ഫാ. മരിയദാസ് പാലാട്ടി
ഇസ്രായേൽ ജനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണ് പെസഹാ.
പെസഹാ ആചരണത്തിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ടെങ്കിലും ആരംഭത്തിൽ ഇത് ആട്ടിടയന്മാർ ആഘോഷിച്ചിരുന്ന ഒരു വസന്തോത്സവം ആയിരുന്നു എന്ന് എല്ലാവരും അംഗീകരിക്കും. ശീതകാലത്ത് അധികപങ്കും മരുഭൂമിയുടെ അതിർത്തികളിൽ ആടുമേയ്ക്കുന്ന ഇടയന്മാർ വസന്തകാലം (മാർച്ച് - ഏപ്രിൽ) ആകുമ്പോൾ കൊയ്ത്തു കഴിഞ്ഞ പാടങ്ങളും പച്ചപുൽമേടുകളും തേടി നാട്ടിൻപുറങ്ങളിലേക്ക് യാത്ര തിരിക്കും. ഇപ്രകാരം പുതിയ മേച്ചിൽ പുറങ്ങൾ തേടി പുറപ്പെടുന്നതിനു മുൻപേ അവർ നടത്തിയിരുന്ന ആഘോഷമാണത്രേ പെസഹാ.
ദക്ഷിണയാനം കഴിഞ്ഞ് സൂര്യൻ മധ്യരേഖയിൽ എത്തുന്ന അതായത് രാവും പകലും തുല്യമായ ദിവസം (മാർച്ച് 21) കഴിഞ്ഞ് വരുന്ന പൗർണമി രാത്രിയിലാണ് ഈ ആഘോഷം നടത്തുക. കുടുംബാംഗങ്ങൾ ഒരുമിച്ചുകൂടി ആ വർഷം ജനിച്ച ഒരു മുട്ടാടിനെ കൊന്ന് രക്തം കൂടാരത്തിന്റെ തൂണുകളിൽ പുരട്ടും. മാംസം തീയ്യിൽ ചുട്ടു തിന്ന് മരുഭൂമിയിൽ വളരുന്ന കാട്ടുചെടികൾ ഇറച്ചിയുടെ കൂടെ രുചിക്ക് വേണ്ടി ഭക്ഷിക്കും. പൈശാചിക ശക്തികളിൽ നിന്നും ശത്രുക്കളിൽ നിന്നും മറ്റും രക്ഷനേടാൻ വേണ്ടിയാണ് രക്തം കൂടാരവാതിൽക്കൽ തളിക്കുകയും തൂണുകളിൽ പുരട്ടുകയും ചെയ്യുക. ആടുമാടുകൾ പ്രസവിക്കുന്ന കാലമായതിനാൽ അവയ്ക്ക് അപകടം ഒന്നും സംഭവിക്കാതിരിക്കാനും മൃഗസമ്പത്ത് വർദ്ധിക്കാനും വേണ്ടി നടത്തിയിരുന്ന ബലിയർപ്പണമായും ഇതിനെ വ്യാഖ്യാനിക്കുന്നു. ക്ലേശകരമായ ശീതകാലത്തിൽ നിന്ന് സന്തോഷപ്രദമായ വസന്തത്തിലേക്കും മരുഭൂമിയിൽ നിന്ന് സുഖകരമായ പ്രദേശങ്ങളിലേക്കും കടന്നുപോകുന്നതിന്റെ ആഘോഷമായതിനാൽ ആകണം ഇതിനെ പെസഹാ അഥവാ കടന്നുപോകൽ എന്ന് വിളിക്കുന്നത്.
അതിപ്രധാനമായ ഈ ആഘോഷം ഈജിപ്തിൽ നിന്നുള്ള പുറപ്പാടുമായി ബന്ധിപ്പിച്ചപ്പോൾ അതിന് പുതിയ അർത്ഥം കൈവന്നു. പുതിയ മേച്ചിൽ പുറങ്ങൾ തേടിയുള്ള യാത്രയല്ല, അടിമത്തത്തിൽ നിന്ന് വാഗ്ദത്ത ഭൂമിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള തീർത്ഥാടനത്തിനാണ് ഇതു തുടക്കം കുറിക്കുന്നത്. ഈജിപ്തിലെ ആദ്യജാതരെ വധിച്ച ദൈവം ഇസ്രായേൽക്കാരുടെ വീടുകളെ ഉപദ്രവിക്കാതെ കടന്നുപോയി. അതിന്റെ ഓർമ്മയായി മാറി പെസഹാ ആചരണം. കൂടാരക്കാലുകൾക്ക് പകരം കട്ടിളപ്പടികളിലാണ് രക്തം പുരട്ടുക. ഇത് പൈശാചിക ശക്തിയെ അകറ്റിനിർത്താൻ അല്ല; കർത്താവിന്റെ ശിക്ഷാദിനത്തിൽ രക്ഷനേടാൻ ആണ്. കൈപ്പുള്ള ഇലകൾ ആട്ടിറച്ചിക്ക് രുചി പകരുന്ന കറിയായിട്ടല്ല; ഈജിപ്തിലെ ക്ലേശങ്ങളെ അനുസ്മരിപ്പിക്കുന്ന അരുചികരമായ ഭക്ഷണമായിട്ടാണ് ഉപയോഗിക്കുക.
