മാഡ്രിഡ്: രോഗം സമ്മാനിച്ച വേദനയും ക്ലേശങ്ങളും ആത്മാക്കളുടെ രക്ഷയ്ക്കായി സമർപ്പിച്ച് പുഞ്ചിരിയോടെ ഈശോയുടെ സന്നിധിയിലേക്ക് യാത്രയായ 10 വയസുകാരിയുടെ വിശ്വാസസാക്ഷ്യം ശ്രദ്ധേയമാകുന്നു. ബ്രയിൻ ട്യൂമർ ബാധിതയായി മരണത്തോട് മല്ലടിക്കുമ്പോഴും ക്രിസ്തുവിന്റെ മിഷണറിയാകണമെന്ന ചിരകാലാഭിലാഷം പൂർത്തിയാക്കി ഇഹലോകവാസം വെടിഞ്ഞ ആ കുഞ്ഞു മാലാഖയുടെ പേര്, തെരേസിറ്റ കാസ്റ്റിലോ ഡി ഡീഗോ. ഇക്കഴിഞ്ഞ മാർച്ച് ഏഴിനായിരുന്നു ആ സ്പാനിഷ് കുരുന്നിന്റെ വിയോഗം.
മരണക്കിടക്കയിൽവെച്ച് രോഗീലേപനം നൽകുകയും അവളുടെ വിശ്വാസതീക്ഷ്ണത തിരിച്ചറിഞ്ഞ് മിഷണറിയാകാനുള്ള അവളുടെ ആഗ്രഹം സഫലമാക്കുകയും ചെയ്ത മാഡ്രിഡ് അതിരൂപതയിലെ എപ്പിസ്‌ക്കോപ്പൽ വികാർ ഫാ. എയ്ഞ്ചൽ കമിനോ ലാമെല വിശ്വാസികൾക്ക് അയച്ച കത്തിലൂടെയാണ് ഈ വിശ്വാസസാക്ഷ്യം പുറംലോകം അറിഞ്ഞത്. ശാരീരികമായ അസ്വസ്ഥതകളിലും പുഞ്ചിരിച്ചുകൊണ്ട് കുരിശിനെ വാരിപ്പുണർന്ന ആ കുഞ്ഞുമിഷണറി, ആ വൈദികനെ അത്രമാത്രം അത്ഭുതപ്പെടുത്തി എന്നതാണ് വാസ്തവം.
ജന്മംകൊണ്ട് സൈബീരിയക്കാരിയാണ് തെരേസിറ്റ. മൂന്നാം വയസിൽ സ്പാനിഷ് ദമ്പതികൾ അവളെ ദത്തെടുക്കുകയായിരുന്നു. മറ്റ് കുട്ടികളെപ്പോലെ കളിചിരികളുമായി നടക്കുമ്പോഴും വിശ്വാസജീവിതത്തിന് തെരേസിറ്റ നൽകിയ പ്രാധാന്യം അനുകരണീയമായിരുന്നു. അവളുടെ വളർച്ചയ്‌ക്കൊപ്പം ആ വിശ്വാസവും വളർന്നു. അനുദിനം ദിവ്യബലിക്ക് അണയുന്നതിലും അവൾ ശ്രദ്ധാലുവായി. എല്ലാം സന്തോഷകരമാംവിധം മുന്നേറുന്ന ആ ദിനങ്ങളിലാണ്, ആ വിവരം ഒരു ഇടിത്തീപോലെ ആ കുടുംബം അറിഞ്ഞത്: അപകടകരമായ ബ്രെയിൻ ട്യൂമർ ബാധിതയാണ് തെരേസിറ്റ.
അസഹനീയമായ തലവേദനയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കപ്പെട്ടത്. ആദ്യഘട്ടമായിരുന്നതിനാൽ ശസ്ത്രക്രിയയിലൂടെയും കീമോ തെറാപ്പിയിലൂടെയും അതിനെ നീക്കം ചെയ്യാനായി. എന്നാൽ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. 2018ൽ ട്യൂമർ പിന്നെയും തലപൊക്കി. ഇത്തവണ സ്ഥിതി ഗുരുതരമായിരുന്നു. കുടുംബാംഗങ്ങളുടെയെല്ലാം മുഖം സങ്കടപൂർണമായെങ്കിലും തെരേസിറ്റ പുഞ്ചിരിച്ചുകൊണ്ട് രോഗാവസ്ഥയെ നേരിട്ടു.
