പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ വിജയകരമായ ജീവിതം

30,  Dec   

എന്നാല്‍ പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരുമ്പോള്‍ നിങ്ങള്‍ ശക്തി ലഭിച്ചിട്ടു യെരുശലേമിലും യെഹൂദ്യയില്‍ എല്ലാടത്തും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികള്‍ ആകും എന്നു പറഞ്ഞു’ (പ്രവൃത്തി 1:8).
 
മരിച്ച് ഉയിര്‍ത്തെഴുന്നേറ്റവനായ യേശു സ്വര്‍ഗാരോഹണം ചെയ്യുന്ന ദിവസം. അന്നും അവര്‍ കൂടിയിരിക്കുമ്പോള്‍ അവിടുന്നു ശിഷ്യന്മാരെ ഓര്‍മിപ്പിച്ചു: ‘നിങ്ങള്‍ യെരുശലേമില്‍ പരിശുദ്ധാത്മാവ് എന്ന വാഗ്ദാനത്തിനായി കാത്തിരിക്കണം. യോഹന്നാന്‍ വെള്ളം കൊണ്ടു സ്‌നാനം കഴിപ്പിച്ചു. എന്നാല്‍ നിങ്ങള്‍ക്കു പരിശുദ്ധാത്മാവുകൊണ്ടുള്ള സ്‌നാനം ലഭിക്കും’ (പ്രവൃ. 1:5).
 
പക്ഷേ യേശുവിന്റെ ഈ വാക്കുകളോടുള്ള ശിഷ്യന്മാരുടെ പ്രതികരണം നമ്മെ അത്ഭുതപ്പെടുത്തും. പരിശുദ്ധാത്മാവ് എന്താണെന്നോ, പരിശുദ്ധാത്മസ്‌നാനത്തിന്റെ വിശദാംശങ്ങള്‍ എന്തെല്ലാമാണെന്നോ, അല്ലെങ്കില്‍ പരിശുദ്ധാത്മ സ്‌നാനം പ്രാപിച്ച ശേഷം തുടര്‍ന്നു തങ്ങള്‍ എന്താണു ചെയ്യേണ്ടതെന്നോ ഒന്നുമല്ല അവര്‍ക്കറിയേണ്ടത്. അവര്‍ ഉടനെ ചോദിക്കുന്നതു രാജ്യത്തെക്കുറിച്ചാണ്. ‘കര്‍ത്താവേ നീ എപ്പോഴാണു രാജ്യം യഥാസ്ഥാനപ്പെടുത്തി തരുന്നത്’ എന്നായിരുന്നു അവരുടെ അന്വേഷണം (പ്രവൃ.1:6). പക്ഷേ യേശു അവരുടെ സങ്കുചിതമായ വീക്ഷണത്തെയോ പരിമിതമായ കാഴ്ചപ്പാടിനെയോ ശാസിക്കുന്നില്ല. അവിടുന്നു കാരുണ്യപൂര്‍വ്വം അവരുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ട് ‘പിതാവ് സ്വന്ത അധികാരത്തില്‍ വച്ചിട്ടുള്ള കാലങ്ങളെയോ സമയങ്ങളെയോ അറിയുന്നതു നിങ്ങള്‍ക്കുള്ളതല്ല’ എന്നു പറഞ്ഞശേഷം വീണ്ടും പരിശുദ്ധാത്മാവിനെക്കുറിച്ചു തന്നെ അവരോടു പറയുന്ന ഭാഗമാണു നാം തുടക്കത്തില്‍ ഉദ്ധരിച്ചത്. അവിടെ യേശു വീണ്ടും പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ആവശ്യബോധത്തിലേക്ക് അവരെ നയിക്കാന്‍ ശ്രമിക്കുന്നു- ‘പരിശുദ്ധാത്മാവു നിങ്ങളുടെ മേല്‍ വരും, നിങ്ങള്‍ ശക്തരാകും, നിങ്ങള്‍ സാക്ഷികള്‍ ആകും’ എന്നിങ്ങനെ…
 
