സി. മരിയ എംസി
പരിശുദ്ധ അമ്മയോട് വളരെ അടുത്ത് ചേർന്നു നിൽക്കുക. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ദൈവത്തിനു വേണ്ടിയും ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയും മഹത്തായ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. എപ്പോഴും ജപമാല ചൊല്ലാൻ കഴിയാറില്ലെങ്കിലും സദാസമയവും ഞാൻ ഒരു ജപമാല കൈയിൽ കൊണ്ടു നടക്കാറുണ്ട്. ഞാൻ അമ്മയുടെ കരങ്ങളിൽ മുറുകെ പിടിച്ചിരിക്കുകയാണെന്ന് എനിക്ക് അപ്പോഴെല്ലാം ഒരുറപ്പു ലഭിക്കുന്നു’ മദർ തെരേസയും പരിശുദ്ധ കന്യാമറിയവും തമ്മിലുള്ള ഗാഢമായ ബന്ധവും മദറിന്റെ മരിയഭക്തിയും അറിയണമെങ്കിലും നാം മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആരംഭകാലത്തേക്ക് മടങ്ങിപ്പോകണം. 1910 ആഗസ്റ്റ് 26 ന് അൽബേനിയയിലെ സ്‌കോപ്‌ജെ എന്ന സ്ഥലത്താണ് മദർ തെരേസ ജനിച്ചത്. മൂന്നു മക്കളിൽ ഇളയവളായ മദറിന്റെ ആദ്യ പേര് ആഗ്നസ് എന്നായിരുന്നു. ഗാഢമായ വിശ്വാസമുള്ള ഒരു കത്തോലിക്കാ കുടുംബത്തിൽ പിറന്നതിനാൽ ചെറുപ്പം മുതൽക്കേ ദൈവമാതാവിൽ വിശ്വാസമുള്ളവളായിരുന്നു ആഗ്നസ്. അതിന് ശേഷം ലൊറേറ്റോ കോൺവെന്റിൽ ചേർന്നപ്പോൾ ആ ഭക്തി പിന്നെയും വളർന്നു.
1946 സെപ്തംബർ 10 ാം തീയതിയാണ് മദർ യേശുവിന്റെ ദാഹം അനുഭവിച്ചറിഞ്ഞതും പാവങ്ങളിൽ പാവങ്ങൾക്കു വേണ്ടി സേവനം ചെയ്യാൻ തീരുമാനം എടുത്തതും. ആ ദിവസം മദർ ഡാർജീലിംഗിൽ എട്ടു ദിവസത്തെ ധ്യാനത്തിൽ പങ്കെടുക്കുന്നതിനായി പോകുകയായിരുന്നു. ആ യാത്രിയ്ക്കിടയിൽ മദറിന് അസാധാരണമായ ഒരു ക്രിസ്തു അനുഭവം ഉണ്ടായി. വിളിക്കുള്ളിലെ വിളി എന്നറിയപ്പെടുന്ന ആ അനുഭവത്തിൽ നിന്ന് മദർ ഒരു തീരുമാനം എടുത്തു, പാവങ്ങളിൽ പാവങ്ങൾക്കായി സേവനം ചെയ്യണം.
1947 ൽ മദറിന് മൂന്ന് ദർശങ്ങളുണ്ടായി. ആദ്യത്തെ ദർശനത്തിൽ മദർ കണ്ടത് ഒരു വലിയ ജനാവലിയെയാണ്. ഭൗതികമായും ആത്മീയമായും ദരിദ്രരായിരുന്ന അവർ മദറിനോട് സഹായം അഭ്യർത്ഥിക്കുന്നതാണ് കണ്ടത്. രണ്ടാമത്തെ ദർശനത്തിൽ അതേ ജനക്കൂട്ടത്തെ മദർ കണ്ടു. അവരുടെ മദ്ധ്യേ പരിശുദ്ധ മാതാവ് നിന്നിരുന്നു. മദർ അടുത്ത് തന്നെ മുട്ടിൽ നിന്നിരുന്നു. അപ്പോൾ മാതാവ് മദറിനോട് പറഞ്ഞു: ‘അവരെ സംരക്ഷിക്കണം. അവർ എന്റേതാണ്. അവരെ യേശുവിന്റെ പക്കലേക്ക് കൊണ്ടു പോകുക. ഭയപ്പെടേണ്ട… അവരെ ജപമാല ചൊല്ലാൻ പഠിപ്പിക്കുക. കുടുംബമായി ഒരുമിച്ചിരുന്ന് അവർ ജപമാല ചൊല്ലട്ടെ. അവർക്ക് സുഖമാകും. ഭയപ്പെടേണ്ട… യേശുവും ഞാനും നിന്റെയും നിന്റെ കുട്ടികളുടെയും ഒപ്പമുണ്ടാകും…’
