സന്ന്യാസം നാൾ വഴികളിലൂടെ..

22,  Apr   

സന്ന്യാസം നാൾ വഴികളിലൂടെ...

ഭാരതം അവളുടെ ആധ്യാത്മികതയുടെ മിഴിവ് പ്രകടമാക്കുന്നത് സന്യാസത്തിലാണ്. ആർഷഭാരതം വൈവിധ്യമാർന്ന സന്യാസ ജീവിതത്തിന് സാക്ഷ്യം വഹിക്കുന്നു. മഞ്ഞുമൂടിയ ഹിമാലയസാനുക്കളിലും പ്രശാന്ത സുന്ദരമായ സിന്ധു - ഗംഗ തടങ്ങളിലും ഈശ്വരാന്വേഷികളായി കഴിയുന്ന ഋഷിവര്യർ ഭാരതീയ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഒരു അവിഭാജ്യ ഘടകമാണ്. സന്യാസ ത്തോട്ബന്ധപ്പെടുത്തിയല്ലാതെ ഭാരതത്തിൻ്റെ ആത്മാവിനെ കണ്ടെത്താനാവില്ല. ലോക മതങ്ങൾക്കും  ആ ആധ്യാത്മികതയ്ക്കുമുള്ള ഭാരതത്തിൻറെ വലിയ സംഭാവനയാണ് സന്യാസം. പവിത്രമായ ഒരു മൂല്യവും അർത്ഥപൂർണ്ണമായ ഒരു ജീവിതക്രമവുമായിട്ടത്രേ ഭാരതം സന്യാസത്തെ എക്കാലവും കണ്ടിട്ടുള്ളത്. എന്നും ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ മനുഷ്യമനസ്സുകളെ ഹഠാദാകർഷിച്ചുകൊണ്ട് ആശ്രമങ്ങളിലും ഏകാന്ത വനങ്ങളിലും അനേകർ തങ്ങളുടെ ആത്മസാഫല്യം കണ്ടെത്തുന്നു. ക്രൈസ്തവ സന്യാസത്തിന് ആരംഭമിടുന്നത്  ഈജിപ്തിലെ സന്യാസികളാണ്. അവർ ഏകാന്തവാസികളായിരുന്നു. വിശുദ്ധ അന്തോനീസ് ആയിരുന്നു ആദ്യത്തെ ഈ സന്യാസികളുടെ പിതാവ് ഈജിപ്തിൽ നിന്നും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും ലോകത്തിന് മറ്റു ഭാഗങ്ങളിലേക്കും ഇത് വ്യാപിച്ചു. കാലഗതിയിൽ സന്യാസജീവിതവും പരസ്നേഹ പ്രവർത്തനങ്ങളും കോർത്തിണക്കിയ ജീവിതശൈലി ഉടലെടുത്തു. വിശുദ്ധ ബസേലിയസ് ആണ് ഇതിൽ മുഖ്യപങ്ക് വഹിച്ചിരിക്കുന്നത്. സന്യാസജീവിതത്തിൻ്റെ ഈ ആദ്ധ്യാത്മികത്വം കിഴക്കൻ സഭകളിൽ പുഷ്പിക്കുകയും പിന്നീട് പാശ്ചാത്യനാടുകളിലേക്ക് വ്യാപിക്കുകയും ചെയ്തു. തിരുസഭയുടെ ആവശ്യങ്ങൾ നിറവേററുന്നതിനും സമൂഹം നേരിടുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനുമായി വിവിധതരം സന്ന്യാസസഭകൾ രൂപം കൊള്ളുകയുണ്ടായി