എന്തുകൊണ്ടാണു പരിശുദ്ധാത്മ സ്‌നാനത്തെക്കുറിച്ചു പറയുമ്പോള്‍ ശിഷ്യന്മാര്‍ എപ്പോഴും രാജ്യത്തെക്കുറിച്ച് ഓര്‍ത്തു പോകുന്നത്? ‘യോഹന്നാന്‍ വെള്ളം കൊണ്ടു സ്‌നാനം കഴിപ്പിച്ചു, നിങ്ങള്‍ക്കു പരിശുദ്ധാത്മസ്‌നാനം ലഭിക്കും’ എന്നു യേശു പറഞ്ഞപ്പോള്‍ യോഹന്നാന്‍ സ്‌നാപകനും തുടര്‍ന്നു യേശുവും തങ്ങളുടെ ശുശ്രൂഷകള്‍ ആരംഭിച്ചതും ഇരുവരും ‘രാജ്യത്തിന്റെ സുവിശേഷം’ പ്രഘോഷിച്ചതും തങ്ങള്‍ ശിഷ്യരായതുമെല്ലാം അവര്‍ ഓര്‍ത്തുപോയിരിക്കാം. അതിനെതുടര്‍ന്ന് അവര്‍ തങ്ങള്‍ക്ക് എക്കാലത്തും താല്പര്യമുള്ള വിഷയത്തെക്കുറിച്ചു സ്വാഭാവികമായി ചോദിച്ചു- ‘ആട്ടെ, ഇനി എന്നാണു ഞങ്ങള്‍ക്കു രാജ്യം കിട്ടുക?’
 
ഉവ്വ്, ഒരു രാജ്യത്തെക്കുറിച്ചു പ്രഘോഷിച്ചുകൊണ്ടാണു യോഹന്നാന്‍ സ്‌നാപകന്‍ രംഗത്തു വരുന്നത്. ‘ആ കാലത്തു യോഹന്നാന്‍ സ്‌നാപകന്‍ വന്നു, യെഹൂദ്യാ മരുഭൂമിയില്‍ പ്രസംഗിച്ചു: സ്വര്‍ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ എന്നു പറഞ്ഞു’ (മത്തായി 3:1,2). യെഹൂദന്റെ സ്വന്തം രാജ്യം തന്നെ റോമാക്കാര്‍ ഭരിച്ചുകൊണ്ടിരിക്കുന്ന കാലം. ആ സമയത്ത് എന്തുകൊണ്ടും അതിനെക്കാള്‍ മെച്ചപ്പെട്ട ഒരു രാജ്യം സമീപിച്ചിരിക്കുന്നു എന്ന സന്ദേശവുമായി യോഹന്നാന്‍ സ്‌നാപകനെത്തിയപ്പോള്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലായവരും മനസ്സിലാകാത്തവരുമായി ഒരു വലിയ ജനക്കൂട്ടം മാനസാന്തരസ്‌നാനത്തിനു തയ്യാറായി. എന്നാല്‍ വെള്ളത്തില്‍ സ്‌നാനം കഴിപ്പിച്ചുകൊണ്ടിരുന്ന യോഹന്നാന്‍ പിന്നീടു പരിശുദ്ധാത്മാവില്‍ സ്‌നാനം കഴിപ്പിക്കുന്ന ഒരുവനെക്കുറിച്ചു പറയുവാനും യേശുവിനെ ചൂണ്ടിക്കാണിപ്പാനും തുടങ്ങുന്നു (യോഹന്നാ. 1:19-34). സ്‌നാപക യയോഹന്നാ ന്റെ വാക്കുകളുടെ അടിസ്ഥാനത്തില്‍ യേശുവിന്റെ ശിഷ്യരായവരാ ണല്ലോ അന്ത്രയോസും സഹോദരന്‍ പത്രൊസും, യോഹന്നാനും മറ്റും (യോഹ.1:35-42). യേശു തുടര്‍ന്നു ശുശ്രൂഷ ആരംഭിച്ചതും വരാനുള്ള ഒരു രാജ്യത്തിന്റെ സന്ദേശം അറിയിച്ചുകൊണ്ടാണ് (മത്തായി 4:17, 23). തന്റെ ശിഷ്യന്മാരെ പിന്നീട് വിവിധ സ്ഥലങ്ങളിലേക്ക് അയയ്ക്കുമ്പോള്‍ അവരോടും ‘സ്വര്‍ഗരാജ്യം സമാഗതമായിരിക്കുന്നു’ എന്നു ഘോഷിപ്പാനും യേശു കല്പിച്ചു (മത്താ. 10:7).
 
