്രക്രിയയാണ്. പഠനവിവരം മാത്രം തിരക്കി ഗ്രെഡ് ചോദിച്ചും കണ്ണുരുട്ടിയതുകൊണ്ടു മാത്രം നല്ല വളർത്തൽ സാധ്യമാകില്ല. ക്ഷമയില്ലാത്തവരുടെ ആയുധമാണ് തല്ലിനേരെയാക്കലും, ഒച്ചവെച്ചും, താഴ്ത്തിപ്പറഞ്ഞും, തളർത്തി നേരെയാക്കലും. ഇത് നെഗറ്റീവ് പ്രതിഫലനങ്ങൾ ഉണ്ടാക്കും. ഇളം മനസുകളിൽ മുറിവുകൾ ഉണ്ടാക്കാനും, മനോവികാസത്തിൽ വികലതകൾ സ്രഷ്ടിക്കാനും മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ. എന്നാൽ തിരുത്താനും, ഭാവിജീവിതത്തെ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യാനും പ്രാപ്തരാക്കുന്ന ശിക്ഷണ രീതികളാണ് അവലംബിക്കേണ്ടത്.
15 TIPS FOR RESPONSIBLE PARENTING
ഉപസംഹാരം
കഴിഞ്ഞുപോയ ഇന്നലെകളെ കുറിച്ചുള്ള ആകുലതകൾ അകറ്റി നാളെയെക്കുറിച്ചുള്ള ഉത്കണ്ഠകൾ വെടിഞ്ഞു, നന്മനിറഞ്ഞ ഇന്നിൽ ജീവിക്കാൻ കുഞ്ഞുങ്ങളെ പരിശീലിപ്പിക്കാം. ഉയർച്ചതാഴ്ചകളിലും, അനുകൂലങ്ങളിലും, പ്രതിൽകൂലങ്ങളിലും, അടിപതറാതെ, ഇതെല്ലാം ജീവിതത്തിന്റെ ഭാഗമായി കണ്ട് തളരാതെ മുന്നേറാൻ പ്രത്യാശയോടെ ജീവിതത്തെ നോക്കി കാണാൻ അവരെ പരിശീലിപ്പിക്കാം. ദൈവത്തിൽ ആശ്രയിച്ചുംകൊണ്ട് ഓരോ ചുവടും മുന്നോട്ടു വയ്ക്കാൻ കുഞ്ഞുങ്ങൾക്ക് മാതൃകയും പ്രചോദനവും ആകാൻ ശ്രദ്ധിക്കാം.
ബാല്യം ഭാവി ജീവിതത്തിൻറെ കണ്ണാടി
ഈയടുത്ത ദിവസം പ്ലേ സ്കൂളിലേക്ക് അഡ്മിഷൻ എടുക്കുന്നതിനായി ഒരു പെൺകുട്ടിയുമായി അവളുടെ അച്ഛനും അമ്മയും സ്കൂളിലെത്തി. അത്യാവശൃം പേരും ഊരും ഒക്കെ ചോദിച്ച ശേഷം അവരുടെ ജോലി, തറവാട് എന്നിവയൊക്കെ സംസാര വിഷയമായി. കുട്ടിയിൽ നിന്ന് ശ്രദ്ധ മാറിയപ്പോൾ അവളുടെ മുഖഭാവം മാറുന്നത് എനിക്കു കാണാമായിരുന്നു. ഞാൻ അവളോട് കുശലം പറയും പോലെ നമുക്ക് കളിക്കാൻ പോയാലോ എന്നു ചോദിച്ച മാത്രയിൽ മുഖത്ത് പ്രസരിപ്പും കൂടാതെ സമ്മതവും സ്ഫുരിക്കുന്നത് ഞാൻ കണ്ടു.അപ്പോൾ തന്നെ നീട്ടിയ എൻറെ കൈവിരൽ തുമ്പിലേയ്ക്ക് അവൾ ചേർത്തുപിടിച്ചു. വരാന്തയിലേക്ക് ഇറങ്ങി നിന്നിട്ട് തൊട്ടുമുകളിലുള്ള 10 സ്റ്റെപ്പിനു മുകളിൽ അവളെ കൊണ്ട് ചെന്നാക്കിയിട്ട് ഞാൻ താഴെ നിന്ന് നോക്കുമ്പോൾ ഇറങ്ങി വരൂ എന്നു പറഞ്ഞു. ഉം ഉം എന്നുപറഞ്ഞ് ഒന്നു വന്നു, രണ്ടു