അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും ആഹ്വാനവുമായി വലിയനോമ്പ് | ഫാ. ഡോ. സെബാസ്റ്റ്യൻ കുറ്റിയാനിക്കൽ

28,  Sep   

പ്രാർത്ഥനയും ഉപവാസവും വഴിയല്ലാതെ പിശാചുക്കളെ പുറത്താക്കാൻ പറ്റുകയില്ല (മത്താ. 17:21) എന്ന ഈശോയുടെ വാക്കുകളുടെ ഉൾപ്പൊരുൾ മനസ്സിലാക്കിക്കൊണ്ട് വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും പൈശാചികശക്തികൾക്കെതിരെ സന്ധിയില്ലാ സമരം ചെയ്യാനും മാനസാന്തരത്തിന്റെ സത്ഫലങ്ങൾ പുറപ്പെടുവിക്കുവാനും നോമ്പുകാലം നമ്മെ ഓർമിപ്പിക്കുന്നു. ഇതിന് നമ്മൾ ഭക്ഷണം മാത്രം ഉപേക്ഷിച്ചാൽ പോരാ. നമ്മിൽ കുടികൊള്ളുന്ന വഞ്ചനയും അസൂയയും ദ്രവ്യാസക്തിയും വർജ്ജിക്കാൻ നാം തയ്യാറാകണം.

സീറോ മലബാർ സഭയുടെ ആരാധനാക്രമവത്സരത്തിലെ മൂന്നാമത്തെ കാലമാണ് നോമ്പുകാലം. വലിയനോമ്പ് (സൗമാ റമ്പാ) എന്ന് പൊതുവിൽ അറിയപ്പെടുന്ന ഈ കാലഘട്ടം പീഡാനുഭവ (ഹാശാ) ആഴ്ചയോടെയാണ് അവസാനിക്കുന്നത്. ഈ ഏഴ് ആഴ്ചകൾ പ്രാർത്ഥനയ്ക്കും ഉപവാസത്തിനും മാനസാന്തരത്തിനുമായി പ്രത്യേകം നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. മോശയുടെയും (പുറ. 24:18) ഏലിയായുടെയും (രാജ. 19:8) ഈശോയുടെതന്നെയും (മർക്കോ. 1:13) നാല്പതുദിവസങ്ങളിലെ ഉപവാസത്തെ അനുസ്മരിച്ചാണ് നാല്പതുദിവസത്തെ ഉപവാസരീതി സഭയിൽ രൂപം പ്രാപിച്ചത്. എങ്കിലും മാർത്തോമാ നസ്രാണികൾ പേത്തുർത്താ ഞായർ റംശ മുതൽ ഉയിർപ്പു ഞായർ വരെയുള്ള അമ്പതുദിവസങ്ങളിൽ നോമ്പനുഷ്ഠിക്കുന്നു. പേത്തുർത്താ കഴിഞ്ഞുവരുന്ന തിങ്കളാഴ്ച അനു താപശുശ്രൂഷയുടെ കർമങ്ങൾ ദൈവാലയങ്ങളിൽ നടത്തുകയും ഉപവാസദിനം ആചരിക്കുകയും ചെയ്തുകൊണ്ട് വലിയ നോമ്പിന് തുടക്കം കുറിക്കുന്നു. ഹാശാ ആഴ്ച (പീഡാനുഭവവാരം) എന്നറിയപ്പെട്ടിരുന്ന വലിയ ആഴ്ചയ്ക്ക് പുറമെ പാതിനോമ്പാചരണം, നാല്പതാം വെള്ളിയാചരണം, ലാസറിന്റെ ശനി അഥവ കൊഴുക്കട്ട ശനി എന്നിങ്ങനെ പ്രത്യേക ദിനങ്ങളും ഓരോ ദിവസത്തിന്റെയും പ്രത്യക ഭക്ഷണങ്ങളും ആചാരങ്ങളും നോമ്പുകാലത്തെ പ്രത്യേക ആചരണങ്ങളുടെ ഭാഗമായിരുന്നു.
