ഈ പേടകം വാഗ്ദാന പേടകം, സാക്ഷ്യ കൂടാരം, യാഹ് വേയുടെ ഉടമ്പടിയുടെ കൂടാരം, ഏലോമിന്റെ പേടകം എന്നീ പേരുകളിൽ അറിയപ്പെടുന്നു. കരുവേലകമരം കൊണ്ട് നിർമിച്ച ഇതിന് ഒന്നര മുഴം നീളവും, ഒന്നര മുഴം വീതിയും, ഒന്നര മുഴം ഉയരവും ഉണ്ടായിരുന്നു. അകത്തും പുറത്തും സ്വർണ്ണം പൊതിഞ്ഞിരുന്നു. ശുദ്ധമായ സ്വർണ്ണം കൊണ്ട് പേടകത്തിനു മുകളിൽ കൃപാസനം നിർമ്മിച്ചിരുന്നു. കൃപാസനത്തിന് ഹീബ്രുവിൽ 'ഖബറോത്ത്' എന്നാണ് പറഞ്ഞിരുന്നത്. അതിന്റെ അർത്ഥം, 'പാപപരിഹാര സ്ഥലം' എന്നാണ്. മോശയ്ക്ക് ലഭിച്ച കൽപ്പനകൾ എഴുതിയ കല്പ്ലകകൾ, കുറച്ചു മന്ന, അഹറോന്റെ തളിർത്ത വടി എന്നിവ അതിൽ സൂക്ഷിച്ചിരുന്നു.
ഇസ്രായേൽ ജനത കടന്നുപോയ സ്ഥലങ്ങളിലെല്ലാം ഇതും സംവഹിക്കപ്പെട്ടിരുന്നു. ഇസ്രായേൽ ജനതയ്ക്ക് മരുഭൂമിയിൽ സ്ഥലം അന്വേഷിച്ചു കൊണ്ട് വാഗ്ദാനപേടകം അവരുടെ മുൻപേ പോയിരുന്നു. (സംഖ്യ 10 : 33) യുദ്ധത്തിനു പോകുന്ന സൈന്യത്തിനു മുൻപിൽ വാഗ്ദാനപേടകം സംവഹിക്കപ്പെട്ടിരുന്നു.
വാഗ്ദാന ദേശം ലക്ഷ്യമാക്കി നീങ്ങിയിരുന്ന ജനം തങ്ങളുടെ യാത്രയിൽ, ജോർദാൻ നദിയിലൂടെ ആദ്യം കടത്തിയത് വാഗ്ദാന പേടകമായിരുന്നു (ജോഷ്വ 3 : 3) അത് വഹിച്ചിരുന്ന പുരോഹിതന്മാർ നദിയിൽ ഇറങ്ങിയപ്പോൾ വെള്ളം മതിൽ പോലെ നിൽക്കുകയും ഉണങ്ങിയ ഭൂമിയിലൂടെ ഇസ്രായേൽ ജനത മറുകര കടക്കുകയും ചെയ്തു. ജെറീക്കോ കോട്ടയ്ക്കു ചുറ്റും തുടർച്ചയായി ഏഴു ദിവസം വാഗ്ദാനപേടകവും വഹിച്ചുകൊണ്ടു പോയപ്പോൾ കോട്ട നിലം പതിച്ചു. (ജോഷ്വ 6 : 4)
കാനായിൽ ഇസ്രായേൽക്കാർ സ്ഥിരതാമസം ആരംഭിച്ചപ്പോൾ വാഗ്ദാനപേടകം ഷീലോയിൽ സ്ഥാപിച്ചു. (1 സാമുവൽ 1 : 3, 3 : 3) ഇസ്രായേൽ ജനം കർത്താവിന്റെ ഹിതമറിയാൻ വാഗ്ദാനപേടകത്തിന്റെ അടുത്ത് പോയിരുന്നു. (ന്യായാധിപന്മാർ 20 : 27)
ഫിലിസ്ത്യരുമായുള്ള യുദ്ധത്തിൽ വാഗ്ദാനപേടകം മുൻപിൽ വഹിച്ചുവെങ്കിലും അവർ പരാജയപ്പെടുകയും ഫിലിസ്ത്യർ വാഗ്ദാനപേടകം കൈവശപ്പെടുത്തുകയും ചെയ്തു. (1സാമുവൽ 4 : 10 - 11)
ഫിലിസ്ത്യർ വാഗ്ദാന പേടകം ആദ്യം അഷ്ദോദിലേക്ക് കൊണ്ടുപോയി. ദാഗോന്റെ ക്ഷേത്ര പ്രതിഷ്ഠക്കു സമീപം സ്ഥാപിച്ചു. (1സാമുവൽ 5 : 2) ദാഗോന്റെ ബിംബം കർത്താവിന്റെ വാഗ്ദാനപേടകത്തിന് മുൻപിൽ തകർന്നുവീണു. പിന്നീട് വാഗ്ദാന പേടകം ഗത്തിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോൾ അവരുടെ ഇടയിൽ അസ്വസ്ഥതയും പ്ലേഗ് ബാധയും ഉണ്ടായി. അവിടെ നിന്നും വാഗ്ദാന പേടകം എക്രോണിലെത്തിച്ചു. (1 സാമു. 5 : 10) കർത്താവ് അവരെയും ശിക്ഷിക്കുമെന്ന് മനസ്സിലാക്കിയ അവർ അതിനെതിരെ മുറവിളി കൂട്ടി. ഏഴുമാസങ്ങൾക്ക് ശേഷം കർത്താവിന്റെ പേടകം ഫിലിസ്ത്യർ പ്രായശ്ചിത്ത ബലിക്കുള്ള വസ്തുക്കൾക്കൊപ്പം തിരിച്ചയച്ചു. (1 സാമുവൽ 6 : 3) ബത്ഷെമെഷിൽ പേടകം ഇറക്കി വച്ചതിന്റെ സ്മാരകമായി ഒരു വലിയ കല്ല് വയലിൽ സ്ഥാപിച്ചു. (1 സാമുവൽ 6 : 19)
