കുരിശുമെടുത്ത് എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോജിച്ചവനല്ല.

13,  Sep   

 


സാക്ഷ്യപ്പെടുത്തുക 

ഫ്രയർ ആൽബിൻ മൂലൻ 


ക്രിസ്തുവിൻറെ വചനം ഭിന്നതകൾ സൃഷ്ടിക്കുന്ന വാളിനോടാണ് മത്തായി സുവിശേഷകൻ ഉപമിച്ചിരിക്കുക. ക്രിസ്തുവിൻറെ വചനത്തിൽ ഉള്ള വിശ്വാസത്തിൻറെ ഏറ്റക്കുറവുകൾ മൂലം ഒരുവൻ കുടുംബത്തിലും സമൂഹത്തിലും സ്വീകരിക്കപ്പെടുകയും മറ്റൊരുവൻ തിരസ്കരിക്കപ്പെടുകയും ചെയ്യുന്നു.
സമൂഹം അന്ധമായി പിന്തുടരുന്ന തിന്മകളും, തെറ്റായ ജീവിതശൈലികളും പിന്തുടരാതെയോ കൂട്ടുനിൽക്കാതെ ഇരിക്കുമ്പോൾ മറ്റുള്ളവരാൽ നമ്മുടെ സമാധാനത്തിന് കോട്ടം തട്ടുവാൻ സാധ്യതയുണ്ട്. അതുപോലെ തിന്മ പ്രവർത്തിക്കാതിരിക്കുമ്പോൾ മാത്രമല്ല, നന്മ പ്രവർത്തിക്കാതിരിക്കുമ്പോഴും ഒരുവനിലെ സമാധാനം നഷ്ടമാകുന്നു. 
ക്രിസ്തു ശിഷ്യൻ ആയിരിക്കുക എന്നാൽ തന്നെ പൂർണമായി വിട്ടുകൊടുത്ത് കൊണ്ട് സ്നേഹിക്കുക എന്നതാണ്. ക്രിസ്തു ശിഷ്യനായിരിക്കുക എന്നത് വഴി ഉണ്ടാകാവുന്ന വേദനകളും, വെറുപ്പും, തിക്‌താ അനുഭവങ്ങളും ഏറ്റെടുത്തു വേണം ക്രിസ്തുവിനെ പിന്തുടരുവാൻ. അങ്ങനെ ഒരുവൻ സ്വന്തം ജീവിതം വഴി ക്രിസ്തുവിന് സാക്ഷ്യം നൽകുമ്പോഴാണ് നിത്യജീവൻ കണ്ടെത്തുക

 


സമാധാനം കാണുവാൻ 

ഫ്രയർ ക്ലമന്റ് 


ക്രിസ്തു ഒരു സമാധാനപ്രിയനായി മറ്റു സുവിശേഷഭാഗങ്ങളിൽ കാണുമ്പോൾ ഇവിടെ ഒരു എതിർ മനോഭാവത്തോടെയാണ് നമുക്ക് കാണാൻ സാധിക്കുക. 
കുടുംബങ്ങളിലെ ഭിന്നതയാണ് നാം ഇവിടെ കാണുക. ഒരു കുടുംബത്തിൽ യഹൂദനും അതുപോലെ തന്നെ ക്രിസ്തുവിനെ അനുഗമിക്കുന്നവരും ഉണ്ടാകുമ്പോൾ അവിടെ ഭിന്നത ഉയരുന്നു.
ക്രിസ്തുവിനെ അനുഗമിക്കുന്നവർക്ക് പലതും നഷ്ടമാകുന്നു. കുടുംബത്തിലെ സമാധാനം, വ്യക്തി ബന്ധങ്ങൾ, സ്വന്തം നേട്ടങ്ങൾ എന്നിവയെല്ലാം ത്യജിക്കേണ്ടതായി വരും. അവിടെയെല്ലാം ക്രിസ്തുവിൽ സമാധാനം കണ്ടെത്താൻ ശ്രമിക്കാം

 

 

"The Unexpected Path"

ഫ്രയർ ബെൽജിൻ ചാത്തങ്കണ്ടത്തിൽ 

മത്തായിയുടെ സുവിശേഷം 10:34-42 വരെയുള്ള വാക്യങ്ങളിലെ യേശുവിൻ്റെ വാക്കുകൾ നമ്മുടെ ജീവിതത്തെ വഴിതിരിച്ചുവിടുന്ന GPS പോലെയാണ്. അവൻ നമ്മെ നയിക്കുന്നത് സുഗമമായ, എളുപ്പമുള്ള ഹൈവേയിലൂടെയല്ല, മറിച്ച് വളഞ്ഞുപുളഞ്ഞ, അപ്രതീക്ഷിതമായ ഒരു പാതയിലൂടെയാണ്.