വാസ്തവത്തില്‍ യേശു പ്രഘോഷിച്ച രാജ്യത്തിന്റെ സുവിശേഷം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ശിഷ്യന്മാര്‍ക്ക് ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞിരുന്നില്ല. ഭൗതികമായ ഒരു ചക്രവാളത്തിന് അപ്പുറത്തേക്ക് അവരുടെ ഹൃദയദൃഷ്ടി പ്രകാശിച്ചിരുന്നുവോയെന്നു സംശയം. അതുകൊണ്ടാണല്ലോ സെബദിപുത്രന്മാരുടെ അമ്മ വന്നു തന്റെ പുത്രന്മാര്‍ ഇരുവരും ‘നിന്റെ രാജ്യത്തില്‍ ഒരുത്തന്‍ നിന്റെ വലത്തും ഒരുത്തന്‍ ഇടത്തും ഇരിപ്പാന്‍ അരുളിച്ചെയ്യണമേ’ എന്ന് അപേക്ഷിച്ചതും അതു കേട്ട മറ്റു പത്തു ശിഷ്യന്മാര്‍ ആ രണ്ടു സഹോദരന്മാരോട് നീരസപ്പെട്ടതും (മത്തായി 20:21,24). ഒടുവില്‍ യേശു ക്രൂശിക്കപ്പെട്ടതോടെ ഒരു രാജ്യത്തില്‍ ഇടത്തും വലത്തും ഇരുന്നു ഭരിക്കാമെന്നുള്ള വിദ്യാവിഹീനരായ ഈ പാവം ശിഷ്യന്മാരുടെ സ്വപ്നങ്ങളൊക്കെ പൊലി ഞ്ഞുപോയി. എന്നാല്‍ മൂന്നു നാള്‍ കഴിഞ്ഞപ്പോള്‍ ഇതാ മരണത്തെ ജയിച്ച് യേശു ഉയിര്‍ത്തെഴുന്നേറ്റു വന്നിരിക്കുന്നു. മാത്രമോ? ‘നാല്പതു നാളോളം അവര്‍ക്കു പ്രത്യക്ഷനായി ദൈവരാജ്യം സംബന്ധിച്ച കാര്യങ്ങള്‍’ വീണ്ടും പറയുന്നു (പ്രവൃ. 1:2). അപ്പോള്‍ വരാനിരിക്കുന്ന രാജ്യത്തില്‍ വാഴുന്നതിനെക്കുറിച്ചുള്ള അവരുടെ സ്വപ്നങ്ങള്‍ ഒരിക്കല്‍ കൂടി തളിരിട്ടു. ഈ സന്ദര്‍ഭത്തിലാണു യേശു ‘ഇനി ഏറെ നാള്‍ കഴിയും മുമ്പെ പരിശുദ്ധാത്മാവുകൊണ്ടു സ്‌നാനം ലഭിക്കും’ എന്നു പറയുന്നത്. അവര്‍ പെട്ടെന്ന് ഓര്‍ത്തു: പരിശുദ്ധാത്മാവില്‍ സ്‌നാനം കഴിപ്പിക്കുന്ന യേശുവും യോഹന്നാന്‍ സ്‌നാപകനെപ്പോലെ ഒരു രാജ്യം സമീപിച്ചിരിക്കുന്നു എന്നു പറഞ്ഞാണല്ലോ ശുശ്രൂഷ ആരംഭിച്ചതും തങ്ങള്‍ അവന്റെ ശിഷ്യന്മാരായതും. അതുകൊണ്ടാവണം പരിശുദ്ധാത്മാവിനെക്കുറിച്ച് അവര്‍ക്കു വലിയ ഉത്സാഹമൊന്നും തോന്നിയില്ലെങ്കിലും ‘രാജ്യം എപ്പോഴാണു യഥാസ്ഥാനപ്പെടുത്തുക’ എന്ന് അവര്‍ കൗതുകത്തോടെ ഉടനെ ആരാഞ്ഞത്. ഇതാണു ‘നിങ്ങള്‍ക്കു പരിശുദ്ധാത്മാവുകൊണ്ടുള്ള സ്‌നാനം ലഭിക്കും’ എന്ന യേശുവിന്റെ പ്രസ്താവനയോട് ശിഷ്യന്മാര്‍ ‘രാജ്യം എപ്പോള്‍ കിട്ടും?’ എന്നു പ്രതികരിച്ചതിന്റെ പശ്ചാത്തലം.
 
ആട്ടെ, വാസ്തവത്തില്‍ യേശു പ്രഘോഷിച്ച രാജ്യത്തിന്റെ സുവിശേഷം എന്താണ്? യോഹന്നാന്‍ സ്‌നാപകന്‍ പ്രസംഗിച്ചത് ഈ രാജ്യം ‘സമീപിച്ചിരിക്കുന്നു’ എന്നു മാത്രമാണ്. തുടര്‍ന്നു യേശു ശുശ്രൂഷ ആരംഭിച്ചപ്പോഴും അവിടുന്നു ശിഷ്യന്മാരെ അയയ്ക്കുമ്പോഴും ഈ രാജ്യം വന്നിട്ടില്ല (മത്താ. 4:17; 10:7). യേശു സ്വര്‍ഗാരോഹണം ചെയ്യുന്ന ദിവസവും രാജ്യം വരുമെന്നു മാത്രമാണ് യേശു പറഞ്ഞതെന്നും നാം കണ്ടു.
 
