മാറുന്ന സന്ന്യാസ കാഴചപ്പാടുകൾ

19,  Apr   

 

മാറുന്ന സന്ന്യാസ കാഴചപ്പാടുകൾ

പുതിയ യുഗത്തിലെ മാനസികവും സാമൂഹികവുമായ മാറ്റങ്ങൾ സമർപ്പിതരുടെ വ്യക്തിത്വം തന്നെ നഷ്ടപ്പെടാൻ കാരണമാകാറുണ്ട് . സുവിശേഷാടിസ്ഥാനത്തിലുള്ള  ആത്മീയതയേക്കാൾ ഭൗതികമായ സാഹചര്യങ്ങളെ ആശ്രയിച്ചുo അവലംബിച്ചും കഴിയുമ്പോഴാണ് സമർപ്പിതയുടെ സ്വത്വം നഷ്ടമാകുന്നത്. ദൈവം എന്ന കേന്ദ്രബിന്ദുവിന് പകരം ആളുകളും അവരുടെ പ്രശ്നങ്ങളും കേന്ദ്രമാകുന്ന സമർപ്പിത ജീവിതങ്ങൾക്ക് ദൈവിക വ്യക്തിത്വം നഷ്ടമാകുന്നതിൽ സംശയമില്ല.  ഇന്ന് സമകാലിക ഭൗതിക ലൗകിക വാദങ്ങൾ സമർപ്പിതരെയും ബാധിക്കുന്നുണ്ട്.  ഇത്തരം സമകാലിക വാദങ്ങൾ സമർപ്പിതരുടെ  ജീവിത ദൗത്യത്തിന് വിഘ്നമായി  മാറുന്നുണ്ട്.  മനുഷ്യസഹജമായ പ്രവർത്തനങ്ങൾ സമർപ്പിതരുടെ ദൈവസഹജമായ സ്വഭാവo  നഷ്ടപ്പെടുത്തുകയാണ് ഇന്ന് ഒരു പരിധിവരെ.  ഈ അവസരത്തിൽ അതിശയകരമായ ദൈവിക അവബോധത്തോടെ ഭൗതിക കാഴ്ചപ്പാടുകളെ അതിലംഘിക്കുന്ന കാഴ്ചപ്പാടാണ് സമർപ്പിതർക്ക് പുതിയ കാലത്ത് വേണ്ടത്.

            എന്നാൽ ഇന്ന് മറ്റ് ജീവിതാവസ്ഥകൾ പോലെ സമർപ്പിത ജീവിതവും ആധുനികതയുടെയും ഈശ്വര വിശ്വാസത്തിന്റെയും ഇടയിൽപ്പെട്ട സമ്മർദ്ദസംഘർഷാവസ്ഥയിലാണ്.  പരമ്പരാഗത വിശ്വാസങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് . അതുകൊണ്ട് തന്നെ സമർപ്പിത ജീവിതത്തെ കുറിച്ചുള്ള  അജ്ഞത ക്രൈസ്തവ വിശ്വാസ സമൂഹങ്ങൾക്ക് ഇടയിലും ഉണ്ട് . സന്യസ്തരെ  അംഗീകരിക്കാൻ വിശ്വാസികൾ പോലും തയ്യാറാകാത്ത സാഹചര്യങ്ങളും ഉണ്ട് . ലോകത്തിന്റെ പല ഭാഗങ്ങളിലും സമർപ്പിതരുടെ പ്രാധാന്യം തന്നെ തുടച്ചുനീക്കപ്പെട്ടു.  സമർപ്പിത ജീവിതം നയിക്കാനുള്ള നിയോഗം ഏറ്റെടുത്ത പലരും അനിശ്ചിതത്തിലും അരക്ഷിതാവസ്ഥയിലും ആണ് മുന്നോട്ടുപോകുന്നത്.  കൂടാതെ സ്വത്വബോധം തന്നെ നഷ്ടപ്പെട്ട് പ്രതിസന്ധികളായ നിരവധി പേരെ അക്കൂട്ടത്തിൽ നമുക്ക് കാണാൻ കഴിയും. ദൈവിക സന്തോഷം കണ്ടെത്താൻ ആകാത്ത നിരവധി ആളുകൾ സഭയിലുണ്ട് . സന്യസ്തർക്കും വൈദികർക്കും അനുകൂലമായ ഒരു അന്തരീക്ഷമല്ല സഭയിലും സമൂഹത്തിലും ഉള്ളത് . നിരവധി പേർ സമർപ്പിത ജീവിതത്തിൽനിന്ന് പിന്മാറുന്നുണ്ട് . പലർക്കും കയ്‌പുനീർ കുടിക്കുന്നതിന് തുല്യ അനുഭവമാണ് സമർപ്പിത ജീവിതമെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രതികരിച്ചത് ഈ പശ്ചാത്തലത്തിലാണ് .  വിരസരായ സമർപ്പിതരെന്നാണ് മാർപാപ്പ അവരെ വിശേഷിപ്പിച്ചത്.

