ആയിരത്തോളം സീറോ മലബാർ യുവാക്കൾ പോർട്ടുഗലിലെ ലിസ്ബണിൽ സമാപിച്ച ആഗോള യുവജനദിനാഘോഷത്തിൽ പങ്കെടുത്തു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നിന്നുള്ള സീറോ മലബാർ സഭാംഗങ്ങൾ ഒരു പോർട്ടലിൽ രജിസ്റ്റർ ചെയ്തു വന്നതുകൊണ്ട് ഒരുമിച്ചു ചേരാനും സീറോ മലബാർ ദിവ്യബലിയർപ്പിക്കാനും സാധിച്ചു. ഭാരതത്തിൽ നിന്നുള്ളവർ ഒരുമിച്ചു ചേരുന്ന സാഹചര്യം ഉണ്ടായില്ല. വരും വർഷങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള പങ്കാളിത്തം കൂടുതൽ സംഘടിതമാക്കാൻ കഴിയുമെന്നു തോന്നുന്നു.
എല്ലാ ദിവസവും ദിവ്യബലിയും ചർച്ചായോഗങ്ങളും ഉണ്ടായിരുന്നു. ലിസ്ബണിൽ തന്നെ സെന്റ് ആന്റണിയുടെ ജന്മസ്ഥലം ഉൾപ്പെടെ ചരിത്രപ്രധാന്യമുള്ള ധാരാളം സ്ഥലങ്ങളുണ്ട്. അവിടെയെല്ലാം നമ്മുടെ യുവാക്കൾ പോയി. വിശുദ്ധരുടെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിട്ടുള്ള ചാപ്പലുകൾ സന്ദർശിച്ചു. അഞ്ഞൂറോളം പേർക്ക് ഒരേസമയം കുമ്പസാരിക്കാൻ കഴിയുന്ന കുമ്പസാരോദ്യാനവും ശദ്ധേയമായിരുന്നു.
വ്യത്യസ്തങ്ങളായ നിരവധി സംഗീതസംഘങ്ങൾ അവരുടെ പരിപാടികൾ അവതരിപ്പിച്ചുകൊണ്ടിരുന്നു, പ്രാർത്ഥനാസംഘങ്ങൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. മനോഹരവും പ്രചോദനാത്മകവുമായ അന്തരീക്ഷം.
ഇത്തരം ഇവന്റുകൾ സമ്മാനിക്കുന്ന പ്രധാനകാര്യം പ്രത്യാശയാണ്. യുവത്വം എന്നത് വിശ്വാസത്തെ സംബന്ധിച്ച് ധാരാളം ചോദ്യങ്ങളുയരുന്ന ഒരു പ്രായമാണ്. വിശ്വാസരൂപീകരണത്തിന്റെ ഘട്ടം. ചോദ്യങ്ങൾ സ്വയം ചോദിച്ച്, യുവാക്കൾ തങ്ങളുടെ ദൈവമായ ഈശോയെ കണ്ടെത്തുന്ന സമയം. ഈ ചോദ്യങ്ങളുടെ ഘട്ടത്തിൽ, തന്നെ പോലുള്ള ലക്ഷകണക്കിനുള്ള യുവജനങ്ങൾ ഈശോയുടെ നാമം വിളിക്കുന്നതും ദിവ്യകാരുണ്യത്തിനു മുമ്പിൽ മുട്ടിന്മേൽ നിൽക്കുന്നതും കാണുന്നത് അവർക്കു വലിയ പ്രചോദനമേകുന്നു. മാതാപിതാക്കളും വൈദികരും സഭാധികാരികളും പറഞ്ഞുകൊടുക്കുന്ന അനേകം കഥകൾക്കുപരിയായി വേൾഡ് യൂത്ത് ഡേയിൽ അവർ കാണുന്നത് ജീവനുള്ള സുവിശേഷമാണ്. അവിടെ കാണുന്ന യുവജനങ്ങളുടെ മുഖങ്ങളിൽ നിന്നും ജീവനുള്ള സുവിശേഷം അവർ വായിച്ചെടുക്കുന്നു. യുവജനങ്ങളെ ഏറ്റവും സ്വാധീനിക്കുന്ന സുവിശേഷം യുവജനങ്ങൾ തന്നെയാണ്. വിശ്വാസം ക്ഷയിച്ചു, സഭ മുന്നോട്ടു പോകില്ല എന്നു ചിന്തിക്കുന്ന ഒറ്റപ്പെട്ട മക്കൾക്ക് ഇത് അപാരമായ പ്രത്യാശ കൊടുക്കുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവാക്കളും വിവിധ റീത്തുകളിലുള്ള കുർബാനയും എല്ലാം ഒരു കുടക്കീഴിൽ നടക്കുന്നത് സഭയുടെ സാർവത്രികസ്വഭാവത്തിന്റെ മനോഹാരിത പ്രകടമാക്കുന്നു. വ്യത്യാസങ്ങളൊന്നും ഐക്യത്തെ ബാധിക്കുന്നില്ല. എല്ലാവരും ഒരേ പാട്ടു കേൾക്കുന്നു ഒരേ താളത്തിൽ നൃത്തം വയ്ക്കുന്നു, ഒരേ സ്ഥലങ്ങളിൽ താമസിക്കുന്നു, ഒരേ വിശ്വാസം പങ്കുവയ്ക്കുന്നു. പ്രഘോഷിക്കുന്നു. യാതൊരു വേർതിരിവും കാണാനില്ല. സഭയുടെ സമ്പന്നത നന്നായി ആഘോഷിക്കപ്പെടുന്നു. നാം ഇത്രയും വലിയൊരു കുടുംബത്തിന്റെ ഭാഗമാണല്ലോ എന്നു കാണുന്നത് വലിയ സന്തോഷമാണു യുവാക്കളിലുണ്ടാക്കുന്നത്.