ഇതേസമയം, ഈ രാജ്യം കാണണമെങ്കില്‍ പുതുതായി ജനിക്കണം എന്നു യേശു നിക്കോദേമൊസിനോടു പറയുന്നു (യോഹ. 3:3). എന്നാല്‍ മത്തായി 16:18,19-ല്‍ ‘യേശു ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു എന്ന വെളിപ്പാടിന്മേല്‍ താന്‍ തന്റെ സഭയെ പണിയും’ എന്നു പത്രൊസിനോടു വ്യക്തമാക്കുന്നിടത്ത് കര്‍ത്താവ് സഭയെയും സ്വര്‍ഗരാജ്യത്തെയും ഒന്നാക്കിയാണ് പറഞ്ഞിരിക്കുന്നതെന്നതു ശ്രദ്ധിക്കുക. കൂടാതെ, സഭയിലുള്ളവരോടു പിന്നീട് പൗലൊസ് പറയുന്നത് ‘നമ്മെ ഇരുട്ടിന്റെ അധികാരത്തില്‍ നിന്നു വിടുവിച്ച് സ്‌നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തില്‍ ആക്കി വച്ചിരിക്കുന്നു’ എന്നാണ് (കൊലോ.1:13). ‘ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല, നീതിയും സമാധാനവും പരിശുദ്ധാത്മാവില്‍ സന്തോഷവുമത്രേ’ എന്ന വാക്യം (റോമര്‍ 14:17) നാം കാണുന്നതും സഭയെക്കുറിച്ചും സഭയിലെ അന്യോന്യ ബന്ധത്തെക്കുറിച്ചും പരാമര്‍ശിക്കുന്നിടത്താണെന്നതും ശ്രദ്ധിക്കുക. ചുരുക്കത്തില്‍ യോഹന്നാനും യേശുവും ‘സമീപിച്ചിരിക്കുന്നു’ എന്നു പ്രഘോഷിച്ച ഈ രാജ്യം സഭയാണെന്നു വ്യക്തം. പെന്തക്കോസ്തുനാളില്‍ ശിഷ്യന്മാര്‍ പരിശുദ്ധാത്മസ്‌നാനം പ്രാപിച്ചിടത്തു സഭ നിലവില്‍ വന്നു. സഹസ്രാബ്ദ വാഴ്ചയിലും നിത്യതയിലും അതു തുടരും. യേശു ക്രിസ്തുവാണ് ഈ രാജ്യത്തിന്റെ തലവന്‍. പുതുതായി ജനിക്കുന്നതിലൂടെയാണ് ഈ രാജ്യത്തിലേക്കുള്ള പ്രവേശനം. പുതുതായി ജനിക്കുന്നവരെ ഇരുട്ടിന്റെ അധികാരത്തില്‍ നിന്നു വിടുവിച്ച് ഈ രാജ്യത്തില്‍ ആക്കിവയ്ക്കും. ദൈവഹിതത്തിന്റെ ഈ മര്‍മ്മം എത്ര വലിയത്! (എഫെസ്യ. 1:9,10; 3:9 വാക്യങ്ങള്‍ വായിക്കുക).
 
ഈ മര്‍മ്മം പെന്തക്കോസ്തു നാളില്‍ പരിശുദ്ധാത്മ സ്‌നാനത്തോടെ പ്രകാശിച്ചു കിട്ടിയ ശിഷ്യന്മാര്‍ പിന്നീടൊരിക്കലും പഴയപടി ആയിട്ടില്ല. അല്ലെങ്കില്‍ പെന്തക്കോസ്തു നാളില്‍ തന്നെ പത്രൊസ് പറയുന്നതു ശ്രദ്ധിക്കുക: ”നിങ്ങള്‍ ഓരോരുത്തന്‍ പാപങ്ങളുടെ മോചനത്തിനായി മാനസാന്തരപ്പെട്ട് യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനം ഏല്പിന്‍. എന്നാല്‍ പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങള്‍ക്കു ലഭിക്കും. വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ മക്കള്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവര്‍ക്കും ഉള്ളതല്ലോ എന്നു പറഞ്ഞു” (പ്രവൃ.2:38, 39). കണ്ടോ? അടുത്തും അകലെയുമുള്ളവര്‍ക്കും വിവിധ തലമുറകള്‍ക്കും രാജ്യത്തില്‍ പ്രവേശനമുണ്ടെന്നും പുതുജനനമാണ് അതിനുള്ള യോഗ്യതയെന്നും പരിശുദ്ധാത്മാവിന് ഈ പ്രക്രിയയില്‍ ഒരു പങ്കാളിത്തമുണ്ടെന്നും എത്ര വ്യക്തതയോടെയാണു പത്രൊസ് വിശദീകരിക്കുന്നത്!
 
