വിശുദ്ധ യൗസേപ്പ്

07,  Mar   

ഫാ. രാജേഷ് മരുതുക്കുന്നേൽ


മാർ യൗസേപ്പ് ആഗോള സഭയുടെ മധ്യസ്ഥനായി പ്രഖ്യാപിക്കപ്പെട്ടതിന്റെ 150-ാം വർഷത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ വി. യൗസേപ്പിന്റെ വർഷം പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. "പിതൃഹൃദയത്തോടെ" (Patris Corde) എന്ന് ശ്ലൈഹിക പ്രബോധനത്തിലൂടെ, നിശബ്ദനായി ജീവിച്ച ഈ വലിയ വിശുദ്ധന്റെ പുണ്യങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് ഈ വർഷത്തിന് പ്രാരംഭം കുറിച്ചിരിക്കുന്നത്. കത്തോലിക്കാ സഭയുടെ രക്ഷകർത്താവ് - മദ്ധ്യസ്ഥൻ, തൊഴിലാളികളുടെ മദ്ധ്യസ്ഥൻ, വിമോചനത്തിന്റെ രക്ഷാധികാരി, നല്ല മരണത്തിന്റെ മദ്ധ്യസ്ഥൻ തുടങ്ങി പല നാമങ്ങളിൽ വണങ്ങപ്പെടുന്ന യൗസേപ്പിതാവിനോട് ആഴമേറിയ ആദരവും ഭക്തിയുമാണുള്ളത്. കഴിഞ്ഞ നാൽപതോളം വർഷങ്ങളായി പ്രഭാത പ്രാർഥനയ്ക്കുശേഷം പത്തൊമ്പതാം നൂറ്റാണ്ടിൽ ഫ്രഞ്ച് ഭാഷയിൽ രചിക്കപ്പെട്ട യൗസേപ്പിതാവിനോടുള്ള ഒരു പ്രാർത്ഥന, ഫ്രാൻസിസ് മാർപാപ്പ എല്ലാദിവസവും ചൊല്ലാറുണ്ട്. ഈ പ്രാർഥനയിലൂടെ ബുദ്ധിമുട്ടേറിയതും ഗൗരവകരവുമായ അനുദിന പ്രശ്നങ്ങളെ യൗസേപ്പിതാവിന് ഭരമേല്പിച്ചുകൊണ്ടാണ് തന്റെ ദിവസം ആരംഭിക്കുന്നത് തന്നെ. സാന്താ മാർത്തയിലുള്ള തന്റെ ഓഫീസ് മുറിയിൽ, ഉറങ്ങുന്ന യൗസേപ്പിതാവിൻരെ രൂപത്തിനടിയിൽ തന്റെ നിയോഗങ്ങൾ എഴുതിവയ്ക്കുന്ന രീതിയും പരി. പിതാവ് തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ഇപ്രകാരം ഫ്രാൻസിസ് മാർപാപ്പയ്ക്ക് പ്രിയങ്കരനായ, സഭയുടെ കാവൽക്കാരനായ യൗസേപ്പിതാവിനോടുള്ള ആദരവ് വർദ്ധിപ്പിക്കുവാനും അദ്ദേഹത്തിന്റെ ഗുണങ്ങളും ചൈതന്യവും മാതൃകയാക്കുവാനും അതുവഴി അർത്ഥപൂർണ്ണമായ ഒരു ക്രൈസ്തവ ജീവിതത്തിലേക്ക് നമ്മെ ക്ഷണിക്കുവാനുമാണ് "പിതൃഹൃദയത്തോടെ" എന്ന ശ്ലൈഹികലേഖനത്തിലൂടെ പരി. പിതാവ് ലക്ഷ്യം വയ്ക്കുന്നത് പ്രസ്തുത രേഖയെക്കുറിച്ചുള്ള ഒരു ആമുഖ പഠനമാണ് ഈ ലേഖനം. മാർ യൗസേപ്പിന്റെ രക്ഷാകര ചരിത്രത്തിലെ പങ്കും പിതൃത്വത്തിന്റെ ശ്രേഷ്ഠതയുമാണ്  പരിശുദ്ധ പിതാവ് ഈ പ്രബോധനത്തിലൂടെ ചൂണ്ടിക്കാണിക്കുന്നത്.