വന്നു ,മൂന്നു വന്നു, പിന്നെ , ഒന്നൂടെ ,ഒന്നൂടെ എന്നു പറഞ്ഞു അവൾ കുറെ പ്രാവശ്യം സ്റ്റെപ്പ് കയറി ഇറങ്ങി വന്നു. ആ കുഞ്ഞിക്കാലുകൾ ചേർത്തുവച്ച് കയറ്റവും ഇറക്കവും ആസ്വദിച്ച് ഞാൻ അവിടെ നിന്നപ്പോൾ കുട്ടിക്ക് നിമിഷങ്ങൾക്കുള്ളിൽ കിട്ടുന്നത് എന്തൊക്കെ എന്ന് ഊഹിക്കാമോ? കുട്ടിക്ക് സ്കൂളിനോടുള്ള അധ്യാപകരോടുള്ള അപരിചിതരോടുള്ള ഭയം ഞൊടിയിടയിൽ ഇല്ലാതായി. കൂടാതെ ഉള്ളിൽ നിറഞ്ഞ ഉത്സാഹം. ഒരു വലിയ കാര്യം ചെയ്തുവെന്ന ആത്മസംതൃപ്തി. എണ്ണിപ്പറഞ്ഞാൽ ഒരു നൂറുകൂട്ടം കാര്യങ്ങളെങ്കിലും അവൾ അവളുടെ ജീവിതത്തിൽ അഭിമുഖീകരിച്ചു കഴിഞ്ഞു .
മാതാപിതാക്കളുടെ കരുതൽ
മാതാപിതാക്കൾ ഏറെ കരുതലോടെ ശ്രദ്ധയോടെ കുട്ടിയെ യഥാസമയം വീക്ഷിക്കുകയും കരുതൽനൽകുകയും ചെയ്യതാൽ ഓരോ കുട്ടിയും നിമിഷങ്ങൾക്കുള്ളിൽ പുരോഗമിച്ചുകൊണ്ടിരിക്കും. പൂ വിരിയും പോലുള്ള ഒരു പ്രതിഭാസം തന്നെയാണ് കുട്ടിയുടെ ജീവിതവും. ജനിച്ച നിമിഷം മുതൽ കുട്ടി സ്വയമേ ചെയ്യേണ്ട പല കാര്യങ്ങളുണ്ട്. അവയിൽ എല്ലാം മാതാപിതാക്കൾ കുട്ടിയുടെ കൈയും കാലും മനസ്സുമായി വർത്തിച്ച് അവരുടെ സ്ഥാനത്ത് സർവ്വ നിയന്ത്രണവും ഏറ്റെടുക്കുമ്പോൾ കുട്ടിയുടെ സ്വാഭാവികത ചോർന്നുപോകും. 'ഹെലികോപ്റ്റർ പേരെന്റിങ്ങി'ൽ നമ്മൾ വിചാരിക്കുന്ന സമയത്ത് കുട്ടിക്ക് കാര്യശേഷി വരാതിരിക്കുന്നു എന്ന് കണ്ടു നമ്മുടെ സമയപരിധിക്കുള്ളിൽ നിന്ന് കുട്ടിയുടെ സർഗ്ഗശേഷി മുഴുവനും അപഹരിച്ചെടുക്കുന്ന പ്രവണതയല്ലേ? ഇത് ബോധപൂർവ്വം മാതാപിതാക്കൾ ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ അവരുടെ അടുത്ത് നാം കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. അത് നല്ല താല്പര്യത്തോടെയും തികഞ്ഞ ശ്രദ്ധയോടും കൂടിയാണെങ്കിൽ കുട്ടി സകലത്തിലും നല്ല മികവോടെ വളരും. ഓരോ സാഹചര്യത്തോടും കുട്ടിക്കുള്ള റെസ്പോൺസ് നാം കാണുകയും അതിൻറെതായ സവിശേഷകൾ ഓരോന്നോരോന്നായി എടുത്തുപറഞ്ഞ് അതിന്റേതായ അംഗീകാരം യഥാവിധി കുട്ടിക്ക് നൽകി അവ കൂടുതൽ ആഴപ്പെടുത്താനും സാധിക്കണം. എന്തിനേ ശ്രദ്ധിക്കുന്നുവോ അവ വളരുന്നു, എന്തിനെ അവഗണിക്കുന്നുവോ അവ തളരുന്നു എന്ന പ്രമാണം ഇവിടെ അന്വർത്ഥമാകുന്നു.
