ബാല്യം ഭാവി ജീവിതത്തിൻറെ കണ്ണാടി 

27,  Jun   

ബാല്യം ഭാവി ജീവിതത്തിൻറെ കണ്ണാടി 

യടുത്ത ദിവസം പ്ലേ സ്കൂളിലേക്ക് അഡ്മിഷൻ എടുക്കുന്നതിനായി ഒരു പെൺകുട്ടിയുമായി അവളുടെ അച്ഛനും അമ്മയും സ്കൂളിലെത്തി. അത്യാവശൃം പേരും ഊരും ഒക്കെ ചോദിച്ച ശേഷം അവരുടെ ജോലി, തറവാട് എന്നിവയൊക്കെ സംസാര വിഷയമായി. കുട്ടിയിൽ നിന്ന് ശ്രദ്ധ മാറിയപ്പോൾ അവളുടെ മുഖഭാവം മാറുന്നത് എനിക്കു കാണാമായിരുന്നു. ഞാൻ അവളോട് കുശലം പറയും പോലെ നമുക്ക് കളിക്കാൻ പോയാലോ എന്നു ചോദിച്ച മാത്രയിൽ മുഖത്ത് പ്രസരിപ്പും കൂടാതെ സമ്മതവും സ്ഫുരിക്കുന്നത് ഞാൻ കണ്ടു.അപ്പോൾ തന്നെ നീട്ടിയ എൻറെ കൈവിരൽ തുമ്പിലേയ്ക്ക് അവൾ ചേർത്തുപിടിച്ചു. വരാന്തയിലേക്ക് ഇറങ്ങി നിന്നിട്ട് തൊട്ടുമുകളിലുള്ള 10 സ്റ്റെപ്പിനു മുകളിൽ അവളെ കൊണ്ട് ചെന്നാക്കിയിട്ട് ഞാൻ താഴെ നിന്ന് നോക്കുമ്പോൾ ഇറങ്ങി വരൂ എന്നു പറഞ്ഞു. ഉം  ഉം എന്നുപറഞ്ഞ് ഒന്നു വന്നു, രണ്ടു വന്നു ,മൂന്നു വന്നു, പിന്നെ , ഒന്നൂടെ ,ഒന്നൂടെ എന്നു പറഞ്ഞു അവൾ കുറെ പ്രാവശ്യം സ്റ്റെപ്പ് കയറി ഇറങ്ങി വന്നു. ആ കുഞ്ഞിക്കാലുകൾ ചേർത്തുവച്ച് കയറ്റവും ഇറക്കവും ആസ്വദിച്ച് ഞാൻ അവിടെ നിന്നപ്പോൾ കുട്ടിക്ക് നിമിഷങ്ങൾക്കുള്ളിൽ കിട്ടുന്നത് എന്തൊക്കെ എന്ന് ഊഹിക്കാമോ? കുട്ടിക്ക് സ്കൂളിനോടുള്ള അധ്യാപകരോടുള്ള അപരിചിതരോടുള്ള ഭയം ഞൊടിയിടയിൽ ഇല്ലാതായി. കൂടാതെ ഉള്ളിൽ നിറഞ്ഞ ഉത്സാഹം. ഒരു വലിയ കാര്യം ചെയ്തുവെന്ന ആത്മസംതൃപ്തി. എണ്ണിപ്പറഞ്ഞാൽ ഒരു നൂറുകൂട്ടം കാര്യങ്ങളെങ്കിലും അവൾ അവളുടെ ജീവിതത്തിൽ അഭിമുഖീകരിച്ചു കഴിഞ്ഞു .

 

