ക്രിസ്തീയ ജീവിതത്തിലെ ക്ലേശകരമായ രഹസ്യമാണ് സഹനം. ദൈവം നല്ലവനെങ്കിൽ മനുഷ്യനെ സഹിക്കാൻ വിട്ടുകൊടുക്കുന്നതെന്തേ? ദൈവം ശക്തനെങ്കിൽ തിന്മയെ ഉന്മൂലനം ചെയ്യാത്തതെന്തേ? സഹിക്കുന്നവന് പിന്നെയും സഹനം. എന്താണിതിന്റെ അർത്ഥം?
മൂന്ന് തലങ്ങളിൽ ഇതിനെ മനസിലാക്കാൻ കഴിഞ്ഞേക്കും.
ഒന്ന്: ഒരാളുടെ ജീവിതകാണ്ഡത്തിൽ നല്കപ്പെടുന്ന സഹനങ്ങൾ അയാളെ ദൈവത്തെ തേടാനും കണ്ടെത്താനും സഹായിച്ചേക്കും. ഇഗ്നേഷ്യസ് ലയോളയുടെ ചരിത്രമോർക്കുക. യുദ്ധത്തിനിടയിൽ മുറിവേറ്റ് ആശുപത്രിയിൽ നീണ്ടകാലം കിടക്കേണ്ടിവന്നപ്പോഴാണ് ബോധപൂർവം വചനം വായിക്കാൻ തുടങ്ങിയത്. വിശുദ്ധാത്മാക്കളുടെ ചരിത്രകഥകൾ ആവേശത്തോടെ വായിച്ചു. അത് അദ്ദേഹത്തെ മാറ്റി. ഇഗ്നേഷ്യസ് ലയോളയെന്ന വലിയ വിശുദ്ധനെ സഭയ്ക്ക് ലഭിച്ചു. യുദ്ധത്തിനിടയിൽ ഏറ്റ ആഘാതം അയാളെ തളർത്തിയെങ്കിലും, ദൈവവഴികൾ തേടാൻ അതാവശ്യമായിരുന്നുവെന്ന് ഇന്ന് നാമറിയുന്നു. സങ്കീർത്തകന്റെ വാക്കുകൾ എത്രയോ സത്യം: ”ദുരിതങ്ങൾ എനിക്കുപകാരമായി; തന്മൂലം ഞാൻ അങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ” (119:71). തന്റെ രോഗാവസ്ഥയെക്കുറിച്ച് ഹെസക്കിയ രാജാവ് പറയും, ”എന്റെ കഠിനവേദന എന്റെ നന്മയ്ക്കുവേണ്ടിയായിരുന്നു” (ഏശയ്യാ 38:17).
ഒരാത്മാവിനെ നശിപ്പിക്കാനല്ല, രക്ഷിക്കാനാണ് സഹനം. ഇല്ലായ്മ ചെയ്യാനല്ല, അതിന്റെ മൂല്യം വെളിവാക്കാനാണിത്. പാലസ്തീനായിൽ പ്രസിദ്ധമായ ഇടയന്റെയും ആടിന്റെയും ചിത്രമുണ്ട്. എത്ര പറഞ്ഞിട്ടും തിരുത്തലുകൾ സ്വീകരിക്കാത്ത ഒരാട്. വേറെ വഴിയൊന്നുമില്ലാതെ വരുമ്പോൾ ആടിന്റെ കൈയോ കാലോ ഒന്നൊടിക്കും. പിന്നെ ഇടയൻ അതിനെ തോളിൽ വയ്ക്കും, പ്രത്യേക സംരക്ഷണവും കരുതലുമൊക്കെ നല്കും. സൗഖ്യപ്പെടുവോളം ഇടയന്റെ ചൂടേറ്റ് ആട് വളരും. പിന്നീടൊരിക്കലും ഇടയനെ ഉപേക്ഷിക്കില്ല. ആല വിട്ട് അലയുകയുമില്ല. സഹനം നമ്മെ ഇടയനോടടുപ്പിക്കും.
