കൈപിടിച്ച് നടത്തേണ്ടവർ
ജീവിത ഭദ്രതയ്ക്കായും സാമ്പത്തിക ഉന്നമനത്തിനായും ശുഭഭാവിക്കായും യുവതി യുവാക്കളിൽ ഭൂരിഭാഗവും വിദേശത്തേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്. മുൻപ് ഭർത്താക്കന്മാർ ജോലി ചെയ്യുകയും ഭാര്യമാർ വീട്ടുജോലിയും ശിശു പരിപാലനവും നടത്തിക്കൊണ്ടിരുന്ന ഒരു സംസ്കാരത്തിന് മാറ്റം വന്നിരിക്കുന്നു. ഇന്ന് ഭാര്യയും ഭർത്താവും ജോലി ചെയ്യുന്നു. പല കുടുംബങ്ങളിലും ജോലിയിലുള്ള സ്ഥിരതയും സാമ്പത്തികമായ ഭദ്രതയും കൈ വരുമ്പോഴേക്കും മക്കൾ വലുതായിട്ട് ഉണ്ടാകും. തങ്ങൾ ചോര നീരാക്കി അധ്വാനിച്ചിട്ടും അതൊന്നും മക്കൾ വിലമതിക്കുന്നില്ലെന്നും അവർ തങ്ങളുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി അകന്നുപോയി എന്നും വളരെ വൈകിയാണ് പല മാതാപിതാക്കളും മനസ്സിലാക്കുന്നത്. അത് അവർക്ക് താങ്ങാൻ പറ്റാത്ത വേദനയായി മാറുന്നു. തങ്ങളുടെ അധ്വാനവും ജീവിതവും എല്ലാം അർത്ഥശൂന്യമായി എന്ന് പലർക്കും തോന്നുന്നു. അങ്ങനെ ഒരു ദുരവസ്ഥ ഒഴിവാക്കാൻ മക്കളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ ലേഖനം.
എന്റെ മകൻ
എൻജിനീയറാകുമോ ?
2009ൽ പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്സ് എന്ന ഹിന്ദി സിനിമയിലാണ് ഈ രംഗം. തനിക്ക് ഒരു മകൻ ഉണ്ടായി എന്നറിഞ്ഞ മിസ്റ്റർ ഖുറേഷി തന്റെ മകനെ കയ്യിലെടുത്ത് പറയുന്നു നീ ഒരു എൻജിനീയർ ആകും. ഭീമമായ ഒരു തുക മുടക്കി മകനെ എൻജിനീയറിങ് കോളേജിലേക്ക് അയക്കുന്നു. എൻജിനീയർ ആയാലും ജീവിതത്തിൽ സംതൃപ്തി ലഭിക്കില്ലെന്ന് അറിഞ്ഞ് മകൻ ഫർഹാൻ തന്റെ പാഷനായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിക്ക് വേണ്ടി പിതാവിന്റെ സ്വപ്നത്തെ പരിത്യജിക്കുന്നു. മക്കളെ എൻജിനീയറാക്കാനും ഗായകൻ ആക്കാനും കളിക്കാരൻ ആക്കാനും മാതാപിതാക്കൾക്ക് സാധിക്കുമോ?
പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ച ചിന്തകനായ ജോൺ ലോക്ക് പറഞ്ഞിരിക്കുന്നത് ഒരു ശിശുവിന്റെ മനസ്സ് ശൂന്യമായ ബോർഡ് (Tabula Rasa) ആണ് എന്നാണ്. ആ ശിശുവിനെ മാതാപിതാക്കൾക്കും അധ്യാപകർക്കും തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ രൂപീകരിക്കാം. ബാല്യത്തിൽ എന്തു നൽകുന്നോ അതാണ് ഒരു കുട്ടി സ്വീകരിക്കുന്നത് എന്ന് സാരം. പക്ഷേ ആധുനികശാസ്ത്രം പറയുന്നത് ഈ ചിന്ത തെറ്റാണ് എന്നാണ്. ഓരോ കുഞ്ഞും ജനിച്ചു വീഴുന്നത് അവന്റേതായ മനോഭാവത്തോടും താല്പര്യങ്ങളോടും സ്വഭാവ ആഭിമുഖ്യങ്ങളോടും ആണ്. അതിന് കാരണം കുഞ്ഞിന്റെ തലച്ചോറിന്റെ ഘടനയും ഹോർമോണുകളും ആണ്. മക്കളുടെ കഴിവുകളും താൽപര്യങ്ങളും തിരിച്ചറിഞ്ഞ് ആ മേഖലയിൽ അവരെ എക്സലൻസിലേക്ക് കൈപിടിച്ച് നടത്തുന്നവരാകണം മാതാപിതാക്കൾ. അല്ലാതെ തങ്ങൾക്ക് ഇഷ്ടമുള്ള കഴിവുകളോടെ തന്റെ മക്കൾ വളരണം എന്ന് വാശിപിടിക്കുന്നവർ ആകരുത്. ചില കുട്ടികൾ കലാകാരന്മാർ ആകുമ്പോൾ ചിലർ കായികതാരങ്ങൾ ആകും, ചിലർ പഠനത്തിൽ മികവ് പുലർത്തുമ്പോൾ ചില കൃഷിയെയും പ്രകൃതിയും സ്നേഹിക്കുന്നവർ ആകും. അതിനാൽ മക്കളുടെ മേഖല ഇത് ആകണമെന്ന് മാതാപിതാക്കൾ വാശി പിടിക്കരുതേ.
