മാർ തോമ്മാ ക്രിസ്ത്യാനികളുടെ നോമ്പ്

02,  Feb   

മാർ തോമ്മാ ക്രിസ്ത്യാനികളുടെ തപസ് ജീവിതത്തിൻ്റെ ഓർമ്മ ഉണർത്തുന്ന ഒരു കാലഘട്ടമാണ് 'വലിയ നോമ്പു 'കാലം. നോമ്പിൻ്റെയും ഉപവാസത്തിൻ്റെയും അകമ്പടിയോടെ തിരുനാളുകൾ ആചരിക്കുന്ന പൗരസ്ത്യ സുറിയാനി സഭ വലിയ യൊരു തിരുനാളിനായി ഒരുങ്ങുകയാണ് നോമ്പുകാലത്തിലൂടെ. ക്രൈസ്തവ ജീവിതത്തിൻ്റെ അടിസ്ഥാനമായ ഈശോമിശിഹായുടെ ഉത്ഥാനത്തിൻ്റെ ഏറ്റവും അടുത്ത ഒരുക്കത്തിനുള്ള നോമ്പാണ് അമ്പതു നോമ്പ്. ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള നോമ്പായതിനാൽ 'വലിയനോമ്പ് ' എന്നും അൻപതു ദിവസത്തെ നോമ്പുള്ളതിനാൽ അമ്പതു നോമ്പ് എന്നും ഇത് അറിയപ്പെടുന്നു. ഈശോയുടെ മരുഭൂമിയിലെ ഉപവാസത്തെ അനുസ്മരിച്ച് നാല്പതു ദിവസത്തെ ഉപവാസവും അൻപതു ദിവസത്തെ മാംസ വർജ്ജനവും പൗരസ്ത്യ സുറിയാനി ആരാധനാക്രമ പാരമ്പര്യം പിൻതുടരുന്ന സീറോ - മലബാർ സഭയിൽ അനുഷ്ഠിച്ചിരുന്നു . '50 നോമ്പ് ' എന്ന പേരിൽ നാം ആചരിക്കുന്ന 'വലിയ നോമ്പ് 'മാംസ വർജ്ജനത്തിനും പ്രാർത്ഥനയ്ക്കും ഉപവാസത്തിനും പ്രായശ്ചിത്തങ്ങൾക്കുമായി മാറ്റി വച്ചിരിക്കുന്ന ശ്രേഷ്ഠമായ ദിനങ്ങളാണ്

ഈ കാലഘട്ടം ഉപവാസാനുഷ്ഠാനങ്ങളിലൂടെ ശാരീരിക  നിയന്ത്രണവും പ്രാർത്ഥനയിലൂടെയും  ധ്യാനത്തിലൂടെയും  ആത്മവിശുദ്ധികരണം നേടിയെടുക്കുവാനുള്ള അവസരം സഭാമക്കൾക്ക് നൽകുന്നു. അനുതാപത്തിൻ്റെ കാലയളവാണിത്. ആദ്ധ്യാത്മിക ജീവിതത്തെ ഗൗരവമായി എടുക്കുന്ന ഏതൊരു വിശ്വാസിയും ജീവിതത്തിൽ അനുഷ്ഠിക്കുന്ന ഉപവാസം, നോമ്പ്, പ്രാർത്ഥന, തീർത്ഥാടനം, വി.ഗ്രന്ഥ പാരായണം, പാപപരിഹാരം, ദാനധർമ്മം എന്നിവ ഏറെ പ്രധാന്യം അർഹിക്കുന്നവയാണ് . വിശ്വാസപരമായ ലക്ഷ്യത്തോടെ ആത്മശുദ്ധിയ്ക്കായിപൂർണ്ണ മനസ്സോടെ ഭക്ഷണത്തിൽ നിന്ന് വിരമിക്കുന്നതിനെ നാം നോമ്പെന്ന് വിളിക്കുന്നു.

