ക്രൂശിതനും ക്രൂശിതനുഭവങ്ങളും

05,  Oct   

ക്രൂശിതനും ക്രൂശിതനുഭവങ്ങളും

ഫ്രയർ ഷിബിൻ മലയിൽ 

ഫ്രാൻസിസിന്റെ ജീവചരിത്രം എഴുതിയ തോമസ് ചെല്ലാനോ, വി. ഫ്രാൻസീസിന് സാൻ ഡാമിയാണോ ക്രൂശിതരൂപം സംസാരിച്ചതുമായി ബന്ധപെട്ടു  ഇപ്രകാരം എഴുതി, " ആ സമയം മുതൽ ക്രൂശിതനോടുള്ള സ്നേഹം അദ്ദേഹത്തിന്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങി" ആ അനുഭവത്തിനുശേഷം പലപ്പോഴും തന്റെ കണ്ണീരടക്കാനാവാതെ, ക്രിസ്തുവിന്റ പീഡാസഹനങ്ങളെയോർത്തു അദ്ദേഹം വിതുമ്പുമായിരുന്നു. "ദി ലെജൻഡ് ഓഫ് ത്രീ കംപാനിയൻസ്" എന്ന ജീവചരിത്രം പറയും ഫ്രാൻസിസ് ജീവിച്ച കാലമത്രയും ക്രിസ്തുവിന്റെ മുറിവുകൾ അയ്യാൾ തന്റെ ഹൃദയത്തിൽ വഹിച്ചിരുന്നു. 

ഫ്രാൻസിസ് ഹൃദയത്തിൽ വഹിച്ച ക്രിസ്തുവിന്റെ മുറിവുകൾ അദ്ദേഹം മരിക്കുന്നതിന് രണ്ടു വർഷം ഒരു സെറാഫിന്റെ പ്രത്യക്ഷപെടലിന്റെ വേളയിൽ അദ്ദേഹത്തിന്റ കൈകളിലും, കാലുകളിലും, വിലാവിലും കാണപ്പെട്ടു. അങ്ങനെ അദ്ദേഹത്തോട് ഒരിക്കൽ സംസാരിച്ച ക്രൂശിതരൂപം പോലെ അദ്ദേഹത്തിന്റെ ശരീരവും. കാണപ്പെട്ടു. ഹൃദയം കൊണ്ടും, മനസ്സുകൊണ്ടും ശരീരം കൊണ്ടും വി. ഫ്രാൻസീസ് മറ്റൊരു ക്രിസ്തുവായി. 

 

വി പൗലോശ്ലീഹാ ( ഗലാത്തിയ 2 : 20 ) പറയുന്നതുപോലെ "ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു ഇനി ഞാനല്ല ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്." 

വി. ഫ്രാൻസീസിന്റെ വാക്കുകളിലും, ജീവിതത്തിലുമെല്ലാം ക്രൂശിതനും ക്രൂശിതന്റെ മഹത്വവും നിറഞ്ഞു നിന്നു. യഥാർത്ഥ സന്തോഷം (Perfect Joy ) കുരിശിലും അതിന്റെ കഷ്ടതകളിലും ആണെന്ന് വലിയ തിക്താനുഭവങ്ങളുടെ വേളയിൽ അദ്ദേഹം കാട്ടിത്തന്നു. തന്റെ സഹോദരങ്ങളോടുള്ള ഉപദേശങ്ങളിൽ അദ്ദേഹം എഴുതി, ദൈവത്തിന്റെ കുഞ്ഞാടുകൾ കഷ്ടതകളിലും പീഡനങ്ങളിലും, വിശപ്പിലും, നാണക്കേടിലും, ബലഹീനതയിലും, പ്രലോഭനങ്ങളിലും, ക്രൂശിതനെ അനുഗമിക്കുന്നു. അതിനു അവർക്കു നിത്യസമ്മാനം. ലഭിക്കുന്നു. 

1224 ൽ അദ്ദേഹം സർവ്വശക്തനായ ദൈവത്തിനു സ്തുതികൾ (praise to God Almighty ) അർപ്പിച്ചുകൊണ്ടുള്ള കീർത്തനങ്ങൾ എഴുതിയപ്പോൾ അത് തന്റെ പഞ്ചാക്ഷതം ലഭിച്ച  രക്തം പടർന്ന കൈകൾ കൊണ്ടാണ് എഴുതിയത്. വേദനയുടെ സഹനങ്ങളിലും സർവ്വശക്തനായ ദൈവത്തിന്റെ സ്തുതികളാലപിക്കുന്ന വ്യക്തിയാണ് കുരിശിന്റെ യഥാർത്ഥ അർഥം മനസിലാക്കിയവൻ 

1225 ൽ സർവ്വജീവജാലങ്ങളോടൊപ്പം ദൈവത്തെ സ്തുതിക്കുന്ന സൂര്യകീർത്തനം ( Canticle of Creatures ) അദ്ദേഹം എഴുതുമ്പോൾ, കണ്ണിനു ഗുരുതര രോഗം പിടിപെട്ട് ഇരുട്ടുമുറിയിൽനിന്നു പുറത്തിറങ്ങാൻ പോലും സാധിക്കാത്ത ഗുരുതരമായ അവസ്ഥയിൽ ആയിരുന്നു. അകക്കണ്ണിൽ സർവ്വപ്രപഞ്ചത്തേയും അതിന്റെ നാഥനായ സ്രഷ്ടാവിനേയും കണ്ടുകൊണ്ട് അത് ആലപിക്കുമ്പോൾ ക്രിസ്തുവിന്റ സഹനത്തെയും അതിനപ്പുറമുള്ള മഹത്വത്തേയും സ്വപ്നം കാണാൻ വി. ഫ്രാൻസീസ് നമ്മെയും ക്ഷണിക്കുന്നുണ്ട്.

 

ക്രൂശിതനും ക്രൂശിതനുഭവങ്ങളും പച്ചയയായ ജീവിതയാഥാർഥ്യങ്ങളിൽ കണ്ടുമുട്ടുവാനും, അതിനപ്പുറമുള്ള മഹത്വത്തിന്റെ സ്വപ്നങ്ങളെ ചിറകിലേറ്റുവാനും ദൈവസ്‌തുതികളും സൂര്യകീർത്തങ്ങളും ആലപിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുവാനും വി. ഫ്രാൻസീസിന്റെ തിരുന്നാൾ നമുക്ക് പ്രചോദനമേകട്ടെ. 


Related Articles

പെസഹാ കുഞ്ഞാട്

ലേഖനങ്ങൾ

Contact  : info@amalothbhava.in

Top