ഒപ്പമായിരിക്കൂ
നല്ല മക്കൾ ആക്കൂ
തങ്ങളുടെതായ മനോഭാവങ്ങളോടും, താല്പര്യങ്ങളോടും, സ്വഭാവ ആഭിമുഖ്യങ്ങളോടും കൂടിയാണ് കുട്ടികൾ ജനിക്കുന്നത് എന്ന് നാം മനസ്സിലാക്കി. ഇവരെ നല്ലവരാക്കി മാറ്റാൻ മാതാപിതാക്കൾക്ക് എന്ത് ചെയ്യാൻ സാധിക്കും? ഒരു കുഞ്ഞിന്റെ സ്വഭാവരൂപീകരണത്തിൽ 80 ശതമാനത്തോളം നടക്കുന്നത് ഏഴു വയസ്സ് വരെയുള്ള കാലഘട്ടത്തിലാണ്. അതോടെ സ്വഭാവം ഭൂരിഭാഗവും രൂപപ്പെടും. അതിനാൽ ഈ കാലഘട്ടം അതിപ്രധാനമാണെന്ന് തിരിച്ചറിഞ്ഞ് മാതാപിതാക്കൾ അധികശ്രദ്ധ നൽകണം.
ഒരു കുഞ്ഞിന്റെ ആദ്യത്തെ ദിനങ്ങൾ അറിയപ്പെടുന്നത് സ്പർശനത്തിന്റെ ഘട്ടം (Touching Stage) എന്നാണ്. സ്പർശനത്തിലൂടെ പ്രത്യേകിച്ച് അമ്മയുടെ കരതലങ്ങളിലൂടെയാണ് കുഞ്ഞ് സ്നേഹം മനസ്സിലാക്കുന്നത്. അവിടെ കുഞ്ഞിനെ എടുക്കാനും തലോടാനും മാതാപിതാക്കൾ ഉണ്ടാകണം. അതിനുശേഷം സംസാരത്തിന്റെ ഘട്ടമാണ് (Speaking Stage). മാതാപിതാക്കൾ അല്ല കുഞ്ഞാണ് സംസാരിക്കുക. നമുക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കാത്ത എന്തൊക്കെയോ കുഞ്ഞ് സംസാരിക്കും. അത് ശ്രദ്ധിച്ച് പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കൾ ഉണ്ടാവുക എന്നത് കുഞ്ഞിന്റെ ആവശ്യമാണ്. മൂന്നാം ഘട്ടം രൂപീകരണമാണ് (Tuning Stage). കുഞ്ഞു കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങുമ്പോൾ നല്ല ശീലങ്ങൾ പഠിപ്പിക്കാം. അത് കുഞ്ഞിന്റെ ഉള്ളിൽ നിലനിൽക്കും. ഒരു പാക്കറ്റ് ബിസ്ക്കറ്റ് വാങ്ങി അത് പങ്കുവയ്ക്കാൻ പറയുമ്പോൾ ഭാവിയിൽ പങ്കുവയ്ക്കുന്ന ഒരു മകനെ നാം രൂപപ്പെടുത്തുകയാണ്. കുഞ്ഞിലെ പ്രാർത്ഥനകൾ പഠിപ്പിക്കുമ്പോൾ നാം വിശ്വാസത്തിന് അടിത്തറയിടുകയാണ്. ഈ ഘട്ടത്തിൽ കുഞ്ഞിനെ തിരുത്തണം, പഠിപ്പിക്കണം, കൂടെ ആയിരിക്കണം അല്ലെങ്കിൽ ഭാവിയിൽ വേദനിക്കേണ്ടതായി വരാം. നാലാം ഘട്ടം അറിയപ്പെടുന്നത് വിശ്വാസ രൂപീകരണഘട്ടം (Trust Building Stage) എന്നാണ്. തന്റെ മാതാപിതാക്കളും കുടുംബാംഗങ്ങളും തന്നെ സ്നേഹിക്കുന്നു എന്നറിയുന്ന കുഞ്ഞ് അവരിൽ വിശ്വാസമർപ്പിക്കുന്നു. പിന്നീട് മനുഷ്യരിൽ വിശ്വാസമർപ്പിക്കാൻ അവരെ നല്ലവരായി കാണാനും ഈ ഘട്ടമാണ് അവരെ പ്രാപ്തരാക്കുന്നത്. എന്നാൽ മാതാവിൽ നിന്നോ പിതാവിൽ നിന്നോ ദുരനുഭവങ്ങൾ ലഭിക്കുന്ന ഒരു കുഞ്ഞിന് പിന്നീട് മനുഷ്യരെ വിശ്വസിക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടും. അതിനാൽ ബാല്യത്തിൽ സ്നേഹത്തോടെ ഒപ്പം ആയിരുന്നാലേ മക്കളുടെ സ്വഭാവരൂപീകരണത്തിന് ക്രിയാത്മകമായി സഹായിക്കാൻ മാതാപിതാക്കൾക്ക് സാധിക്കൂ.
