റവ. ഫാ. ജോസഫ് പുത്തൻപുരക്കൽ
മനുഷ്യന്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും ത്യാഗം അനുഷ്ഠിക്കുന്നവനാണ്. ഒത്തിരി സുഖങ്ങളുമായി ഓടി നടക്കുമ്പോള്‍ ചിലപ്പോഴെക്കെ അതു ത്യജിക്കുവാനും നമുക്കു തോന്നും. ഓരോരോ കാലഘട്ടത്തില്‍ അതിനുള്ള സാമൂഹ്യസംവിധാനങ്ങളുമുണ്ടാകും. ലോകത്തിലുള്ള സകലമതങ്ങളിലും നോമ്പും ഉപവാസവും ഉണ്ട്. ശരീരത്തിന്‍റെ ശുദ്ധീകരണത്തിനും മനസ്സിന്‍റെ ബലത്തിനും ദൈവവുമായുള്ള അടുപ്പത്തിനുമായാണ് ഇവ പരിശീലിക്കപ്പെടുന്നത്. ഉപവാസം ശരീരത്തെ നിയന്ത്രിക്കുവാനും പ്രാര്‍ത്ഥന ആത്മാവിനെ ബലപ്പെടുത്തുവാനുമായി സഹായിക്കുന്നു. ഒരു കാര്യം തീരുമാനിച്ചാല്‍ അതുപോലെ നടത്താന്‍ പറ്റുമെന്നുള്ള മനഃധൈര്യമാണ് ഉപവാസം നല്കുന്നത്. ക്രൈസ്തവചരിത്രത്തിന്‍റെ താളുകളില്‍ തിളങ്ങിനില്‍ക്കുന്ന പുണ്യമാണ് ഉപവാസം. വലിയ പ്രതിസന്ധികള്‍ക്കിടയില്‍ സഭയെ പിടിച്ചുനിര്‍ത്തിയത് സന്ന്യാസഭവനങ്ങളിലെ ഉപവാസവും അല്മായസമൂഹത്തിന്‍റെ ത്യാഗങ്ങളുമാണ്. ജീവിതത്തില്‍ വന്നുപോകുന്ന താളപ്പിഴകള്‍ക്കിടയില്‍ കടുപ്പമേറിയ ജീവിതചര്യകള്‍ നമ്മെ വിശുദ്ധീകരിക്കും. തിരുസ്സഭയിലെ വലിയ വിശുദ്ധരുടെയെല്ലാം ജീവിതങ്ങളില്‍ ഉപവാസം വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഭാരതത്തിന്‍റെ സ്വാതന്ത്ര്യസമരങ്ങളില്‍ മഹാത്മഗാന്ധിയുടെ ഉപവാസപ്രാര്‍ത്ഥനകള്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചത്. ഭക്ഷണം വെടിഞ്ഞുള്ള പ്രാര്‍ത്ഥനകളില്‍ അത്ഭുതങ്ങള്‍ സംഭവിക്കുന്നു.
കര്‍ത്താവായ യേശു തന്‍റെ ജീവിതം വഴി കാണിച്ചുതന്ന ഒരു മാതൃകയാണ് ഉപവാസം. നാല്പതുരാവും നാല്പതുപകലും തീവ്രമായ ഉപവാസം നടത്തിയപ്പോള്‍ ആത്മാവിന്‍റെ നിറവിലേക്ക് യേശു എത്തിച്ചേര്‍ന്നു. ദൈവാത്മാവിനാല്‍ നിറയുവാനുള്ള വഴിയായി ഉപവാസത്തെ കര്‍ത്താവ് കാണിച്ചുതന്നു. സാത്താനെതിരെയുള്ള ആയുധമായി ഉപവാസത്തെ കാണണം. നമ്മിലെ മനുഷ്യപ്രകൃതി ലോകത്തിന്‍റെ സുഖഭോഗങ്ങളിലേക്ക് നമ്മെ ആകര്‍ഷിക്കും. കല്ലിനെ അപ്പമാക്കി മാറ്റാനുള്ള പ്രവണത വര്‍ദ്ധിച്ചുവരുമ്പോള്‍ ഉപവാസം വഴി ആ പ്രലോഭനത്തെ അതിജീവിക്കാന്‍ കഴിയുമെന്ന് ക്രിസ്തു നമ്മെ പഠിപ്പിച്ചു. തന്‍റെ ഇന്ദ്രിയങ്ങളുടെ മേല്‍ തനിക്കു നിയന്ത്രണം ലഭിക്കുന്നത് ഉപവാസത്തിന്‍റെ ശക്തിയാണെന്ന് ദൈവപുത്രന്‍ തന്നെ നമ്മെ പഠിപ്പിക്കുന്നു.