ക്രൈസ്തവപാരമ്പര്യത്തിൽ, ഉപവാസവും നോമ്പും, പ്രാർത്ഥനയും കടന്നു വരുന്നത് ഈശോയുടെ മാതൃക അനുകരിച്ചു തന്നെയാണ്. ഈശോ പരസ്യ ജീവിതത്തിനു മുമ്പ് നാല്പതു ദിവസം ഉപവസിച്ചു എന്ന് വചനം പറയുന്നു. ഉപവാസത്തിൻ്റെയും നോമ്പിൻ്റെയും യഥാർത്ഥ ചൈതന്യം എന്തായിരിക്കണമെന്ന് ത്രേതാക്കളെ പഠിപ്പിക്കുന്ന ഈശോ യഹൂദരുടെ ഉപവാസങ്ങൾ കൃത്യമായി അനുഷ്ഠിച്ചിരുന്നു. ഉപവാസത്തിൻ്റെ ആവശ്യകതയെക്കുറിച്ച് വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട് (മർക്കോസ് - 9:28, നടപടി 9: 4,22:10). അപ്പസ്തോലന്മാരുടെ കാലശേഷം ആദ്യ വർഷങ്ങളിൽ ഉപവാസത്തിന് നിയതമായ രൂപമൊന്നു ഇല്ലായിരുന്നു. താന്താങ്ങളുടെ സൗകര്യവും സന്മനസ്സുമനുസരിച്ച് ഓരോരുത്തരും ഉപവസിച്ചിരുന്നു. എന്നാൽ ക്രമേണ ദുഃഖവെള്ളി, ദുഃഖശനി എന്നീ ദിനങ്ങളിൽ ഉപവസിച്ചിരുന്നു. അതിനു പശ്ചാത്തലമായ വചനം ഇതാണ് "മണവാളൻ അവരിൽ നിന്ന് അകറ്റപ്പെടുന്ന ദിവസങ്ങൾ വരും അപ്പോൾ അവർ ഉപവസിക്കും." ഉപവാസത്തെക്കുറിച്ച് തർക്കമുണ്ടായപ്പോൾ ഈശോ പറഞ്ഞ വാക്കുകളാണിവ ദുഃഖവെള്ളി, ദുഃഖശനി എന്നീ ദിവസങ്ങളിൽ മണവാളൻ അവരിൽ നിന്നും എടുക്കപ്പെട്ട ദിനമായി അവർ കണക്കാക്കി. ആദിനങ്ങളിൽ അവർ ഉപവസിച്ചു. പിന്നീട് പെസഹാ ത്രി ദിനാചരണത്തിന് ഒരുക്കമായി വിശ്വാസികൾ നോമ്പ്, ഉപവാസാചരണങ്ങൾ തുടങ്ങി. നാലാം നൂറ്റാണ്ടോടുകൂടി അത് നാല്പതു ദിവസത്തെ നോമ്പാചരണമായി മാറി. കാലക്രമത്തിൽ എല്ലാ സഭകളിലും വലിയ നോമ്പാചരണം ആരാധനാവത്സരത്തിലെ ഒരു പ്രധാന ഭാഗമായിത്തീർന്നു

വലിയ നോമ്പാചരണം 40 ദിവസം ഉണ്ടായിരിക്കണമെന്ന ധാരണ ലത്തീൻ സഭയിൽ വരുത്തിയ ക്രമീകരണത്തിൻ്റെ ഫലമായിട്ടാണ് അവർ ബുധനാഴ്ച നോമ്പാചരിക്കുന്നതും അന്ന് പ്രത്യേക ശുശ്രൂഷകൾ നടത്തുന്നതും ഉപവസിക്കുന്നതും. ' വിഭൂതി ബുധൻ ' എന്ന സംജ്ഞയുടെ ഉറവിടം അതാണ്. എന്നാൽ മാർത്തോമാ ക്രിസ്ത്യാനികൾ ഉയിർപ്പിന് ഏഴാഴ്ച മുൻപ് നോമ്പാരംഭിക്കുകയും ഉയിർപ്പുതിരുനാളിനോടു കൂടി നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുന്നു. അത് 50 ദിനങ്ങളാണ്. ഞായറാഴ്ച മാംസ വർജ്ജനം ഇല്ലായിരുന്നു എന്നാണ് ചിലരൊക്കെയെങ്കിലും  ഇന്ന് പറയുക. പക്ഷേ, മാർത്തോമ്മാ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം നോമ്പിൻ്റെ നാളുകൾ 50  മാംസവർജ്ജന ദിനങ്ങളായി അവർ കണക്കാക്കിയിരുന്നു

നോമ്പിലേക്ക് പ്രവേശിക്കുന്നത് പേത്തെർത്ത ആചരണത്തോടെയാണ്. പേത്തെർത്ത എന്ന വാക്കിൻ്റെ അർത്ഥം തിരിഞ്ഞുനോട്ടം എന്നാണ് . വലിയ നോമ്പ് തുടങ്ങുന്ന ഞായറാഴ്ചയും, നവംബർ 30-ാം തീയതിയും പെത്തെർത്ത ദിനങ്ങളാണ്. ഇതൊരു വിട പറയൽ പെരുന്നാളാണ്. ആത്മപരിശോധനയുടെയും പുനർജീവിതത്തിൻ്റെയും ആരംഭദിനം. യാമപ്രാർത്ഥനയിൽ പാടി പ്രാർത്ഥിക്കും പോലെ പരിപാവനമായ ഉപവാസം മഹിമാലംകൃതമാണെന്നും നന്മക്കുറി വടമതു നിയതം സൗഭാഗ്യത്തിൻ ഫലമരുളും. നോമ്പിൻ്റെ ചൈതന്യത്തോടെ വിശ്വാസത്തിൻ്റെ വലിയ തിരുനാളായ ഉയിപ്പു തിരുനാളിനായി നമ്മുക്ക് ഒരുങ്ങാം .....


Related Articles

Contact  : info@amalothbhava.in

Top