നാടോടികളായ ഇടയന്മാരുടെ ഇടയിൽ നൂറ്റാണ്ടുകളായി നിലവിലിരുന്ന ആചാരം ഇസ്രായേൽ തങ്ങളുടെ ദൈവാനുഭവത്തിന്റെ വെളിച്ചത്തിൽ പുതിയതായി വ്യാഖ്യാനിച്ച് സ്വന്തമായി സ്വീകരിച്ചതിന്റെ ഒരു ഉദാഹരണമാണ് പെസഹാചരണം. പുറപ്പാട് സംഭവമായി ബന്ധപ്പെട്ടതിന് ശേഷവും ദീർഘകാലത്തേക്ക് കുടുംബ പശ്ചാത്തലത്തിൽ ആഘോഷിച്ചിരുന്ന ഒരു തിരുനാളായി പെസഹാ തുടർന്നു.
ആരംഭത്തിൽ പെസഹായും പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളും പരസ്പരം ബന്ധമില്ലാത്ത രണ്ട് തിരുനാളുകൾ ആയിരുന്നു. പെസഹായ്ക്ക് എന്നതുപോലെ ഈ തിരുനാളിനും ദീർഘമായ ഒരു ചരിത്രമുണ്ട്. പെസഹാ ആരംഭത്തിൽ ഇടയന്മാരുടെ വസന്തോത്സവം ആയിരുന്നുവെങ്കിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ കർഷകരുടെ പുത്തരി പെരുന്നാൾ ആയിരുന്നു.
കാനാൻ ദേശത്ത് ആദ്യം വിളഞ്ഞു പാകമാകുന്നത് ബാർലിയാണ്. അതിനാൽ ബാർലി കൊയ്ത്ത് ആരംഭിക്കുമ്പോഴാണ് പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ ആഘോഷിക്കുന്നത്. കൊയ്ത്ത് ആരംഭിക്കുന്നതിന് തലേദിവസം പുളിമാവ് വീട്ടിൽനിന്ന് നീക്കം ചെയ്യും. പിന്നെ ഒരാഴ്ചത്തേക്ക് പുളിക്കാത്ത മാവ് കൊണ്ടായിരിക്കും അപ്പം ഉണ്ടാക്കുക. വിളവിന്റെ നാഥന് നന്ദി പറയുന്നതോടൊപ്പം പഴയതെല്ലാം ഉപേക്ഷിച്ച് പുതുവർഷത്തിൽ പുതിയൊരു ജീവിതം തുടങ്ങുന്നതിന്റെ സൂചനയും ഈ തിരുനാൾ ആഘോഷത്തിൽ കാണാം. പുതിയത് എന്നർത്ഥമുള്ള അബീബ് മാസത്തിലാണ് ഈ തിരുനാൾ ആഘോഷിച്ചിരുന്നത്. അതിനാൽ ഇത് പുതുവത്സരാഘോഷവും പുത്തരിപ്പെരുന്നാളും ആയിരുന്നു.
ബിസി ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ജോസിയാ രാജാവിന്റെ മതനവീകരണത്തിന്റെ ഭാഗമായി പെസഹാ ആചരണത്തിൽ കാതലായ മാറ്റങ്ങൾ സംഭവിച്ചു. പെസഹാ കുഞ്ഞാടിനെ കൊല്ലുന്നത് ഒരു ബലിയായി പരിഗണിക്കപ്പെട്ടു. വീടുതോറും ആചരിക്കുന്നതിന് പകരം ജെറുസലേം ദേവാലയത്തിൽ മാത്രമേ ബലിയർപ്പണം പാടുള്ളൂ എന്ന് വന്നു. കുടുംബത്തലവന്മാരല്ല ലേവി പുത്രന്മാരാണ് ബലിയർപ്പിക്കേണ്ടത്. രക്തം കട്ടിലക്കാലുകളിൽ പുരട്ടുകയല്ല ബലിപീഠത്തിന്റെ ചുവട്ടിൽ ഒഴുക്കുകയാണ് വേണ്ടത്.