ഭക്ഷണം ധൂര്‍ത്തടിക്കുന്ന ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. ഭക്ഷ്യസാധനങ്ങളുടെ വിലനിലവാരം പിടിച്ചുനിര്‍ത്തുവാനായി അധികമായുണ്ടാകുന്ന ഫലധാന്യങ്ങള്‍ കത്തിച്ചുകളയുന്ന സമ്പന്നരാജ്യങ്ങളുണ്ട്. ഭക്ഷണസാധനങ്ങളോട് മനുഷ്യന്‍ കാണിക്കുന്ന അനാദരവിനോടുള്ള പരിഹാരം കൂടിയാണ് ഉപവാസം. ഞാന്‍ ഭക്ഷണം വേണ്ടെന്നുവയ്ക്കുമ്പോള്‍ ലോകത്തില്‍ മനുഷ്യന്‍ ഭക്ഷണത്തോടുകാണിക്കുന്ന അനാദരവിനോടുള്ള ഒരു പ്രതിഷേധം കൂടിയാണത്. അമിതമായി ഭക്ഷണം കഴിച്ച് ആസ്വദിക്കുന്ന ഒരു സ്വഭാവം എന്നിലുണ്ടെങ്കില്‍ അതിനുള്ള പരിഹാരമാണ് ഉപവാസം. ഒത്തിരി ഭക്ഷണം കഴിച്ച് സുഖിച്ച നാളുകളെയോര്‍ത്തുള്ള പരിഹാരം എന്‍റെ ശരീരത്തിലെ അനാവശ്യകൊഴുപ്പിനെയകറ്റാനും എന്നെതന്നെ സൗഖ്യപ്പെടുത്തുവാനും ഉപവാസം സഹായിക്കുന്നു. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെയും വിശുദ്ധ ക്ലാരയുടെയുമൊക്കെ ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയ ഘടകമാണ് ഉപവാസം. നിയന്ത്രണം വിട്ട കുതിരയെപ്പോലെ കുതിച്ചുപാഞ്ഞ ശരീരത്തെ കഠിനമായ ഉപവാസം കൊണ്ട് അവര്‍ കീഴടക്കി. അങ്ങനെ കീഴടക്കിയവരുടെ സമൂഹമാണ് സഭയിലെ വിശുദ്ധാത്മാക്കള്‍. ഈ നോമ്പുകാലത്ത് അവരുടെയൊക്കെ ജീവിതമാതൃക നമ്മെയും സ്വാധീനിക്കട്ടെ.
ഒരു നേരത്തെ ഭക്ഷണത്തിനുപോലും വകയില്ലാതെ തളരുന്ന ജനകോടികളുടെ നാടാണ് ഭാരതം. ലോകത്തില്‍ പല സ്ഥലങ്ങളിലും ഭക്ഷണം കിട്ടാതെ മരിക്കുന്നവരുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളിലെത്രയോ ജനങ്ങളാണ് ഭക്ഷണദൗര്‍ലഭ്യം മൂലം മരിക്കുന്നത്. നമ്മള്‍ ഉപവാസമെടുക്കുമ്പോള്‍ അവരോടെല്ലാം നാം താദാത്മ്യം പ്രാപിക്കുകയാണ് ചെയ്യുന്നത്. സകല മനുഷ്യവംശത്തിന്‍റെയും ഭാഗമായി ഞാനും മാറുന്നു. എന്‍റെ ജീവിതാവസ്ഥ എന്തായാലും ഞാന്‍ മറ്റുള്ളവരോട് ചേര്‍ന്നുനില്ക്കുന്ന അവസ്ഥ ഉപവാസം എന്നില്‍ ജനിപ്പിക്കുന്നു.
നിയന്ത്രണമില്ലാതെ ഓടുന്ന ലോകത്തില്‍ എന്തെങ്കിലുമൊക്കെ നിയന്ത്രണങ്ങള്‍ നമ്മിലുണ്ടാകണം. അമ്പതുനോമ്പിലേക്ക് പ്രവേശിക്കുമ്പോള്‍ ത്യാഗത്തിന്‍റെയും ഉപവാസത്തിന്‍റെയും ഈ ചിന്തകള്‍ നമ്മില്‍ നിറഞ്ഞുനില്ക്കട്ടെ. ചെറുതും വലുതുമായ സഹനങ്ങള്‍ ജീവിതത്തിലുണ്ടാകുമ്പോള്‍ അവയേയും നമുക്കു വിശുദ്ധീകരണവഴികളായി കണ്ടെത്താം. ഓരോ ജീവിതാന്തസ്സിലും ഓരോ വിശുദ്ധിയുടെ വഴികള്‍ ദൈവം വച്ചിട്ടുണ്ട്. അവയെ കണ്ടറിഞ്ഞുമുന്നേറുമ്പോഴാണ് ജീവിതവിജയം സംഭവിക്കുന്നത്. ഓരോ വര്‍ഷവും ചില സമയങ്ങള്‍ ഇങ്ങനെയുള്ളതാണ്. അവയെ ബോധപൂര്‍വ്വം വിനിയോഗിച്ച് ജീവിതവിശുദ്ധി നമുക്കു പ്രാപിക്കാം. ത്യാഗത്തിന്‍റെയും പ്രാര്‍ത്ഥനയുടേതുമായ ഒരു നോമ്പുകാലം നമുക്കു ലഭിക്കട്ടെ.
മെസ്സയാനിക വിരുന്ന്
മുന്‍വിധികള്‍ തെറ്റിച്ച മഹത്വം
ഒന്നും ചെയ്യാതെയുമിരിക്കൂ
സന്ന്യസ ജീവിതം
പെസഹാ കുഞ്ഞാട്