ഫാ മരിയദാസ് പാലാട്ടി
സഭയുടെ സ്വഭാവത്തെ വ്യക്തമാക്കാനായി അപ്പസ്തോല പ്രവർത്തനങ്ങളിൽ അനേകം പ്രാവശ്യം ഉപയോഗിച്ചിരിക്കുന്ന ഒരു പദമാണ് "മാർഗം"
അങ്ങ് എനിക്കു ജീവന്റെ മാർഗംകാണിച്ചുതരുന്നു; അങ്ങയുടെ സന്നിധിയിൽ ആനന്‌ദത്തിന്റെ പൂർണതയുണ്ട്; അങ്ങയുടെ വലത്തുകൈയിൽ ശാശ്വതമായ സന്തോഷമുണ്ട്.
സങ്കീർത്തനങ്ങൾ 16 : 11
എന്ന സങ്കീർത്തന ഭാഗത്തുനിന്നും എടുത്തതാണ് ഈ പദം. നിയമത്തെ സൂചിപ്പിക്കാനായി സങ്കീർത്തകൻ ഉപയോഗിച്ച "മാർഗ്ഗം " എന്ന ഈ പദം സഭയെ സൂചിപ്പിക്കാനായി ലൂക്കാ ഉപയോഗിച്ചു
"രക്ഷയുടെ മാർഗ്ഗം"
അവൾ പൗലോസിന്റെയും ഞങ്ങളുടെയും പിറകെ വന്നു വിളിച്ചുപറഞ്ഞു: ഈ മനുഷ്യർ അത്യുന്നതനായ ദൈവത്തിന്റെ ദാസരാണ്. അവർ നിങ്ങളോടു രക്‌ഷയുടെ മാർഗം പ്രഘോഷിക്കുന്നു.
അപ്പ. പ്രവർത്തനങ്ങൾ 16 : 17
"കർത്താവിന്റെ മാർഗ്ഗം"
കർത്താവിന്റെ മാർഗത്തെക്കുറിച്ച് അവന് ഉപദേശവും ലഭിച്ചിരുന്നു. അവനു യോഹന്നാന്റെ ജ്‌ഞാനസ്‌നാനത്തെക്കുറിച്ചു മാത്രമേ അറിവുണ്ടായിരുന്നുള്ളു. എങ്കിലും, യേശുവിനെക്കുറിച്ചുള്ള കാര്യങ്ങൾ ആത്‌മാവിൽ ഉണർവോടെ, തെറ്റുകൂടാതെ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്‌തിരുന്നു.
അപ്പ. പ്രവർത്തനങ്ങൾ 18 : 25
"ദൈവത്തിൻറെ മാർഗ്ഗം"
അവൻ സിനഗോഗിലും ധൈര്യപൂർവം പ്രസംഗിക്കാൻ തുടങ്ങി. പ്രിഷില്ലയും അക്വീലായും അവന്റെ പ്രസംഗം കേട്ടു. അവർ അവനെ കൂട്ടിക്കൊണ്ടുപോയി ദൈവത്തിന്റെ മാർഗം കൂടുതൽ വ്യക്‌തമായി പറഞ്ഞുകൊടുത്തു.
അപ്പ. പ്രവർത്തനങ്ങൾ 18 : 26
എന്നിങ്ങനെ മാർഗ്ഗത്തെ വിശേഷിപ്പിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. മാർഗ്ഗം എന്ന പദം വിശേഷണങ്ങൾ ഒന്നും ഇല്ലാതെ ആറുതവണ ഉപയോഗിച്ചിട്ടുണ്ട്
മലയാള വിവർത്തനങ്ങൾ ഇതിൽ പലതും "ക്രിസ്തുവിന്റെ മാർഗ്ഗം" എന്ന വിശേഷണം ചേർത്താണ് പരിഭാഷപ്പെടുത്തുന്നത്. മാർഗ്ഗം എന്ന പദത്തിന് വിശുദ്ധ ലൂക്കാ സുവിശേഷത്തിലും അപ്പസ്തോല പ്രവർത്തനങ്ങളിലും നൽകുന്ന പ്രത്യേക അർത്ഥം കണക്കാക്കിയെടുത്താലേ സഭയ്ക്ക് ഈ പേര് നൽകുന്നതിന്റെ ഉദ്ദേശം ഗ്രഹിക്കാൻ കഴിയൂ. യേശുവിന്റെ പരസ്യജീവിതത്തെ മുഴുവൻ ഒരു യാത്രയായി അപ്പസ്തോല പ്രവർത്തനങ്ങളിൽ വിവരിക്കുന്നു
നസറായനായ യേശുവിനെ പരിശുദ്‌ധാത്‌മാവിനാലും ശക്‌തിയാലും ദൈവം എങ്ങനെ അഭിഷേകം ചെയ്‌തുവെന്നും അവൻ എപ്രകാരം നൻമ പ്രവർത്തിച്ചുകൊണ്ടും പിശാചിനാൽ പീഡിപ്പിക്കപ്പെട്ടവരെ സുഖപ്പെടുത്തിക്കൊണ്ടും ചുറ്റിസഞ്ചരിച്ചുവെന്നും നിങ്ങൾക്ക് അറിയാം. ദൈവം അവനോടുകൂടെയുണ്ടായിരുന്നു.