ജോസിയാ രാജാവിന്റെ നവീകരണ കാലത്താണ് പെസഹായും പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളും ഒരുമിച്ച് ആഘോഷിക്കാൻ തുടങ്ങിയത് എന്ന് കരുതപ്പെടുന്നു. അബീബ് മാസം പതിനാലാം തീയതി പെസഹായും തുടർന്നുള്ള ഏഴു ദിവസത്തേക്ക് പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളും ആഘോഷിക്കുക എന്ന നിയമം പ്രാബല്യത്തിൽ വന്നു. ഈജിപ്തിൽ നിന്നുള്ള മോചനവുമായി ബന്ധപ്പെടുത്തിയപ്പോൾ പെസഹായ്ക്ക് എന്നതുപോലെ ഈ തിരുനാളിനും പുതിയ അർത്ഥം കൈവന്നു. വിളവെടുപ്പ് തിരുനാൾ മാത്രമല്ല, ദൈവം നൽകിയ മോചനത്തിന്റെ ഓർമ്മയാചരിക്കുന്ന ദിവസങ്ങളായി പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാൾ.
സാധാരണയായി ആറു കാര്യങ്ങളാണ് പെസഹാ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നത്.
പുറപ്പാട് 6 : 6 - 7 വാക്യങ്ങളിൽ കാണുന്ന നാല് വാഗ്ദാനങ്ങളുടെ ഓർമ്മയ്ക്കായി ഹല്ലേലുയ്യ ഗീതങ്ങൾ (സങ്കീർത്തനം 113 - 118) ഇടയ്ക്കിടയ്ക്ക് പാടിക്കൊണ്ട് ഒരു പ്രത്യേക ക്രമമനുസരിച്ച് യഹൂദർ ഇത് ആചരിക്കുകയും ഒടുവിലായി 136-ാം സങ്കീർത്തനം ആലപിച്ച് ആരാധന അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
പുതിയ നിയമ കാലമായപ്പോഴേക്കും ജെറുസലേം ദേവാലയത്തെ കേന്ദ്രമാക്കിയാണ് ഈ തിരുനാൾ ആഘോഷിച്ചിരുന്നത്. പെസഹാ ആഘോഷിക്കുവാനായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും യഹൂദർ ജെറുസലേമിലേക്ക് തീർത്ഥാടകരായി വരുമായിരുന്നു. ദൈവം നൽകിയ മോചനം അനുസ്മരിക്കുകയും മോചനത്തിന്റെ പ്രതീക്ഷകൾ സജീവമായി നിലനിർത്തുകയും ചെയ്യുന്ന തിരുനാൾ ആയിരുന്നു പെസഹാ. യേശുവും പെസഹാ ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. യേശു പെസഹാ ഭക്ഷണത്തിന് ഇടയിലാണ് വിശുദ്ധ കുർബാന സ്ഥാപിച്ചത് എന്ന് ചില പണ്ഡിതന്മാർ പറയുന്നു.
⇒ പുളിമാവ് പഴയതിന്റെ പ്രതീകമാണ്. അത് അശുദ്ധമായി പരിഗണിക്കപ്പെട്ടിരുന്നു. പുളിമാവ് ഉപയോഗിക്കുന്നത് പഴയ വഴിയിലേക്ക് തിരിച്ചു പോകുന്നതിന്റെ പ്രതീകമായി പരിഗണിക്കപ്പെട്ടു. കാപട്യത്തിന്റെയും വഴിപിഴച്ച ജീവിതത്തിന്റെയും തെറ്റായ പഠനങ്ങളുടെയും പ്രതീകമാണ് പുളിമാവ്.
⇒ ഉപ്പുവെള്ളവും കൈപ്പുള്ള ചീരകളും എല്ലാം ഉപയോഗിച്ച് പഴയ നിയമത്തിൽ ദൈവജനം പെസഹാ ആചരിക്കുമ്പോൾ തങ്ങളുടെ ദു:ഖങ്ങളെല്ലാം ദൈവത്തിൽ സമർപ്പിച്ച് തേനും പാലും ഒഴുകുന്ന കാനാൻ ദേശത്തേയ്ക്കുള്ള യാത്രയുടെ ഒരുക്കമായിരുന്നു. ജീവിത ദുഖങ്ങൾ ദൈവത്തിലർപ്പിച്ച് രക്ഷയുടെ വാഗ്ദാനനാട്ടിലേക്ക് (സ്വർഗത്തിലേക്ക്) യാത്ര ചെയ്യുകയാണ് തീർത്ഥാടകനായ വിശ്വാസി വിശുദ്ധ കുർബാനയിലൂടെ ചെയ്യുന്നത്.