തുടർന്ന് പേടകം അബിനാദാബിന്റെ ഭവനത്തിൽ സൂക്ഷിച്ചു. (1 സാമുവൽ 7 : 1) ദാവീദ് രാജാവാണ് പിന്നീട് അബിനാദാബിന്റെ ഭവനത്തിൽ നിന്ന് അത് ജെറുസലേമിലേക്ക് കൊണ്ടുവന്നത്. കാളവണ്ടിയിൽ കൊണ്ടുവന്ന ഈ പേടകത്തിന് അകമ്പടി സേവിച്ചത് അബിനാദാബിന്റെ രണ്ട് മക്കളായ ഉസ്സ, അഹിയോ എന്നിവരാണ്. വരുന്ന വഴിക്ക് കർത്താവിന്റെ പേടകത്തിൽ ബഹുമാനമില്ലാതെ സ്പർശിച്ചു എന്ന കാരണത്താൽ ഉസ്സ മരിച്ചു വീണു. (2 സാമുവൽ 6 : 7)
പേടിച്ച ദാവീദ് വാഗ്ദാനപേടകം ഹിത്യനായ ഓബദ്ഏദോമിന്റെ വീട്ടിൽ സ്ഥാപിച്ചു. കർത്താവ് അവന്റെ കുടുംബത്തെ ദൈവത്തിന്റെ പേടകം നിമിത്തം അനുഗ്രഹിച്ചു. കർത്താവ് ഓബദ്ഏദോമിനേയും കുടുംബത്തെയും അവനുള്ള സകലത്തെയും അനുഗ്രഹിച്ചു എന്ന് മനസ്സിലാക്കിയ ദാവീദ് രാജാവ് പേടകം അവിടെ നിന്ന് തന്റെ നഗരത്തിലേക്ക് സന്തോഷപൂർവ്വം കൊണ്ടുവന്നു.
ആത്യന്തം കലഹത്താൽ കഷ്ടപ്പെട്ട ഇസ്രായേൽ ജനത്തെ ഒന്നിപ്പിക്കുന്ന സാന്നിധ്യമായി ദൈവത്തിന്റെ പേടകത്തെ ദാവീദ് മനസ്സിലാക്കി. അമലേക്യരുമായുള്ള യുദ്ധത്തിലും പേടകം സംവഹിക്കപ്പെട്ടിരുന്നതായി സൂചനയുണ്ട്. (2 സാമുവൽ 11 : 11) പിന്നീട് സോളമൻ ദേവാലയം പണിത് വാഗ്ദാനപേടകം അവിടെ സ്ഥാപിച്ചു.
ദേവാലയത്തിന്റെ നാശത്തോടെ പേടകം അപ്രത്യക്ഷമായി എന്ന് ജറെമിയാ പ്രവാചകൻ സ്ഥാപിക്കുന്നു.
കർത്താവ് അരുളിച്ചെയ്യുന്നു : നിങ്ങൾ പെരുകി നാടുനിറഞ്ഞു കഴിയുമ്പോൾ കർത്താവിന്റെ സാക്ഷ്യപേടകത്തെപ്പറ്റി ആരും ഒന്നും പറയുകയില്ല. അവർ അതിനെപ്പറ്റി ചിന്തിക്കുകയോ, അത് ആവശ്യമെന്നു കരുതുകയോ ഇല്ല; മറ്റൊന്നു നിർമിക്കുകയുമില്ല. (ജറെമിയാ 3 : 16)
എന്നാൽ ദേവാലയ നാശത്തിന്റെ അവസരത്തിൽ ജറമിയാ പ്രവാചകൻ ഈ പേടകം ഒരു ഗുഹയിൽ അടച്ച് ഭദ്രമായി സൂക്ഷിച്ചതായുള്ള മറ്റൊരു പാരമ്പര്യവും വിശുദ്ധ ഗ്രന്ഥത്തിൽ ഉണ്ട്. (2 മക്ക. 2 : 1 - 5) ചുരുക്കത്തിൽ പേടകം ദൈവസാന്നിധ്യത്തിന്റേയും, പാപപരിഹാരം തേടുന്ന സ്ഥലമായും, വെളിപാടുകൾ സ്വീകരിക്കുന്ന സാന്നിധ്യ സ്ഥലമായും കണ്ടിരുന്നു. ഇസ്രായേൽ ജനതയുമായിട്ടുള്ള ദൈവത്തിന്റെ ഉടമ്പടിയുടെ പ്രതീകം കൂടിയാണിത്.
ദിവ്യകാരുണ്യം അതൊരു അനുഭവമാണ്
മാർ തോമ്മാ ക്രിസ്ത്യാനികളുടെ നോമ്പ്
സഭ ഒരു മാർഗ്ഗമാണ്
മെൽക്കിസെദെക്കിന്റെ ബലി
കൊന്ത