ആന്റണി മലയിൽ
വിദ്യാസമ്പന്നയും സുന്ദരിയുമായ ഒരു കത്തോലിക്കാ യുവതി ഒരിക്കൽ ഇപ്രകാരം പറഞ്ഞു: ”ഞാൻ ദൈവാലയത്തിൽ കയറിയാൽ ഏറ്റവും പിന്നിലോ പള്ളിയിൽ തൂണുണ്ടെങ്കിൽ അതിന്റെ മറവിലോ നിന്നുമാത്രമേ പ്രാർത്ഥിക്കാറുള്ളൂ.” കാരണം എന്തെന്നോ? കർത്താവിന്റെ തൂങ്ങപ്പെട്ട രൂപം നോക്കി പ്രാർത്ഥിച്ചാൽ ”നല്ല സമ്മാനം” തന്നെ കിട്ടും. അതിനാൽ ഒളിഞ്ഞുനോക്കലാണ് നല്ലത്. എന്താണ് ഈ നല്ല സമ്മാനം എന്ന ചോദ്യത്തിന് അവൾ പറഞ്ഞു: ”വേദനകൾ, രോഗങ്ങൾ, സഹനങ്ങൾ, വേർപാടുകൾ… എന്റെ കർത്താവേ എനിക്കുവയ്യ ഈ കുരിശൊന്നും സഹിക്കാൻ”! ഈ ലോക ജീവിതസൗകര്യങ്ങൾ വർദ്ധിക്കുകയും സുഖലോലുപതയും ബാഹ്യ മോടിയും പ്രൗഢിയും അധികാരപ്രമത്തതയും കൊടികുത്തി വാഴുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ ത്യാഗവും സഹനവും പുതുതലമുറയ്ക്ക് അരോചകമായി മാറുകയാണ്. ഒരു ശരാശരി ക്രൈസ്തവന് സഹനത്തെക്കുറിച്ചുള്ള ചിന്തതന്നെ വെറുപ്പാണ്. അതിൽനിന്ന് ഒഴിഞ്ഞുമാറാനാണ് ആളുകൾ ആഗ്രഹിക്കുന്നത്.
ഒരു യഥാർത്ഥ വിശ്വാസി മിശിഹായുടെയും അവിടുത്തെ ശ്ലീഹന്മാരുടെയും മറ്റ് വിശുദ്ധരുടെയും ജീവിതശൈലിയും പ്രബോധനങ്ങളും സ്വീകരിക്കേണ്ടിയിരിക്കുന്നു. ”എന്നെ അനുഗമിക്കുവാൻ ആഗ്രഹിക്കുന്നവൻ സ്വയം പരിത്യജിച്ച് തന്റെ കുരിശും വഹിച്ചുകൊണ്ട് എന്റെ പിന്നാലെ വരട്ടെ”. എന്നാണല്ലോ മിശിഹായുടെ വചനം. കല്പ്പിക്കുക മാത്രമല്ല, സഹനങ്ങളുടെ കാസാ അവസാന തുള്ളിവരെ പാനം ചെയ്തുകൊണ്ട് അവിടുന്ന് മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പ് സാധിച്ചു. പ്രസ്തുത സഹനത്തെക്കുറിച്ച് ആദ്യമായി സൂചിപ്പിച്ചപ്പോൾ അതിൽനിന്നും പിൻതിരിപ്പിക്കാൻ ശ്രമിച്ച പത്രോസ് ശ്ലീഹായോട് ഈശോ പറഞ്ഞു: ”സാത്താനെ എന്റെ മുമ്പിൽനിന്ന് പോകൂ. നീ മനുഷ്യൻ ചിന്തിക്കുന്നതുപോലെയാണ് ചിന്തിക്കുന്നത്. ദൈവം ചിന്തിക്കുന്നതുപോലെയല്ല…” (മത്താ. 16:23) ചുരുക്കത്തിൽ സഹനങ്ങൾ ദൈവികമാണെന്ന് ഈശോ വ്യക്തമാക്കുന്നു.