            കാലത്തിന്റെ പ്രത്യേകതകൾക്കും മാറ്റങ്ങൾക്കും അനുസരിച്ച് സമർപ്പിത ജീവിതത്തിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും.  സഭയിലും വിശ്വാസത്തിലും ഉണ്ടാകുന്ന മാറ്റങ്ങൾ സമർപ്പിതരിലും പ്രകടമാണ് . മറ്റുള്ള എല്ലാവരെയും പോലെ സമർപ്പിതരും രോഗവും നിരാശയും പരാജയങ്ങളും പൈശാചിക പരീക്ഷണങ്ങളും കാലാനുസൃതമായ വിശ്വാസ അപചയവും നേരിടുന്നുണ്ട് . സമർപ്പിത ജീവിതം സ്വയം പ്രകാശിക്കലാണ് . ലോക ജീവിതം ആസ്വദിക്കുന്നതിലുപരി ആത്മീയ ജീവിതം ആഘോഷിക്കുന്നവരാണ് സമർപ്പിതർ .  ആയതിനാൽ ഇത് വായിക്കുന്ന സമർപ്പിത സഹോദരങ്ങളെ , വിശ്വാസത്തിൽ നിന്ന് പുറപ്പെടുന്ന സന്തോഷത്തിൽ നമ്മുടെ ജീവിതത്തിന്റെ അർത്ഥം കണ്ടെത്തുകയാണ് നമ്മുടെ വെല്ലുവിളി എന്ന് നാം തിരിച്ചറിയണം . സമർപ്പിത ജീവിതത്തിൽ പതിവായി പാലിക്കുന്ന ചില ക്രമങ്ങളിലൂടെയും ജോലികളിലൂടെയും മാത്രമോ ,  അവയുടെ പരിഷ്കരണങ്ങളിലൂടെയോ ,  കാലോചിതമായ നവോത്ഥാനം ആത്മീയ ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കില്ല .  സമർപ്പിതർ അനുഭവിക്കുന്ന സമകാലിക അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണണമെങ്കിൽ സമർപ്പിത ജീവിതത്തിൽ അനുഭവിക്കേണ്ട ദൈവീക സന്തോഷവും സംതൃപ്തിയും പരിപോഷിപ്പിച്ചേ മതിയാകൂ . അങ്ങനെയെങ്കിൽ സമർപ്പിതർ ആധുനിക മാറ്റങ്ങൾക്കിടയിലും അവരുടെ ജീവിതാന്തസ്സിന്റെ അടിസ്ഥാന മൂല്യങ്ങൾ പിന്തുടർന്ന് പോകാൻ പരിശ്രമിക്കേണ്ടതുണ്ട് . അതിനായി , സന്യസ്ത സഭാ സമൂഹങ്ങളിൽ നടക്കുന്ന ആധുനികവൽക്കരണ പ്രവർത്തങ്ങളെല്ലാം ദൈവികമായ സന്യസ്ത സ്വത്വത്തെ പരിപോഷിപ്പിക്കുന്നതും  ആധികാരികമായി ജീവിതത്തില്‍ ഉറച്ചുനിൽക്കാൻ സമർപ്പിതരെ പ്രേരിപ്പിക്കുന്നതും  ആയിരിക്കണം . ദൈവിക ദർശനങ്ങളുടെ അപര്യാപ്തതയാണ്  വിമർശനാത്മക സമീപനങ്ങളിലേക്കും സന്യസ വൈദീക ജീവിതത്തിൽ നിന്ന് പിൻവാങ്ങുന്ന അവസ്ഥയിലേക്കും സമർപ്പിതരെ കൊണ്ടെത്തിക്കുന്നത് .

 

            തങ്ങളുടെ സ്വത്വo സഭയുടെ നിയോഗത്തോട് ചേർത്ത് വായിക്കാനാ കാതെ അതൃപ്തി അനുഭവിക്കുന്ന സമർപ്പിതരമുണ്ട് ഇന്ന് .  വളർന്നുവന്ന സാഹചര്യങ്ങളും സന്യസ്ത ദൈവീക പശ്ചാത്തലത്തിലെ സാഹചര്യങ്ങളും  തമ്മിൽ പൊരുത്തപ്പെടാതെ ജീവിതാന്തസ്സിൽ ഭൗതികമായി നിലനിൽക്കുകയും മനോഭാവപരമായി അതിൽ നിലനിൽക്കാൻ സാധിക്കാത്തവരും ആണിവർ . സന്യസ്ത പദവിയിൽ താൻ മറ്റുള്ളവരാൽ അംഗീകരിക്കപ്പെടുന്നില്ലെന്ന തോന്നൽ ,  പൂർത്തിയാകാത്ത മറ്റു ഭൗതിക പ്രതീക്ഷകൾ ,  സഹോദരസഭാംഗങ്ങളോടുള്ള വിയോജിപ്പ് ഇവയൊക്കെ സന്യസജീവിത മുന്നോട്ട് കൊണ്ടുപോകുന്ന പലർക്കും നിരാശയും  അസംതൃപ്തിയും സമ്മാനിക്കുന്നു .  അതുകൊണ്ട് തന്നെ പ്രിയ സമർപ്പിത സഹോദരങ്ങളെ ,  നാം ഒന്ന് തിരിച്ചറിയണം . അതായത് , യാഥാർത്ഥ്യം പരിശോധിച്ചാൽ നമുക്ക് ആവശ്യമായതെല്ലാം തരാൻ ആളുകൾക്ക് കഴിയില്ല എന്ന സത്യം നാം തിരിച്ചറിയണം .  എന്നുവെച്ചാൽ നമ്മുടെ അത്യന്തികമായ  സഫലീകരണം ദൈവത്തിലാണ് . ദൈവത്തിൽനിന്ന് മാത്രമാണ് നമുക്ക് സഹായം ലഭിക്കുക.