മാർത്തോമ്മാ നസ്രാണികൾ നോമ്പിന്റെ സ്‌നേഹിതർ എന്ന് വിശേഷിപ്പിക്കാവുന്നവരാണ്. ആണ്ടുവട്ടത്തിന്റെ വലിയൊരുഭാഗം നോമ്പും ഉപവാസവുമായി ആചരിച്ചിരുന്നു. ഇരുപത്തിയഞ്ചുനോമ്പ്, മൂന്നുനോമ്പ്, അമ്പതുനോമ്പ്, പതിനഞ്ചു നോമ്പ്, മിശിഹായുടെ കുരിശുമരണത്തെ അനുസ്മരിക്കുന്ന വെള്ളിയാഴ്ചനോമ്പ്, പരിശുദ്ധ അമ്മയുടെ ബഹുമാനാർത്ഥം നടത്തിയിരുന്ന ബുധനാഴ്ചനോമ്പ്, എലീയ നോമ്പ്, കന്യകകളുടെ നോമ്പ്, രൂപാന്തരീകരണതിരുനാളിനൊരുക്കമായ ജാഗരണനോമ്പ്, യൽദാ (പിറവി), പന്തക്കുസ്താ, സ്വർഗാരോപണം, പരിശുദ്ധ കന്യാമറിയത്തിന്റെ പിറവി, ഇടവകമധ്യസ്ഥൻ, വി. പത്രോസ്, പൗലോസ് ശ്ലീഹായുടെ തിരുനാളിന്റെ തലേനാൾ തുടങ്ങിയ ദിവസങ്ങളിൽ ആചരിച്ചിരുന്ന നോമ്പുകൾ മാർത്തോമ്മാ നസ്രാണികളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആണ്ടുവട്ടത്തിൽ ഏതാണ്ട് 225 ദിവസങ്ങൾ നോമ്പുദിനങ്ങളായിരുന്നു. എന്നാൽ, സൗമാ റമ്പാ എന്ന് വിളിച്ചിരുന്ന വലിയനോമ്പാചരണത്തിന് മാർത്തോമ്മാനസ്രാണികളുടെയിടയിൽ വലിയ സ്ഥാനമുണ്ടായിരുന്നു.

അനുതാപത്തിന്റെയും അനുരഞ്ജനത്തിന്റെയും പാതയിൽ മുന്നേറാനും ദുഷ്ടതയുടെ കെട്ടുകൾ പൊട്ടിക്കുന്നതിനും ദുർഭാഷണം നീക്കിക്കളയുന്നതിനും വിശക്കുന്നവന് അപ്പം പങ്കുവയ്ക്കുന്നതിനും മർദിതന് ആശ്വാസം നല്കുന്നതിനും (ശൂബാഹ, ലെലിയ ഞായർ, നോമ്പുകാലം) ലൗകികമായ സന്തോഷങ്ങൾ ഉപേക്ഷിച്ച് മിശിഹായിലേയ്ക്ക് തിരിയുന്നതിനും നോമ്പുകാലം നമ്മെ ആഹ്വാനം ചെയ്യുന്നു. മിശിഹായുടെ രക്ഷാരഹസ്യങ്ങളായ പീഡാനുഭവം, കുരിശുമരണം, സംസ്‌കാരം എന്നിവ വഴി നാഥനുമായി താദാത്മ്യപ്പെടാനുള്ള അവസരമാണ് വലിയ നോമ്പു കാലം.

നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാധാന്യവും അതനുഷ്ഠിക്കുന്നവരെയും വി. ഗ്രന്ഥത്തിലുടനീളം കാണാം. ദൈവസന്നിധിയിൽനിന്ന് പത്തുകല്പനകൾ സ്വീകരിക്കുന്നതിനുള്ള ഒരുക്കമായി മോശ ഒന്നും ഭക്ഷിക്കുകയോ, പാനം ചെയ്യുകയോ ചെയ്തില്ലെന്ന് പുറപ്പാടു പുസ്തകം സാക്ഷ്യപ്പെടുത്തുന്നു (പുറ. 34:28). ഫിലിസ്ത്യരുടെ കരങ്ങളിൽനിന്ന് രക്ഷപ്പെടുന്നതിനായി ഇസ്രായേൽജനത ദിവസം മുഴുവൻ കർത്താവിന്റെ സന്നിധിയിൽ ഒരുമിച്ചുകൂടി ഉപവസിക്കുകയും തങ്ങളുടെ പാപങ്ങൾ ഏറ്റു പറയുകയും ചെയ്തു (1 സാമു. 7:6). നാബോത്തിനെതിരായി ചെയ്ത തെറ്റിനെയോർത്ത് ആഹാബ് രാജാവ് മനസ്തപിക്കുകയും ചാക്കുടുത്ത് ഉപവസിക്കുകയും ചെയ്തു (1 രാജാ. 21:27). രാത്രി മുഴുവൻ ഉപവാസത്തിൽ കഴിഞ്ഞ രാജാവിന്റെ പ്രാർത്ഥന വഴി ദാനിയേലിനെ സിംഹങ്ങൾ ഉപദ്രവിച്ചില്ല (ദാനി. 6:18). ഇസ്രായേൽജനതയുടെ നാശം മുൻകൂട്ടിക്കാണുന്ന എസ്‌തേർരാജ്ഞി മൂന്നുരാത്രിയും മൂന്നു പകലും ഉപവാസം പ്രഖ്യാപിച്ചു (എസ്‌തേ. 12:16). ദൈവ സന്നിധിയിൽ തങ്ങളെത്തന്നെ എളിമപ്പെടുത്തുന്നതിനും തങ്ങളുടെ യാത്ര സുഗമമാക്കുന്നതിനുംവേണ്ടി എസ്രാ ഉപവാസം പ്രഖ്യാപിക്കുകയും തത്ഫലമായി അവർക്ക് ദൈവം സംരക്ഷണം നല്കുകയും ചെയ്തു (എസ്രാ. 8:21). നിനിവേനഗരത്തിന്റെ നാശത്തെക്കുറിച്ചുള്ള യോനാപ്രവാചകന്റെ പ്രസംഗം കേട്ട് അവിടെയുള്ളവർ ഉപവാസം പ്രഖ്യാപിക്കുകയും നാശത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു (യോന. 3:5). ഫനുവേലിന്റെ പുത്രിയും ആ ഷേർവംശജയുമായ അന്നപ്രവാചിക രാപകൽ ദൈവത്തെ സ്തുതിച്ചുകൊണ്ടു ഉപവാസത്തിലും പ്രാർത്ഥനയിലും കഴിയുകയായിരുന്നുവെന്ന് ലൂക്കായുടെ സുവിശേഷം സാക്ഷ്യപ്പെടുത്തുന്നു (ലൂക്കാ 2:37). കർത്താവിനു വഴിയൊരുക്കാൻ വന്ന യോഹന്നാൻ മാം ദാന താപസജീവിതമാണ് നയിച്ചിരുന്നത് (മത്താ. 3:4). ഈശോ നാല്പതുരാവും നാല്പതു പകലും മരുഭൂമിയിൽ വച്ച് ഉപവസിച്ചു (മത്താ. 