ആദ്യത്തെ ആയിരം ദിനങ്ങൾ
ബോറിസ് സൈറൽനിക് (Boris Cyrulnik) ഫ്രഞ്ചുകാരനായ ഡോക്ടറും സൈക്കോളജിസ്റ്റും ആണ്. മനുഷ്യരിൽ മാനസിക സമ്മർദ്ദം (Stress) ഉണ്ടാകാനുള്ള കാര്യങ്ങളെക്കുറിച്ച് അദ്ദേഹം പഠനം നടത്തി. അതിനെ വെളിച്ചത്തിൽ അദ്ദേഹത്തിന്റെ കണ്ടെത്തലിൽ ഒന്ന് ഇതായിരുന്നു. കുഞ്ഞിന്റെ മാനസിക വളർച്ചയിൽ അതിപ്രധാനമായ ഒരു ഘടകം അമ്മയുമായുള്ള ബന്ധമാണ്. കുഞ്ഞ് ഉദരത്തിൽ ആയിരിക്കുമ്പോൾ മുതൽ അമ്മയുടെ മനോഭാവം കുഞ്ഞിനെ ബാധിക്കുന്നു. ഗർഭാവസ്ഥയും ശിശു ജനിച്ചു കഴിഞ്ഞുള്ള ആദ്യത്തെ രണ്ട് വർഷങ്ങളും കുഞ്ഞിന്റെ മാനസിക ആരോഗ്യത്തെ നിർണയിക്കുന്ന അതിപ്രധാന വർഷങ്ങളാണ്. ഒരു കുഞ്ഞിനും അമ്മയുടെ സ്നേഹവും പരിചരണവും നഷ്ടപ്പെടാൻ ഇടയാകരുത്. അദ്ദേഹത്തിന്റെ പഠനങ്ങൾ പൂർണമായും ശരിയാണ് എന്ന് മനസ്സിലാക്കി 2019 ഫ്രഞ്ച് ഗവൺമെന്റ് തുടങ്ങിയ പദ്ധതിയാണ് "ആദ്യത്തെ ആയിരം ദിനങ്ങൾ (First Thousand Days)." ഗർഭാവസ്ഥ മുതൽ കിൻഡർ ഗാർഡൻ വരെ കുഞ്ഞുങ്ങളെ പ്രത്യേകം പരിപാലിക്കുന്ന ഫ്രഞ്ച് ഗവൺമെന്റിന്റെ പ്രത്യേക പ്രോഗ്രാം ആണിത്. ഒരു കുഞ്ഞിനും ആദ്യകാലങ്ങളിൽ പരിചരണം ലഭിക്കാതെ മാനസികാരോഗ്യം നഷ്ടപ്പെടരുത് എന്ന് സർക്കാർ ഉറപ്പുവരുത്തുന്നു. ഫ്രഞ്ച് സർക്കാർ മനസ്സിലാക്കിയ ഈ തിരിച്ചറിവ് നമ്മളുടെ കുടുംബങ്ങളിൽ ഇനിയും എത്തിയിട്ടില്ല. മക്കൾക്ക് പ്രാധാന്യം കൊടുക്കാൻ നമ്മുടെ കുടുംബങ്ങൾ മുൻകൈയെടുക്കണം. മാതാപിതാക്കളുടെ ജോലിക്കും പണത്തിനും നേട്ടങ്ങൾക്കും നടുവിൽ എരിഞ്ഞടങ്ങരുത് നമ്മളുടെ മക്കളുടെ ഭാവി.