തിരുത്തലുകൾ പ്രോത്സാഹനങ്ങൾ
കരഞ്ഞു വാശിപിടിച്ചു കാര്യസാധ്യത നേടുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം അതൊരു ശീലമായി കഴിഞ്ഞാൽ ജീവിതത്തിൽ ഉടനീളം ഇത് വളരെ ഗൗരവത്തോടെ തല ഉയർത്തി നിൽക്കും. ഇപ്രകാരം ഒരു ശൈലി കുട്ടി ആവർത്തിക്കാൻ ഇടവരാത്ത വിധം അത് കാര്യമായി ശ്രദ്ധിക്കാതിരിക്കുക. കുട്ടി കാണിക്കുന്ന സമചിത്തത, ശാന്തത, മറ്റുള്ളവരോട് ഉള്ള പരിഗണന, ലാളിത്യം, ഇവയൊക്കെ വാനോളം പുകഴ്ത്തുക. തെറ്റുതിരുത്തലുകൾക്ക് പ്രാധാന്യം കൊടുക്കുന്നില്ലെങ്കിലും അരുതുകളുടെ ഒരു നീണ്ട ശൃംഖല കുട്ടികളുടെ മുമ്പിൽ നിരത്തുക ശീലമാക്കിയ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അത് നിർത്താത്ത പക്ഷം തികച്ചും മർക്കടമുഷ്ടിയുള്ള യുവത്വത്തെയും കൗമാരത്തെയും ഒക്കെ ഭീതിയോടെ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. കാര്യങ്ങൾ തികച്ചും ലളിതമാക്കിയാൽ അത്യാവശ്യ സപ്പോർട്ട് കുട്ടികൾക്ക് കൊടുത്ത് അവരവരുടേതായ ജീവിതശൈലിയിൽ (ദൈവികമാനുഷിക പരിഗണനോടുകൂടിയത് ) അവർ ആയിരിക്കും വിധം അംഗീകരിച്ചാൽ അവർ നല്ലത് സാംശീകരിച്ചെടുക്കും
പരസ്പര അംഗീകാരം
പരസ്പര അംഗീകാരത്തിൻറെ, വിധേയത്വത്തിന്റെ, സംസാരശൈലികളും, സന്തോഷത്തിന്റെ അലയടികളും ഒക്കെയാണ് ഒരു ഭവനത്തിനുള്ളിൽ നിന്ന് ഒരു കുഞ്ഞ് കണ്ടും, കേട്ടും, അറിഞ്ഞും, അനുഭവിച്ചും വളരുന്നതെങ്കിൽ കുഞ്ഞിൻറെ മനോമുകരത്തിലും കുട്ടിയെ ചുറ്റിപ്പറ്റിയുള്ള സകല കാര്യത്തിലും ഇത് തെളിവാകും. പ്രധാനമായി അപ്പൻ അമ്മയെയും, അമ്മ അപ്പനേയും, ഇരുവരും വൃദ്ധരായ മാതാപിതാക്കളെയും, ഒക്കെ തുറന്ന സമീപനത്തോടെ, തികഞ്ഞ ആദരവോടെകാണുന്ന ശക്തി വിശേഷം ഏതു കുട്ടിക്കും നല്ലതിലേക്ക് മാത്രമായി ഒരു വാതായനം ജീവിതത്തിന് തന്നെ തുറക്കപ്പെട്ടു കഴിഞ്ഞു. ഉത്തരവാദിത്വങ്ങളുടെ പേരിൽ, ജോലി നിർവഹണത്തിന്റെ കനത്ത ഭാരം പേറുന്ന മാതാപിതാക്കൾക്ക് തദനുസൃതമായി ഇരട്ട സ്നേഹവും താൽപര്യവും കുട്ടികളുടെ മേൽ കൊടുക്കാൻ ആവണം . ഇവിടെയൊക്കെ ഏതു പ്രതിസന്ധിയെയും മറികടക്കുവാനായി ഏറ്റവും നല്ല