ഈശോ അരുളിചെയ്യുന്നു: ”ഓരോ ദിവസത്തിനും അതതിന്റെ ക്ലേശം മതി (മത്താ. 6:34).” നാം ശാന്തമായി സഹനങ്ങളെ ഏറ്റെടുക്കണമെന്ന് ഈശോ ആഗ്രഹിക്കുന്നു. ഇന്നലെകളുടെ സഹനങ്ങളിൽ പര്യാകുലരാകാതെ നാളത്തെ സഹനത്തെക്കുറിച്ച് ഉത്കണ്ഠപ്പെടാതെ ഓരോ ദിവസത്തെയും ക്ലേശങ്ങളെ അന്നന്ന് അഭിമുഖീകരിക്കണം. കാരണം, ഇന്നലെകളുടെ മാനസികഭാരവും നാളെയെക്കുറിച്ചുള്ള ഉത്കണ്ഠകളും ഇന്നിന്റെ കുരിശുകളോടൊപ്പം വഹിച്ചാൽ ആദ്ധ്യാത്മികമായി ശക്തനായവൻ പോലും കാലിടറിവീഴാൻ ഇടയുണ്ട്. അതുകൊണ്ട് ഭൂതകാലത്തിന്റെ തിക്താനുഭവങ്ങൾ മറക്കുക; ഭാവിയിൽ സംഭവിച്ചേക്കാമെന്ന് ഭയപ്പെടുന്ന സഹനങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠകൾ കൊണ്ടുനടക്കാതിരിക്കുക. ഇന്നത്തെ ദിവസം ഇന്നിന്റെ സഹനം മതി. അനുദിനം നമുക്ക് അനുഭവപ്പെടുന്ന ചെറുതും വലുതുമായ ദുഃഖങ്ങളെ, രോഗങ്ങളെ, സഹനങ്ങളെ, പ്രത്യാശയോടെ ധീരതയോടെ, ഈശോയോടുള്ള സ്‌നേഹത്തെപ്രതി സ്വീകരിക്കുമ്പോൾ നാം വിശുദ്ധീകരിക്കപ്പെടുകയാണ് ചെയ്യുന്നത്.
യഹൂദർക്ക് ഇടർച്ചയും ഗ്രീക്കുകാർക്ക് ഭോഷത്തവുമായ കർത്താവിന്റെ കുരിശ് രഹസ്യങ്ങളുടെ രഹസ്യമാണ്. ഒരു സാധാരണ വിശ്വാസിക്ക് കേവലമായ പഠനത്തിലൂടെ കുരിശിന്റെ സവിശേഷ പ്രാധാന്യം ഗ്രഹിക്കുവാൻ കഴിയുകയില്ല. അത് മനസ്സിലാക്കാനുള്ള മാർഗ്ഗങ്ങളാണ് ആന്തരിക മൗനം, ആത്മപരിത്യാഗം, ആത്മാർത്ഥവും വിനീതവുമായ പ്രാർത്ഥന തുടങ്ങിയവ. പ്രവാചകന്മാർ സഹനത്തെ പശ്ചാത്താപത്തിലേക്കുള്ള ഒരു വിളിയായാണ് കണ്ടത്. കർത്താവിന്റെ ശ്ലീഹന്മാർ സഹനത്തെ ഈശോയെ അനുകരിക്കാൻ ഉതകുന്ന ഒരു ആനുകൂല്യമായി പരിഗണിച്ചു. ആധുനിക മനുഷ്യനാകട്ടെ സഹനത്തെ തിന്മയായി കരുതി അതിനെ അകറ്റിനിർത്താൻ – അതിൽനിന്നും ഒഴിഞ്ഞുമാറാൻ പരിശ്രമിക്കുന്നു. എന്നാൽ തങ്ങൾ പോകുന്നിടത്തെല്ലാം സഹനം അവരെ അനുഗമിക്കുന്നു എന്ന് അവരറിയുന്നില്ല.