നല്ല കുടുംബത്തിനായി
നല്ല ശീലങ്ങൾ
ഏഴ് വയസ്സോടെ മക്കളുടെ കാര്യത്തിൽ മാതാപിതാക്കളുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല മക്കളുടെ നന്മയ്ക്കും കുടുംബപദ്ധതിക്കുമായി കുടുംബങ്ങളിൽ ചില നല്ല ശീലങ്ങൾ പാലിക്കണം അത് മക്കളുടെ നന്മയ്ക്ക് ഉപകരിക്കും അപ്രകാരമുള്ള ചില നല്ല ശീലങ്ങൾ താഴെ കൊടുക്കുന്നു
1. ഒരുമിച്ചുള്ള പ്രാർത്ഥന- ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബങ്ങളിൽ ദൈവത്തിന്റെ പ്രത്യേക സംരക്ഷണം നിലനിൽക്കുന്നു
2. ഒരുമിച്ചുള്ള ഭക്ഷണം - ഭക്ഷണമേശ പങ്കുവെപ്പിന്റെയും ഒരുമയുടേയും ഇടമാകണം.
3. തുറന്നുപറയാനുള്ള സ്വാതന്ത്ര്യം - കാലഘട്ടത്തിനനുസരിച്ച് പല പ്രശ്നങ്ങളും മക്കൾ നേരിടുന്നുണ്ട്. അവർക്ക് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം.
4. നിരീക്ഷണം - മാതാപിതാക്കൾ മക്കളെ നിരീക്ഷിക്കുന്നവരാകണം. ടീച്ചേഴ്സിന്റെ അഭിപ്രായം അറിയണം. അസ്വാഭാവികമായിട്ട് എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അതീവ ശ്രദ്ധ പുലർത്തണം.
5. കൂട്ടുകാരെ അറിയുക - കൂട്ടുകെട്ടുകൾ മക്കളെ അറിയാനുള്ള വഴിയാണ് മക്കളുടെ കൂട്ടുകാരുമായി ബന്ധം സ്ഥാപിക്കണം. അവർ എങ്ങനെയുള്ളവരാണെന്ന് അറിയുക. കൂട്ടുകാരുടെ സ്വഭാവസവിശേഷതകൾ മക്കളെ സ്വാധീനിക്കാനുള്ള സാധ്യത വളരെയേറെയാണ്.
6. മക്കളെ ശ്രവിക്കുക - മാതാപിതാക്കൾ പറയുന്നു മക്കൾ കേൾക്കുന്നു എന്ന ക്ലീഷേ മക്കൾ വളരുമ്പോൾ മാറ്റേണ്ടിവരും ചില കാര്യങ്ങളിൽ മക്കൾ പറയുന്നത് ആകും ശരി. അതനുസരിച്ച് മാതാപിതാക്കൾ മാറ്റം വരുത്തിയാൽ മക്കൾ മാതാപിതാക്കളെയും സ്വാഭാവികമായി ശ്രവിക്കും.
7. നല്ല മാതൃകയാവുക മക്കളുടെ ഏറ്റവും വലിയ മാതൃകകൾ മാതാപിതാക്കൾ ആകണം. മാതാപിതാക്കളിൽ ഉള്ള നന്മ ഭൂരിഭാഗവും മക്കളിലും ഉണ്ടാകും. കാരണം മക്കളുടെ ആദ്യത്തെ വിദ്യാലയം മാതാപിതാക്കളാണ്.
ദൈവത്തിൽ
പ്രത്യാശ വയ്ക്കാം
ഓരോ മനുഷ്യനും പ്രവചനങ്ങൾക്കപ്പുറമാണ്. മാതാപിതാക്കൾ എത്ര നന്മകൾ ഉള്ളവരായാലും ചില മക്കൾ വഴിതെറ്റാറുണ്ട്. അധികം ശ്രദ്ധ ലഭിച്ചില്ലെങ്കിലും മുറിവേറ്റ ബാല്യത്തിലൂടെ കടന്നു പോയെങ്കിലും നല്ലവരായി ജീവിക്കുന്ന മക്കളുമുണ്ട്. തങ്ങളുടെ ഭാഗം ചെയ്തു മാതാപിതാക്കൾ ദൈവത്തിൽ പ്രത്യാശ അർപ്പിക്കട്ടെ . ഇന്നത്തെ ലോകത്തിലെ വെല്ലുവിളികൾ വലുതാണ്. ആ വെല്ലുവിളികളിൽ ഒളിഞ്ഞുകിടക്കുന്ന പ്രലോഭനങ്ങളിൽ വീഴാതെ നന്മയെ മുറുകെപ്പിടിക്കുന്നവരാകട്ടെ നമ്മുടെ മക്കൾ
ഫാ. സിന്റോ തിരുത്തേൽ
വിശുദ്ധ യൗസേപ്പ്
നല്ലോർമ്മകളാക്കാൻ
സഭ ഒരു മാർഗ്ഗമാണ്
സന്ന്യസ ജീവിതം
മദര് തെരേസയുടെ മരിയഭക്തി
മാർ തോമ്മാ ക്രിസ്ത്യാനികളുടെ നോമ്പ്