⇒ പെസഹാ ആചരണത്തിൽ പറയുന്ന മറ്റൊരു കാര്യം, ആരും പുറത്തു പോകരുത് എന്നാണ് (പുറപ്പാട് 12 : 21 - 28) രാത്രിയിൽ ആരും വീടിന് പുറത്തു പോകരുത് എന്ന താക്കീത് ആദ്യത്തെ പെസഹായെ സംബന്ധിച്ച് വളരെ പ്രസക്തമാണ്. അതിന്റെ കാരണവും മോശതന്നെ വിവരിക്കുന്നുണ്ട്. തലമുറതോറും പെസഹാ ആചരിക്കുക മാത്രമല്ല, പിൻതലമുറക്കാർക്ക് അതിന്റെ അർത്ഥം പറഞ്ഞുകൊടുക്കുകയും വേണം. മതപരമായ കർമ്മങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും അർത്ഥം വിവരിച്ചു കൊടുത്തുകൊണ്ട് കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്താനുള്ള മുഖ്യ കടമ മാതാപിതാക്കളുടേതാണ് എന്ന് ഓർമിപ്പിക്കുന്നു.
പുതിയനിയമത്തിലെ പെസഹായാകുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുത്തവർക്ക് ഭാവിനേതൃത്വത്തിന്റെ അതായത് ദൈവരാജ്യം മറ്റുള്ളവർക്ക് പകർന്നു നൽകേണ്ടതിനെക്കുറിച്ച് പ്രതിപാദിക്കുന്നു. (യോഹന്നാൻ 15)
⇒ വിശുദ്ധ കുർബാനയാകുന്ന പെസഹായിൽ പങ്കെടുത്തതിനുശേഷം യൂദാസ് പുറത്തുപോകുന്നു. (പെസഹായിൽ പങ്കെടുക്കുന്നവർ പുറത്തുപോകരുത് എന്നായിരുന്നു നിയമം) അപ്പോൾ അന്ധകാരമായിരുന്നു എന്ന് സുവിശേഷകൻ ചൂണ്ടി കാണിക്കുന്നു. വിശുദ്ധ കുർബാനയാകുന്ന പെസഹായിൽ പങ്കെടുക്കുന്നവർ സഭയുടെ കൂട്ടായ്മയിൽ ചേർന്നു നിൽക്കണം എന്ന് പെസഹാ ആഘോഷത്തിനു ശേഷം യേശു മുന്തിരിചെടിയും ശാഖകളും എന്ന പ്രബോധനത്തിലൂടെ ആഹ്വാനം ചെയ്യുന്നു. സഭയ്ക്ക് പുറത്ത് അന്ധകാരമാണ്, അതായത് നാശമാണ്.
⇒ പെസഹായുടെ ആചരണത്തെപറ്റി പരാമർശിക്കുമ്പോഴെല്ലാം ഞാൻ കർത്താവാണെന്ന് അവർ തിരിച്ചറിയും എന്ന് കർത്താവ് ആവർത്തിക്കുന്നുണ്ട്. ദൈവത്തിന്റെ അത്ഭുതകൃത്യങ്ങൾ തിരിച്ചറിയുക വഴി അവിടുത്തെ അംഗീകരിക്കുകയും മഹത്വം ഏറ്റുപറഞ്ഞ് അവിടുത്തെ സ്തുതിക്കുകയും ചെയ്യുന്ന കാര്യമാണ് ഇതുവഴി സൂചിപ്പിക്കുക. പുതിയ ഉടമ്പടിയിലും ഇതുതന്നെയാണല്ലോ ചെയ്യുന്നത്. വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഭാഗമായ പ്രാർത്ഥനകളിൽ ദൈവം ചെയ്ത വലിയ കാര്യങ്ങളെ ഒന്നൊന്നായി അനുസ്മരിച്ചുകൊണ്ട് അവിടുത്തെ ഏറ്റു പറയുന്നു.
⇒ ഈജിപ്തിലെ ദേവന്മാരുടെ പരാജയമാണ് പെസഹായുടെ സ്മരണ. (പുറപ്പാട് 12, 13) ദൈവത്തിനെതിരായി നിൽക്കുന്ന - മനുഷ്യനെ തകർക്കുന്ന - എല്ലാ പൈശാചിക, ശാപ, തിന്മകളുടെ ശക്തികളെ പരാജയപ്പെടുത്തുന്ന കൂദാശയാണ് വിശുദ്ധ കുർബാന. അതിനാൽതന്നെ മനുഷ്യവർഗത്തിന്റെ നവീകരണത്തിനും രക്ഷയ്ക്കും വേണ്ടി നൽകിയിരിക്കുന്ന ദിവ്യരഹസ്യങ്ങൾ എന്നാണ് വിശുദ്ധ കുർബാനയെ വിശേഷിപ്പിക്കുന്നത്.
⇒ പെസഹാ കുഞ്ഞാടിന്റെ മാംസത്തോടൊപ്പം പുളിപ്പില്ലാത്ത അപ്പവും കൂടി ഇ്രസായേൽക്കാർ ഭക്ഷിച്ചിരുന്നു. ഒരു പുതിയ ആരംഭമാണ് അത് സൂചിപ്പിക്കുന്നത്. ഓരോ ബലിയർപ്പണവും ദൈവം നമുക്ക് ദാനമായി നൽകുന്ന ഓരോ ആരംഭമാണ്. പഴയതിനെ വിസ്മരിച്ചു പുതിയതായി തുടങ്ങുവാനുള്ള ഈ ആഹ്വാനം പ്രതീക്ഷ നൽകുന്ന സത്യമാണ്.
പിതാക്കൻമാരിൽനിന്നു നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വർണമോകൊണ്ടല്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതു പോലുള്ള ക്രിസ്‌തുവിന്റെ അമൂല്യരക്തം കൊണ്ടത്രേ. (1 പത്രോസ് 1 : 18 - 19)
⇒ പഴയ നിയമത്തിൽ പെസഹാ കുഞ്ഞാടിന്റെ മാംസത്തിൽ പങ്കുപറ്റുന്നതു വഴി ഇസ്രായേൽ ജനത ദൈവത്തിലുള്ള ഐക്യവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുകയാണ് ചെയ്തിരുന്നത്. പുതിയ ഉടമ്പടിയിലെ ബലിയർപ്പണം ദൈവജനത്തിനിടയിലുള്ള ഐക്യവും കൂട്ടായ്മയും സൂചിപ്പിക്കുകയും അത് വർദ്ധമാനമാക്കുകയും ചെയ്യുന്നതിനുള്ള ഉപാധിയാണ്.
⇒ പെസഹാ ആചരിച്ചിരുന്നത് മോചനം നേടിയ ഒരു സമൂഹമാണ്. എല്ലാത്തരം പാരത്രന്തങ്ങളിൽ നിന്നും മോചിതരായി ദൈവത്തിനു വേണ്ടി ജീവിക്കുന്ന ഒരു സമൂഹത്തിന്റെ ബലിയാണ് വിശുദ്ധ കുർബാന.
⇒ അടിമത്വത്തിൽ നിന്ന് മോചിതരായ ഒരു ജനതയുമായിട്ടാണ് ദൈവം ഉടമ്പടി ചെയ്യുന്നത്. ദൈവവുമായി ഉടമ്പടിയുടെ ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് മറ്റെല്ലാ വിധത്തിലുമുള്ള അടിമത്തങ്ങളിൽ നിന്നും ഒരാൾ സ്വത്രന്തനാകേണ്ടിയിരിക്കുന്നു. വിശുദ്ധ കുർബാന എന്ന ഉടമ്പടിയുടെ ആഘോഷത്തിലും അർത്ഥപൂർണ്ണമായി പങ്കെടുക്കുന്നതിന് ഈ സ്വാത്രന്ത്യം ആവശ്യമാണ്. പാപത്തിന്റെ അടിമത്തമാണ് ഏറ്റവും ദുർഭഗമായ അടിമത്തം. വിശുദ്ധ കുർബാനയിലും പാപത്തിന്റെ അടിമത്വത്തിൽ നിന്നും മോചനം നേടി വിശ്വാസി യേശുവുമായി ഐക്യപ്പെടുന്നു. പഴയ നിയമത്തിലെ പെസഹാ രാഷ്ട്രീയ അടിമത്വത്തിൽ നിന്നും മോചനം നൽകി. അതിന്റെ അനുസ്മരണമായ വിശുദ്ധ കുർബ്ബാന പാപത്തിന്റെ അടിമത്വത്തിൽ നിന്നും വിശ്വാസിക്കു വിടുതൽ നൽകുന്നു.