 

                        ദൈവം തിരുസഭയ്ക്കു  നൽകിയ ഒരു ദാനമാണ് സമർപ്പിത ജീവിതം . ദൈവത്തെ സ്തുതിക്കാനും മഹത്വപ്പെടുത്താനുമായി ബോധപൂർവം തിരഞ്ഞെടുക്കുന്ന ജീവിതം കൂടിയാണത് . യേശുവിനെ അനുഗമിക്കുകയും , അവന്റെ സാക്ഷികളാകുകയും ചെയ്യുന്ന സമർപ്പിതർ സ്വജീവിതങ്ങളിലൂടെ തിരുസഭയുടെ പരിപാവനതയും സൗന്ദര്യവുമാണ് പ്രകാശിപ്പിക്കുന്നത്. ഇത് ഇതൾ വിരിയുന്നത് ദൈവശക്തിയിൽ ആശ്രയിച്ച് ദൈവത്തിനായി പരിപൂർണ്ണമായി സ്വയം സമർപ്പിച്ച് ആ  സമർപ്പണം ദൈവവിളിയായി സ്വീകരിക്കുന്നവരാണ് തിരുസഭയിലെ ഓരോ സമർപ്പിതരും .  സൃഷ്ടാവിലേക്ക് ദൃഷ്ടികൾ  ഉറപ്പിച്ച് അവനിൽ സ്വയം  തിരിച്ചറിയുകയും അവനിലൂടെ ആത്മസാക്ഷാത്കാരം നേടുകയും ചെയ്യുന്ന മനുഷ്യരുടെ പ്രതീകങ്ങളാണ് ഓരോ സമർപ്പിതരും. അതുകൊണ്ടുതന്നെ ദൈവത്തെ മറന്നു പോകുകയും അകറ്റിനിർത്തുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യങ്ങളിൽ ദൈവത്തിന്റെ സാക്ഷികൾ ആകുക എന്ന ജീവിതത്തിന്റെ  ഉത്തരവാദിത്വത്തിന്  വലിയ പ്രാധാന്യമാണുള്ളത് . ആധുനികകാലത്തെ പ്രശ്നങ്ങൾക്ക് വെല്ലുവിളികൾക്കും ഇടയിൽ മനുഷ്യകുലത്തിനു വേണ്ടി നിലകൊള്ളുക എന്ന തീക്ഷണമായ ആഗ്രഹങ്ങൾക്കിടയിലും ദൈവത്തെകുറിച്ച് ചിന്തിക്കാൻ മറന്നുപോകരുത് . ദൈവരാജ്യത്തിന്റെ സന്ദേശം , യേശുവിനെ പിന്തുടരുക എന്ന ദൗത്യം , തിരുസഭയുടെ നിയോഗങൾ എന്നിവ ശരിയായി മനസിലാക്കുമ്പോഴേ മനുഷ്യർക്കും ദൈവത്തിനുവേണ്ടി ജീവിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നാം  ബോധവാന്മാരാകു.

 

                        പ്രിയ സുഹൃത്തേ എല്ലാം സമർപ്പിച്ചവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല ഉയരും പ്രചോദനവും നൽകുന്ന 33 കാരന്റെ മിഴികളും മൊഴികളും കൂട്ടിനുള്ളപ്പോൾ ലോകവും കോലവും മാറിയാലും കരുതലിന്റെ  കഥ പറയാൻ , ഉയരും ഊർജ്ജവും തന്നവന് പകരക്കാരനാകാൻ നമ്മൾ മാത്രമേയുള്ളൂ . അതെ , കാലങ്ങൾക്കപ്പുറത്തേക്ക് കരുതലിന്റെ കഥ  മെനയാൻ നമുക്കും ചങ്കുറപ്പോടെ ഇറങ്ങി തിരിക്കാം.. അവന്‌  ഇനിയും പകരക്കാരെ ആവശ്യമുണ്ട്….          

 


Related Articles

സഹവാസം

ലേഖനങ്ങൾ

Contact  : info@amalothbhava.in

Top