 നിങ്ങളുടെ ജീവിതം ഒരു Puzzle ആയി സങ്കൽപ്പിക്കുക, കാണാതെ പോയ  കഷ്ണവുമായി യേശു നമ്മോടൊപ്പം തന്നെയുണ്ട് .  മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ഒരു  ചിത്രത്തിലേക്കല്ല അവൻ നമ്മെ നയിക്കുന്നത്, മറിച്ച് നമുക്കോരോരുത്തർക്കും മാത്രമായി ഒരു പുതിയ മാസ്റ്റർപീസ് സൃഷ്ടിക്കുകയാണ്.

 ഏത് അപ്രതീക്ഷിത വഴികളിലേക്കാണ് യേശു എന്നെ നയിക്കുന്നത്, അവൻ്റെ നാവിഗേഷനെ എനിക്ക് എങ്ങനെ വിശ്വസിക്കാനാകും?
എൻ്റെ പദ്ധതികളും ദൈവത്തിൻ്റെ ഉദ്ദേശ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യം എനിക്ക് എങ്ങനെ ഉൾക്കൊള്ളാനാകും?
ഇതിനെല്ലാം ഉള്ള ഉത്തരമാണ് ഇന്നത്തെ ഈ സുവിശേഷ ഭാഗം. 

യേശു നമ്മുടെ ജീവിതത്തെ വഴിതിരിച്ചുവിടട്ടെ, അപ്രതീക്ഷിത പാതയുടെ സൗന്ദര്യം നമുക്ക് ആസ്വദിക്കുവാൻ ശ്രമിക്കാം. 
ആമേൻ

 

 

 വിട്ടുവീഴ്ചയിലും അപകടമുണ്ട്

ഫ്രയർ അക്ഷയ്  പുതുക്കാട്

 വിട്ടുവീഴ്ചകൾ സമാധാനത്തിലേക്ക് നയിക്കുന്നു.

 എന്നാൽ സുവിശേഷത്തിൽ യാതൊരു വിട്ടുവീഴ്ചയും ഈശോ ആഗ്രഹിക്കുന്നില്ല.

 ഈ നിർബന്ധം ലോകവുമായിയുള്ള ഉരസലിന്  കാരണമാവാം, എന്നാൽ എല്ലാറ്റിനും ഉപരി ഈശോയെ സ്നേഹിക്കുമ്പോൾ അതിനെ അതിജീവിക്കുവാൻ നമുക്ക് കഴിയും.

 ലോകവുമായി സമാധാനം ഇല്ലായ്മ എന്നതിന് ശത്രുത എന്ന വ്യാഖ്യാനമില്ല. മറിച്ച് മറ്റുള്ളവരെയും സ്നേഹിക്കണം ഉപാധികൾ ഇല്ലാതെ സ്നേഹിക്കുന്ന പിതാവിന്റെ മക്കളാണ് നമ്മൾ

 

 

 ദൈവകൃപ ലഭിച്ചവർക്ക് സമാധാനം

 ഫ്രയർ ജോജോമോൻ 

 

 നീതിമാനായ ദൈവം, സമാധാനത്തിന്റെ രാജാവ്, സത്യമായവൻ, സ്നേഹനിധി എന്നിങ്ങനെ ദൈവത്തിന്റെ മുഖം മനുഷ്യൻ വർണ്ണിക്കുന്നു.എന്നാൽ ഇന്നത്തെ സുവിശേഷത്തിൽ ഈശോ സമാധാനമല്ല വാളിനെക്കുറിച്ചാണ് തന്റെ ശിഷ്യന്മാരോട് പങ്കുവയ്ക്കുന്നത്. ഓരോ മനുഷ്യനും തന്റെ ജനനം മുതൽ മരണം വരെ മറ്റൊരുവനോട് ബന്ധപ്പെട്ടു ജീവിക്കുന്നു. സ്വന്തം ഭവനത്തിലെ ബന്ധങ്ങൾ ജീവിതത്തെ കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നു. ഈ സുരക്ഷിതത്തിനും സമാധാനത്തിനും അടിസ്ഥാനത്തിനുമെല്ലാം ഉപരി ദൈവത്തെ സ്നേഹിക്കുവാനുള്ള ശ്രേഷ്ഠമായ വിളിയും നിയോഗവും ഓരോ ക്രൈസ്തവനും ഉണ്ട് മാലാഖമാർ ദൈവത്തെ സ്തുതിച്ചു പാടി അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം ഭൂമിയിൽ ദൈവകൃപ ലഭിച്ചവർക്ക് സമാധാനം. സമാധാനം ഒരിക്കലും മനുഷ്യന്റെ പ്രവർത്തിയുടെ ഫലമോ മാനസിക ഉല്ലാസമോ അല്ല അത് ദൈവികദാനവും വചനത്തിന്റെ നിറവുമാണ്

