ഇതും കടന്നു പോകും.

19,  Mar   

പെസഹാ കർത്താവിന്റെ ശരീരവും രക്തവും മാനവകുലത്തിനായി സ്വയം ശൂന്യവൽക്കരിച്ച മഹായാഗത്തിന്റെ ഓർമ്മ. പെസഹായെന്നാൽ കടന്നുപോകൽ എന്നാണ് അർത്ഥം മിശിഹാ പരിശുദ്ധ കുർബാന സ്ഥാപിച്ച വിശുദ്ധ ദിവസം. ഇംഗ്ലീഷുകാർ Maundy Thursday എന്നും മലയാളത്തിൽ പെസവ്യാഴം എന്നും അറിയപ്പെടുന്നു. ക്രിസ്തുവിൻ്റെ പൗരോഹിത്യത്തിൻ്റെ ആരംഭമാണ് ഈ പെസഹാ തിരുനാളിൽ നാം കൊണ്ടാടുക. പെസഹാ വ്യാഴം ഏതു കത്തോലിക്കനെ സംബന്ധിച്ചിടത്തോളം മറക്കാനാവാത്ത ഒരു ദിവസമാണ് ഈശോയുടെ വിശുദ്ധ കുർബാന സ്ഥാപനം മുതൽ അവിടുത്തെ പരമോന്നത പൗരോഹിത്യവും നിത്യജീവനെയും പുനർജീവിപ്പിക്കുന്ന പുണ്യ ദിനം. എൻ്റെ കുട്ടിക്കാലത്തെ പെസഹാ  ആചരണങ്ങൾ ഇന്നും എൻ്റെ ഉള്ളിൽ മായാതെ നിൽക്കുന്നുണ്ട്. തുടർച്ചയായ 50 ദിവസത്തെ നോമ്പ് ആചരണത്തിനിടയിൽ വീണു കിട്ടുന്ന ഏറ്റവും അടിപൊളിയായ ഒരു ദിവസം. രാവിലത്തെ വിശുദ്ധ കുർബാന നീളമേറിയതും, കട്ടിയാർന്നതുമായ പ്രഭാഷണവും, പിന്നെ 12 മണിക്കൂർ നീണ്ട ആരാധനയും, എല്ലാം കഴിഞ്ഞ് ഒരു ദിവസത്തിൻ്റെഅവസാനത്തിൽ സംഭവിക്കുന്ന ഏറ്റവും പരിശുദ്ധമായ ഒരു ആചരണം, അപ്പവും പാലും പുരോഹിതൻ ആശീർവദിച്ചു ജനങ്ങൾക്ക് പകരുന്ന ആ പുണ്യ നിമിഷം, എന്നെ സംബന്ധിച്ച ആ നിമിഷങ്ങൾ വെറും കൊതിയുടെ മാത്രം സമയമല്ല മറിച്ച് അത്ഭുതത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു അനുഭവമാണ് പിന്നെ ഞങ്ങളെല്ലാം തിരിച്ച് വീട്ടിലേക്ക് വരും നീണ്ട പ്രാർത്ഥനയുടെയും ആരാധനയുടെയും പങ്കുവയ്ക്കലിൻ്റെയും അനുഭൂതിയിൽ നിന്ന് അതൊന്നും അണുവിട കൈവെടിയാതെ വീട്ടിലെത്തി പെസഹ ആഘോഷത്തിന്റെ തയ്യാറെടുപ്പുകൾ തുടങ്ങും. അപ്പച്ചൻ കൽത്തപ്പവും, പാലും ഉണ്ടാക്കാനുള്ള തേങ്ങ പൊതിക്കും ചേട്ടായി അത് ചിരണ്ടും ഞാനത് ഇടയ്ക്കിടയ്ക്ക് തിന്നും അപ്പൊ അമ്മച്ചി വഴക്ക് പറയും , കൂടുതൽ പണി അമ്മച്ചിക്കാണ് പാൽ ഉണ്ടാക്കണം , കൽത്തപ്പം ചുടണം,ചുട്ടു