4:2). മനുഷ്യനെന്ന രീതിയിൽ ഈശോ മരുഭൂമിയിൽ നാല്പതുദിവസങ്ങൾ ഉപവസിക്കുകയും ദൈവമെന്ന രീതിയിൽ മാലാഖമാർ അവനെ ശുശ്രൂഷിക്കുവാൻ താഴ്ന്നിറങ്ങുകയും ചെയ്തുവെന്ന് പൗരസ്ത്യപിതാവായ നിസിബിസിലെ നർസായി സാക്ഷ്യപ്പെടുത്തുന്നു. രഹസ്യമായി ഉപവസിക്കുന്നതാണ് ഉചിതമെന്ന് ഈശോ പഠിപ്പിക്കുന്നു. എന്തെന്നാൽ രഹസ്യങ്ങൾ അറിയുന്ന പിതാവ് പ്രതിഫലം നല്കും (മത്താ. 6:16). പിശാചുബാധിതനെ സുഖപ്പെടുത്തുവാൻ ശിഷ്യർക്ക് കഴിയാതെവരുന്ന ഘട്ടത്തിൽ, പ്രാർത്ഥനയും ഉപവാസവും കൊണ്ടല്ലാതെ പിശാചുക്കളെ പുറത്താക്കുവാൻ കഴിയുകയില്ലെന്നാണ് ഈശോ ശിഷ്യരെ ഉദ്‌ബോധിപ്പിക്കുന്നത് (മത്താ. 9:28). സാവൂളിന്റെ മാനസാന്തരത്തിനുശേഷം മൂന്നുദിവസത്തേക്ക് അദ്ദേഹം ഒന്നും ഭക്ഷിക്കുകയോ പാനം ചെയ്യുകയോ ചെയ്തില്ലെന്ന് അപ്പസ്‌തോലപ്രവർത്തനം രേഖപ്പെടുത്തുന്നു (അപ്പ. 9:9) ഇവയെല്ലാം നോമ്പിന്റെയും ഉപവാസത്തിന്റെയും പൊരുളും ശക്തിയും നമ്മുടെ മുൻപിൽ വരച്ചുകാണിക്കുന്ന വിശുദ്ധഗ്രന്ഥ സംഭവങ്ങളാണ്.

ശാരീരിക ഉപവാസവേളകളിൽ ചില പ്രത്യേക ഭക്ഷണ-പാനീയങ്ങൾ, വിനോദങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നത് ഉചിതമാണ്. എന്നാൽ നോമ്പിന്റെ ആത്മീയമാനമെന്നത് വഞ്ചന, വെറുപ്പ്, അസൂയ, തഴക്കദോഷങ്ങൾ, ദുഃസ്വഭാവങ്ങൾ എന്നിവയിൽ നിന്നുള്ള പിന്മാറ്റമാണ്.
മാർതോമ്മാനസ്രാണികൾ വലിയനോമ്പിന്റെ ചൈതന്യത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നത് അമ്പതുനോമ്പിനുള്ള ഒരുക്കം എന്ന് വിശേഷിപ്പിക്കാവുന്ന മൂന്നു നോമ്പാചരണത്തോടെയാണ്. ദനഹാക്കാലത്തിന്റെ അവസാനത്തെ ആഴ്ചയിൽനിന്ന് പുറകോട്ട് എണ്ണി മൂന്നാമത്തെ ആഴ്ചയിലെ തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ ആചരിക്കുന്നതാണ് മൂന്നു നോമ്പ്. 