രോഗവും ചികിത്‌സയും സമ്മാനിക്കുന്ന വേദനകളെ ലോകത്തിന്റെ വിശുദ്ധീകരണത്തിനായി സമർപ്പിക്കാനുള്ള ആത്മീയവളർച്ച ആ കുഞ്ഞ് ആർജിച്ചിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല അത്. രോഗത്തിന്റെ രണ്ടാം ഘട്ടത്തെയും ഒരു പരിധിവരെ നേരിട്ടെങ്കിലും അസഹനീയമായ തലവേദനയെ തുടർന്ന് 2021 ജനുവരിയിൽ ആശുപത്രിയിൽ പ്രവേശിതയായി. ആ ദിനങ്ങളിൽതന്നെ ശസ്ത്രക്രിയ തീരുമാനിച്ചെങ്കിലും രോഗാവസ്ഥ മൂർച്ഛിച്ചത്തോടെ ശസ്ത്രക്രിയ അസാധ്യമാകുകയായിരുന്നു. ഇതിനിടെ കോവിഡ് ബാധിതയുമായി അവൾ.
മരണം തൊട്ടടുത്തെത്തി എന്ന് തിരിച്ചറിഞ്ഞപ്പോഴും അവൾക്ക് ഒരൊറ്റ ആഗ്രമേ മാതാപിതാക്കളോട് പറയാനുണ്ടായിരുന്നുള്ളൂ: ‘എനിക്ക് ഈശോയ്ക്കായി ജീവിക്കണം, എനിക്കൊരു മിഷനറിയാകണം.’ വിശുദ്ധ കുർബാനയുടെ അപ്പസ്‌തോലനായി വിശേഷിപ്പിക്കപ്പെടുന്ന, കാൻസർ രോഗത്തിന്റെ സഹനങ്ങൾ തിരുസഭയ്ക്കായി സമർപ്പിച്ച വാഴ്ത്തപ്പെട്ട കാർലോ അക്യുറ്റിസിന്റെ വിശ്വാസതീക്ഷ്ണതയെ ആദരിച്ച അവളും തന്റെ സഹനങ്ങൾ ആത്മാക്കളുടെ രക്ഷയ്ക്കായി സമർപ്പിക്കുകയായിരുന്നു. ആ ആഗ്രഹം അവൾ അമ്മയോട് വെളിപ്പെടുത്തി: ‘ഞാൻ എന്റെ വേദനകളെല്ലാം രോഗബാധിതർക്കും വൈദികർക്കും വേണ്ടി സമർപ്പിക്കുന്നു.’
അവസാന നിമിഷങ്ങളിൽ വെള്ളം പോലും ഇറക്കാനാകാത്ത സ്ഥിതിയിലായിരുന്നു അവൾ. രോഗീലേപനം നൽകാനെത്തിയ ഫാ. എയ്ഞ്ചലിനെ അത്ഭുതപ്പെടുത്തുന്നതായിരുന്നു അവളുടെ പുഞ്ചിരിക്കുന്ന മുഖവും അവൾ പങ്കുവെച്ച ആഗ്രഹവും: ‘എനിക്ക് മിഷനറിയാകണം.’ രോഗീലേപനം നൽകിയശേഷം, ‘ഈ നിമിഷം മുതൽ നീ മിഷനറിയാണ്. അതിന്റെ അടയാളങ്ങളായ മിഷണറിക്കുരിശും സർട്ടിഫിക്കറ്റുമായി ഞാൻ മടങ്ങിവരും,’ എന്ന വാക്കുകളോടെ യാത്രയായ അദ്ദേഹം വൈകിട്ടുതന്നെ തിരിച്ചെത്തി രൂപതയുടെ അനുമതിപത്രവും മിഷണറിക്കുരിശും സമ്മാനിക്കാൻ.
ആ സർട്ടിഫിക്കറ്റ് മാറോട് ചേർത്ത അവളുടെ ആഗ്രഹപ്രകാരം ആ മിഷണറിക്കുരിശ് കട്ടിലിന് അഭിമുഖമായി സ്ഥാപിച്ചുനൽകി. കുരിശിലെ നാഥനോട് ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിച്ചുകൊണ്ടുതന്നെയായിരുന്നു അവളുടെ സ്വർഗീയയാത്രയുടെ ആരംഭം. അതെ, നിസാര കാര്യങ്ങളെപ്രതി ദൈവത്തോട് മറുതലിക്കുന്ന സഹോദരങ്ങളോട് വിദ്വേഷം പുലർത്തുന്ന സകലരോടും ആ കുഞ്ഞു മാലാഖ പറയാതെ പറയുന്നത് വലിയൊരു സുവിശേഷമാണ്: ഈ ലോകജീവിതത്തിൽ ക്രിസ്തുസ്‌നേഹത്തേക്കാൾ വലുതായി നമുക്ക് ഒന്നും നേടാനില്ല, ക്രിസ്തുസ്‌നേഹത്തേക്കാൾ വലുതായി നമുക്ക് മറ്റൊന്നും നൽകാനുമില്ല