 

 

 കുരിശ്...

ഫ്രയർ ജിബിൻ ഇടപ്പുള്ളവൻ 

 

 ഓരോ ക്രൈസ്തവന്റെ ജീവിതത്തിലും ഒഴിച്ചുകൂടാൻ ആകാത്ത ഒന്നാണ് കുരിശ്. കാരണം അവൻ രക്ഷിക്കപ്പെട്ടത് കുരിശിലേറപ്പെട്ടവൻ വഴിയാണ്. അതിനാൽ നാം പാടുന്നു കുരിശാണ് രക്ഷ കുരിശിലാണ് രക്ഷ കുരിശേ നമിച്ചിടുന്നു.


 ഇന്നത്തെ സുവിശേഷ ഭാഗത്തിൽ ഈശോ അനുവർത്തിക്കുന്നത് നിങ്ങളുടെ പാപങ്ങൾക്ക് വേണ്ടി ഞാൻ കുരിശു ചുമന്നു. എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചെറിയ കുരിശുകൾ എടുത്ത് എന്നെ അനുഗമിച്ചു കൂടെ. കാരണം ഒരുവന്റെ ജീവിതത്തിലെ കുരിശുകളാണ് അവനെ ബലപ്പെടുത്തുന്നത്. അങ്ങനെയെങ്കിൽ ഇന്നത്തെ സുവിശേഷം നമ്മോട് പറയുന്നത് കർത്താവിനെ അനുഗമിക്കുവാനുള്ള യോഗ്യതയായ ആ കുരിശെടുക്കുവാനാണ്

 


 വേർപെടുത്താൻ ആകാത്ത സ്നേഹം.....  

ഫ്രയർ ആഷ്ബിൻ


- ഇന്നത്തെ സുവിശേഷത്തിലൂടെ ഈശോ നമ്മോട് പറഞ്ഞു തരുന്നത് നാം പരമപ്രധാനമായി ആരെക്കാളും അധികമായി യേശുവിനെ സ്നേഹിക്കണം എന്നാണ്. 
- നമ്മോട് വിശുദ്ധ പൗലോസ് ശ്ലീഹാ തന്റെ ലേഖനങ്ങളിലൂടെ ഓർമിപ്പിക്കുന്നുണ്ട് ഇനിമേൽ ഞാനല്ല ജീവിക്കുന്നത് ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത് എന്റെ ഇപ്പോഴത്തെ ഐഹികജീവിതം എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി തന്നെ തന്നെ ബലിയർപ്പിക്കുകയും ചെയ്ത ദൈവപുത്രനിൽ വിശ്വസിച്ചു കൊണ്ടുള്ള ജീവിതമാണ്.  (ഗലാത്തി 2, 20 )
- ഈ ഒരു മനോഭാവം നമ്മളിൽ വളരണം.
- അതുപോലെ റോമാക്കാർക്കുള്ള ലേഖനത്തിൽ 8, 38- 39 വാക്യത്തിൽ പറയുന്നു എന്തെന്നാൽ മരണത്തിനോ, ജീവനോ ധൂതൻ മാർക്കോ അധികാരികൾക്കോ ഇക്കാലത്തുള്ളവർക്കോ, വരാനിരിക്കുന്നവർക്കോ, ശക്തികൾക്കോ, ഉയരത്തിനോ, ആഴത്തിനോ, മറ്റെന്തെങ്കിലും സൃഷ്ടിക്കോ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ ഉള്ള സ്നേഹത്തിൽ നിന്നും നമ്മെ വേർപ്പെടുത്തുവാൻ കഴിയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്.
- ദൈവവുമായി നമുക്ക് ഉണ്ടായിരിക്കേണ്ട സ്നേഹം വളരെ ആഴമുള്ളതും പരമപ്രധാനവും ആകണം അതിനുള്ള കൃപയ്ക്കായി നമുക്ക് പ്രാർത്ഥിക്കാം