മൂന്നാമത്തെ ദർശനത്തിൽ അതേ ജനക്കൂട്ടം അന്ധകാരത്തിലായിരുന്നു. അവർ ദൈവസാന്നിധ്യം അറിയാത്തവരായിരുന്നു. അപ്പോൾ മദർ കണ്ടു, ക്രിസ്തു കുരിശിൽ കിടന്നു കൊണ്ട് പറയുന്നു: എനിക്ക് ദാഹിക്കുന്നു! യേശുവിന്റെ കുരിശിന്റെ മുമ്പിൽ പരിശുദ്ധ അമ്മ നിന്നിരുന്നു. യേശു മദർ തെരേസയോട് പറഞ്ഞു: ‘ഞാനും എന്റെ അമ്മയും നിന്നോട് ആവശ്യപ്പെട്ടു, ഇനിയും നീ മടിച്ചു നിൽക്കുമോ? അവരെ നീ ശുശ്രൂഷിക്കില്ലേ? എന്റെ അടുക്കലേക്ക് അവരെ കൊണ്ടുവരില്ലേ?’ അപ്പോൾ മദറിന് ഒരു കാര്യം മനസ്സിലായി. യേശുവിന്റെ ദാഹം ശാരീരികമായ ദാഹമല്ല. ഓരോ മനുഷ്യാത്മാവുമായും ഒന്നാകുവാനുള്ള യേശുവിന്റെ ആന്തരിക ദാഹമാണത് എന്ന്. യേശു ആത്മാക്കൾക്കു വേണ്ടിയാണ് ദാഹിക്കുന്നതെന്ന് മദർ അറിഞ്ഞു.
ദൈവഹിതം എന്തെന്നറിഞ്ഞ മദർ അധികാരികളുടെ അനുവാദത്തോടെ ലൊറേറ്റോ കോൺവെന്റ് വിട്ടു. എന്നാൽ എല്ലാം എങ്ങനെ സംഭവിക്കുമെന്ന് മദറിന് അന്ന് അറിയില്ലായിരുന്നു. കോൺവെന്റിലെ സുരക്ഷിതത്വം ഉപേക്ഷിച്ച്, മദർ കൊൽക്കത്തയിലെ ചേരിപ്രദേശത്തേക്ക് യാത്രയായി. വെറും അഞ്ചുരൂപ മാത്രമായിരുന്നു അന്ന് മദറിന്റെ കൈമുതൽ. എല്ലാം മദർ പരിശുദ്ധ മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിച്ചു. ദൈവപരിപാലനയിൽ ആശ്രയിച്ചു. മദർ തന്നെത്തന്നെയും തന്റെ സൊസൈറ്റിയും പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിച്ചു. മറിയത്തിന്റെ മാതൃക അനുസരിച്ച് മദർ എല്ലാം ദൈവത്തിന് സമർപ്പിച്ചു.
മദറിന്റെ മരണശേഷവും ഞങ്ങൾ അതേ അരൂപിയിൽ തുടരുന്നു. ദൈവത്തിന്റെ അമൂല്യരായ മക്കളാണ് നിങ്ങളെല്ലാവരും എന്നും നമുക്ക് യേശുവിന്റെ അമ്മയായ പരിശുദ്ധ മറിയം മാതാവായുണ്ടെന്നും ഞങ്ങൾ പാവങ്ങളോടും പരിത്യക്തരോടും പറഞ്ഞു കൊടുക്കുന്നു. ഞങ്ങളുടെ പ്രഭാത പ്രാർത്ഥനകളിൽ ഞങ്ങൾ പ്രാർത്ഥിക്കുന്നത് ഇങ്ങനെയാണ്: ഓ, ദൈവമാതാവേ, അവിടുത്തെ അനുഗ്രഹം ഞങ്ങൾക്കു തരേണമേ. പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയം വഴി ഞങ്ങൾക്കു ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും ഞങ്ങൾ ദൈവത്തിന് നന്ദി അർപ്പിക്കുന്നു. ഞങ്ങളെ അവിടുത്തെ വിമല ഹൃദയത്തിനുള്ളിൽ കാത്തു കൊള്ളണമേ എന്നും ഞങ്ങൾ പ്രാർത്ഥിക്കുന്നു.
ഒന്നും ചെയ്യാതെയുമിരിക്കൂ
സഭ ഒരു മാർഗ്ഗമാണ്
മാർപ്പാപ്പയുടെ കുമ്പസാരം
മാർ തോമ്മാ ക്രിസ്ത്യാനികളുടെ നോമ്പ്