⇒ തിരഞ്ഞെടുക്കപ്പെട്ട ജനത്തിന്റെ ആഘോഷമായിരുന്നു പെസഹാ (പുറ. 12 : 43 - 49) പുതിയ നിയമ പെസഹായായ വി. കുർബാന ഉൾക്കൊള്ളാനുള്ള യോഗ്യതയും അതുതന്നെ. (മാമ്മോദീസായിലൂടെ സഭയിലെ അംഗമായിത്തീരണം)
⇒ പഴയനിയമത്തിൽ പെസഹാ ആഘോഷിച്ച ജനത്തിന് മേഘസ്തംഭവും അഗ്നസ്തംഭവുമായി അവരെ വഴിനടത്തുകയും, ചെങ്കടൽ കടത്തുകയും ഉടമ്പടി സ്ഥാപിക്കുകയും ചെയ്തു. പുതിയനിയമത്തിലെ പെസഹായായ വി. കുർബാന സ്ഥാപിച്ചുകൊണ്ട് അവരെ വഴി നടത്താൻ ഒരു നിത്യ സഹായകനെ നൽകുമെന്ന് ഈശോ വാഗ്ദാനം ചെയ്യുന്നു. (യോഹന്നാൻ 16 : 5....) ഇസ്രായേൽ ജനം ചെങ്കടൽ കടന്നതുപോലെ വിശുദ്ധ കുർബാനയാകുന്ന പെസഹാ സ്വീകരിക്കുന്ന വ്യക്തികളെ നയിക്കുവാൻ, പൈശാചിക ബന്ധനങ്ങളിൽ നിന്നു രക്ഷിക്കാൻ യേശു സാന്നിദ്ധ്യം ഉണ്ടായിരിക്കും.
⇒ പഴയനിയമത്തിൽ പെസഹാ ആഘോഷിച്ച ജനത്തെ, ദൈവം അഗ്നിസ്തംഭമായും മേഘസ്തംഭമായും നയിച്ചത് വാഗ്ദാനത്തിന്റെ നാട്ടിലേക്കാണ്. വിശുദ്ധ കുർബാന സ്വീകരിക്കുന്ന വ്യക്തിയെ / വ്യക്തികളോട് അവിടുന്ന് പിതാവിന്റെ സന്നിധിയിൽ അവിടുന്ന് സ്ഥലമൊരുക്കാൻ പോകുന്നുവെന്ന് ഈശോ വാഗ്ദാനം ചെയ്യുന്നു.
എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങളുണ്ട്. ഇല്ലായിരുന്നെങ്കിൽ നിങ്ങൾക്കു സ്ഥലമൊരുക്കാൻ പോകുന്നുവെന്നു ഞാൻ നിങ്ങളോടു പറയുമായിരുന്നോ? (യോഹന്നാൻ 14 : 2)
⇒ പെസഹാ ആഘോഷത്തിനു മുൻപ് യേശു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകുന്നു. യേശുക്രിസ്തു ശിഷ്യന്മാരുടെ കാൽ കഴുകുന്ന ഈ സംഭവത്തിൽ പ്രത്യേകം വായനക്കാരെ സ്പർശിക്കുന്ന ഭാഗമാണ് പത്രോസ് കാലുകഴുകുന്നത് തടയുന്നതും തുടർന്ന് "ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല." (യോഹന്നാൻ 13 : 8) എന്ന ക്രിസ്തുവിന്റെ താക്കീതും. ഇതിൽ നിന്നും ചില കാര്യങ്ങൾ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കും. സഭയാകുന്ന ദൈവത്തിന്റെ ഭവനത്തിൽ പ്രവേശിക്കുന്നതിന് വിശുദ്ധസ്നാനം എന്ന കഴുകൽ ആവശ്യമായിരിക്കുന്നു. യേശുക്രിസ്തുവുമായുള്ള പുതിയ ഉടമ്പടിയുടെ കൂട്ടായ്മയിൽ പ്രവേശിക്കുന്ന ഒരാളിന് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഗുണമാണ് ആത്മീയമായ വിനയം.
⇒ പഴയ നിയമത്തിൽ ദൈവം നൽകുന്ന കൽപ്പനകൾ അനുസരിച്ചു കൊള്ളാം എന്ന് ഉടമ്പടിയിൽ ജനങ്ങൾ പ്രതിജ്ഞ ചെയ്യുന്നു. പഴയ ഉടമ്പടിയിൽ സീനായി മലയിൽ വച്ച് ഞങ്ങൾ നിന്നെ അനുസരിക്കാം എന്ന് ജനങ്ങൾ ചെയ്ത വാഗ്ദാനം പുതിയ നിയമത്തിൽ ക്രിസ്തു കാണിച്ച സ്നേഹത്തിന്റെ പാതയെ പരിശുദ്ധാത്മാവിനാൽ അവനെ പിന്തുടരുകയും അവന്റെ രാജ്യത്തിനായി പ്രവർത്തിക്കുകയും ചെയ്യാം എന്ന് പ്രതിജ്ഞ ചെയ്യുന്ന സമയമാണ്.