 


 നഷ്ടപ്പെടുത്തൽ

ഫ്രയർ നിബില്‍


- നേടിയെടുക്കാനും, വെട്ടിപ്പിടിക്കുവാനും, അടിച്ചമർത്താനും, നട്ടെട്ടൊ ഓടുന്ന ഈ സമൂഹത്തോട് ക്രിസ്തു ഇന്നത്തെ സുവിശേഷത്തിലൂടെ പറയുകയാണ് 'എല്ലാം നഷ്ടമാക്കാൻ'.
- ഇഹത്തിൽ നഷ്ടപ്പെടുത്തുന്നത് പലതും പരത്തിൽ നേട്ടമായി തീരുന്നു. അവനുവേണ്ടി നഷ്ടപ്പെടുത്തുന്നത് എല്ലാം നിത്യതയിൽ നേട്ടമായി മാറിയിരിക്കും.
- ലോകത്തിൽ എന്തിനേക്കാളും അധികമായി ദൈവത്തെ നേടി അവൻ നൽകുന്ന ആനന്ദത്തെ അനുഭവിക്കാനായി ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുകയാണ്

 

 

 "നിത്യജീവന്റെ വില"

ഫ്രയർ ഐസൺ ഊരോത്ത് 

 നിത്യതയിലേക്കുള്ള യാത്രയിലാണ് നാം ഓരോരുത്തരും. ഇന്ന് സുവിശേഷത്തിലൂടെ ഈശോ പറയുന്നതും നിത്യജീവൻ സ്വന്തമാക്കാനുള്ള വഴികളെ കുറിച്ചാണ്. നിത്യജീവനു തടസ്സമായി നമുക്ക് മുന്നിൽ  വരുന്ന വ്യക്തികളോട്, ആദർശങ്ങളോട്, ചിന്താഗതികളോടൊക്കെ നാം ചെറുതായി ഭിന്നിക്കേണ്ടതുണ്ട്. ഇതൊരു ലാഭനഷ്ടങ്ങളുടെ വിലകൽപ്പിക്കലിന്റെ യൊക്കെ  ഒരു പോരാട്ടമാണ്.നിത്യജീവനു വേണ്ടിയുള്ള ഈ പോരാട്ടത്തിൽ ആദ്യം നമ്മൾ ക്രിസ്തുവിനെ നന്നായി അനുഭവിച്ചറിയണം.ഈ അനുഭവത്തിലും അറിവിലും ആണ് മറ്റെല്ലാത്തിനെക്കാൾ വില അവനെ സ്വന്തമാക്കുന്നതാണ് എന്ന ബോധ്യം നമുക്ക് നൽകുകയുള്ളൂ. ഈ ബോധ്യത്തിൽ മറ്റെല്ലാത്തിനെയും പൂർണ്ണഹൃദയത്തോടെ ഉപേക്ഷിക്കാൻ :അങ്ങനെ ക്രിസ്തുവിനെ സ്വന്തമാക്കാൻ നമ്മെ പ്രാപ്തമാക്കും

 

 

 "വാൾ"

ഫ്രയർ ജിന്റേഷ്മാളിയേക്കൽ

 

 ഇന്നത്തെ സുവിശേഷത്തിൽ 34)o തിരുവചനത്തിൽ ഈശോ പറയുന്നുണ്ട് സമാധാനമല്ല ഞാൻ കൊണ്ടുവന്നിരിക്കുന്നത് വാളാണ് എന്ന്. എന്താണ് ഈ വാൾ?
എഫേസോസുകാർക്ക് എഴുതിയ ലേഖനം ആറാം അധ്യായം പതിനേഴാം തിരുവചനത്തിൽ പൗലോസ്ശ്ലീഹ പറയുന്നുണ്ട് ദൈവവചനം ആകുന്ന വാൾ എടുക്കുക എന്ന്.വാൾ എന്നാൽ മറ്റൊന്നുമല്ല അത് ദൈവവചനമാണ്.ഹെബ്രായർ നാല് പന്ത്രണ്ടിലും പറയുന്നുണ്ട് ദൈവത്തിന്റെ വചനം ഇരുതല വാളിനേക്കാൾ മൂർച്ചയേറിയതാണെന്ന്. ഈ വാൾ ചേദനയിലും ആത്മാവിലും സന്ധി ബന്ധങ്ങളിലും മജ്ജയിലും ഹൃദയത്തിലും തുളച്ചു കയറും. അവിടെ ദൈവഹിതത്തിനു വിരുദ്ധം ആയിട്ടുള്ള എല്ലാത്തിനെയും ഈ വാൾ തകർക്കും. പ്രിയ സഹോദരരേ നമുക്ക് പ്രാർത്ഥിക്കാം കർത്താവേ വചനം ആകുന്ന വാൾ എന്റെ ഹൃദയത്തിൽ സ്വീകരിക്കാനുള്ള വലിയ കൃപ എനിക്ക് തരണമേ എന്ന്