താഴെ വീണ ഒരു വിമാനത്തെക്കുറിച്ചാണ് എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുക എന്നു പറയാറുണ്ട്. അതേസമയത്തു തന്നെ പറന്നുകൊണ്ടിരിക്കുന്ന ആയിരകണക്കിനു വിമാനങ്ങളുണ്ടാകും. അതേക്കുറിച്ച് ആരും പറയാറില്ല. യുവാക്കളിലെ സെ ക്കുലറിസത്തിന്റെ സ്വാധീനത്തെക്കുറിച്ചും ഇതു തന്നെ പറയാനാകും. വിശ്വാസത്തെയും സഭയെ യും കുറിച്ച് നെഗറ്റീവായ കാര്യങ്ങളാണ് എപ്പോഴും സംസാരത്തിൽ. എന്നാൽ, പോസിറ്റീവായ കാര്യങ്ങളെ ഒന്നിച്ചു കൂട്ടുന്ന സംഗമമായിരുന്നു വേൾഡ് യൂത്ത് ഡേ. സെക്കുലറിസത്തിന്റെ ഇത്രയും ശക്തമായ സ്വാധീനമുള്ള ഒരു ലോകത്തിൽ, വിശ്വാസം ചോദ്യം ചെയ്യപ്പെടുന്ന വൻകരയിൽ, ഈശോയെ ഇഷ്ടപ്പെടുന്ന, സഭയെ സ്‌നേഹിക്കുന്ന, ഈശോക്കുവേണ്ടി ജീവിതം സമർപ്പിക്കാനാഗ്രഹിക്കുന്ന ഒരുപാടു പേർ ഒന്നിച്ചു കൂടുന്നു. പോസിറ്റീവായ വിശ്വാസപ്രഘോഷണത്തിന്റെ വേദിയായി മാറുന്നു അത്.
ഭക്തജനങ്ങളുടെ ആത്മീയതയേക്കാൾ യുവാക്കളുടെ ആത്മീയത ആഴമേറിയതാണ്. ഭക്തജനങ്ങൾ ആൾക്കൂട്ടത്തിന്റെ പിന്നാലെ പോകുന്നവരാകാം. യുവജനങ്ങൾ അങ്ങനെയല്ല. ശക്തമായ ബോധ്യമില്ലെങ്കിൽ ഒന്നിന്റെയും മുമ്പിൽ മുട്ടുകുത്താനോ ആരാധിക്കാനോ ആടാനോ പാടാനോ തയ്യാറുളളവരല്ല യുവജനങ്ങൾ.
ലിസ്ബണിൽ യുവാക്കളെല്ലാം കഴിഞ്ഞത് പരിമിതമായ സൗകര്യങ്ങളിലാണ്. പക്ഷേ, പരാതികളോ പരിഭവങ്ങളോ ഇല്ല. ക്രമസമാധാനപ്രശ്‌നങ്ങളില്ല. പതിനഞ്ചു ലക്ഷം യുവജനങ്ങൾ ഒരുമിച്ചെഴുന്നേൽക്കുന്നു, ഒരുങ്ങുന്നു, വേദികളിലെത്തുന്നു. മനുഷ്യരുടെ സംഘടനാപാടവത്തിനപ്പുറം പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലാണ് എല്ലാം നടക്കുന്നതെന്നു തോന്നും. പതിനഞ്ചു ലക്ഷം യുവജനങ്ങൾ ഒന്നു ചേർന്നിടത്ത് ബഹളമില്ല, ലഹളയില്ല, കുപ്പിയേറില്ല, മയക്കമരുന്നില്ല, മദ്യമില്ല. എല്ലാവരും ശാന്തമായി ഒഴുകുന്നു. ഇത് പരിശുദ്ധാത്മാവിന്റെ സംഘാടനമായിരുന്നു എന്നു പറയാം.
സ്‌നേഹത്തിന്റെ ഒരു തരംഗം ലിസ്ബണിലെ യുവസമുദ്രത്തിൽ പ്രകടമായിരുന്നു. ലോകത്തെവിടെയെങ്കിലും ഇത്രയും യുവജനങ്ങൾ ഒന്നിച്ചു കൂടുന്ന സംഭവങ്ങളുണ്ടോ എന്നറിയില്ല. രാഗ, താള, ലയങ്ങൾ കളയാതെ ഈശോയുടെ നാമത്തിൽ ഇത്രയും യുവജനങ്ങൾ സംഗമിച്ചപ്പോൾ സ്വർഗീയസംഗീതം അവർക്കകമ്പടി സേവിക്കുന്നതു അനുഭവിച്ചറിയാമായിരുന്നു.
ദൈവസ്തുതിയിൽ ഫലം ചൂടുന്ന വയലേലകൾ
മെസ്സയാനിക വിരുന്ന്
സമഗ്രവളർച്ചയിലൂടെ ജീവിതവിജയം നേടാം
കൊന്ത
ബാല്യം ഭാവി ജീവിതത്തിൻറെ കണ്ണാടി
ഒന്നും ചെയ്യാതെയുമിരിക്കൂ