സന്ന്യാസത്തിൻ്റെ അന്ത:സത്ത

സുവിശേഷത്തിലെ ക്രിസ്തുവിനെ അടുത്തനുകരിക്കുകയാണ് സന്യാസത്തിൻ്റെ അന്ത:സത്ത. നിൻ്റെ ദേശത്തേയും ബന്ധുക്കളേയും, പിതൃഭവനത്തേയും വിട്ട് ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക (ഉല്പത്തി 12/1) എന്നരുൾചെയ്ത ദൈവത്തിൽ പരിപൂർണ്ണ വിശ്വാസം അർപ്പിച്ചുകൊണ്ടുള്ള ജീവിതം. എന്നേയും എനിക്കുള്ളവയേയും പൂർണ്ണമായും വിട്ടുപേക്ഷിച്ച് മനസ്സിലും ഹൃദയത്തിലും ദൈവത്തോട് ഒട്ടിച്ചേർന്നിരിക്കുന്ന അവസ്ഥ. മനുഷ്യരുടെ സാധാരണ ജീവിത ശൈലിയിൽ നിന്ന് വിഭിന്നമായി ദിവ്യരക്ഷകൻ മനുഷ്യനായി അവതരിച്ചപ്പോൾ സ്വീകരിച്ചതും ശിഷ്യരോട് ഉപദേശിച്ചതുമാണ് ആ ശൈലി. കൂടുതൽ സ്വാതന്ത്ര്യത്തോടെ ക്രിസ്തുവിനെ പിഞ്ചെല്ലാനും അവിടുത്തെ അടുത്തനുഗമിക്കാനുമാണിത്. സഭയുടെ ആരംഭം മുതലേ സുവിശേഷോപദേശങ്ങളനുസരിച്ച് ജീവിച്ചിരുന്ന സ്ത്രീ പുരുഷൻമാർ ഉണ്ടായിരുന്നു അവർ ഓരോരുത്തരും അവർക്ക് ചേർന്നസ്വന്തമായ രീതിയിൽ ദൈവത്തിൻറെ സമർപ്പിക്കപ്പെട്ട ജീവിതം നയിച്ചിരുന്നു. അങ്ങനെ അനേകം സന്യാസം സമൂഹങ്ങൾ വളർന്നുവന്നു. അവയുടെ വൈവിധ്യം വിസ്മയ ജനകമായിരുന്നു

സന്ന്യാസത്തിൻ്റെ സവിശേഷതകൾസന്യാസം ശിഷ്യത്വമാണ്

യേശുവിനെ കൂടുതൽ സ്വാതന്ത്ര്യത്തോടെ അടുത്തനുഗമിക്കാനും അടുത്തനുകരിക്കാനുമുള്ള വിളിയാണ് സന്ന്യാസം. തൻ്റെ പരസ്യ ജീവിതത്തിൻ്റെ തുടക്കത്തിൽ അവിടുന്ന് പലരേയും ശിഷ്യപദം സ്വീകരിക്കാനായി വിളിക്കുന്നുണ്ട്. ചിലരോട് അവിടുന്ന് പറയുന്നു; എല്ലാം ഉപേക്ഷിച്ച് എന്നെ അനുഗമിക്കുക. സർവ്വവും ഉപേക്ഷിക്കണം എന്ന് പറയുമ്പോൾ അത് അവിടുത്തെ സൗഹൃദത്തിലേക്കുള്ള ഒരു വളർച്ചയാണ്. അവിടുത്തെ അടുത്തറിയുകയും ആഴത്തിൽ അനുഭവിക്കുകയും ചെയ്യുന്ന അവസ്ഥ. വ്യവസ്ഥയോട് കൂടിയ ഒരു ശിഷ്യത്വം അവിടെനിന്ന് ആഗ്രഹിക്കുന്നില്ല ഈശോയുടെ വിളി ഒരു അപേക്ഷയോ നിർദ്ദേശമോ ആയിരുന്നില്ല മറിച്ച് വ്യവസ്ഥകൾ ഇല്ലാത്ത ആധികാരികതയോടുകൂടിയുള്ള ഒരു കൽപ്പനയായിരുന്നു 

സന്ന്യാസം ഒരുമയുടെ ഏറ്റുപറച്ചിലാണ്

ഈ ലോകത്തിലെ യേശുവിന്റെ സാന്നിദ്ധ്യത്തിൻ്റെ അടയാളമെന്ന നിലയിൽ സഭയ്ക്ക് ലഭിച്ചിരിക്കുന്ന ദാനമാണ് സന്യാസം. ജോൺപോൾ രണ്ടാമൻ മാർപാപ്പ സമർപ്പിതർക്ക് വേണ്ടി എഴുതിയ രക്ഷയെന്ന ദാനം എന്ന ശ്ലൈഹിക ലേഖനത്തിൽ സമർപ്പിതരെ പ്രത്യേകം അനുമോദിച്ചു കൊണ്ട് പറയുന്നു " പ്രിയ സഹോദരീ സഹോദരങ്ങളെ നിങ്ങളുടെ സ്നേഹത്തിൻ്റെ പ്രത്യേക സാക്ഷ്യമായ നിങ്ങളുടെ പ്രതിഷ്ഠാപനത്തിനും  സുവിശേഷാനു ശാസനത്തോടുള്ള വാഗ്ദാനത്തിനും സഭ നിങ്ങളോട് അതീവ കൃതജ്ഞതയുള്ളവരായിരിക്കുന്നു ". സമർപ്പിത ജീവിതം എന്ന ശ്ലൈഹീക ആഹ്വാനത്തിൽസന്യാസ ജീവിതത്തെ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ തിരുസഭയുടെ ഹൃദയത്തിൽ തന്നെയുള്ള ഒന്നായിട്ടാണ്. സന്ന്യാസ ജീവിതം ഒറ്റപ്പെട്ടതോ പുറമ്പോക്കിൽ ഉള്ളതോ ആയ ഒന്നല്ല പിന്നെയോ സഭയെ മുഴുവൻ ബാധിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. അപ്പസ്തോല നടപടികളിൽ നാം കാണുന്ന  കൂട്ടായ്മ ഇന്ന് ജീവിക്കുന്നത് പ്രധാനമായും സന്യാസനങ്ങളിലാണ്. തങ്ങൾക്കുള്ളത് പൊതുവായി കരുതുകയും പങ്കുവെച്ച് അനുഭവിക്കുകയും ചെയ്യുന്ന ജീവിതശൈലിയാണിത്