രക്ഷാകര പദ്ധതിയുടെ സേവകൻ
വിശുദ്ധ യൗസേപ്പിന്റെ അനന്യത രക്ഷാകരപദ്ധതിയിലുള്ള പങ്കിൽ നിന്നാണെന്ന് പരി. പിതാവ് പറയുന്നു. മനുഷ്യാവതാരവും മനുഷ്യരക്ഷയും ഉൾപ്പെടുന്ന രക്ഷാകര പദ്ധതിക്ക് സ്വയം സമർപ്പിച്ച വ്യക്തിയാണ് യൗസേപ്പിതാവ്. "നാഥാൻ പ്രവാചകൻ ദാവീദിന് നൽകിയ പ്രതിജ്ഞ അനുസരിച്ച് (cf. 2 സാമു 7) ദാവീദിന്റെ വംശാവലിയിൽ പിറന്ന (cf. മത്താ 1.16-20) മിശിഹായുടെ പിതാവെന്ന നിലയിലും നസ്രത്തിലെ മറിയത്തിന്റെ പങ്കാളിയെന്ന നിലയിലും പുതിയ നിയമത്തിനും പഴയനിയമത്തിനും ഇടയിലുള്ള കണ്ണിയായി വിശുദ്ധ യൗസേപ്പ് നിൽക്കുന്നു" രക്ഷാകര പദ്ധതിയുടെ നിയതമായ ചരിത്രം ആരംഭിക്കുവാൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട യൗസേപ്പിനെ മനുഷ്യ രക്ഷകനെയും സഹരക്ഷകയെയും ഈ ലോകത്തിൽ രക്ഷിക്കുവാൻ ദൈവം തിരഞ്ഞെടുത്ത "യഥാർത്ഥ അത്ഭുതം" എന്നാണ് ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിക്കുന്നത്. ദൈവഹിതം നിറവേറ്റാനും ഈശോയുടെ രക്ഷാകര പദ്ധതിയിൽ ഭാഗഭാക്കാകുവാനും ദൈവത്താൽ നേരിട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനായി പൂർണ സമർപ്പണം നടത്തിയ യൗസേപ്പിതാവ് രക്ഷാകര പദ്ധതിയുടെ സേവകനാണെന്ന് പരിശുദ്ധ പിതാവ് പറയുന്നു.
മറിയത്തിന്റെ നിഗൂഢമായ ഗർഭധാരണം യൗസേപ്പിതാവിനെ പ്രതിസന്ധിയിലാഴ്ത്തി. ഈ പ്രതിസന്ധിഘട്ടത്തെക്കുറിച്ച് വിശുദ്ധ ജോൺ ക്രിസോസ്റ്റം പറയുന്നത് ഇപ്രകാരമാണ്: "ഗർഭിണിയായ മറിയത്തെ തന്റെ ഭവനത്തിൽ താമസിപ്പിക്കുന്നത് നിയമലംഘനമാണ്, പക്ഷേ അവളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്നു വിചാരണ നടത്തുകയെന്നാൽ കൊല്ലുവാൻ വിട്ടുകൊടുക്കലാണ്. ഇപ്രകാരമുള്ള യാതൊരു