മാതാപിതാക്കളുടെ കരുതൽ

മാതാപിതാക്കൾ ഏറെ കരുതലോടെ ശ്രദ്ധയോടെ കുട്ടിയെ യഥാസമയം വീക്ഷിക്കുകയും കരുതൽനൽകുകയും ചെയ്യതാൽ ഓരോ കുട്ടിയും  നിമിഷങ്ങൾക്കുള്ളിൽ പുരോഗമിച്ചുകൊണ്ടിരിക്കും. പൂ വിരിയും പോലുള്ള ഒരു പ്രതിഭാസം തന്നെയാണ് കുട്ടിയുടെ ജീവിതവും. ജനിച്ച നിമിഷം മുതൽ കുട്ടി സ്വയമേ ചെയ്യേണ്ട പല കാര്യങ്ങളുണ്ട്. അവയിൽ എല്ലാം മാതാപിതാക്കൾ കുട്ടിയുടെ കൈയും കാലും മനസ്സുമായി വർത്തിച്ച് അവരുടെ സ്ഥാനത്ത് സർവ്വ നിയന്ത്രണവും ഏറ്റെടുക്കുമ്പോൾ കുട്ടിയുടെ സ്വാഭാവികത ചോർന്നുപോകും. 'ഹെലികോപ്റ്റർ പേരെന്റിങ്ങി'ൽ നമ്മൾ വിചാരിക്കുന്ന സമയത്ത് കുട്ടിക്ക് കാര്യശേഷി വരാതിരിക്കുന്നു എന്ന് കണ്ടു നമ്മുടെ സമയപരിധിക്കുള്ളിൽ നിന്ന് കുട്ടിയുടെ സർഗ്ഗശേഷി മുഴുവനും അപഹരിച്ചെടുക്കുന്ന പ്രവണതയല്ലേ? ഇത് ബോധപൂർവ്വം മാതാപിതാക്കൾ ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ അവരുടെ അടുത്ത് നാം കൂടുതൽ സമയം ചെലവഴിക്കേണ്ടി വരും. അത് നല്ല താല്പര്യത്തോടെയും തികഞ്ഞ ശ്രദ്ധയോടും കൂടിയാണെങ്കിൽ കുട്ടി സകലത്തിലും നല്ല മികവോടെ വളരും. ഓരോ സാഹചര്യത്തോടും കുട്ടിക്കുള്ള റെസ്പോൺസ് നാം കാണുകയും അതിൻറെതായ സവിശേഷകൾ ഓരോന്നോരോന്നായി എടുത്തുപറഞ്ഞ് അതിന്റേതായ അംഗീകാരം യഥാവിധി കുട്ടിക്ക് നൽകി അവ കൂടുതൽ ആഴപ്പെടുത്താനും സാധിക്കണം. എന്തിനേ ശ്രദ്ധിക്കുന്നുവോ അവ വളരുന്നു, എന്തിനെ അവഗണിക്കുന്നുവോ അവ തളരുന്നു എന്ന പ്രമാണം ഇവിടെ അന്വർത്ഥമാകുന്നു.

തിരുത്തലുകൾ പ്രോത്സാഹനങ്ങൾ 

രഞ്ഞു വാശിപിടിച്ചു കാര്യസാധ്യത നേടുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം അതൊരു ശീലമായി കഴിഞ്ഞാൽ ജീവിതത്തിൽ ഉടനീളം ഇത് വളരെ ഗൗരവത്തോടെ തല ഉയർത്തി നിൽക്കും. ഇപ്രകാരം ഒരു ശൈലി കുട്ടി ആവർത്തിക്കാൻ ഇടവരാത്ത വിധം അത് കാര്യമായി ശ്രദ്ധിക്കാതിരിക്കുക. കുട്ടി കാണിക്കുന്ന സമചിത്തത, ശാന്തത, മറ്റുള്ളവരോട് ഉള്ള പരിഗണന, ലാളിത്യം, ഇവയൊക്കെ വാനോളം പുകഴ്ത്തുക.  തെറ്റുതിരുത്തലുകൾക്ക് പ്രാധാന്യം കൊടുക്കുന്നില്ലെങ്കിലും അരുതുകളുടെ ഒരു നീണ്ട ശൃംഖല കുട്ടികളുടെ മുമ്പിൽ നിരത്തുക ശീലമാക്കിയ മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അത് നിർത്താത്ത പക്ഷം തികച്ചും മർക്കടമുഷ്ടിയുള്ള യുവത്വത്തെയും കൗമാരത്തെയും ഒക്കെ ഭീതിയോടെ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.  കാര്യങ്ങൾ തികച്ചും ലളിതമാക്കിയാൽ അത്യാവശ്യ സപ്പോർട്ട് കുട്ടികൾക്ക് കൊടുത്ത് അവരവരുടേതായ ജീവിതശൈലിയിൽ (ദൈവികമാനുഷിക പരിഗണനോടുകൂടിയത് ) അവർ ആയിരിക്കും വിധം അംഗീകരിച്ചാൽ അവർ നല്ലത് സാംശീകരിച്ചെടുക്കും