 

 

BE DIFFERENT

 ഫ്രയർ ആന്റോ ചേപ്പുകാലായിൽ 


★ ക്രിസ്തു എന്ന വ്യത്യസ്തനായ നേതാവ് നൽകുന്നത് കുരിശുകളുടെ സുവിശേഷമാണ്. സഹനങ്ങളും കുരിശുകളും ഒഴിവാക്കാനല്ല മറിച്ച് അവയെ സ്വീകരിക്കാനാണ് അവന്റെ ആഹ്വാനം. സ്നേഹപൂർവ്വം കുരിശിനെ പുണർന്ന യേശു തന്നെയാണ് കുരിശിന്റെ വഴി നമുക്ക് മാതൃക. സഹനങ്ങളെ രക്ഷയ്ക്കുള്ള മാർഗ്ഗങ്ങളായി നാം കണക്കാക്കുമ്പോൾ അവന്റെ വഴിയിലേക്ക് നാമും പാദമൂന്നുകയായി.

★ എല്ലാവരും നടക്കുന്ന വഴിയിലൂടെ നടക്കുവാൻ എളുപ്പമാണ്. ലോകത്തിന്റെതായ എല്ലാ ഭാണ്ഡക്കെട്ടുകളും ഉപേക്ഷിച്ച് അവനിൽ മാത്രം ആശ്രയം വെച്ച് ജീവിക്കുമ്പോൾ അവൻ പറഞ്ഞപോലെ ഇടുങ്ങിയ വാതിലിൽ കൂടി പ്രവേശിക്കുവാൻ നമുക്ക് സാധിക്കും അതുവഴി നാമും അനശ്വരതയുടെ സൗഭാഗ്യത്തിലേക്ക് എത്തിച്ചേരും

 

 

 എല്ലാ നിമിഷവും ദൈവാശ്രയ ബോധം 

ഫ്രയർ ജോയൽ വെള്ളോംബ്രായിൽ


തങ്ങളുടെ കഴിവിന് അധീതമായത് സംഭവിക്കുകയും തങ്ങൾ നശിക്കുകയും ചെയ്യും എന്ന തിരിച്ചറിവിൽ മാത്രം ദൈവത്തിൽ ആശ്രയം തേടുന്ന ഇസ്രായേൽജനം 

★ എങ്കിലും ദൈവം അവരുടെ പ്രാർത്ഥന കേൾക്കുന്നു. അവരുടെ ഇടയിൽ നിന്ന് ആഗ്നേയ സർപ്പങ്ങളെ മാറ്റി കൊണ്ടല്ല മറിച്ച് ദംശനമേൽക്കാതെ  രക്ഷപ്പെടാനുള്ള വഴിയാണ് അവിടുന്ന് നൽകുന്നത്.

★ ധാരാളം പാപ സാഹചര്യങ്ങൾ ഉള്ള ഈ ലോകത്ത് രക്ഷപ്പെടാനുള്ള വഴികൾ ഉയർന്നു നിൽപ്പുണ്ട് എന്ന ബോധ്യത്തിലേക്ക് കടന്നു വരികയും ആവശ്യങ്ങളിൽ മാത്രം ദൈവത്തെ തേടാതെ  എല്ലാ സമയവും ദൈവാശ്രയ  ബോധത്തോടെ ജീവിക്കാം. 