കഴിഞ്ഞാൽ പിന്നെ ടേസ്റ്റ് നോക്കുന്നത് ഞാനാണ്. ഞാനാണ് വീട്ടിലെ മെയിൻ ഷെഫ് ഞാൻ ടേസ്റ്റ് നോക്കി അഭിപ്രായം പറഞ്ഞാൽ പിന്നെ എല്ലാം correct ആണ് അത് എൻ്റെ വീട്ടുകാർ ചാർത്തി തന്ന ഒരു പരിവേഷം മാത്രമല്ല ചിലപ്പോഴെങ്കിലും അത് സത്യമാണെന്ന് എനിക്ക് തോന്നാറുണ്ട്. അമ്മച്ചി കൽത്തപ്പം സൂപ്പർ; പിന്നെ എല്ലാം ഓക്കേയാണ് പാൽ കുറുക്കൽ  കുറച്ചു സമയം പിടിച്ച ജോലിയാണ്, പിന്നെ അമ്മച്ചി തനിയെ കിച്ചനിൽ പണി ആയിരിക്കും. ഞാനും ചേട്ടായും ടേബിൾ ഡെക്കറേഷൻ തുടങ്ങും വേറെ ഒന്നുമല്ല ടേബിളിൽ ഒന്ന് ക്ലീൻ ആക്കി പിന്നെ പ്ലേറ്റും ഗ്ലാസും വെച്ച് സെറ്റ് ആക്കും. എന്നിട്ട് കൽത്തപ്പവും  പാലും ടേബിളിൽ arange ചെയ്യും. പിന്നെ ഞങ്ങളുടെ വീടിൻെറ ഡോർ എല്ലാവർക്കും വേണ്ടി ഓപ്പൺ ആണ്. രാത്രി ഏകദേശം പത്തുമണി ആകുമ്പോഴേക്കും ഞങ്ങൾ പല ഗ്രൂപ്പുകളായി വീടിൻ്റെപുറത്തേക്ക് ഇറങ്ങും. പിന്നെ അങ്ങോട്ട് ഒരു ആഘോഷത്തിന്റെ സമയമാണ്. കുട്ടികളും യുവാക്കളും ഒരു ഗ്രൂപ്പ്, യുവദമ്പതികൾ വേറെ ഗ്രൂപ്പ്, പിന്നെ അപ്പച്ചന്മാരുടെ ഒരു ഗ്രൂപ്പ് , പിന്നെ ഏത് വീട്ടിലെ പാലാണ് ഏറ്റവും ബെസ്റ്റ് എന്ന് കണ്ടുപിടിക്കാൻ കൂട്ടമായി ഓടുന്ന ഞങ്ങളുടെ അമ്മച്ചിമാരുടെ ഒരു വലിയ കൂട്ടം, അവർ മാത്രം എല്ലാ വീടുകളിലും എത്തും അപ്പവും പാലും അകത്താക്കും; കാരണം കുറ്റവും കുറവും മനസ്സിലാക്കാനത്രേ! എന്നിട്ട്  ആ വീട്ടിലെ  പാല് പോര ഇവിടുത്തെ പാലിന് എന്താ ടേസ്റ്റ്? നീ എന്താടി സ്പെഷ്യൽ ചേർത്തത് ? അപ്പത്തിന് ഭയങ്കര മുറുക്കമാണ് ... അത് അങ്ങനെ അങ്ങനെ........ എങ്കിലും അവരുടെ പരസ്പരമുള്ള കൂട്ടായ്മയും പരസ്പരമുള്ള പങ്കുവയ്ക്കലും നമുക്ക് കാണാനാവും നിഷ്കളങ്കമായ പിറുപിറുക്കലും, മത്സരങ്ങളും, എന്തെന്നില്ലാത്ത സന്തോഷം ഞങ്ങളുടെയൊക്കെ കുടുംബങ്ങളും നിറഞ്ഞിരുന്നു. ഞങ്ങളുടെ ഗ്രൂപ്പ് ഭയങ്കര ഫാസ്റ്റ് ആണ് ഒരു വീട്ടിൽ കയറിയാൽ ആദ്യത്തെ ഡയലോഗ് ; ചേച്ചി, ഞങ്ങൾക്കുള്ളത് എടുത്തോളാം