പ്രവർത്തിയും ചെയ്യുവാൻ വിശുദ്ധ യൗസേപ്പിന് സാധ്യമല്ല. അതിനാൽ നിയമത്തിന് അതീതമായ തത്വത്താൽ പെരുമാറുവാൻ അദ്ദേഹം തീരുമാനിച്ചു." രക്ഷാകര ചരിത്രം മനസ്സിലാകാതിരുന്നപ്പോൾപോലും മാതാവിന്റെ സൽപ്പേരും ജീവിതാന്തസ്സും കാത്തു പരിപാലിക്കുവാനാണ് ശ്രമിച്ചത്. "നിയമത്തിനതീതമായ തത്വത്താൽ" പെരുമാറുവാൻ തീരുമാനിച്ച അദ്ദേഹത്തിന് ദൈവിക പദ്ധതി സ്വപ്നത്തിലൂടെ ലഭിക്കുമ്പോൾ ദൈവത്തോടുള്ള അനുസരണയാൽ പ്രതിസന്ധികളെ മറികടന്ന് മറിയത്തെ തന്റെ ഭാര്യയായും ഈശോയെ തന്റെ പുത്രനായും ഉപാധികളില്ലാതെ സ്വീകരിക്കുവാനും സ്നേഹിക്കുവാനും സംരക്ഷിക്കുവാനും സാധിച്ചു എന്നതാണ് രക്ഷാകര പദ്ധതിയിൽ യൗസേപ്പിതാവ് നിറവേറ്റിയ ദൗത്യം. അതിനാൽ ദൈവഹിതം നിറവേറ്റാൻ ഈശോ പഠിച്ചത് യൗസേപ്പിതാവിൽ നിന്നാണെന്ന് പരിശുദ്ധ പിതാവ് പറയുന്നു. രക്ഷാകര ചരിത്രത്തിൽ പങ്കാളിയാകുവാൻ സാധിച്ചത്, തന്നെയും മകനെയും സംരക്ഷിക്കുകയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്ത യൗസേപ്പിനെ മറിയം വിശ്വസിച്ചത് പോലെ, ദൈവവും വിശ്വസിച്ചതിനാലാണെന്ന് ഈ ശ്ലൈഹികലേഖനം നമ്മെ പഠിപ്പിക്കുന്നു. രക്ഷാകര പദ്ധതിയിലെ പങ്കാളിത്തമായിരുന്നു യൗസേപ്പിതാവിന്റെ തൊഴിൽ പോലുമെന്നാണ് ഫ്രാൻസിസ് മാർപാപ്പ പറയുന്നത്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിലും പരീക്ഷണങ്ങളിലും ദൈവം കാണിച്ചുതരുന്ന വഴിയെ നടക്കുവാൻ ഒട്ടും പരിഭ്രമിക്കേണ്ടതില്ല എന്നാണ് മാർ യൗസേപ്പ് നൽകുന്ന പാഠം. പരിശുദ്ധ കന്യാമറിയത്തിന്റെ ഭാര്യ എന്ന നിലയിലും ഈശോയുടെ വളർത്തു പിതാവ് എന്ന നിലയിലുമുള്ള രക്ഷാകര ചരിത്രത്തിലെ ശ്രേഷ്ഠമായ പങ്കാളിത്തമാണ് വിശുദ്ധ യൗസേപ്പിനെ നമ്മുടെ പിതാവാക്കുന്നത്.