'നിനവെക്കാരുടെ പ്രാർത്ഥന' എന്നും ഇത് അറിയപ്പെടുന്നു. മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യപ്രകാരം 'പതിനെട്ടാമിട നോമ്പ്' എന്നും ഇതിനെവിളിക്കാറുണ്ട്. കാരണം വലിയനോമ്പ് ആരംഭിക്കുന്നതിന് പതിനെട്ടു ദിവസം മുമ്പാണ് ഇതവസാനിക്കുന്നത്. പഴയനിയമത്തെ ആധാരമാക്കി ഇപ്പോഴും നമ്മൾ പിൻതുടരുന്ന ഒന്നാണ് മൂന്നുനോമ്പ്. യോനാപ്രവാചകൻ മൂന്നുരാവും മൂന്നുപകലും മത്സ്യത്തിന്റെ ഉദരത്തിലായിരുന്നുവല്ലോ. മത്സ്യംവഴി യോനാ നിനവേ ദേശത്ത് എത്തിച്ചേരുകയും നിനവേക്കാരോട് അനുതപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പ്രവാചകന്റെ വാക്കുകൾ വിശ്വസിച്ച് നിനവേയിലുള്ള എല്ലാവരും തങ്ങളുടെ പാപങ്ങളോർത്ത് പശ്ചാത്തപിക്കുകയും മാനസാന്തരപ്പെടുകയും ചെയ്തു. ആറാം നൂറ്റാണ്ടിന്റെ അവസാനകാല ഘട്ടത്തിൽ (570-581) ബേസ് ഗർമായി, ആതൂർ, മെസെപ്പെട്ടോമിയായിലെ നിനവേ പ്രദേശങ്ങളിൽ ഉണ്ടായ പ്ലേഗുബാധയെത്തുടർന്നുള്ള നോമ്പാചരണവുമായി ബന്ധപ്പെടുത്തിയാണ് ഈ തിരുനാൾ അറിയപ്പെടുന്നത്. മെസെപ്പെട്ടോമിയാ നിവാസികൾ മൂന്നു ദിവസം തുടർച്ചയായി നടത്തിയ പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ഫലമായി പ്ലേഗുബാധയിൽനിന്ന് രക്ഷപ്പെട്ടതിന് കൃതജ്ഞത പ്രകാശിപ്പിക്കാനാണത്രേ ഈ നോമ്പ് ആരംഭിച്ചത്. പില്ക്കാലത്ത് നിനവെക്കാരുടെ നോമ്പാചരണത്തിന്റെ (യോനാ 3:4-10) അനുകരണമായി മൂന്നു നോമ്പ് പരിഗണിക്കുവാൻ തുടങ്ങി. മൂന്നു നോമ്പ് എന്നത് അമ്പതുനോമ്പിനുള്ള മുന്നൊരുക്കവും പരിശീലനഘട്ടവുമായി മനസ്സിലാക്കാം. മൂന്നുനോമ്പിനും വലിയനോമ്പിനും ഇടയിലുള്ള രണ്ട് വെള്ളിയാഴ്ചകളിൽ മരിച്ചുപോയ പുരോഹിതരെയും അല്മായരെയും സഭ അനുസ്മരിക്കുന്നു. അപ്രകാരം വലിയനോമ്പിലേക്ക് പ്രവേശിക്കാനും നോമ്പാകുന്ന യുദ്ധത്തിൽ വിജയിക്കാനുമുള്ള സഹായം പരേതരോട് ഈ അവസരത്തിൽ നമ്മൾ മുൻകൂട്ടി അപേക്ഷിക്കുന്നു.

കർത്താവിന്റെ പെസഹാത്തിരുനാളിന് ഒരുക്കമായിട്ടാണ് സഭ നാല്പതുദിവസത്തെ വലിയനോമ്പ് ആചരിക്കുന്നത്. തെർത്തുല്യന്റെയും (+ 220) ഹിപ്പോളിറ്റസിന്റെയും (+ 235) കാലഘട്ടത്തിൽ ദുഃഖ വെള്ളിയും ദുഃഖശനിയും ഉപവാസദിനങ്ങളായി പാശ്ചാത്യസഭ ആചരിച്ചിരുന്നു. പാശ്ചാത്യസഭയിൽ വിഭൂതിബുധനാഴ്ചയും ദുഃഖവെള്ളിയാഴ്ചയും നിർബന്ധിത ഉപവാസദിനങ്ങളാണെങ്കിൽ പൗരസ്ത്യർക്ക് വലിയ നോമ്പാരംഭ ദിവസമായ തിങ്കളാഴ്ചയും പീഡാനുഭവവെള്ളിയാഴ്ചയും ഉപവാസദിനങ്ങളാണ്. അവർ ഉപവാസദിനങ്ങളിൽ ഒരു നേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. മത്സ്യ മാംസാദികൾ നോമ്പു കാലത്ത് ആരും ഉപയോഗിച്ചിരുന്നില്ല. പൗരസ്ത്യസുറിയാനി ആരാധനക്രമമനുസരിച്ച് നാല്പതു ദിവസത്തെ നോമ്പ് പൂർത്തിയാകുന്നത് പെസഹാവ്യാഴാഴ്ചയിലെ മധ്യാഹ്നപ്രാർത്ഥന (എന്ദാന) യോടുകൂടിയാണ്. തന്മൂലം തിരുവത്താഴശുശ്രൂഷയും കാലു കഴുകൽശുശ്രൂഷയും പെസഹാ വ്യാഴാഴ്ചയിലെ സായാഹ്നപ്രാർത്ഥനയോടുകൂടി നടത്തുന്നതാണ് കൂടുതൽ അർത്ഥപൂർണമായിട്ടുള്ളത്. ഇസ്രായേൽക്കാർ പെസഹാക്കുഞ്ഞാടിനെ ബലിയർപ്പിച്ചത് സായാഹ്നത്തിലായിരുന്നു (പുറ. 12:6). കൂടാതെ ഈശോയുടെ തിരുവത്താഴം സന്ധ്യയോടു കൂടിയായിരുന്നുവെന്ന് സുവിശേഷകന്മാർ സാക്ഷ്യപ്പെടുത്തുന്നു (മത്താ. 26:20, മർക്കോ. 14:17, ലൂക്കാ 22:14). പെസഹാവ്യാഴാഴ്ചയിലെ റംശാപ്രാർത്ഥനയോടു കൂടിയാണ് പെസഹാത്രിദിനാചരണത്തിന് തുടക്കംകുറിക്കുന്നത്. പീഡാനുഭവവെള്ളി, വലിയ ശനി, ഉയിർപ്പുഞായർ എന്നീ ദിവസങ്ങൾ പെസഹാ ത്രിദിനമായി (Paschal Triduum) ആചരിക്കുന്നു. മനുഷ്യപുത്രൻ മൂന്നുരാവും മൂന്നുപകലും ഭൂഗർഭത്തിലായിരിക്കും (മത്താ. 12:40) എന്ന ഈശോയുടെ വാക്കുകൾ ത്രിദിന പെസഹാചരണത്തിന്റെ അടിസ്ഥാനമായി ആരാധനക്രമ വ്യാഖ്യാതാവായ അർബേലിലെ ജോർജ് ചൂണ്ടിക്കാണിക്കുന്നു. നോമ്പുകാലത്തിൽ സ്ഫുരിച്ചുനിൽക്കുന്ന ആരാധനാചിന്തകൾ അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും അവശ്യകത പ്രകടമാക്കുന്നവയാണ്. ഈശോയുടെ പീഡാനുഭവ-മരണ-ഉത്ഥാനം മാനവകുലത്തിന്റെ രക്ഷയ്ക്കും നന്മയ്ക്കും വേണ്ടിയുള്ളതാണന്ന് നോമ്പുകാലം നമ്മെ പഠിപ്പിക്കുന്നു. നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിക്കുന്ന ധാരാ ളം പ്രാർത്ഥനകൾ ഇക്കാലത്തു നമ്മൾ ചൊല്ലുന്നു.