ഇപ്പോൾ തന്നെ വയറു ഭയങ്കര ഫുള്ളാണ് കുറച്ചു പാൽ മതി, പിന്നെ ഒരു അപ്പത്തിന്റെ പകുതിയും, ഗ്ലാസ് കഴുകിക്കാൻമാത്രം എല്ലാവരും ഒരു ടീസ്പൂൺ ഗ്ലാസ്സിൽ ഒഴിച്ചു കുടിക്കും. പിന്നല്ല, പിള്ളേരോടാ കളി... അടുത്ത വീട്ടിലേക്ക് അങ്ങനെ ഓടിയോടി എത്തും .....കൂടുതലും വീടുകളിലേക്ക് വീട്ടിലേക്ക് എത്തുന്നത് ഞങ്ങളാ. ഓരോ വീട്ടിലേക്ക് ചെല്ലുമ്പോൾ അവരുടെ മുഖത്ത് കാണുന്ന ഒരു സന്തോഷമുണ്ട്. അവരുടെ അധ്വാനം സ്വീകരിക്കാൻ ആരെങ്കിലും വന്നല്ലോ എന്ന സന്തോഷം. അത് പറഞ്ഞറിയിക്കാൻ വയ്യാത്തതാണ് അതൊന്ന് എക്സ്പീരിയൻസ് ചെയ്താലേ മനസ്സിലാവൂ... ചിലപ്പോഴെങ്കിലും മിക്ക വീടുകളിലും ഞങ്ങൾ ആദ്യമായിട്ടും അവസാനമായിട്ടും ഒന്ന് കയറിച്ചെല്ലുക ഈ പെസഹാ ദിനത്തിൽ ആയിരിക്കും അവരോടൊത്ത് ഭക്ഷിക്കുകയും ചേച്ചി എല്ലാ അടിപൊളി ആണെന്ന് പറയുകയും ചെയ്യുമ്പോൾ അവർക്ക് ഉണ്ടാകുന്ന ആനന്ദം. മിക്ക വീടുകളിലും അവർ വിചാരിക്കും നമ്മളുടെ ഒക്കെ വീട്ടിൽ ആര് വരാനാണെന്ന് അപ്പോൾ അവരുടെ ഇടയിലേക്ക് ഓടിക്കയറി ചെല്ലുമ്പോൾ തന്നെ അവരുടെ കണ്ണിലെ കണ്ണുനീർ ഇറ്റു വീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആരുമില്ലാത്തവരും ഒറ്റയ്ക്ക് ജീവിക്കുന്നവരും, മക്കൾ ഉപേക്ഷിച്ചുപോയ പ്രായംചെന്ന മാതാപിതാക്കൾക്കും, ഞങ്ങളുടെ ഈ സന്ദർശനം മിശിഹായുടെ കടന്നുപോകലാണ്... ഇത്തരം കടന്നുപോകൽ തന്നെയാണ് ക്രിസ്തുവും നമ്മോട്ആഹ്വാനം ചെയ്യുക ആരുമില്ലാത്തവർക്ക് താങ്ങായി തണലായി സഹായമായി സ്വാന്തനമായി കടന്നുചെല്ലാൻ ഈ പെസഹാക്കാലം നമ്മെയും ക്ഷണിക്കുന്നുണ്ട് . ശിഷ്യന്മാരുടെ പാതകൾ കഴുകി ചുംബിച്ചുകൊണ്ട് വിനയത്തിന് മാതൃക നമുക്ക് പകർന്ന ആ നാഥനെ നമുക്ക് മാതൃകയാക്കാം. ഇത്തരം ഒരു അനുഭവത്തിലേക്ക് പ്രവേശിക്കാൻ നമുക്കും പരിശ്രമിക്കാം.ഓർക്കുക! ഇതും കടന്നു പോകും..


Related Articles

കൊന്ത

ലേഖനങ്ങൾ

Contact  : info@amalothbhava.in

Top