പോംവഴിയാണ് ആസ്വദിക്കാൻ ഉതകുന്ന നല്ലവാക്കുകൾ. കുട്ടികൾക്ക് വളരെ ലാഘവത്തോടെ ഗ്രഹിക്കാൻ, ഉൾക്കൊള്ളാൻ പറ്റിയ വാക്കുകൾ അപ്പന്റെയും അമ്മയുടെയും വായിൽ നിന്ന് കേട്ടുകേട്ട് അവരുടെ മനോനിലയെ പുഷ്ടിപ്പെടുത്തുംവിധം ഹൃദ്യവും തമാശ കലർന്നതും ശക്തി വിശേഷം ചേർത്തു കൊടുക്കുന്നതുമാണെങ്കിൽ ആ വ്യക്തിയുടെ വളർച്ച എത്ര സ്വീകാര്യമാകും .
സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും അത് ജീവിതത്തിൻറെ ശൈലിയായി രൂപപ്പെടുത്താനും തികച്ചും മാതാപിതാക്കളുടെ തട്ടും തലോടലും അവർക്ക് ബലമേകിക്കൊണ്ടിരിക്കും.
ഉപസംഹാരം
ഒരു ക്ലാസിലുള്ള കുട്ടികളെ എല്ലാവരേയും ഉൾക്കൊള്ളാൻ തക്ക വിശാലതയുള്ള കുട്ടികളും രണ്ടോ മൂന്നോ പേരിൽ കൂടുതൽ ആരെയും പറ്റി ചിന്തിക്കാൻ പോലും ആവാത്ത കുട്ടികളും സ്വന്തം പിടിവാശി വിട്ട് കൂട്ടിന് ഒരാളെ പോലും സ്വീകാര്യമല്ലാത്ത കുട്ടികളും ഉണ്ട്. ഇതെല്ലാം അവരുടെ വ്യക്തിത്വത്തിൻ്റെ വ്യത്യസ്തതകൾ അല്ലേ! മാതാപിതാക്കളും അധ്യാപകരും സമൂഹവും ഒക്കെ വിശാലതയുടെയും കലർപ്പില്ലാത്ത സ്നേഹത്തിന്റെയും വിട്ടുവീഴ്ച മനോഭാവത്തിന്റെയും ഹൃദയ ലാളിത്യത്തിന്റെയും ഒക്കെ പ്രതിപുരുഷന്മാർ ആകുമ്പോൾ കുട്ടിയും കുട്ടികളും ഒക്കെ നന്മയുടെ നിറകുടങ്ങൾ ആകും . ഇതിൽ വ്യത്യസ്തത കടന്നുകൂടുന്നതനുസരിച്ച് കുഞ്ഞുങ്ങളുടെ ജീവിതത്തിൻറെ തിളക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. നല്ലതിലേയ്ക്ക് ദൃഷ്ടികൾ ഉയർത്തുന്ന, നന്മയെ വാരിപ്പുണരുന്ന, യാഥാർത്ഥ്യത്തിന്റെ പൊരുൾ അംഗീകരിക്കുന്ന ഒരു കുടുംബാന്തരീക്ഷത്തിന്, വിദ്യാലയ സംസ്കാരത്തിന്, സമൂഹ സ്വാധീനത്തിന്, നവലോക നിർമ്മിതി സാധ്യമാകും. "പൂവോ നീ ബാല്യമേ , ബാല്യമോ പൂവനീ കേവലമൊന്നിൻ പേരാകും രണ്ടും" എന്ന് നമ്മുടെ അനശ്വര കവി വള്ളത്തോൾ പാടിയതുപോലെ ഭാവി ജീവിതത്തിൻറെ ചിത്രം പതിഞ്ഞിട്ടുള്ള ഒരു കണ്ണാടിയാണ് ബാല്യം എന്ന ദീർഘവീക്ഷണത്തോടെ നമുക്ക് കുട്ടികളെ പഠിക്കാം ,പരിപാലിക്കാം, ശുശ്രൂഷിക്കാം
സമഗ്രവളർച്ചയിലൂടെ ജീവിതവിജയം നേടാം