ഉപവാസം, പ്രാർത്ഥന, പ്രായശ്ചിത്തം, പരിഹാരപ്രവൃത്തികൾ എന്നിവയാണ് അനുതാപത്തിനും മാനസാന്തരത്തിനുമുള്ള ഫലപ്രദമായ മാർഗങ്ങൾ. തിന്മയിൽ നിന്നുള്ള മാനസാന്തരം സാധ്യമാകുവാൻ ആത്മാവിന്റെ വൈദ്യനായ മിശിഹായെ സമീപിക്കണം (മത്താ. 9:12). ധൂർത്തപുത്രന്റെ മനോഭാവത്തോടെ പിതൃസന്നിധിയിലേക്ക് തിരിച്ചുവരാൻ നോമ്പുകാലപ്രാർത്ഥനകളും കർമ്മങ്ങളും നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. പ്രാർത്ഥനയും ഉപവാസവും വഴി ആത്മാവിൽ ശക്തിപ്പെട്ടാണ് ഈശോ തന്റെ പരസ്യജീവിതം ആരംഭിച്ചത്. പഴംകൊണ്ടു ആദത്തെ കീഴടക്കിയവനെ ഉപവാസം എന്ന ആയുധം വഴി രണ്ടാം ആദമായ ഈശോ കീഴടക്കുന്നു. അങ്ങനെ, പൈശാചികശക്തിയെ പരാജയപ്പെടുത്താനും പ്രലോഭനങ്ങൾക്ക് വശംവദനാകാതിരിക്കാനും ഉപവാസത്തിലൂടെ ഈശോയ്ക്കുസാധിച്ചു. ഈശോയുടെ മഹനീയ മാതൃക അനുകരിച്ചുകൊണ്ട് തിന്മകളെയും പ്രലോഭനങ്ങളെയും പരാജയപ്പെടുത്തുവാൻ ഉപവാസമെന്ന ആയുധമെടുക്കുവാൻ ഇക്കാലം നമ്മെ ആഹ്വാനം ചെയ്യുന്നു. 'നമ്മുടെ ബലഹീനമായ സ്വഭാവത്തിനു ചുറ്റുമുള്ള ശക്തിയേറിയ കോട്ടയാണ് ഉപവാസം. പ്രാർത്ഥനയും ഉപവാസവും വഴിയല്ലാതെ പിശാചുക്കളെ പുറത്താക്കാൻ പറ്റുകയില്ല (മത്താ. 17:21) എന്ന ഈശോയുടെ വാക്കുകളുടെ ഉൾപ്പൊരുൾ മനസ്സിലാക്കിക്കൊണ്ട് വിഭജനത്തിന്റെയും വിദ്വേഷത്തിന്റെയും പൈശാചികശക്തികൾക്കെതിരെ സന്ധിയില്ലാസമരം ചെയ്യാനും മാനസാന്തരത്തിന്റെ സത്ഫലങ്ങൾ പുറപ്പെടുവിക്കുവാനും നോമ്പു കാലം നമ്മെ ഓർമിപ്പിക്കുന്നു. ഇതിന് നമ്മൾ ഭക്ഷണം മാത്രം ഉപേക്ഷിച്ചാൽ പോരാ. നമ്മിൽ കുടികൊള്ളുന്ന വഞ്ചനയും അസൂയയും ദ്രവ്യാസക്തിയും വർജ്ജിക്കാൻ നാം തയ്യാറാകണം. അതായത് ശരീരത്തെ ഭക്ഷണത്തിൽ നിന്നും ആത്മാവിനെ തിന്മകളിൽ നിന്നും സ്വതന്ത്രമാക്കാനുള്ളതാണ് ഈ കാലം. തിന്മകളെയും കുറവുകളെയും പരിഹരിക്കുവാനും നന്മ പരിശീലിക്കുവാനും നോമ്പു കാലത്ത് നാം പരിശ്രമിക്കണം. പ്രാർത്ഥനയും ദാനധർമങ്ങളുമായി സംയോജിക്കാത്ത ഉപവാസം ഫലം പുറപ്പെടുവിക്കുകയില്ല. 