ഈ രാജ്യത്തില്‍ ജാതികള്‍ക്കും പ്രവേശനം ലഭിച്ചതാണു സഭയുടെ മുന്നോട്ടുള്ള പോക്കിലെ അടുത്ത സുപ്രധാന സംഭവം. കൊര്‍ന്നല്യോസിന്റെ ഭവനത്തില്‍ നടന്ന ആ സംഭവത്തെക്കുറിച്ച് (പ്രവൃത്തി 10-ാം അധ്യായം) പത്രൊസ് യെരുശലേമിലെത്തിയപ്പോള്‍ നല്‍കിയ വിശദീകരണത്തിലും തന്നെ ഒരു തീരുമാനം എടുക്കാന്‍ സഹായിച്ചതു സ്വര്‍ഗ്ഗാരോഹണ ദിവസം കര്‍ത്താവു പറഞ്ഞ വാക്കുകളാണെന്നു ചൂണ്ടിക്കാട്ടുന്നു: ”ഞാന്‍ സംസാരിച്ചു തുടങ്ങിയപ്പോഴേക്കു പരിശുദ്ധാത്മാവ് ആദിയില്‍ നമ്മുടെ മേല്‍ എന്നപോലെ അവരുടെ മേലും വന്നു. അപ്പോള്‍ ഞാന്‍ ‘യോഹന്നാന്‍ വെള്ളം കൊണ്ടു സ്‌നാനം കഴിപ്പിച്ചു. നിങ്ങള്‍ക്കോ പരിശുദ്ധാത്മാവുകൊണ്ടു സ്‌നാനം ലഭിക്കും’ എന്നു കര്‍ത്താവു പറഞ്ഞ വാക്ക് ഓര്‍ത്തു” (പ്രവൃ.11:15,16). നോക്കുക: അപ്പൊസ്തലപ്രവൃത്തി ഒന്നാം അധ്യായത്തില്‍ യേശു ആദ്യം ഈ വാക്കുകള്‍ പറഞ്ഞപ്പോള്‍ ‘അരിയെത്ര’ എന്ന ചോദ്യത്തിനു ‘പയറഞ്ഞാഴി’ എന്ന മട്ടില്‍ ‘രാജ്യം എപ്പോള്‍ കിട്ടും’ എന്നു ചോദിച്ച ശിഷ്യന്മാര്‍ ഇപ്പോള്‍ എത്ര മാറിപ്പോയിരിക്കുന്നു! പെന്തക്കോസ്ത് അനുഭവമാണ് അവര്‍ക്ക് ഈ ശരിയായ കാഴ്ചപ്പാടും ദിശാബോധവും വ്യക്തതയും നല്‍കിയത്. ‘പരിശുദ്ധാത്മാവ് എന്ന കാര്യസ്ഥന്‍ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചു തരികയും ഞാന്‍ നിങ്ങളോടു പറഞ്ഞത് ഒക്കെയും നിങ്ങളെ ഓര്‍മപ്പെടുത്തുകയും ചെയ്യും’ എന്ന് യേശു നേരത്തെ പറഞ്ഞത് എത്ര ശരിയായിരിക്കുന്നു! (യോഹ. 14:26).
 