സന്ന്യാസം ഇന്ന് നേരിട്ടുന്ന വെല്ലുവിളികൾ

ജീവിതത്തിൻ്റെസകല മണ്ഡലങ്ങളിലും മാറ്റത്തിന്റെ വലിയ കൊടുങ്കാറ്റ് അതിശക്തമായി വീശികൊണ്ടിരിക്കുകയാണ്. ഇത് സന്ന്യാസത്തെയും ഗൗരവമായി മങ്ങലപ്പിക്കുന്നുണ്ട്. വർഷങ്ങൾക്കപ്പുറത്തേക്കൊന്നു തിരിഞ്ഞാൽ മാതാപിതാക്കളും മക്കളും ഗുരുജനങ്ങളു സഹപാഠികളുമൊക്കെ  ഒരു വ്യക്തിയുടെ ജീവിതവളർച്ചയിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളിൽ നിന്നെല്ലാം വ്യക്തികൾ വഴുതിമാറിയിരിക്കുന്നു. മറ്റുള്ളവരുടെ നിയന്ത്രണമോ സ്വാധീനമോ ഒന്നും ആരും ഇന്ന് ഇഷ്ടപ്പെടുന്നില്ല മറിച്ച് ,ഫേസ്ബുക്ക്, സ്മാർട്ട്ഫോൺ ,രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എന്നിവിടങ്ങളിലേക്കാണ് എല്ലാവരും ഇന്ന് ആകർഷിക്കപ്പെടുന്നത്. മനുഷ്യ ജീവിതത്തെ നിയന്ത്രിക്കാനും തകിടം മറിക്കാനും മാധ്യമങ്ങൾക്ക് കഴിയുന്നു.നവമാധ്യമങ്ങൾ നന്മയ്ക്കൊപ്പം തിന്മയുടെ പെരുമഴ പെയ്യിക്കുന്നു

ഇന്നത്തെ അണു കുടുംബം കുട്ടികളെയും മുതിർന്നവരെയും സ്വാർത്ഥ മോഹികളും സുഖപ്രയരും അലസൻമാരുമാക്കി മാറ്റുന്നു.  കൂട്ടുകെട്ടുകൾ നന്മയിലേക്ക് എന്നതിലുപരി മയക്കുമരുന്നുകളിലേക്കും അവിഹിത ബന്ധങ്ങളിലേക്കും എത്തിക്കുന്നു .ചിലരിൽ കുറ്റകൃത്യങ്ങൾക്കുള്ള വാസനമുളയെടുക്കുന്നു . ഇത്തരം കുടുംബങ്ങളിൽ നിന്നുമാണ് കുറേപേരെങ്കിലുമൊക്കെ സന്യാസത്തിലേക്ക് കടന്നു വരികയും അവിടെ ധാർമ്മിക അധ:പതനംസംഭവിക്കുകയും ചെയ്യുന്നു. വിശ്വാസത്തിനു മങ്ങലേറ്റാൽ ധാർമ്മിക അധ:പതനം തീർച്ചയാണ്. കർത്താവായ ഈശോമിശിഹായുടെ പ്രബോധനത്തിലും മാതൃകയിലും വേരൂന്നിയതാണ് സന്ന്യാസജീവിതം. ആയതിനാൽ കാലഘട്ടത്തിന്റെ വെല്ലുവിളികളെ വീരോചിതമായി നേരിടാനും ക്രിയാത്മകമായി പ്രവർത്തിക്കാനും സമർപ്പിതർക്കുള്ള കടമ തിരിച്ചറിഞ്ഞ് അരൂപിയിൽ നയിക്കപ്പെടുവാൻ കഴിയട്ടെ.


Related Articles

Contact  : info@amalothbhava.in

Top