⇒ കുഞ്ഞാടിന്റെ രക്തം സംഹാര ദൂതനിൽ നിന്നും ഇസ്രായേൽ ഭവനങ്ങൾക്ക് സംരക്ഷണം നൽകി (പുറപ്പാട് 12 : 23) യേശുവിന്റെ രക്തം എല്ലാവിധ പൈശാചിക ബന്ധനങ്ങളിൽനിന്നും നമ്മെ കാത്തു രക്ഷിക്കുന്നു. യേശു രക്തം ചിന്തി കൊണ്ട് പൂർത്തിയാക്കിയ കുരിശിലെ ബലിയുടെ കൗദാശിക ഓർമയാചരണം അതിൽ പങ്കെടുക്കുന്നവർക്ക് രക്ഷയ്ക്കും, സംരക്ഷണത്തിനും കാരണമാകുന്നു.
⇒ പെസഹാ കുഞ്ഞാട് ബലിയർപ്പിക്കപ്പെടുക മാത്രമല്ല, അതിന്റെ മാംസം എല്ലാവരും ഭക്ഷിക്കേണ്ടിയുമിരുന്നു. പുതിയ ഉടമ്പടിയിലെ ദൈവജനത്തിന്റെ ബലിയിലെ പങ്കാളിത്തം പൂർണ്ണമാകുന്നത് യേശുവിന്റെ തിരുശരീരരക്തങ്ങൾ, അതിൽ പങ്കെടുക്കുന്നവർ അനുഭവിക്കുമ്പോൾ മാത്രമാണ്.
⇒ പെസഹായാചരണം ഇസ്രായേൽക്കാരെ സംബന്ധിച്ചിടത്തോളം എല്ലാ കാലത്തേക്കും ഉള്ള നിയമമായിരുന്നു.
ഈ ദിവസം നിങ്ങൾക്ക് ഒരു സ്മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും കർത്താവിന്റെ തിരുനാളായി നിങ്ങൾ ആചരിക്കണം. ഇതു നിങ്ങൾക്ക് എന്നേക്കും ഒരു കൽപനയായിരിക്കും. (പുറപ്പാട് 12 : 14)
പുതിയ ഉടമ്പടിയിലെ ബലിയർപ്പണവും അതുപോലെതന്നെ യേശുവിന്റെ നാമത്തിൽ ഒന്നിച്ചു കൂടുന്നവർ അവിടുത്തെ രണ്ടാമത്തെ ആഗമനം വരെ അനുഷ്ഠിക്കേണ്ട ഓർമ്മയാചരണമാണ്.
നിങ്ങൾ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തിൽനിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കർത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. (1 കോറിന്തോസ് 11 : 26)
⇒ പഴയനിയമത്തിൽ ഉടമ്പടി സ്ഥാപിച്ചപ്പോൾ ന്യായപ്രമാണം വായിച്ചുകേട്ട ജനത്തിന്റെ മേൽ മോശ രക്തം തളിച്ച് ഉടമ്പടി ഉറപ്പിക്കുന്നു. (പുറപ്പാട് 24 : 1 - 14) പുതിയനിയമത്തിലെ ഉടമ്പടി മിശിഹായുടെ രക്തംകൊണ്ട് മുദ്ര വയ്ക്കുന്നു.
പിതാക്കന്മാരിൽനിന്നു നിങ്ങൾക്കു ലഭിച്ച വ്യർഥമായ ജീവിതരീതിയിൽനിന്നു നിങ്ങൾ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വർണമോകൊണ്ടല്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള ക്രിസ്‌തുവിന്റെ അമൂല്യരക്തം കൊണ്ടത്രേ. (1 പത്രോസ് 1 : 18 - 19)
⇒ പഴയനിയമത്തിൽ പെസഹാ ആഘോഷിച്ച ജനവുമായി ദൈവം ഉടമ്പടി ചെയ്യുന്നു. പുതിയ നിയമത്തിലെ പെസഹായാകുന്ന വിശുദ്ധ കുർബാനയും ഒരു ഉടമ്പടിയാണ്. വിശുദ്ധ കുർബാന സ്ഥാപിച്ചുകൊണ്ട് കർത്താവ് ഉടമ്പടിയുടെ ഒരു പുതിയ കല്പന നൽകുന്നു.