പരിശുദ്ധാത്മാവ്, ഉപദേശം നല്‍കി ശരിയായ കാഴ്ചപ്പാടിലേക്ക് അവരെ നയിക്കുക മാത്രമല്ല അവരെ ശക്തരാക്കുകയും ചെയ്തു. പെന്തക്കോസ്തുനാളിനു മുന്‍പ് ഒരു വേലക്കാരിയുടെ മുന്‍പില്‍പോലും യേശുവിനെ ഏറ്റുപറയുവാന്‍ കഴിയാതിരുന്ന ഭീരുവായിരുന്നു പത്രൊസ്. എന്നാല്‍ പരിശുദ്ധാത്മസ്‌നാനം പ്രാപിച്ചുകഴിഞ്ഞപ്പോള്‍ അപ്പൊസ്തലപ്രവൃത്തി രണ്ടാം അദ്ധ്യായത്തില്‍ ഓടിക്കൂടിയ ജനത്തിന്റെ മുന്‍പാകെ വിശ്വാസത്തിനുവേണ്ടി നില്പാന്‍ അവനു മടിയുണ്ടായിരുന്നില്ല. മാത്രമല്ല കൊച്ചുകാര്യങ്ങളുടെ മുന്‍പില്‍ നിരാശപ്പെടുകയും കുറ്റബോധത്തിന്റെ തടവറയില്‍ വീര്‍പ്പുമുട്ടുകയും ചെയ്യുന്നവനായിരുന്നു പത്രൊസ്. എന്നാല്‍ പ്രവൃത്തി മൂന്നാം അദ്ധ്യായത്തില്‍ പിറവിക്കുരുടനെ സൗഖ്യമാക്കിയതിനെ തുടര്‍ന്ന് വിസ്മയം പൂണ്ട് ഓടിക്കൂടിയ ജനത്തോടു സംസാരിക്കുമ്പോള്‍ പത്രൊസിന്റെ വാക്കുകള്‍ ഇങ്ങനെ: ‘അവനെ (യേശുവിനെ) നിങ്ങള്‍ ഏല്പിച്ചു കൊടുക്കുകയും അവനെ വിട്ടയപ്പാന്‍ വിധിച്ച പീലാത്തൊസിന്റെ മുന്‍പില്‍ വച്ചു തള്ളിപ്പറയുകയും ചെയ്തു. പരിശുദ്ധനും നീതിമാനുമായവനെ നിങ്ങള്‍ തള്ളിപ്പറഞ്ഞു‘ (3:11-14). പരിശുദ്ധനും നീതിമാനുമായിരുന്ന യേശുവിനെ യെരുശലേമിലെ യെഹൂദര്‍ തള്ളിപ്പറഞ്ഞു എന്നതാണ് പത്രൊസ് അവര്‍ക്കെതിരെ ഉന്നയിക്കുന്ന പ്രധാന പോയിന്റ്. എന്നാല്‍ ഈ തൊപ്പി ഏറ്റവും കൂടുതല്‍ ഇണങ്ങുന്നതു പത്രൊസിന്റെ തലയ്ക്കു തന്നെയല്ലേ? പത്രൊസ് മൂന്നുവട്ടം യേശുവിനെ തള്ളിപ്പറഞ്ഞവനല്ലേ? ശരിയാണ്. എന്നാല്‍ കര്‍ത്താവില്‍ നിന്നും പാപക്ഷമ പ്രാപിച്ച പത്രൊസിനെ ആ കുറ്റബോധമോ നിരാശയോ ഇപ്പോള്‍ ലവലേശം വേട്ടയാടുന്നില്ല. കുറ്റബോധത്തില്‍നിന്നു പൂര്‍ണ്ണമായി വിടുതലും ദൈവികക്ഷമയും പ്രാപിച്ചവനായി തികഞ്ഞ പ്രാഗല്ഭ്യത്തോടെ മറ്റുള്ളവര്‍ക്കു നേരെ വിരല്‍ ചൂണ്ടുന്ന ഈ പത്രൊസ് പെന്തക്കോസ്തു നാളിനു മുന്‍പ് നമുക്കു പരിചയമുള്ള ആ പഴയ പത്രൊസല്ല. പരിശുദ്ധാത്മാവ് അവന്റെ മേല്‍ വന്നപ്പോള്‍ അവനു ശക്തി ലഭിച്ചു. ഭീരുത്വം, നിരാശ, കുറ്റബോധം, അസ്ഥിരത എന്നിങ്ങനെ അവനെ മുറുകെ പറ്റിയിരുന്ന പാപങ്ങളെ എല്ലാം ജയിക്കാന്‍ പരിശുദ്ധാത്മാവ് അവനു ശക്തി നല്‍കി.
 
പരിശുദ്ധാത്മാവില്‍ നിന്നു നമുക്കും പ്രാഥമികമായി വേണ്ടത് ഈ നിലയിലുള്ള ശക്തിയാണ്. ഇന്നു പലരും പരിശുദ്ധാത്മാവിന്റെ ശക്തി പ്രാപിക്കാനാഗ്രഹിക്കുന്നതു പ്രവര്‍ത്തനത്തിനുള്ള ശക്തിക്കായും വരങ്ങള്‍ക്കായുമാണ്. പ്രവര്‍ത്തനത്തിനുള്ള ശക്തിയും വരങ്ങളുമൊക്കെ നല്ലതാണ്. എന്നാല്‍ അടിസ്ഥാനപരമായി ഒരു ക്രിസ്തുശിഷ്യന്‍ ബോധപൂര്‍വ്വമായ പാപങ്ങള്‍, സ്വയത്തിന്റെ ശക്തി എന്നിവയുടെ മേല്‍ വിജയം നേടിയവനായിരിക്കണം. ഈ അന്ത്യകാലത്തു ദൈവം ‘ജയിക്കുന്നവനെ’യാണല്ലോ തിരയുന്നത് (വെളി. 2:7,11,17). ഒരു ജയാളിയായി നില്പാനാണു പ്രാഥമികമായും നമുക്കു പരിശുദ്ധാത്മാവിന്റെ ശക്തി ആവശ്യമായിരിക്കുന്നത്.
 