★ നാം എന്തിനാണ് ജീവിതത്തിൽ കൂടുതൽ മുൻഗണന നൽകുന്നത് എന്നൊരു ചോദ്യമാണ് സുവിശേഷത്തിൽ ക്രിസ്തു ചോദിക്കുന്നത്. സങ്കീർത്തനം 118:8 മനുഷ്യനിൽ  ആശ്രയിക്കുന്നതിനേക്കാൾ കർത്താവിൽ അഭയം തേടുന്നതാണ് നല്ലത്. പ്രിയപ്പെട്ടവരെ നമുക്ക് ക്രിസ്തുവിൽ ജീവൻ കണ്ടെത്താം അതുമൂലം ജീവിതത്തിലെ ഓരോ നിമിഷവും നവീകരിക്കുകയും പുതിയ സൃഷ്ടികൾ ആവുകയും ചെയ്യാം.

 

 

 ഒരു യുക്തി, ഒരു വിശ്വാസം," ക്രിസ്തു”

ഫ്രയർ ജോയൽ ചേപ്പുകാലായിൽ


 ശാന്തശീലന്റെ വാക്കുകൾ കൊള്ളാം "ഞാൻ വന്നിരിക്കുന്നത് വാളുമായി അതും ഭിന്നിപ്പിന്റെ"  ശേഷം കൂട്ടിച്ചേർക്കുന്ന ചില വാക്കുകൾ" ഏറ്റവും കൂടുതൽ എന്നെ സ്നേഹിക്കണം എനിക്ക് വേണ്ടി ജീവൻ നഷ്ടപ്പെടുത്തണം" ഇതൊക്കെ കേട്ടിട്ടും അവനെ അനുഗമിക്കുവാൻ നിറയെ ആളുകളും. ജീവിതത്തിൽ യുക്തി പരാജയപ്പെടുന്നിടത്ത് മാത്രം വിശ്വാസം ഉത്തരം നൽകുന്ന ചില സന്ദർഭങ്ങൾ ഉണ്ട് അതിലൊന്നായി ഇതിനെ കണക്കാക്കാം.

★ ക്രിസ്തുവിന് വേണ്ടി ഇറങ്ങിയാൽ പിന്നെ 'ഒരു യുക്തി ഒരു വിശ്വാസം ക്രിസ്തു '....

 

ദൈവത്തിൻറെ സ്വന്തം മനുഷ്യൻ

 ഫ്രയർ ക്രിസ്റ്റോ കോരേത്ത്


ഇന്നേ ദിവസത്തെ സുവിശേഷ ഭാഗത്തിലൂടെ കടന്നുപോകുമ്പോൾ, 
* ഈശോ ഭിന്നതയുടെ ഒരു ഭാവമാവുകയാണ്. നമുക്ക് തോന്നാവുന്ന പരസ്പര വൈരുദ്ധ്യമാർന്ന ക്രിസ്തുവിൻറെ ചിത്രം.
* "സമാധാനമല്ല ഭിന്നത" എന്ന പ്രയോഗത്തിലൂടെ ഈശോ തികച്ചും വിരുദ്ധമായ ഒരു പ്രസ്താവന പറയുകയില്ല മറിച്ച് ദൈവം മനുഷ്യ സ്നേഹത്തിൻറെ വിള്ളൽ ചൂണ്ടിക്കാട്ടുകയാണ്. 
* എല്ലാം തികഞ്ഞ മനുഷ്യൻ സ്വാർത്ഥനായി തന്നിലേക്ക് തിരിയുമ്പോൾ അവൻ ആദ്യം നഷ്ടപ്പെടുത്തുന്നത് തന്നെ സൃഷ്ടിച്ച ദൈവവുമായുള്ള ബന്ധമാണ്. 
* ഇവിടെ ഭിന്നത എന്നത് ക്രിസ്തുവിലേക്ക് മനുഷ്യരെ തിരികെ എത്തിക്കാനുള്ള ഒരു ടൂൾ ആയാണ് ഉപയോഗിക്കുന്നത്. ഈ ടൂളില്‍ ഒരു മനുഷ്യൻറെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉൾപ്പെടുന്നു.
* മനുഷ്യനെ തിരികെ കൊണ്ടുവരാനുള്ള ദൈവത്തിൻറെ ഈ പദ്ധതി വിരൽ ചൂണ്ടുന്നത് മനുഷ്യരക്ഷയിലേക്കാണ്. 
* ആഗ്നേയ സർപ്പത്തിന്റെ ദംശനമേൽക്കുന്ന മനുഷ്യൻ പിച്ചള സർപ്പത്തിലേക്ക് എത്തുന്നതും ഈ പ്രക്രിയയാണ്