ഞാൻ പുതിയൊരു കൽപന നിങ്ങൾക്കു നൽകുന്നു. നിങ്ങൾ പരസ്‌പരം സ്‌നേഹിക്കുവിൻ. ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്‌പരം സ്‌നേഹിക്കുവിൻ. നിങ്ങൾക്കു പരസ്‌പരം സ്‌നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാരാണെന്ന് അതുമൂലം എല്ലാവരും അറിയും. (യോഹന്നാൻ 13 : 34 - 35)
⇒ പഴയ ഉടമ്പടി നിലനിൽക്കുമ്പോൾ തന്നെ അതിന്റെ മാനുഷികമായ ബലഹീനതയുടെ പരിഹാരത്തിനായി ഒരു പുതിയ ഉടമ്പടി ഉണ്ടാകും എന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്.
കർത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേൽഗോത്രത്തോടും യൂദാഗോത്രത്തോടും ഞാൻ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന ദിവസം ഇതാ, വരുന്നു. ഞാൻ അവരെ കൈയ്‌ക്കുപിടിച്ച് ഈജിപ്‌തിൽനിന്നു കൊണ്ടുവന്ന നാളിൽ അവരുടെ പിതാക്കൻമാരോടു ചെയ്‌ത ഉടമ്പടിപോലെ ആയിരിക്കുകയില്ല അത്. ഞാൻ അവരുടെ കർത്താവായിരുന്നിട്ടും എന്റെ ഉടമ്പടി അവർ ലംഘിച്ചു. കർത്താവ് അരുളിച്ചെയ്യുന്നു: ആദിവസം വരുമ്പോൾ ഞാൻ ഇസ്രായേലുമായി ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും: ഞാൻ എന്റെ നിയമം അവരുടെ ഉള്ളിൽ നിക്ഷേപിക്കും; അവരുടെ ഹൃദയത്തിൽ എഴുതും. ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും. കർത്താവിനെ അറിയുക എന്ന് ഇനി ആരും സഹോദരനെയോ അയൽക്കാരനെയോ പഠിപ്പിക്കേണ്ടി വരുകയില്ല. അവർ വലിപ്പച്ചെറുപ്പമെന്നിയേ എല്ലാവരും എന്നെ അറിയും എന്നു കർത്താവ് അരുളിച്ചെയ്യുന്നു. അവരുടെ അകൃത്യത്തിനു ഞാൻ മാപ്പു നൽകും; അവരുടെ പാപം മനസ്സിൽ വയ്‌ക്കുകയില്ല. പകൽ പ്രകാശിക്കാൻ സൂര്യനെയും രാത്രിയിൽ പ്രകാശിക്കാൻ ചന്ദ്രതാരങ്ങളെയും നൽകുന്ന, കടലിനെ ഇളക്കി അലകളെ അലറിക്കുന്ന, സൈന്യങ്ങളുടെ കർത്താവ് എന്ന നാമം ധരിക്കുന്ന, കർത്താവ് അരുളിച്ചെയ്യുന്നു: ഈ നിശ്ചിത സംവിധാനത്തിന് എന്റെ മുൻപിൽ ഇളക്കം വന്നാൽ മാത്രമേ ഇസ്രായേൽ സന്തതി ഒരു ജനതയെന്ന നിലയിൽ എന്റെ മുൻപിൽ നിന്ന് എന്നേക്കുമായി മാഞ്ഞുപോവുകയുള്ളു - കർത്താവരുളിച്ചെയ്യുന്നു. (ജറെമിയാ 31 : 31 - 36)
ആ പ്രവചനത്തിന്റെ പൂർത്തീകരണമാണ് യേശു സ്ഥാപിച്ച പുതിയ ഉടമ്പടിയായ വിശുദ്ധ കുർബാന.
⇒ പഴയനിയമത്തിൽ പെസഹാ കുഞ്ഞാടിനെയാണ് ബലികഴിച്ചത് എന്നാൽ പുതിയ ഉടമ്പടിയുടെ ബലിവസ്തുവായി മിശിഹായെ വിശുദ്ധ പൗലോസ് അവതരിപ്പിക്കുമ്പോൾ പഴയനിയമത്തിലെ പെസഹാ ആചരണത്തിന്റെ വിവിധങ്ങളായ അർത്ഥതലങ്ങൾ കൈവരികയാണ്.
........... എന്തെന്നാൽ, നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയർപ്പിക്കപ്പെട്ടിരിക്കുന്നു. (1 കോറിന്തോസ് 5 : 7)