"അവൻ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രിതിയിലും വളർന്നുവന്നു. ഓരോ വ്യക്തിക്കും വേണ്ടത് സമഗ്ര വളർച്ചയാണ്. വി. ഗ്രന്ഥത്തിൽ പ്രിതിപാദിക്കുന്ന സമഗ്ര വളർച്ച പ്രാപിച്ചവൻ ബെത്ലഹേമിലെ കാലിത്തൊഴുത്തിൽ പിറന്ന തച്ചനായ ജോസഫിൻ്റെയും അമ്മയായ മറിയത്തിൻ്റെയും മകനായ ഈശോയാണ്. പുതിയ അധ്യയന വർഷത്തിലേയ്ക്ക് പ്രവേശിച്ച, നമ്മുടെ കുഞ്ഞുങ്ങളെയും ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിൽ വളർത്താം. ഈ നയിക്കലാണ് അക്ഷരാർത്ഥത്തിൽ വിജയത്തിൽ എത്തുക. ഇവിടെ ചിന്തിക്കേണ്ട ഒന്നാമത്തെ വിഷയം ജ്ഞാനം. വി.ഗ്രന്ഥം പഠിപ്പിക്കുന്നു. ജ്ഞാനം ദൈവഭക്തിയുടെ ഉറവിടം ആണെന്ന്. ജ്ഞാനം, അറിവ്, എന്നിവ ഇന്ന് ഏറെ ചർച്ചാവിഷയം ആയി കൊണ്ടിരിക്കുന്ന കാലഘട്ടമാണ്; ഒരു മത്സരത്തിൻ്റെ കാലഘട്ടം. തങ്ങളുടെ മക്കൾ ഒന്നാമൻ ആയിരിക്കണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ
മക്കൾ ഒന്നാമതാകണം
മക്കൾ ഒന്നാമതാകണം എന്ന ആഗ്രഹം. ഈ ചിന്ത വളരെ നല്ല ചിന്തയാണ്. ചിലപ്പോഴൊക്കെ മാതാപിതാക്കൾക്കും കുട്ടികൾക്കും തമ്മിൽ തമ്മിലും ഈ ചിന്ത ചോദ്യചിഹ്നമായി മാറുന്നില്ലേ? ഈ സന്ദർഭങ്ങളിൽ ഇങ്ങനെ ചിന്തിക്കുന്നത് ഉചിതമെന്നു തോന്നുന്നു. കുട്ടികളുടെ വിദ്യാഭ്യാസം നിസാരമായി കാണേണ്ട ഒന്നല്ല. കുട്ടികളെ പഠിപിച്ച് മിടുക്കരാക്കേണ്ടത് ഏതൊരു മാതാപിതാക്കളുടെയും കർത്തവ്യമാണ് പക്ഷേ അത് ഒരു അടിച്ചേല്പിക്കലായി മാറരുത്. അല്ലെങ്കിൽ നേടിയെടുക്കേണ്ട ജ്ഞാനം നഷ്ടപ്പെടുവത്രേ ചെയ്യുന്നത്. ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് SSLC യ്ക്ക് 262 വാങ്ങിച്ചൻ ഇന്ന് ഹെലികോപ്റ്ററിന്റെ പുതിയ മോഡൽ ഉണ്ടാക്കുന്നു. 542 വാങ്ങിച്ചവൻ തൊഴിൽ ലഭിക്കാൻ ഇപ്പോഴും സേർച്ചിങ്ങ് നടത്തി കൊണ്ടെയിരിക്കുന്നു. ഇവിടെയാണ് ഇന്നത്തെ മാതാപിതാക്കളും, കുട്ടികളും, കണ്ണു തുറക്കേണ്ടത് അധ്വാനിക്കാതെ ലഭിക്കുന്നതോന്നും അറിവിൻ്റെ വളർച്ചയ്ക്ക് ഉതകില്ല. ജ്ഞാനം അത് ഒരു അലങ്കാരം മാത്രമല്ല സ്നേഹത്തോടെ അതിനെ വളർത്തുന്നവനും കണ്ടെത്തുന്നവനും അത് വിജയത്തിൻ്റെ ചവിട്ടു പഠിയാണ്.