പാപത്തിന്റെ മേല്‍ മാത്രമല്ല സ്വയത്തിന്റെ മേലും അവന്‍ ജയാളി (Over comer) ആയിരിക്കും. സ്വന്ത ഇഷ്ടങ്ങളെ നിരന്തരം ദൈവേഷ്ടത്തിനായി ഏല്പ്പിച്ചു കൊടുക്കുന്ന അവന്‍ യേശുവിന്റെ മരണം ശരീരത്തില്‍ എപ്പോഴും വഹിക്കുന്നവനായിരിക്കും. യേശു നിമിത്തം എല്ലായ്‌പ്പോഴും മരണത്തിന് ഏല്പ്പിക്കപ്പെടുന്നവനായിരിക്കും (2 കൊരി. 4:10,11). സ്വന്തജീവനെയും പകെച്ച് തന്റെ ക്രൂശ് എടുത്ത് യേശുവിനെ അനുഗമിക്കുന്നവനായിരിക്കും (ലൂക്കൊസ് 14:26). അവന്റെ യഥാര്‍ത്ഥ അവസ്ഥ ശ്രദ്ധിച്ചോ? അവന്‍ ജീവിച്ചിരിക്കുന്നുണ്ട്, പക്ഷേ അവന്‍ എപ്പോഴും മരണം അറിയുന്നവനാണ്. ഇങ്ങനെ ഒരുവനെ വാസ്തവത്തില്‍ ‘ജീവിക്കുന്ന രക്തസാക്ഷി’ (Living martyr) എന്നല്ലേ വിളിക്കേണ്ടത്? പ്രവൃത്തി 1:8 പറയുന്നതും അതുതന്നെ: ‘പരിശുദ്ധാത്മാവു മേല്‍ വരുമ്പോള്‍ ശക്തി ലഭിച്ചിട്ട് നിങ്ങള്‍ സാക്ഷികള്‍ ആകും’ എന്നു പറയുന്നിടത്തെ ‘സാക്ഷികള്‍’ എന്ന വാക്കിനു ഗ്രീക്കിലുള്ള അര്‍ത്ഥം ‘രക്തസാക്ഷികള്‍’ എന്നാണ്. അതുപോലെ മത്തായി 24:14-ല്‍ അന്ത്യകാലത്തെക്കുറിച്ചു പറയുമ്പോള്‍ ‘ഈ സുവിശേഷം സകല ജാതി കള്‍ക്കും സാക്ഷ്യമായി ലോകത്തില്‍ ഒക്കെയും പ്രസംഗിക്കപ്പെടും’ എന്ന വാക്യത്തിലെ ‘സാക്ഷ്യം’ എന്ന വാക്കു മൂലഭാഷയില്‍ ‘രക്തസാക്ഷിത്വ’ത്തെ കാണിക്കുന്ന വാക്കാണ്. കണ്ടോ? അപ്പോള്‍ പാപത്തിന്റേയും സ്വയത്തിന്റേയും മേല്‍ ജയമുള്ള ഒരു ശിഷ്യത്വ ജീവിതം നമ്മള്‍ വാഞ്ഛിച്ചാല്‍ അത്തരം ‘ജീവിച്ചിരിക്കുന്ന ഒരു രക്തസാക്ഷി’യാകാനുള്ള ശക്തി പരിശുദ്ധാത്മാവു നമുക്കു നല്‍കുമെന്നാണു പ്രവൃത്തി 1:8-ല്‍ കര്‍ത്താവു പറഞ്ഞിരിക്കുന്നത്. ഇന്ന് ഈ നിലയില്‍ തങ്ങളെ ശക്തിപ്പെടുത്തുന്നതിനല്ല മറിച്ച് ഭൂലോകത്തിലുടനീളം സഞ്ചരിച്ച് സാക്ഷ്യം പറയാനും വരപ്രാപ്തനെന്നു സ്വയം തെളിയിക്കാനുമാണു പലര്‍ക്കും പരിശുദ്ധാത്മാവിനെ ആവശ്യം. എന്നാല്‍ ‘രക്തസാക്ഷിയാകുക’ എന്ന ആഴമായ അര്‍ത്ഥമാണ് ആ പദത്തിനുള്ളതെന്നു നമ്മള്‍ കണ്ടു.
 