സഹനങ്ങളെ സ്വീകരിക്കേണ്ടത് എങ്ങനെ എന്നത് ഏറെ പ്രസക്തമായ ഒരു ചിന്തയാണ്. ഒഴിച്ചുകൂടാനാവാത്ത തിന്മയെന്നോ വിധിയെന്നോ ചിന്തിച്ച് സഹനങ്ങളെ സ്വീകരിക്കുന്നവർക്ക് അത് തീർച്ചയായും ഭാരവും ദുസ്സഹവുമായിരിക്കും. മറ്റൊരു കൂട്ടർ പിറുപിറുപ്പോടെ, പരാതിയോടെ, സഹനങ്ങളെ സ്വീകരിക്കുന്നു. അവർക്കും സഹനങ്ങൾ ഭാരപ്പെടുത്തുന്നവയും ഫലശൂന്യവുമായി മാറുന്നു. ക്രൈസ്തവ കാഴ്ചപ്പാടിൽ സഹനങ്ങൾ അനുഗ്രഹദായകമാണ്. സഹനങ്ങളെ ദൈവത്തിന്റെ സ്‌നേഹസ്പർശനങ്ങളായി കണ്ട് ധീരതയോടെ അവയെ ഏറ്റുവാങ്ങുന്നവർക്കുള്ളതാണ് ഈ അനുഗ്രഹങ്ങൾ. ഈ നോമ്പുകാലത്ത് സഹനങ്ങളെ സ്വീകരിക്കുവാൻ തക്ക മനോഭാവങ്ങൾ വളർത്തിയെടുക്കുവാനുള്ള മാർഗ്ഗങ്ങൾ പരിശോധിക്കാം.
അത് ദൈവത്തിന്റെ തിരുഹിതമായി സ്വീകരിക്കുക
സഹനം അനുഗ്രഹപ്രദമാകണമെങ്കിൽ നമ്മുടെ വേദനകളെ ദൈവത്തിന്റെ തിരുവിഷ്ടമായി നാം അംഗീകരിക്കണം. സന്മനസ്സോടെ – പരാതികൾ ഇല്ലാതെ സ ഹിക്കണം. മിശിഹായാണ് ഇക്കാര്യത്തിൽ നമ്മുടെ ഏറ്റവും നല്ല മാതൃക. സഹനത്തെ ഒരു അമൂല്യ സമ്പത്തായി കണ്ട് അതിനെ അന്വേഷിക്കുമ്പോൾ അതുതന്നെ നമുക്കേറ്റവും വലിയ സന്തോഷമായിത്തീരും. വാഴ്ത്തപ്പെട്ട ഹെൻട്രി സൂസോയ്ക്ക് ഒന്നിനുപുറകെ മറ്റൊന്ന് എന്നമട്ടിൽ നിരന്തരം കഷ്ടതകൾ അനുഭവപ്പെട്ടു. ഒരിക്കൽ മാത്രം വളരെ സ്വസ്ഥമായ ഒരു ഇടവേളയുണ്ടായി. നാലാഴ്ചക്കാലത്തേയ്ക്ക് ആരും അദ്ദേഹത്തെ ആക്രമിച്ചില്ല. ”ദൈവം തന്നെ മറന്നിരിക്കുന്നു” എന്നാണ് അദ്ദേഹം അതേക്കുറിച്ച് തന്റെ ആദ്ധ്യാത്മികപുത്രിമാരോട് പറഞ്ഞത്. തുടർന്ന് തന്നെ അപായപ്പെടുത്താൻ ഉള്ള ഒരു ഗൂഢാലോചനയെപ്പറ്റി അദ്ദേഹത്തിന് അറിവുകിട്ടി. ”ദൈവം തന്നെപ്പറ്റി ചിന്തിച്ചുതുടങ്ങിയിരിക്കുന്നു” എന്നാണ് അത് കേട്ടയുടൻ അദ്ദേഹം പറഞ്ഞത്.