സ്വർഗ്ഗസ്ഥനായ പിതാവിന്റെ നിഴൽ
'പാത്രിസ്‌ കോർദേ'' എന്ന ശ്ലൈഹിക ലേഖനം നമ്മുടെ മുമ്പിൽ അനാവരണം ചെയ്യുന്നത് യൗസേപ്പിതാവിന്റെ പിതൃ ഹൃദയത്തെയാണ്. "യൗസേപ്പിന്റെ മകൻ" എന്ന് നാല് സുവിശേഷങ്ങളിലും വിശേഷിപ്പിക്കപ്പെടുന്ന ഈശോയെ, യൗസേപ്പ് സ്നേഹിച്ചത് ഹൃദയത്തോടെയാണ് എന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഈ പ്രബോധനം വി. യൗസേപ്പിൽ നിറഞ്ഞുനിൽക്കുന്ന 7 സ്വഭാവ സവിശേഷതകളാണ് നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്നത്. സ്നേഹനിധിയും വാത്സല്യനിധിയും സ്നേഹസമ്പന്നനും ദൈവഹിതത്തെ അനുസരിക്കുന്നവനും അതിനെ സ്വീകരിക്കുന്നവനും സർഗാത്മക ധൈര്യമുള്ളവരും തൊഴിൽ ചെയ്ത് കുടുംബത്തെ സംരക്ഷിക്കുന്നവനും ഒരിക്കലും കേന്ദ്രസ്ഥാനത്തു വരാതെ നിഴലായി നിന്ന് അസാധ്യ കാര്യങ്ങൾ ചെയ്യുന്ന പിതാവുമാണ് മാർ യൗസേപ്പ്. പിതൃഗുണങ്ങൾ എണ്ണി പറഞ്ഞുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ നമ്മെ പഠിപ്പിക്കുന്നത് യൗസേപിതാവ് ഈശോ വെളിപ്പെടുത്തിയ പിതാവായ ദൈവത്തിന്റെ നിഴലായിരുന്നു എന്നാണ്. ഇതിന്റെ അർത്ഥം, യൗസേപ്പിതാവ് ദൈവാവിഷ്കരണത്തിന്റെ - പിതാവായ ദൈവത്തിന്റെ - ജീവിതവ്യാഖ്യാനമായിരുന്നു എന്നതാണ്. 
എപ്രകാരമാണ് പിതാവായ ദൈവത്തിന്റെ നിഴലായി മാർ യൗസേപ്പ് ജീവിച്ചത്? തന്നെ ദൈവം ഭരമേൽപ്പിച്ച തിരുക്കുടുംബത്തിനായി സ്വന്തം കർമ്മവും ജീവിതവും നൽകിയത് പിതൃഹൃദയത്തിലൂടെയാണ്. ഈശോയെ പ്രായത്തിലും ജ്ഞാനത്തിലും വളർത്തി പൂർണ മനുഷ്യനായി രൂപപ്പെടുത്തി. ഈശോയെ നടക്കുവാൻ പഠിപ്പിച്ച്, പോഷണങ്ങൾ നൽകി, പരിപാലിച്ച്, സംരക്ഷിച്ച്, ഒരിക്കലും തനിച്ചാക്കാതെ വളർത്തിവലുതാക്കി. തന്മൂലം യൗസേപ്പിതാവിൽ ഈശോ ദർശിച്ചത് പിതാവായ ദൈവത്തിന്റെ ആർദ്രസ്നേഹമാണ്. ധൂർത്ത പുത്രന്റെ ഉപമയിലെ സ്നേഹനിധിയായ പിതാവിനെ ഈശോ യൗസേപ്പിതാവിൽ കണ്ടെത്തിയതാണെന്നാണ് പരി. പിതാവ് പറയുന്നത്. അതിനാൽ, "ഏറ്റവും പരിശുദ്ധനായ പിതാവ്" എന്നാണ് യൗസേപ്പിതാവിനെ ഫ്രാൻസിസ് മാർപാപ്പ വിശേഷിപ്പിക്കുന്നത്. സ്വയം ത്യജിക്കുന്നതിൽ മാത്രമല്ല, മറിയത്തിന്റെയും ശിശുവിന്റെയും ജീവിതത്തിൽ മാത്രം ശ്രദ്ധ വച്ച് സ്വയം സമർപ്പിക്കുന്നതിലും ആനന്ദം കണ്ടെത്തി. ദൈവഹിതാനുസരണമുള്ള  ജീവിതമാണ് മാർ യൗസപ്പിന്റെ പിതൃത്വത്തിന്റെ കാതൽ.
ഈശോയുടെ പിതാവായി സ്വയം സമർപ്പിച്ച യൗസേപ്പിതാവ് വിരൽചൂണ്ടുന്നത് മഹത്തരമായ ഒരു പിതൃത്വത്തിലേക്കാണ് - പിതാവായ ദൈവത്തിലേക്ക്. അതിനാലാണ് പുത്രനായ ദൈവത്തിന് ഈ ഭൂമിയിൽ സ്വർഗ്ഗസ്ഥനായ പിതാവിന്റെ നിഴലായിരുന്നു മാർ യൗസേപ്പ് എന്ന് ഫ്രാൻസിസ് മാർപാപ്പ പഠിപ്പിക്കുന്നത്. ദൈവപുത്രനായ ഈശോയുമായുള്ള അഭേദ്യമായ ബന്ധമാണ് യൗസേപ്പിതാവിനെ ദൈവപിതാവിന്റെ നിഴൽ ആക്കിയത്. ചുരുക്കിപ്പറഞ്ഞാൽ, ഈശോയിലൂടെ പൂർണ്ണമായ ദൈവിക വെളിപാടിന്റെ - വെളിപ്പെടുത്തപ്പെട്ട ദൈവനാമത്തിന്റെ - വ്യാഖ്യാനമായാണ് ഫ്രാൻസിസ് മാർപാപ്പ യൗസേപ്പിതാവിനെ അവതരിപ്പിക്കുന്നത്. തന്മൂലം മാർ യൗസേപ്പ് എന്ന പരിശുദ്ധനായ പിതാവിനുള്ള ഒരു പ്രകീർത്തനമാണ് ഈ ശ്ലൈഹിക പ്രബോധനം.