രണ്ട്, സഹനം നമ്മുടെ സന്തോഷങ്ങളെ വിശുദ്ധീകരിക്കും. ഈ ലോകത്തിലായിരിക്കുന്നിടത്തോളം നാം നിരന്തരം വിശുദ്ധീകരിക്കപ്പെടണം. മായാസുഖങ്ങളിൽ അമരാതിരിക്കാനും വിലകെട്ടവയുടെ പുറകെ അലയാതിരിക്കാനും പരീക്ഷകൾ കൂടിയേ തീരൂ. ജീവിതയാത്രയിൽ ഒന്നിനെയും വകവയ്ക്കാതെ, ഒരാൾക്കും പിടി കൊടുക്കാതെ ഓടുന്നതിനിടയിൽ ഈ ആയുസിന്റെ അർത്ഥവും വിശുദ്ധിയും നശിപ്പിച്ചേക്കാം. അതു നിങ്ങളെ തകർത്തുകളയും. അതിനാൽ, ദൈവം സഹനങ്ങൾ അനുവദിച്ച് വിശുദ്ധീകരിക്കും. ”അഗ്നിശോധനയെ അതിജീവിക്കുന്ന നശ്വരമായ സ്വർണത്തെക്കാൾ വിലയേറിയതായിരിക്കും പരീക്ഷകളെ അതിജീവിക്കുന്ന നിങ്ങളുടെ വിശ്വാസം” (1 പത്രോസ് 1:7). തീയിലെറിയാതെ സ്വർണം മാറ്റുള്ളതാകില്ല. ശുദ്ധി ചെയ്യാതെ മനുഷ്യൻ അമൂല്യനുമാകില്ല. കടലിന് മണലുകൊണ്ട് അതിർത്തി നിശ്ചയിച്ചുവച്ചിരിക്കുന്ന ദൈവം നിങ്ങളുടെ സഹനത്തിനും അതിരു വച്ചിട്ടുണ്ട്. സഹനം വിശുദ്ധീകരണത്തിനാണെന്നറിഞ്ഞാൽ പിന്നെ സഹനം നിങ്ങളെ നിരാശരാക്കില്ല.
മൂന്ന്, രക്ഷാകരമാണ് സഹനം. എന്താണിതിനർത്ഥം? യേശുക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല, അവനെപ്രതി സഹിക്കാൻ കൂടിയാണ് വിശ്വാസിയുടെ ദൈവവിളി (ഫിലിപ്പി 1:29). കുരിശില്ലാതെ ക്രിസ്തുവില്ല; സഹനമില്ലാതെ ക്രിസ്ത്യാനിയുമില്ല. ക്രിസ്തുവിൽ വസിക്കുന്നുവെന്ന് പറയുന്നവൻ അവൻ നടന്ന അതേ വഴിയിലൂടെ സഞ്ചരിക്കണം (1 യോഹന്നാൻ 2:6). ആ വഴി അത്ര എളുപ്പമുള്ളതല്ല എന്നറിയുക. ഇടുങ്ങിയ വഴിയാണിത്. പക്ഷേ, വരാനിരിക്കുന്ന മഹത്വം മനോഹരമാണ്. എത്തേണ്ട ഇടത്തെക്കുറിച്ചുള്ള ബോധ്യം ഇടുങ്ങിയ വഴിയിലൂടെ കുരിശും വഹിച്ചുകൊണ്ടുള്ള നിങ്ങളുടെ യാത്രയെ സർഗാത്മകമാക്കും.
ഒരു പ്രഭാത പ്രാർത്ഥനയിൽ വിശുദ്ധ അമ്മത്രേസ്യ കർത്താവിനോട് ചോദിച്ചു: ‘കൂട്ടുചേരുന്ന എല്ലാവർക്കും നീ കൊടുക്കുന്നത് കുരിശാണ്. സ്‌നേഹിക്കുന്തോറും കൂടുതൽ കുരിശുകൾ. നിന്റെ കൂട്ടത്തിൽ ആര് ചേരാനാണ്?’ തലേ ദിവസത്തെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ പ്രാർത്ഥനയാക്കിയപ്പോൾ ഇങ്ങനെ പ്രാർത്ഥിക്കാനാണ് അവൾക്ക് തോന്നിയത്. എന്നാൽ അന്ന് സന്ധ്യാപ്രാർത്ഥന കഴിഞ്ഞ് ശാന്തമായി ആരാധിക്കുമ്പോൾ ഒരു കാര്യം അവൾ ഓർത്തു. കുരിശാണ് വച്ചുകൊടുക്കുന്നതെങ്കിലും മാനവരാശി ഇത്രമാത്രം ചേർത്തുവയ്ക്കുന്ന ഒരാളില്ലല്ലോ! ക്രിസ്തുവിനെ സ്‌നേഹിച്ച് കുരിശുയാത്ര നടത്താനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. എല്ലാ വിശുദ്ധ സ്‌നേഹത്തിലും സഹനമുണ്ട്. നിങ്ങൾ സ്‌നേഹിക്കുന്ന ഒരാൾക്കായി ഒരു സഹനവഴിയിലും യാത്ര ചെയ്തിട്ടില്ലെങ്കിൽ, നിങ്ങളുടെ സ്‌നേഹത്തിന്റെ ആഴം പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ദൈവപുത്രനുമായുള്ള സ്‌നേഹം അഗാധമാകുമ്പോൾ കുരിശിന്റെ വഴിയിൽ നിങ്ങൾ അവന്റെ അടുത്തെത്തി എന്നാണർത്ഥം.
വിശുദ്ധ മദർ തെരേസ പറയും: ‘സഹനം എന്നത് ക്രിസ്തുവിന് ചുംബിക്കാനുള്ള അകലത്തിൽ നിങ്ങളെത്തി എന്നതിന്റെ അടയാളമാണ്.’