കര്‍ത്താവിനുവേണ്ടി ഈ ലോകത്തു സ്‌തെഫാനോസിനെപ്പോലെ അക്ഷരാര്‍ത്ഥത്തില്‍ രക്തസാക്ഷിയാകാനുള്ള ഭാഗ്യം എല്ലാവര്‍ക്കും ലഭിച്ചെന്നിരിക്കയില്ല. എന്നാല്‍ സ്വന്ത ഇഷ്ടത്തെ നിരന്തരം യാഗപീഠത്തില്‍ വച്ച് സ്വന്ത ജീവനെ പകെച്ച് തന്റെ ക്രൂശെടുത്ത് യേശുവിനെ അനുഗമിക്കുന്ന ‘ജീവിക്കുന്ന രക്തസാക്ഷി’യായിരിക്കാന്‍ നമുക്കെല്ലാവര്‍ക്കും കഴിയും. അങ്ങനെയൊരു ജീവിതത്തിനു നാം കൊതിക്കുമെങ്കില്‍, അതിനായി സമര്‍പ്പിക്കുമെങ്കില്‍, പരിശുദ്ധാത്മാവ് അതിനു നമ്മെ ശക്തിപ്പെടുത്തുമെന്ന വാഗ്ദാനമാണു സത്യത്തില്‍ പ്രവൃത്തി 1:8-ല്‍ കര്‍ത്താവു നമുക്കു നല്‍കിയിരിക്കുന്നത്. ഉവ്വ്, പ്രാഥമികമായും ഒരു ജയാളിയുടെ ജീവിതത്തിനായാണു പരിശദ്ധാത്മ സ്‌നാനവും തുടര്‍ന്നു പരിശുദ്ധാത്മ നിറവില്‍ ദിനന്തോറുമുള്ള നടത്തവും നമുക്ക് ആവശ്യമായിരിക്കുന്നത്.
 
ഇങ്ങനെയുള്ള വിജയകരമായ ക്രിസ്തീയ ജീവിതം ലക്ഷ്യം വയ്ക്കുകയും അതിനായി പരിശുദ്ധാത്മാവില്‍ ആശ്രയിക്കുന്നതിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്ന സഭ ഇളകിപ്പോകയില്ല. എബ്രായ ലേഖനകാരന്‍ ഇളകാത്ത രാജ്യം (Unshakable Kingdom) പ്രാപിക്കുന്നതിനെക്കുറിച്ചു പറയുന്നു (12:28). കര്‍ത്താവിന്റെ പുനരാഗമനത്തിനുശേഷം അവിടുന്നു തന്റെ വിശുദ്ധന്മാരോടൊപ്പം സ്ഥാപിക്കുന്ന രാജത്വം ഇളക്കമില്ലാത്ത നിത്യരാജത്വമാണെന്നു ദാനിയേല്‍ പറഞ്ഞിട്ടുണ്ടല്ലോ (ദാനിയേല്‍ 2:44; 7:18,27 വായിക്കുക). സഹസ്രാബ്ദ വാഴ്ചയായാലും തുടര്‍ന്നുള്ള നിത്യതയായാലും ഇളക്കമില്ലാത്ത രാജ്യമാണ്. കര്‍ത്താവാണ് അവിടെ രാജാവ്. തന്റെ വിശുദ്ധന്മാര്‍ അവിടെ കര്‍ത്താവിനോടൊപ്പം വാഴും. ആ ഇളകാത്ത രാജ്യത്തിലേക്കു നമ്മെ കൊണ്ടുചെന്നെത്തിക്കാനായി ദൈവം നമ്മെ ഇരുട്ടിന്റെ അധികാരത്തില്‍ നിന്നും വിടുവിച്ച് സ്‌നേഹസ്വരൂപനായ പുത്രന്റെ ഇളകാത്ത രാജ്യമായ ദൈവസഭയില്‍ (സഭ ക്രിസ്തുവിന്റെ കാന്ത എന്ന നിലയില്‍ കര്‍ത്താവിന്റെ രണ്ടാം വരവിനുശേഷവും മാറ്റമില്ലാതെ തുടരുമല്ലോ) ഇന്നേ ആക്കിവച്ചിരുക്കുന്നു. അതുകൊണ്ട് ഇവിടെ, ഇന്ന്, യേശുക്രിസ്തു തന്നെ നമ്മുടെ ജീവിതത്തിന്റെ കര്‍ത്താവും രാജാവുമായിരിക്കണം. നാം പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ പാപത്തിന്റെയും സ്വയത്തിന്റെയും മേല്‍ വാഴുന്നവരായിരിക്കണം. ഇതില്‍ കുറഞ്ഞ ഒന്നല്ല ദൈവം ഇന്നു നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.


Related Articles

കൊന്ത

ലേഖനങ്ങൾ

Contact  : info@amalothbhava.in

Top