വിദ്യാഭ്യാസവും സ്വഭാവരൂപീകരണവും

21,  Jun   

വിദ്യാഭ്യാസവും സ്വഭാവരൂപീകരണവും

വിദ്യാഭ്യാസം കുട്ടികളുടെ സ്വഭാവരൂപീകരണത്തിൻ്റെ അടിസ്ഥാന ഘടകമാണ് .വിദ്യാഭ്യാസം സാമൂഹിക, സാംസ്കാരിക ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്നു . വിദ്യാഭ്യാസത്തിലൂടെ  ഓരോ കുട്ടിയും സത്യസന്ധത, ഉത്തരവാദിത്വബോധം, സമഗ്രത, സഹാനുഭൂതി എന്നിവ ജീവിതത്തിൻ്റെ ഭാഗമായി മാറ്റുന്നു.  ഒരു കുട്ടി ക്രിയാത്മമായും വിമർശനാത്മകമായും ചിന്തിക്കുന്നത് വിദ്യാഭ്യാസത്തിലൂടെ യാണ്. ഒരു സമൂഹ ജീവിഎന്ന നിലയിൽ പരസ്പരം സംവദിക്കാനും ഉൾക്കൊള്ളാനും നല്ല ബന്ധങ്ങൾ രൂപപ്പെടുത്തുവാനും പരസ്പര ധാരണയും ബഹുമാനവും വച്ചുപുലർത്തുവാനും വിദ്യാഭ്യാസ സഹായിക്കുന്നു. മാതാപിതാക്കളാണ് കുട്ടികളുടെ ആദ്യത്തെ അധ്യാപകർ . കുട്ടികളിൽ അവർക്കുള്ള സ്വാധീനം വളരെ വലുതാണ്. കുട്ടികൾ തങ്ങളെ തന്നെ നിയന്ത്രിക്കാനും അച്ചടക്കത്തോടെ ജീവിക്കാനും ചിട്ടയായ ജീവിതരീതിയിൽ മുന്നോട്ട് പോകുവാനും മാതാപിതാക്കൾ കുട്ടികളെ നിരന്തരം പാകപ്പെടുത്തിയെടുക്കുന്നു. സാംസ്കാരിക വൈവിധ്യങ്ങളെ മനസ്സിലാക്കാനും അംഗീകരിക്കാനും വിസ്തൃതി കൂട്ടാനും ഒപ്പം എല്ലാവരെയും എല്ലാറ്റിനെയും ബഹുമാനിക്കാനും ഇതിലൂടെ കുട്ടികൾക്ക് സാധിക്കുന്നു.

കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ
അധ്യാപകർക്കുള്ള പങ്ക്

കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ അധ്യാപകർക്കുള്ള പങ്ക് വളരെ വിലപ്പെട്ടതാണ് ഒരു നല്ല അധ്യാപകൻ കുട്ടികളിൽ സത്യസന്ധതയും നന്മയും പകർന്നു നൽകുന്ന, അതിൻ്റെപാതയിൽ അവരെ കൈപിടിച്ച്  നടത്തുന്ന ഒരു മാതൃകയായിരിക്കണം. അക്കാദമിക് വിജയം  മാത്രമാകരുത് ലക്ഷ്യം മറിച്ച് നല്ല പൗരന്മാരായി മാറാനും ധാർമികതയും സത്യസന്ധതയും ഉള്ള വ്യക്തികളായി വളരാനും അധ്യാപകർ കുട്ടികളെ സഹായിക്കണം.സമഗ്ര വിദ്യാഭ്യാസം ആയിരിക്കണം അധ്യാപകരുടെ മുഖമുദ്ര. കുട്ടികളുടെ തനതായ വ്യക്തിത്വത്തെയും മനുഷ്യത്വത്തെയും വളർത്തിയെടുക്കുന്നതാണ് സമഗ്രമായ വിദ്യാഭ്യാസം .ബുദ്ധിയുടെ തലവും ഹൃദയത്തിന്റെ തലവും ചേരുന്നിടത്താണ് സമഗ്ര വിദ്യാഭ്യാസം ഉണ്ടാകുന്നത്. സമഗ്രമായ വിദ്യാഭ്യാസം കുട്ടികളുടെ ജീവിതത്തിൽ നന്മയുടെ മൂല്യങ്ങൾ സാമൂഹ്യബോധം ആത്മവിശ്വാസം വിവേകം തുടങ്ങിയ ഫലങ്ങൾ പുറപ്പെടുവിക്കുന്നു. ഇത് ഓരോ കുട്ടിയെയും മികച്ച വ്യക്തികളായും മനുഷ്യരായും വളർത്തുന്നു.