സഹനം രക്ഷാകരമാകുന്നത് രക്ഷകന്റെ കുരിശിന്റെ ലക്ഷ്യവും നിങ്ങളുടെ സഹനത്തിന്റെ ലക്ഷ്യവും ഒന്നാകുമ്പോഴാണ്. ലളിതമായി പറഞ്ഞാൽ, വേദനകളെപ്പറ്റി പരിദേവനങ്ങൾ നടത്താതെ അത് ആത്മാക്കളുടെ രക്ഷയ്ക്കായി കാഴ്ചവയ്ക്കുമ്പോൾ സഹനം രക്ഷാകരമാകുന്നു. വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകൾ ഓർക്കുക: ”സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിന് സഹിക്കേണ്ടിവന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തിൽ ഞാൻ നികത്തുന്നു” (കൊളോസോസ് 1:24). ക്രിസ്തുവിന്റെ ഭൗതിക ശരീരത്തിലെ സഹനത്തിൽ കുറവ് വന്നിരുന്നുവോ? ഒരിക്കലുമില്ല. പക്ഷേ അവന്റെ മൗതികശരീരം ഇന്നുണ്ട്, സഭയാണിത്. ആ ശരീരത്തിൽ പങ്കുകാരാകുന്നവരൊക്കെ സഹിക്കണം.
യേശു അന്ന് സഹിച്ചപ്പോൾ ബറാബാസ് ഉൾപ്പെടെ അനേകർ മോചിതരായെങ്കിൽ, ഇന്ന് സഭയാകുന്ന ശരീരത്തിലെ അംഗങ്ങളായ നാം സഹിക്കുമ്പോൾ ഒരുപാട് ആത്മാക്കൾ മോചിതരാകുന്നു. സഹിക്കുന്നവരൊക്കെ ഒരർത്ഥത്തിൽ ക്രിസ്തുവാകുന്നു. ഇനിയും രക്ഷാകരചരിത്രത്തിന്റെ ക്ലൈമാക്‌സ് ആയിട്ടില്ലെന്നറിയുക. അതവിടുത്തെ രണ്ടാം വരവിലാണ്. അന്നാണ് നിങ്ങളുടെ സഹനത്തിന്റെ മൂല്യം നിങ്ങൾക്ക് പൂർണമായും മനസിലാകുന്നത്. സഹനത്തിന്റെ മൂല്യം ഗൗരവമായെടുത്താൽ അതിൽ ആഹ്ലാദിക്കാൻ നിങ്ങൾക്കാകും. നമ്മുടെ സഹനം എത്രയോ പേർക്ക് അനുഗ്രഹത്തിന് കാരണമായി എന്നറിയാൻ പലപ്പോഴും നിത്യതയോളം കാത്തുനില്‌ക്കേണ്ടിവരില്ല. പൂർണമായും മനസിലാക്കാൻ അത്രത്തോളം കാത്തുനില്ക്കുകയും വേണം. ഒരാത്മാവിനെയും രക്ഷിക്കാൻ ഞാൻ പ്രാപ്തനല്ല. പക്ഷേ ഒരാത്മാവിന്റെ രക്ഷയിൽ എന്റെ സഹനത്തെ കാഴ്ചയായി നല്കാനാകും. അവിടെ സഹനം രക്ഷാകരമാകും.
കണ്ടിട്ടില്ലേ, സഹിക്കുന്നവർക്ക് വീണ്ടും സഹനം. കാരണം വ്യക്തമാണ്. കുരിശ് നല്കുമ്പോൾ കുതറി മാറുന്നവനിൽനിന്ന് ക്രൂശിതനും പിൻവാങ്ങും. സ്വീകരിക്കുന്നവന് അവനത് കുറെക്കൂടി നല്കും. അങ്ങനെ അവൻ മിശിഹായിലേക്ക് ഉയരും. ഓരോ സഹനത്തിലും ഒരഭിഷേകം അവൻ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. തട്ടിമാറ്റുന്നവനിൽനിന്ന് അത് പിൻവാങ്ങും. വിശുദ്ധ ബലിയിൽ പങ്കുചേരുന്ന ദിനങ്ങളിലൊക്കെ, അൾത്താരയിൽ ഉയർത്തുന്ന കാസയിൽ നിങ്ങളുടെ ആ ദിനത്തിലെ സഹനംകൂടി ചാലിച്ചുചേർക്കുമോ?
മാറുന്ന സന്ന്യാസ കാഴചപ്പാടുകൾ
കൈപിടിച്ച് നടത്തേണ്ടവർ
ബാല്യം ഭാവി ജീവിതത്തിൻറെ കണ്ണാടി
വേദനയുടെ താഴ്വരയില്
സഹിക്കുന്നവർക്കായി