മാനസിക ശാരീരിക പക്വതയിലേയ്ക്ക്
ഒരു മനുഷ്യൻ്റെ പ്രായത്തിലുള്ള വളർച്ച അവനെ വിവേകിയാക്കുന്നു. വിദ്യാഭ്യാസ കാലഘട്ടത്തിൽ ഒരു വിദ്യാർത്ഥി അവൻ്റെ മാനസിക ശാരീരിക പക്വതയിലേയ്ക്ക് പടിപടിയായി വളരുന്നു. ഈ വളർച്ചയിൽ കലാലയങ്ങളും, കണ്ടുമുട്ടുന്ന ഓരോരുത്തരും സഹകാരികളാകുന്നു. ഇവിടെയാണ് മാതാപിതാക്കൾ വളരെ സൂക്ഷമതയോടെ സമീപിക്കേണ്ടത്. 'അരുത്' എന്ന വാക്കിൽ നിർത്താതെ ഈ വളർച്ചയിൽ മാതാവിനും പിതാവിനും ഒരുപോലെ കൂടെ ചരിക്കുവാൻ കഴിയട്ടെ. എന്തും തുറന്നു പറയാൻ മക്കൾക്ക് കഴിയുന്ന വേദികളാകണം കുടുംബം. വളർത്തുന്ന, സ്നേഹിക്കുന്ന, മാതാപിതാക്കളുടെയും അധ്യാപകരുടെയും മുന്നിൽ കുട്ടികൾക്ക് ഒരു തുറന്ന പുസ്തകം ആകാൻ കഴിയണം
ജാഗ്രത വേണം
കുട്ടികൾ ഇന്ന് ആരോട് കൂട്ടുകൂടിയാലും ചോദ്യചെയ്യാൻ സാധിക്കാത്ത കാലഘട്ടമാണ്, കൂട്ടുകാരികൾ, കൂട്ടുകാരൻമാർ എന്നതിലുപരി ഈ കാലത്തിൻ്റെ ഒരു ട്രെന്റ് കൂട്ടുകാരിക്ക് കുറെ കൂട്ടുകാരൻമാർ: തെറ്റില്ല. നല്ല ബന്ധങ്ങൾ! പക്ഷേ എല്ലാത്തിലും ഒരു ജാഗ്രത വേണം. തെറ്റ് തെറ്റാണ് എന്നു തിരുത്താനുള്ള ചങ്കൂറ്റം. ഇന്നു ഫ്രണ്ട്സിന്റെ കാലഘട്ടമാണ് പണ്ട് മരിച്ചടക്കിനോ, അല്ലെങ്കിൽ വീട്ടിൽ അറിയാതെയോ ഒക്കെ കൂട്ടുകാരുടെ വീടു സന്ദർശിച്ച കുട്ടികൾ ഇന്നു കൂട്ടുകാരുടെ വീടുകളിലെ നിത്യ സന്ദർശകരാണ്. സ്വാതന്ത്ര്യം നല്ലതാണ് പക്ഷേ എല്ലാറ്റിന്റന്റെയും പരിധികൾ ബോധ്യമുണ്ടാകണം, മതി വേണ്ട എന്നു വെയ്ക്കാൻ കുട്ടികാലത്തിനു പറ്റട്ടെ. തെറ്റ് തെറ്റാണെന്നും ശരി ശരിയെന്നും പറയാൻ മാതാപിതാക്കൾക്കും കഴിയട്ടെ. കാരണം പ്രായത്തിലുള്ള വളർച്ച പ്രാപിക്കാത്തപ്പോൾ എടുക്കുന്ന തീരുമാനങ്ങൾ, തെറ്റിപോകാനുള്ള സാധ്യത കൂടുതലാണ്.