'നീ മാംസം ഭക്ഷിക്കാതിരിക്കുകയും വിമർശനവും അപവാദങ്ങളും വഴി നിന്റെ സഹോദരനെ വിഴുങ്ങുകയും ചെയ്താൽ നീ അനുഷ്ഠിക്കുന്ന നോമ്പിന് പ്രയോജനമുണ്ടാവുകയില്ല, എന്ന് വി. ബേസിൽ ഓർമ്മിപ്പിക്കുന്നു. സഹോദരങ്ങളെ ഉപദ്രവിച്ചുകൊണ്ട് സാത്താന് ആനന്ദിക്കാനുള്ള അവസരമായി നാം ഉപവാസത്തെ മാറ്റരുത്. നാബോത്തിന്റ മുന്തിരിത്തോട്ടം ആഹാബ്‌രാജാവ് ആഗ്രഹിക്കുകയുണ്ടായി. ഇതറിഞ്ഞ രാജാവിന്റെ ഭാര്യയായ ജസബെൽ രാജ്ഞി രാജാവിന്റെ പേരും മുദ്രയും വച്ച് നഗരത്തിൽ നാബോത്തിനോടൊപ്പം വസിക്കുന്ന ശ്രേഷ്ഠർക്കും പ്രഭുക്കന്മാർക്കും കത്തയയ്ക്കുന്നു. അതിൽ ഇപ്രകാരമെഴുതിയിരുന്നു, നിങ്ങൾ ഒരു ഉപവാസം പ്രഖ്യാപിക്കുകയും ജനത്തെ വിളിച്ചുകൂട്ടി അവിടെ നാബോത്തിനെ ഒരു പ്രധാനസ്ഥാനത്ത് ഇരുത്തുകയും ചെയ്യുവിൻ. നാബോത്ത് ദൈവത്തിനും രാജാവിനുമെതിരെ ദൂഷണം പറഞ്ഞതായി കള്ളസാക്ഷ്യം പറയുകയും തുടർന്ന് അവനെ പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലുകയും ചെയ്യണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം (1 രാജ. 21:8-10). അപ്രകാരം അവരുടെ ഉപവാസത്തിൽ തിന്മയുടെ ശക്തികളാണ് ആനന്ദിച്ചത്. ഭക്ഷണത്തിനുപകരം അവർ മനുഷ്യ മാംസം ഭക്ഷിക്കുകയും സഹോദരന്റെ രക്തം കുടിക്കുകയും ചെയ്തു. ഇപ്രകാരമുള്ള ഉപവാസ ശൈലികളിൽനിന്ന് നാം പിന്മാറുകയും നമ്മുടെ അനുതാപവും മാനസാന്തരവും സഹോദരന്റെ നന്മയും ഉയർച്ചയും ഉപവാസ ലക്ഷ്യങ്ങളായി മനസ്സിലാക്കുകയും വേണം.

ശാരീരിക ഉപവാസവേളകളിൽ ചില പ്രത്യേക ഭക്ഷണ-പാനീയങ്ങൾ, വിനോദങ്ങൾ തുടങ്ങിയവ ഒഴിവാക്കുന്നത് ഉചിതമാണ്. എന്നാൽ നോമ്പിന്റെ ആത്മീയമാനമെന്നത് വഞ്ചന, വെറുപ്പ്, അസൂയ, തഴക്കദോഷങ്ങൾ, ദുഃസ്വഭാവങ്ങൾ എന്നിവയിൽ നിന്നുള്ള പിന്മാറ്റമാണ്. ഉപവാസമെന്നത് ഭക്ഷണം കഴിക്കാതിരിക്കൽ മാത്രമല്ല പ്രത്യുത, നയനങ്ങളെ അശുദ്ധമായ കാഴ്ചകളിൽനിന്നും, ചെവികളെ അപവാദപ്രചരണങ്ങളിൽനിന്നും, കൈകാലുകളെ അനീതിയിൽനിന്നും, ശരീരത്തിന്റെ മറ്റ് അവയവങ്ങളെ തിന്മകളിൽനിന്നും അകറ്റിനിർത്തൽകൂടിയാണെന്ന സഭാപിതാവായ ജോൺ ക്രിസോസ്‌തോമിന്റെ വാക്കുകൾ ഇത്തരുണത്തിൽ സ്മരണീയമാണ്.


Related Articles

പ്രധാന ശിഷ്യന്‍

വിചിന്തിനം

Contact  : info@amalothbhava.in

Top