പിതൃഹൃദയത്തിലെ ഉൾക്കാഴ്ചകൾ
മാർ യൗസേപ്പിന്റെ രക്ഷാകരചരിത്രത്തിലെ പങ്കും പിതൃത്വപുണ്യങ്ങളും അനാവരണം ചെയ്യുന്ന ഈ ലേഖനത്തിൽ നിന്നും  ഉരുത്തിരിയുന്ന രണ്ട് ഉൾക്കാഴ്ചകകളാണ് തുടർന്ന് കാണുന്നത്.


ഒന്നാമതായി, രക്ഷാകര പദ്ധതിയുടെ പ്രത്യേകത, മനുഷ്യ ബലഹീനതയിലൂടെയാണ് അത് യാഥാർത്ഥ്യമാകുന്നത് എന്ന സത്യമാണ്. ദൈവത്തിന്റെ രക്ഷാകരമായ ഇടപെടൽ ബലഹീനരായ മനുഷ്യരിലൂടെയും സംഭവങ്ങളിലൂടെയുമാണ്. മനുഷ്യബലഹീനതയിലൂടെയാണ് ദൈവശക്തി പ്രകടമാകുന്നത്. വിവാഹിതയാകുന്നതിനുമുമ്പ് ഗർഭിണിയായി കാണപ്പെടുന്ന മറിയവും അവളെ സ്വീകരിക്കേണ്ടിവരുന്ന യൗസേപ്പും കാലിത്തൊഴുത്തിൽ ജനിച്ച ഈശോയും ഹെറോദോസിന്റെ ക്രൂരതയിൽ നിന്ന് രക്ഷപ്പെടുന്ന തിരുകുടുംബവുമെല്ലാം രക്ഷാകര ചരിത്രത്തിലെ ദുർബലാവസ്ഥയുടെ നിതാന്തങ്ങളാണ്. ഇതു തന്നെയാണ് സഭയുടേയും, സഭാശുശ്രൂഷകരുടെയും അവസ്ഥ. മറിയത്തെ യഹൂദ നിയമപ്രകാരം കല്ലെറിഞ്ഞു കൊല്ലുവാനുള്ള എല്ലാ സാധ്യതയും ഉണ്ടായിരുന്നിട്ടും, ദൈവഹിതം തിരിച്ചറിയുന്നതിനു മുമ്പ് അവളെ രഹസ്യത്തിൽ ഉപേക്ഷിക്കുവാൻ മാത്രം ചിന്തിക്കുന്ന നീതിമാനായ യൗസേപ്പിതാവിന്റെ ഹൃദയത്തിലെ നന്മ നമുക്ക് ഒരു പാഠമാണ്. സഭയെയും സഭാശുശ്രൂഷകരെയും കല്ലെറിയാൻ വെമ്പൽ കൊള്ളുമ്പോൾ ദൈവഹിതം തിരിച്ചറിയാനുള്ള തുറവി നാം യൗസേപ്പിതാവിൽ നിന്നും സ്വായത്തമാക്കേണ്ടതാണ്. മറ്റുള്ളവർക്കുനേരെ വിരൽ ചൂണ്ടുവാനും  അവരെക്കുറിച്ച് വിധിപറയുവാനുമുള്ള പ്രവണതകളുടെ മദ്ധ്യേ രക്ഷാകര ചരിത്രത്തിലെ വിശുദ്ധ യൗസേപ്പിന്റെ മനോഭാവങ്ങളും ഇടപെടലുകളും വ്യത്യസ്തമായ ഒരു ദർശനമാണ് നൽകുന്നത്. അതോടൊപ്പം, ദൈവത്തിൽ അചഞ്ചലമായി വിശ്വസിച്ചാൽ നമ്മുടെ ബലഹീനമായ അവസ്ഥയിലൂടെയും ദൈവത്തിന്റെ പദ്ധതി നടപ്പിലാകുമെന്നും ജീവിത പരീക്ഷണങ്ങൾക്കിടയിലും ദൈവം കാണിച്ചുതരുന്ന വഴിയേ നടക്കുവാൻ ഒട്ടും മടിക്കേണ്ടതില്ലെന്നും മാർ യൗസേപ്പ് ദൈവശുശ്രൂഷരെയും ഓർമ്മിപ്പിക്കുന്നു.