അപ്പ. പ്രവർത്തനങ്ങൾ 10 : 38
24 അധ്യായമുള്ള ലൂക്കാ സുവിശേഷത്തിന്റെ 10 അധ്യായങ്ങൾ (ലൂക്കാ 9 ;51 ... 19 ; 46 ) യേശുവിന്റെ യാത്രയെ വിവരിക്കുന്ന വിധത്തിലാണ് ലൂക്കാ ക്രമീകരിച്ചിരിക്കുന്നത്. മഹത്വത്തിലേക്കുള്ള യാത്രയാണത്;
തന്റെ ആരോഹണത്തിന്റെ ദിവസങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കവേ, അവൻ ജറുസലെമിലേക്കു പോകാൻ ഉറച്ചു.
ലൂക്കാ 9 : 51
എന്ന ആമുഖത്തോടെയാണ് ഈ യാത്രാവിവരണം ആരംഭിക്കുന്നത്. ശിഷ്യന്മാരെ പരിശീലിപ്പിക്കാനും ശിഷ്യതത്തെ സംബന്ധിച്ച പഠനങ്ങൾ നൽകുന്നതിനും ഈ യാത്രയിൽ പ്രത്യേക പ്രാധാന്യം നൽകിയിരിക്കുന്നു. പിതാവിന്റെ അടുക്കൽനിന്ന് പുറപ്പെട്ടു ഭൂമിയിലേക്ക് വരികയും അവിടെനിന്ന് പുറപ്പെട്ടു പിതാവിൻറെ അടുത്തേക്ക് മടങ്ങുകയും ചെയ്യുന്ന ഒരു യാത്രയാണത്. യേശുവിന്റെ ജീവിതമാകുന്ന ഈ യാത്രയിലൂടെ യേശു എല്ലാ മനുഷ്യർക്കും പിതാവിന്റെ അടുക്കലേക്കുള്ള വഴി തുറക്കുകയായിരുന്നു ശിഷ്യസമൂഹത്തിനുമുമ്പേ ജെറുസലേമിലേക്ക് നടക്കുന്ന യേശു (ലൂക്ക 19 ;28 ) ജീവനിലേക്കും, രക്ഷയിലേക്കും നയിക്കുന്ന നാഥനാണ്. ശിഷ്യസമൂഹം ഈ നായകനെ അനുഗമിക്കണം.
യേശു വഴി കാണിക്കുകയും മുൻപേ നടക്കുകയും മാത്രമല്ല ചെയ്യുന്നത് യഥാർത്ഥത്തിൽ യേശു തന്നെയാണ് വഴി. പിതാവിന്റെ സന്നിധിയിൽ മനുഷ്യർക്കു പ്രവേശനം ലഭിക്കുന്നത് യേശുവിലൂടെയാണ്. യേശുവിനെ വഴി (യോഹന്നാൻ 14 ;14 ) ആയി ചിത്രീകരിക്കുമ്പോൾ സുവിശേഷകൻ ഈ ആശയം കൂടുതൽ വ്യക്തമാക്കുന്നു. യേശുവിന്റെ ചരിത്രത്തിലേക്കുള്ള തുടർച്ചയാണ് സഭ എന്ന് "മാർഗ്ഗം" എന്ന പേരുകൊണ്ട് ലൂക്കാ സൂചിപ്പിക്കുന്നു. ഇതിൽ അംഗങ്ങൾ ആകുന്നവർ മാർഗ്ഗം സ്വീകരിച്ചവരാണ്.
മാർഗ്ഗം കൂടിയവർ, മാർഗത്തിൽ ചേർന്നത് എന്നൊക്കെ ഇന്നും നാം ചിലരെ വിളിക്കാറുണ്ട് അടുത്ത കാലത്ത് ക്രിസ്ത്യാനികളെ വിശേഷിപ്പിക്കാൻ പുരാതന കാലം മുതലേ ക്രിസ്ത്യാനികൾ ആയിരുന്നവർ അല്പം പുച്ഛത്തോടെ ഉപയോഗിക്കുന്ന ഒരു പദമാണ് മാർഗ്ഗവാസി. എന്നാൽ ക്രിസ്തുവിന്റെ സഭയിലെ അംഗങ്ങളെ വിശേഷിപ്പിക്കാൻ ഏറ്റവും പര്യാപ്തമായ പദമാണിത്.
പെസഹാ കുഞ്ഞാട്
ദിവ്യകാരുണ്യം അതൊരു അനുഭവമാണ്
ഒന്നും ചെയ്യാതെയുമിരിക്കൂ
ദൈവസ്തുതിയിൽ ഫലം ചൂടുന്ന വയലേലകൾ
മാർപ്പാപ്പയുടെ കുമ്പസാരം