രക്ഷയുടെ ഉപകരണമായി സ്വീകരിക്കുക
കുരിശ് ആണ് രക്ഷ. കുരിശെന്ന വാക്ക് രക്ഷയുടെ ഉപകരണത്തെ സൂചിപ്പിക്കുന്നു. കുരിശുകൾ-സഹനങ്ങൾ-ദുരിതങ്ങൾ അവയുടെ പിന്നിൽ മിശിഹായുണ്ട്. ഏറ്റവും നിസ്സാരമായ സഹനംപോലും നമ്മുടെ ആത്മവിശുദ്ധീകരണത്തിനുവേണ്ടി ദൈവം സജ്ജീകരിച്ചതാണ് എന്ന ബോദ്ധ്യം നമുക്കുണ്ടാകണം.
മറ്റുള്ളവരുടെ സഹനങ്ങൾ ഏറ്റെടുക്കുക
സഹനം ഒരു സുകൃതമായിത്തീരണമെങ്കിൽ സ്വന്തം ദുഃഖങ്ങളും ദുരിതങ്ങളും വിസ്മരിക്കുകയും തന്നെത്തന്നെ ദൈവേഷ്ടത്തിന് സമർപ്പിക്കുകയും ചെയ്യണം. കൂടാതെ സ്വന്തം സഹനങ്ങളിൽ മുഴുകിക്കഴിയാതെ-അതിന് അമിതപ്രാധാന്യം നൽകാതെ മറ്റുള്ളവരുടെ സഹനങ്ങളിൽ ശ്രദ്ധയും താല്പര്യവും കാട്ടണം. അപ്പോ ൾ തന്റെ സഹനങ്ങൾ വലുതാണെങ്കിൽ തന്നെ അവയെക്കാൾ വലിയ സഹനങ്ങൾക്ക് വിധേയരായിട്ടുള്ളവരുണ്ടെന്ന് ബോ ധ്യം വരും. ഈശോയുടെ പീഡാസഹനങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ തന്റെ സഹനങ്ങൾ എത്ര നിസ്സാരമെന്നും മനസ്സിലാകും.
സ്വർഗ്ഗത്തിലേയ്ക്ക് നയിക്കുന്നു എന്ന് മനസ്സിലാക്കി സ്വീകരിക്കുക
”നിത്യഭാഗ്യത്തിലേയ്ക്ക് നമ്മെ നയിക്കുന്ന സുനിശ്ചിതമായ ഒരു വഴിയുണ്ടെങ്കിൽ അത് തീർച്ചയായും ക്ഷമാപൂർവ്വം അനുഭവിക്കുന്ന സഹനത്തിന്റെ വഴിയാണ്…” (വിശുദ്ധ കൊലെറ്റെ). ”സഹനത്തിലൂടെ നമുക്ക് സ്വർഗ്ഗത്തിലെത്താൻ കഴിയും, പക്ഷെ സഹിക്കുന്നവരെല്ലാം രക്ഷപ്രാപിക്കുന്നില്ല. ഈശോയോടുള്ള സ്‌നേഹത്തെപ്രതി സഹിക്കാൻ സന്നദ്ധത കാട്ടുന്നവർക്കേ രക്ഷ ലഭിക്കൂ. അവിടുന്നാണല്ലോ നമുക്കുവേണ്ടി ആദ്യം സഹിച്ചത്… (വി. വിൻസെന്റ് ഡി പോൾ)
സഹിക്കുന്നവർക്കായി
നോമ്പുകാലം
വിശുദ്ധ യൗസേപ്പ്
എന്താണ് സ്വാതന്ത്ര്യം?
മെസ്സയാനിക വിരുന്ന്
ഏലിയ, സ്ലീവാ മൂശാകാലം രണ്ടാം
ആന്മവിശ്വാസം ഉണ്ടാവാൻ