സഹവാസം

11,  Mar   

സഹവാസം

 എല്ലാം പാലിക്കുന്നവന് തന്നിൽത്തന്നെ പൂർണ്ണമായിട്ടാശ്രയിക്കാനൊരു സാധ്യതയുണ്ട്. അതപകടമാണ്. വീഴുന്നവനേ ദൈവത്തിലാശ്രയിക്കാൻ തോന്നുകയുള്ളു. പൗലോസിന്റെ മുള്ളെടുത്തു മാറ്റാതിരുന്നത് അവൻ ദൈവത്തിന്റെ കൃപയിൽ ആശ്രയിക്കാനായിരുന്നു.

ഉപവാസത്തെ, മനുഷ്യനെ ഇൗശ്വരനിലേക്കും ഇൗശ്വരനെ മനുഷ്യനിലേക്കും കൂട്ടിക്കൊണ്ടുവരുന്ന ഒരു സഹവാസമായിട്ടെടുക്കാനാവണം. ഉപവസിക്കുന്നവൻ ദൈവത്തോടൊപ്പം സഹവസിക്കണം. ആ പുതുസൗഹൃദത്തിൽ പിശാച് പുറന്തള്ളപ്പെടണം. മരുഭൂമിയിലെ ഉപവാസത്തിനു ശേഷം ക്രിസ്തു എത്ര ലാഘവത്തോടെയാണ് പിശാചിനെ ആട്ടിപ്പായിക്കുന്നത്. ക്രിസ്തുവിനെപ്പോലെ പ്രലോഭനങ്ങളെ തകിടം മറിക്കാനായിരിക്കണം ഒാരോരുത്തരും ഉപവസിക്കേണ്ടത്. എന്തുകൊണ്ടോ, അങ്ങനെയൊന്ന സംഭവിക്കുന്നില്ല. കല്ലുകളെ അപ്പമാക്കാനുള്ള വരം നൽകപ്പെടാത്തതിനാൽ ഹൃദയത്തെ കല്ലാക്കുകയും ദരിദ്രരെ അപ്പമാക്കി വിഴുങ്ങുകയും ചെയ്യുന്നവരാണ് ഏറെയും അവർ ക്രിസ്തുവിനുവേണ്ടി ജീവിക്കുമ്പോഴും അവനെ അറിഞ്ഞിട്ടില്ല
എല്ലാവരും വിശുദ്ധനെന്നു വിളിക്കുന്ന ഒരു വൃദ്ധൻ മലമുകളിൽ ജീവിച്ചിരുന്നു. എല്ലാ പ്രഭാതങ്ങളിലും താഴ് വാരത്തെ പട്ടണത്തിലേക്കയാൾ ഇറങ്ങി വരും. സന്ധ്യ വരെ വേല ചെയ്തു മടങ്ങിപ്പോകും. ഒരു നീരുവയ്ക്കു മുമ്പിലൂടെയാണ് എന്നും പോകാറുള്ളത്. നല്ല ദാഹം തോന്നിയാലും ആത്മപരിത്യാഗത്തിനു വേണ്ടി അതിൽ നിന്നും വെള്ളം കുടിക്കില്ലെന്നയാൾ ഒരു പ്രതമെടുത്തിരുന്നു. ദാഹത്തോടെ മല കയറുമ്പോഴെല്ലാം ഒരു നക്ഷത്രം മേഘങ്ങൾക്കിടയിലൂടെ അയാളെ അനുഗ്രഹിച്ചിരുന്നു
ഒരു ദിവസം ഒരു ബാലൻ മലമുകളിലേയ്ക്ക് കയറി വന്നു. അയാളെ അനുകരിക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന അവന് കഴിയുംവിധം വൃദ്ധൻ നിരുത്സാഹപ്പെടുത്തി എന്നാൽ അവന്റെ ആഗ്രഹം അതികഠിനമായതിനാൽ ഒരു ദിവസം തന്നോടൊപ്പം വേല ചെയ്യാൻ അവനെയും കൂട്ടി. ജോലി കഴിഞ്ഞവർ മലമുകളിലേക്കു മടങ്ങുകയാണ്. തളർന്നവശനായ ബാലന്റെ കണ്ണുകൾ അപ്പോഴാണ് നീരുറവയിൽ ഉടക്കിയത്. അയാൾ കുടിച്ചില്ലെങ്കിൽ തനിക്കെങ്ങനെ കുടിക്കാനാവുമെന്ന് ശങ്കിച്ചു നിൽക്കുകയാണവൻ. അയാൾക്കു തോന്നി : ഇപ്പോൾ ഞാൻ വെള്ളം കുടിച്ചില്ലെങ്കിൽ ഇവനും കുടിക്കില്ല അതു പാടില്ല ഇവനുവേണ്ടി ഞാൻ വ്രതം മുടക്കുന്നുഎന്നിട്ടയാൾ നീരുറവയിൽ നിന്നും കുടിക്കാൻ തുടങ്ങി. അതുകണ്ട് ഒത്തിരി സന്തോഷത്തോടെ കുട്ടിയും കുടിച്ചു