 

കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ 
കൂട്ടുകാർക്കുള്ള പങ്ക്

കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ സമപ്രായക്കാരായ കൂട്ടുകാർക്കുള്ള പങ്ക് വളരെ സുപ്രധാനമാണ്. കുട്ടികൾ വളരുന്നതിനനുസരിച്ച് അവരുടെ ഭാവനയും, പെരുമാറ്റ ശീലങ്ങളും, ശൈലികളും അവർ വളർത്തിയെടുക്കുന്നതിൽ കൂട്ടുകാരുടെ സ്വാധീനം വളരെ വലുതാണ്. പലപ്പോഴും കൂട്ടുകാരുടെ ചിന്തയും ആശയങ്ങളും പ്രവർത്തികളുമാണ്കുട്ടികളിൽ ആദർശമായി മാറുന്നത് .സുഹൃത്തുക്കൾ പുലർത്തുന്ന മൂല്യങ്ങളും ആദർശങ്ങളും ആ പ്രായത്തിൽ കുട്ടികളിൽ പെട്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കുന്നു.

 

കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ
പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ കുട്ടികളുടെ വ്യക്തിവികാസത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നു. അക്കാദമിക്ക് പാഠ്യ പദ്ധതിക്ക് പുറമേ പാഠ്യേതര പ്രവർത്തനങ്ങൾ സാമൂഹിക, മാനസിക, ശാരീരിക വളർച്ചയ്ക്ക് ഏറെ സഹായകമാണ്. കായിക വിനോദങ്ങൾ, കലാരംഗം, കൂട്ടായ്മകൾ എന്നീ പാഠ്യേതര പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത് കുട്ടികളിൽ സഹകരണത്തിൻ്റെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യങ്ങൾ വളർത്തുന്നു. ഡിബേറ്റ്, തിയറ്റർ പബ്ലിക്ക് സ്പീക്കിങ്ങ് തുടങ്ങിയവ കുട്ടികളിൽ ഫലപ്രദമായ ആശയവിനിമയ കഴിവുകളും നേതൃത്വ ഗുണങ്ങളും മെച്ചപ്പെടുത്തുന്നു. വിവിധ തരം പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ അവരുടെ കഴിവുകളും ദൗർബല്യങ്ങളും തിരിച്ചറിയുവാനും സ്വയാവബോധവും ആത്മവിശ്വാസവും ഉള്ള കുട്ടികളായി വളർന്നു വരുവാനും സാധിക്കുന്നു . അങ്ങനെ അവർ നല്ല പൗരന്മാരായി മാറ്റപ്പെടുകയും ചെയ്യുന്നു. ഒരു സമഗ്രമായ വിദ്യാഭ്യാസത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രധാന സ്ഥാനമുണ്ട്

കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ
ധാർമിക മൂല്യബോധ ക്ലാസുകൾ 

കുട്ടികളുടെ സമഗ്ര വളർച്ചയ്ക്കും വ്യക്തിവികസനത്തിനും നിർണായക പങ്കു വഹിക്കുന്നത് ധാർമിക പാഠങ്ങളാണ്. ഈ പാഠങ്ങൾ കുട്ടികളിൽ നല്ല പെരുമാറ്റം, മനുഷ്യത്വം, ഉത്തരവാദിത്വം തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നു. മാന്യമായ പെരുമാറ്റമുള്ള  സമൂഹത്തിനായും സത്യം  പറയുവാനും വഞ്ചനകളിൽ ഏർപ്പെടാതിരിക്കുവാനുമുള്ള ധൈര്യത്തിനായും അങ്ങനെ സ്വഭിമാനത്തോടെ ജീവിക്കുവാൻ ധാർമിക മൂല്യബോധ ക്ലാസുകൾ കുട്ടികളെ നിരന്തരം പ്രചോദിപ്പിച്ചു കൊണ്ടിരിക്കും. ധാർമിക മൂല്യക്ലാസ്സുകൾ ഒരു സമഗ്രമായ വിദ്യാഭ്യാസത്തിൻ്റെ അഭിഭാജ്യഘടകമാണ്. ഇത് കുട്ടികളെ നല്ല പൗരന്മാരാക്കി മാറ്റുന്നതിനും സമഗ്രമായ വ്യക്തിത്വ വികസനത്തിനും സഹായിക്കുന്നു. വിദ്യാഭ്യാസ ശരിയായ രീതിയിൽ കിട്ടിയാൽ അത് ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തുകയും പുതിയൊരു മാനവികത ഉടലെടുക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസവും, സ്വഭാവ രൂപീകരണവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണെന്നും ഈ രണ്ടു ഘടകങ്ങളും സമാനമായ പ്രാധാന്യമുള്ള വയാണെന്നും മാതാപിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ മനസ്സിലാക്കണം.


Related Articles

Contact  : info@amalothbhava.in

Top