കുഞ്ഞുങ്ങളെ ദൈവപ്രീതിയിൽവളർത്താം
വി. പൗലോസ് ശ്ലീഹാ (എഫോ 6. 1-3) പറയും പോലെ "കുട്ടികളെ, കർത്താവിൽ നിങ്ങൾ മാതാപിതാക്കൻമാരെ അനുസരിക്കുവിൻ. അതു ന്യായയുക്തമാണ് നിങ്ങൾക്കു നന്മ കൈവരുന്നതിനും ഭൂമിയിൽ ദീർഘകാലം ജീവിക്കുന്നതിനും വേണ്ടി മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക." ദൈവത്തിൻ്റെ പ്രീതിയിൽ വളരുന്നവനു ഒരു തളർച്ചയുണ്ടാവില്ല. ഈ ലോകത്തിലെ എത്ര വലിയ ശാസ്ത്രം പറഞ്ഞാലും അല്ലയോ വായനക്കാരാ ദൈവത്തിൽ ആശ്രയിക്കുന്നവനെ ഒരിക്കലും ദൈവം കൈവിടില്ല. 100 % ഉറപ്പ് ഇത് മാറ്റാൻ മായിക്കാൻ പറ്റാത്ത സത്യം . നമ്മുടെ കുഞ്ഞുങ്ങളെ ദൈവപ്രീതിയിൽ നമ്മുക്ക് വളർത്താം.
സമഗ്ര വളർച്ച
ഒരു കുഞ്ഞിൻ്റെ ശൈശവ കാലം മുതൽ അവൻ വസിക്കുന്ന സമൂഹം അവൻ്റെ സമഗ്ര വളർച്ച സ്വാധീനിക്കുന്നുവെന്നത് എടുത്തു പറയേണ്ട ഒന്നാണ്. ആരെങ്കിലും എന്തെങ്കിലും പറയട്ടെ ഞാൻ ഇഷ്ടമുള്ള പോലെ ജീവിക്കും എന്നു പറയുന്നവരോട് ഒരു വാക്ക് നാം ഓരോരുത്തരും ഓരോ സംസ്ക്കാരത്തിൻ്റെ ഭാഗമാണ്. ചുറ്റുപാടിൻ്റെ സംസ്ക്കാരത്തോട് ഇഴുകി ചേർന്നു ജീവിക്കുമ്പോൾ ആണ് ഒരു തനതായ വ്യക്തിത്വം രൂപപ്പെടുക. അതുകൊണ്ടു തന്നെ ചുറ്റുപാടുമുള്ള മനുഷ്യരുടെ മാതൃകയും, പ്രോത്സാഹനവും വിദ്യാർത്ഥിയുടെ വ്യക്തിത്വത്തെ വളർത്തുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഒരു വിദ്യാർത്ഥിയുടെ വളർച്ചയിൽ അവൻ ആയിരിക്കുന്ന കുടുംബം, സമൂഹം, വിദ്യാലയം, അധ്യാപകർ, കൂട്ടുകാർ എല്ലാം ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. ഒരു നല്ല സമൂഹത്തെ വളർത്താൻ, ഇളം തലമുറയെ "ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിൻ്റെയും മനുഷ്യരുടെയും പ്രീതിയിലും വളർത്താം.
ബ്രാ ആന്റോ ചെപ്പുകലായിൽ
കോൾബെ ആശ്രമം, ആലുവ
ഒന്നും ചെയ്യാതെയുമിരിക്കൂ
ദൈവസ്തുതിയിൽ ഫലം ചൂടുന്ന വയലേലകൾ
ബാല്യം ഭാവി ജീവിതത്തിൻറെ കണ്ണാടി
തിരുമുറിവ് - പഞ്ചക്ഷതം
ഫലദായകമയ ഉപവാസം
സഹിക്കുന്നവർക്കായി