രണ്ടാമതായി, പരി. അമ്മയെ സഭയുടെ മാതാവായി പരിഗണിക്കുന്നതുപോലെതന്നെ, യൗസേപ്പിതാവ് സഭയുടെ രക്ഷിതാവാണ്.  സഭയിൽ എപ്പോഴും ഉണ്ടായിരിക്കേണ്ട പിതൃഭാവങ്ങളിലേക്കാണ് യൗസേപ്പിന്റെ നിശബ്ദമായ ജീവിതം വിരൽചൂണ്ടുന്നത്. പരി. പിതാവ് പറയുന്നു: "ഈ കാലഘട്ടത്തിൽ ലോകം പിതാക്കൻമാരെ ആവശ്യപ്പെടുന്നുണ്ട്. സ്വന്തം ആവശ്യങ്ങൾക്കും താൽപര്യങ്ങൾക്കും വേണ്ടി മറ്റുള്ളവരുടെ മേൽ അധീശത്വം സ്ഥാപിക്കുന്ന സ്വേച്ഛാധിപതികളെ ലോകത്തിന് ഇന്ന് ആവശ്യമില്ല. സഹായങ്ങൾക്കുവേണ്ടി പാദസേവ ചെയ്യുകയും അടിച്ചമർത്താൻവേണ്ടി സംവദിക്കുകയും ഗുണംകാംക്ഷിച്ചു കാരുണ്യം ചെയ്യുകയും തകർക്കുവാൻവേണ്ടി ഊർജ്ജം സമാഹരിക്കുകയും ചെയ്യുന്നവരെ ലോകത്തിന് ആവശ്യമില്ല". അജപാലന പ്രവർത്തനങ്ങൾ ചിലപ്പോഴെങ്കിലും ഈ പറഞ്ഞ രീതിയിലേക്ക് നീങ്ങുമ്പോൾ, നിസ്വാർത്ഥമായ പിതൃമൂല്യങ്ങൾ സഭയിലും സമൂഹത്തിലും സന്നിവേശിപ്പിക്കാനുള്ള അവസരമാകണം യൗസേപ്പിതാവിന്റെ വർഷാചരണം.

