ഏറെ നാളുകൾക്കു ശേഷമാണ് ആന്ധ്രയിലുള്ള ആ സുഹൃത്തിനെ കാണാൻ ചെന്നത്. ജോലി സ്ഥലത്തായിരുന്ന അദ്ദേഹം അവർ താമസിക്കുന്ന ഫ്ലാറ്റിലേക്ക് പോകാനുള്ള വഴി പറഞ്ഞു തന്നു. ഫ്ലാറ്റിൽ എത്തി. കോളിങ്ങ് ബെൽ അടിക്കുന്നതിന് മുമ്പ് മനസൊന്നു പിടച്ചു: "ഇതു തന്നെയാണോ എന്റെ സുഹൃത്തിന്റെ വീട്?" അങ്ങനെ ചിന്തിക്കാൻ കാരണമുണ്ട്: വാതിലിനു പുറത്തായി മറ്റൊരു മതബിംബം പ്രതിഷ്ഠിച്ചിരിക്കുന്നു. ഒരിക്കൽക്കൂടി സുഹൃത്തിന് ഫോൺ ചെയ്തു. അദ്ദേഹം പറഞ്ഞു: "അതു തന്നെയാണ് വീട്. കോളിങ്ങ് ബെൽ അടിച്ചോളൂ ... ഭാര്യയും മക്കളും വീട്ടിൽ ഉണ്ട്." ബഹുനില ഫ്ലാറ്റിലെ അവരുടെ വസതിയിൽ ഞാൻ പ്രവേശിച്ചു. ചായ കുടിച്ചിരിക്കുമ്പോൾ ജോലി സ്ഥലത്തു നിന്നും സുഹൃത്തും ഫ്ലാറ്റിലെത്തി. ഞങ്ങൾ ഇരുന്ന സിറ്റൌട്ടിലും മറ്റ് മതവിശ്വാസത്തിന്റെ പ്രതീകാത്മകമായ ചെറുതും വലുതുമായ ബിംബങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നത് കാണാനിടയായി. "നിങ്ങൾ മതം മാറിയോ? എന്തുകൊണ്ടാണ് അകത്തും പുറത്തുമായ് ഇത്രമാത്രം വിഗ്രഹങ്ങൾ? മാത്രമല്ല ഈശോയുടെ ഒരു രൂപം പോലുമില്ലല്ലോ?" ഞാൻ ചോദിച്ചു. അതിന് മറുപടി നൽകിയത് ആ പ്രതിമകൾ അവിടെ പ്രതിഷ്ഠിച്ച അദ്ദേഹത്തിന്റെ ഭാര്യയാണ്. "അച്ചാ ഇവിടെ എല്ലാവരും വരുന്ന സ്ഥലമല്ലെ? നമ്മുടെ വിശ്വാസം മറ്റുള്ളവരുടെ മുമ്പിൽ പ്രദർശിപ്പിക്കേണ്ട ആവശ്യമുണ്ടോ? പിന്നെ ഈ പ്രതിമകളെല്ലാം തപസിന്റെയും ധ്യാനത്തിന്റെയും മനശാന്തിയുടെയും പ്രതീകമല്ലെ?" ഇത്രയും പറഞ്ഞ് ആ സ്ത്രീ എന്നെ അകത്തേയ്ക്ക് കൊണ്ടുപോയി, അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈശോയുടെ രൂപങ്ങളും ചിത്രങ്ങളും കാണിച്ചു തന്നുകൊണ്ട് ഇങ്ങനെ തുടർന്നു: "ഞങ്ങൾ അർഹമായ സ്ഥാനം ക്രിസ്തുവിനും കൊടുക്കുന്നുണ്ട്!" "പൂമുഖത്ത് മറ്റു മതവിശ്വാസത്തിന്റെ പ്രതിമകൾ വയ്ക്കാമെങ്കിൽ അതിനേക്കാൾ പ്രാധാന്യത്തോടെ ക്രിസ്തുവിന്റെ രൂപവും പ്രതിഷ്ഠിക്കേണ്ടതല്ലെ? അതിൽ നാണിക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല." അതായിരുന്നു എന്റെ മറുപടി. അഭ്യസ്ഥവിദ്യരും സർക്കാർ ഉദ്യോഗസ്ഥരുമായ എന്റെ സുഹൃത്തിന്റെ ജീവിത പങ്കാളിയുടെ മനോഭാവം എനിക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന് പറയാനും ആ വിശ്വാസം പ്രഘോഷിക്കാനും പലരും ലജ്ജിക്കുന്ന കാലമാണിത്. അതുകൊണ്ടു തന്നെ വിശ്വാസപരമായ കാര്യങ്ങളിൽ വെള്ളം ചേർക്കാനും പലരും തയ്യറാകുന്നുമുണ്ട്. ഇത്തരുണത്തിൽ ക്രിസ്തുവിന്റെ ഈ വാക്കുകൾക്ക് പ്രസക്തിയേറുന്നു: "പാപം നിറഞ്ഞതും അവിശ്വസ്‌തവുമായ ഈ തലമുറയില്‍ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്‌ജിക്കുന്നവനെപ്പറ്റി മനുഷ്യപുത്രനും തന്റെ പിതാവിന്റെ മഹത്വത്തില്‍ പരിശുദ്‌ധ ദൂതന്‍മാരോടുകൂടെ വരുമ്പോള്‍ ലജ്‌ജിക്കും" (മര്‍ക്കോ 8 : 38) ക്രിസ്ത്യാനിയാണെങ്കിൽ ക്രിസ്തുവിനെക്കുറിച്ച് മടികൂടാതെ പ്രഘോഷിക്കാനും അവനിൽ വിശ്വസിക്കുന്നു എന്നേറ്റു പറയാനും നമ്മൾ ധൈര്യം കാണിക്കണം. അവനെക്കുറിച്ചുള്ള ലജ്ജ വിശ്വാസ ലുബ്ധിയെയാണ് സൂചിപ്പിക്കുക എന്ന് ഓർമിക്കുന്നത് ഉചിതമാണ്. ഫാദർ ജെൻസൺ ലാസലെറ്റ്
വിശുദ്ധ അന്തോണീസിന്റെ ബസിലിക്ക
ഉയിര്പ്പുതിരുനാള് | ജെര്ളി
വിശുദ്ധ കുരിശിന്റെ പ്രാര്ത്ഥന
പ്രഭാത പ്രാർത്ഥന...
പ്രഭാത പ്രാർത്ഥന ; 30 – 10 – 2020
പ്രഭാത പ്രാർത്ഥന ; 10 -10 -2020