പരസ്പര അംഗീകാരം 

 രസ്പര അംഗീകാരത്തിൻറെ, വിധേയത്വത്തിന്റെ, സംസാരശൈലികളും, സന്തോഷത്തിന്റെ അലയടികളും ഒക്കെയാണ് ഒരു ഭവനത്തിനുള്ളിൽ നിന്ന് ഒരു കുഞ്ഞ് കണ്ടും, കേട്ടും, അറിഞ്ഞും, അനുഭവിച്ചും വളരുന്നതെങ്കിൽ കുഞ്ഞിൻറെ മനോമുകരത്തിലും കുട്ടിയെ ചുറ്റിപ്പറ്റിയുള്ള സകല കാര്യത്തിലും ഇത് തെളിവാകും.  പ്രധാനമായി അപ്പൻ അമ്മയെയും, അമ്മ അപ്പനേയും, ഇരുവരും വൃദ്ധരായ മാതാപിതാക്കളെയും, ഒക്കെ തുറന്ന സമീപനത്തോടെ, തികഞ്ഞ ആദരവോടെകാണുന്ന ശക്തി വിശേഷം ഏതു കുട്ടിക്കും നല്ലതിലേക്ക് മാത്രമായി ഒരു വാതായനം ജീവിതത്തിന് തന്നെ തുറക്കപ്പെട്ടു കഴിഞ്ഞു. ഉത്തരവാദിത്വങ്ങളുടെ പേരിൽ, ജോലി നിർവഹണത്തിന്റെ കനത്ത ഭാരം പേറുന്ന മാതാപിതാക്കൾക്ക് തദനുസൃതമായി ഇരട്ട സ്നേഹവും താൽപര്യവും കുട്ടികളുടെ മേൽ കൊടുക്കാൻ ആവണം . ഇവിടെയൊക്കെ ഏതു പ്രതിസന്ധിയെയും മറികടക്കുവാനായി ഏറ്റവും നല്ല പോംവഴിയാണ്  ആസ്വദിക്കാൻ ഉതകുന്ന നല്ലവാക്കുകൾ. കുട്ടികൾക്ക് വളരെ ലാഘവത്തോടെ ഗ്രഹിക്കാൻ, ഉൾക്കൊള്ളാൻ പറ്റിയ വാക്കുകൾ അപ്പന്റെയും അമ്മയുടെയും വായിൽ നിന്ന് കേട്ടുകേട്ട് അവരുടെ മനോനിലയെ പുഷ്ടിപ്പെടുത്തുംവിധം ഹൃദ്യവും തമാശ കലർന്നതും ശക്തി വിശേഷം ചേർത്തു കൊടുക്കുന്നതുമാണെങ്കിൽ  ആ വ്യക്തിയുടെ വളർച്ച എത്ര സ്വീകാര്യമാകും .
സ്വയം സന്തോഷിക്കാനും മറ്റുള്ളവരെ സന്തോഷിപ്പിക്കാനും അത് ജീവിതത്തിൻറെ ശൈലിയായി രൂപപ്പെടുത്താനും തികച്ചും മാതാപിതാക്കളുടെ തട്ടും തലോടലും അവർക്ക് ബലമേകിക്കൊണ്ടിരിക്കും. 

ഉപസംഹാരം 

രു ക്ലാസിലുള്ള കുട്ടികളെ എല്ലാവരേയും ഉൾക്കൊള്ളാൻ തക്ക വിശാലതയുള്ള കുട്ടികളും രണ്ടോ മൂന്നോ പേരിൽ കൂടുതൽ ആരെയും പറ്റി ചിന്തിക്കാൻ പോലും ആവാത്ത കുട്ടികളും സ്വന്തം പിടിവാശി വിട്ട് കൂട്ടിന് ഒരാളെ പോലും സ്വീകാര്യമല്ലാത്ത കുട്ടികളും ഉണ്ട്.  ഇതെല്ലാം അവരുടെ വ്യക്തിത്വത്തിൻ്റെ വ്യത്യസ്തതകൾ അല്ലേ! മാതാപിതാക്കളും  അധ്യാപകരും സമൂഹവും ഒക്കെ വിശാലതയുടെയും കലർപ്പില്ലാത്ത സ്നേഹത്തിന്റെയും വിട്ടുവീഴ്ച മനോഭാവത്തിന്റെയും ഹൃദയ ലാളിത്യത്തിന്റെയും ഒക്കെ പ്രതിപുരുഷന്മാർ ആകുമ്പോൾ കുട്ടിയും കുട്ടികളും ഒക്കെ നന്മയുടെ നിറകുടങ്ങൾ ആകും . ഇതിൽ വ്യത്യസ്തത കടന്നുകൂടുന്നതനുസരിച്ച് കുഞ്ഞുങ്ങളുടെ ജീവിതത്തിൻറെ തിളക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. നല്ലതിലേയ്ക്ക് ദൃഷ്ടികൾ ഉയർത്തുന്ന, നന്മയെ വാരിപ്പുണരുന്ന, യാഥാർത്ഥ്യത്തിന്റെ പൊരുൾ അംഗീകരിക്കുന്ന ഒരു കുടുംബാന്തരീക്ഷത്തിന്, വിദ്യാലയ സംസ്കാരത്തിന്, സമൂഹ സ്വാധീനത്തിന്, നവലോക നിർമ്മിതി സാധ്യമാകും. "പൂവോ നീ ബാല്യമേ , ബാല്യമോ പൂവനീ കേവലമൊന്നിൻ പേരാകും രണ്ടും" എന്ന് നമ്മുടെ അനശ്വര കവി വള്ളത്തോൾ പാടിയതുപോലെ ഭാവി ജീവിതത്തിൻറെ ചിത്രം പതിഞ്ഞിട്ടുള്ള ഒരു കണ്ണാടിയാണ് ബാല്യം എന്ന ദീർഘവീക്ഷണത്തോടെ നമുക്ക് കുട്ടികളെ പഠിക്കാം ,പരിപാലിക്കാം, ശുശ്രൂഷിക്കാം

 


Related Articles

കൊന്ത

ലേഖനങ്ങൾ

Contact  : info@amalothbhava.in

Top