വീണ്ടും യാത്ര തുടർന്നപ്പോൾ വൃദ്ധൻ ഒാർത്തു വ്രതം തെറ്റിച്ച എനിക്കുവേണ്ടി ഇന്നും ആകാശം നക്ഷത്രത്തെ അയച്ച് പുഞ്ചിരിക്കുമോ നെടുവീർപ്പോടെ അയാൾ ആകാശം മേഘങ്ങളിലേക്ക് നോക്കി അവിടെ രണ്ടു നക്ഷത്രങ്ങൾ ചിമ്മുന്നുണ്ടായിരുന്നു

പരസ്നേഹത്താൽ വലിയ വ്രതമില്ല. ഇൗ പൊരുൾ ജീവിതത്തിൽ സൂക്ഷിക്കുന്നവർ അനുഗ്രഹീതരാണ്. ഇനി മേൽ ആത്മാർത്ഥതയില്ലാത്ത പരസ്നേഹ പ്രവർത്തികൾ വഴി നാം ദൈവത്തെ അസ്വസ്ഥതപ്പെടുത്തരുത്. ക്രിസ്തുവിൻറെ  പീഡാസഹന അനുസ്മരണത്തിനായി ഒരുക്കപ്പെട്ട തപസ്സു കാലവഴികളിൽ അഴുക്ക് കൂനകൾ നിറയ്ക്കരുത്
കാരുണ്യമോ, സ്നേഹമോ അവശേഷിപ്പിക്കാതെ നാം നടത്തിയ നോമ്പാചരണങ്ങൾക്ക് ,ഉപവാസ അനുഷ്ഠാനങ്ങൾക്ക് ,പ്രായശ്ചിത്ത പരികർമ്മങ്ങൾക്ക് ഒക്കെ നമുക്ക് മാപ്പ് ലഭിക്കട്ടെ ഒരാളുടെ ഏറ്റവും വലിയ ദുരന്തം എന്നത് അയാൾ ജീവിച്ചിരിക്കുമ്പോഴും അയാൾക്കുള്ളിൽ സ്നേഹം മരണപ്പെട്ടു പോകുന്നതാണ്

സ്നേഹവും നിയമവും ഇരു കരങ്ങളിൽ പിടിച്ചുകൊണ്ട് ഇൗശ്വരൻ ഇതിലേതെങ്കിലും ഒന്നു മാത്രം തിരഞ്ഞെടുക്കാൻ കൽപ്പിച്ചാൽ തീർച്ചയായും ഞാൻ സ്നേഹത്തിനു വേണ്ടി നിയമത്തെ നിഷേധിക്കും.


Related Articles

സഹനപുത്രി

ലേഖനങ്ങൾ

Contact  : info@amalothbhava.in

Top