ഉപസംഹാരം
വിശുദ്ധ ഗ്രന്ഥത്തിൽ നിശബ്ദനും നിഴലുമായി നാം കണ്ടുമുട്ടുന്ന മാർ യൗസേപ്പ്, ദൈവഹിതത്തിനു സ്വയം സമർപ്പിച്ചതുമൂലം രക്ഷാകര പദ്ധതിയിൽ അതുല്യമായ സ്ഥാനമുള്ളവനായി. അതോടൊപ്പം, മിശിഹാ വെളിപ്പെടുത്തിയ ദൈവ പിതാവിന്റെ ചിത്രം സ്വജീവിതത്തിലൂടെ നമുക്ക് കാണിച്ചുതന്ന് ദൈവിക വെളിപാടിന്റെ വ്യാഖ്യാനമായി തീർന്നെന്നും സുവിശേഷത്തിലെ യൗസേപ്പിതാവിന്റെ പിതൃഹൃദയഭാവങ്ങൾ ചൂണ്ടികാണിച്ചുതന്ന് പരി. പിതാവ് നമ്മെ ഉദ്ബോധിപ്പിക്കുന്നു. യൗസേപ്പിതാവിനെ സംബന്ധിച്ച് ഈ രണ്ട് ചിന്തകൾ, ഈ വർഷാചരണത്തിന് അർത്ഥം നൽകുന്ന ഉൾക്കാഴ്ചകളിലേക്ക് നമ്മെ നയിക്കുന്നു. ദൈവീക പദ്ധതികളും ദൈവിക ശുശ്രൂഷയുമെല്ലാം ബലഹീനരായ മനുഷ്യരിലൂടെയാണ് നിറവേറ്റപ്പെടുന്നത്. ദൈവീക ശുശ്രൂഷകരെ കുറ്റമാരോപിച്ച് വിചാരണ നടത്തി ഏതുവിധത്തിലും അപമാനം ഉണ്ടാക്കുവാൻ സഭാ​ഗാത്രത്തിലുള്ളവർ തന്നെ വെമ്പൽകൊള്ളുന്ന സമകാലിക ലോകത്ത് മാർ യൗസേപ്പ് നൽകുന്ന മാതൃക ദൈവത്തിലും ദൈവിക പദ്ധതിയിലും വിശ്വസിക്കുന്നവർക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. അതോടൊപ്പം, സഭയുടെ മധ്യസ്ഥനും രക്ഷകർത്താവുമായ യൗസേപ്പിതാവ് സഭയിൽ എപ്പോഴും ഉണ്ടായിരിക്കേണ്ട പിതൃഗുണങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ധൂർത്തപുത്രന്റെ ഉപമയിലെ സ്നേഹനിധിയായ പിതാവിനെ ഈശോ യൗസേപ്പിതാവിൽ നിന്നും കണ്ടുപിടിച്ചതാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറയുമ്പോൾ ഈ കാലഘട്ടത്തിൽ സഭ വിട്ടുവീഴ്ചകളില്ലാതെ കാത്തുസൂക്ഷിക്കേണ്ട കാരുണ്യത്തെയും ആർദ്രതയെയും കരുതലിനെയുമൊക്കെയാണ് പരിശുദ്ധ പിതാവ് ഉദ്ദേശിക്കുന്നത്. മാർ യൗസേപ്പിൽ പ്രകാശപൂരിതമായ ഈ പുണ്യങ്ങൾ വീണ്ടെടുത്ത് പ്രായോഗികമാക്കാൻ പരിശ്രമിക്കുമ്പോൾ ഈശോ വിഭാവനം ചെയ്ത ശുശ്രൂഷകരുടെ - നല്ല സമരക്കാരുടെ - സമൂഹമായി സഭാ​ഗാത്രം പുനർനിർമിക്കപ്പെടും.


Related Articles

സഹവാസം

ലേഖനങ്ങൾ

Contact  : info@amalothbhava.in

Top