 


പൂർണ സമർപ്പണം

ഫ്രയർ ജെയിംസ് ചിരപ്പറമ്പിൽ


* നമ്മുടെ ജീവിതം കർത്താവിനുള്ളതാണ്. കാരണം അവിടുന്നാണ് നമ്മെ സൃഷ്ടിച്ചത്. അവിടുത്തോട് ചേർന്നിരിക്കുവാനാണ് അവിടുന്ന് നമ്മെ അവിടുത്തെ ചായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചത്. 
* ഇത് നമുക്ക് അറിയാമെങ്കിലും നാം അതിൽനിന്ന് പലപ്പോഴും മാറിപ്പോവുകയും ഇങ്ങനെ മാറിപ്പോകുമ്പോൾ വലിയ ദുരന്തത്തിൽ ചെന്ന് വീഴുകയും ചെയ്യുന്നു.
* ദൈവാത്മാവും നമ്മുടെ ആത്മാവും തമ്മിൽ വലിയ ബന്ധം ഉണ്ടായിരിക്കണം. കർത്താവിൻ്റെ അടുക്കൽ നിന്ന് നാം മാറി പോകുമ്പോൾ നമ്മുടെ വിളി നാം മറക്കുന്നു. 
* ദൈവം ഒരു വ്യക്തിയെ പോലും അകറ്റി നിർത്തുന്നില്ല. അവിടുത്തെ സന്നിധിയിൽ നിന്ന് നമ്മൾ തന്നെയാണ് മാറിപ്പോകുന്നത്

 


എന്നെ അനുഗമിക്കുക

ഫ്രയർ അലൻ മാതിരംപള്ളിൽ


* ഈശോയുടെ മാതൃക പിഞ്ചെന്ന് ജീവിക്കാനാണ് നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത്. അവിടുന്ന് ഓരോ കാര്യങ്ങൾ പറയുക മാത്രമല്ല, പറഞ്ഞവയൊക്കെ പ്രവർത്തിക്കുകയും ചെയ്തു. ഈശോയെ പിന്തുടരുന്നവർ എന്ന നിലയിൽ അവിടുന്ന് പറഞ്ഞവ അനുസരിക്കാനും നാം ബാധ്യസ്ഥരാണ്.
* ഈശോ പറയുന്നു, "സ്വന്തം കുരിശെടുത്ത് എന്നെ അനുഗമിക്കാത്തവൻ എനിക്ക് യോഗ്യനല്ല" (മത്തായി 10: 38).
* സഹനങ്ങൾ വരുമ്പോൾ അതിൽ നിന്നും ഓടി മാറുകയോ അത് മറ്റുള്ളവർക്ക് കൈമാറുകയോ ചെയ്യാതെ ധൈര്യപൂർവ്വം അവ സ്വീകരിച്ചുകൊണ്ട് ക്രിസ്തുവിനെ ഏറ്റവും അടുത്ത് അനുകരിക്കാൻ നമുക്കും പരിശ്രമിക്കാം

 

ക്രിസ്തുവിന്  മുൻപും, ക്രിസ്തുവിന്  ശേഷവും..." 
ഫാ. ലൂയിസ് പന്തിരുവേലിൽ OFMConv

 

ഈശോയുടെ ജനനത്തിനു മുമ്പുള്ള വർഷങ്ങളിൽ, "രക്ഷകനായ മിശിഹാ" (Messiah) ഇസ്രായേലിൽ ഉടനടി സമാധാനവും സമൃദ്ധിയും കൊണ്ടുവരുമെന്ന് പല ഇസ്രായേല്യരും പ്രതീക്ഷിച്ചിരുന്നു. 

അവിടുത്തെ ശിഷ്യന്മാർ പോലും ഈ വിശ്വാസം കൈകൊണ്ടിരുന്നെന്ന് അവരുടെതന്നെ സംസാരത്തിൽ നിന്ന് നമുക്ക് മനസ്സിലാവും. എമ്മാവൂസിലേക്കു പോയ ശിഷ്യന്മാർ പരസ്പരം സംസാരിച്ചിരുന്നത്, ഇത്തരത്തിൽ തങ്ങളെ അടിമത്തത്തിൽ നിന്ന് രക്ഷിക്കുന്ന ഒരു രക്ഷകനെകുറിച്ചാണ് (ലുക്കാ 24, 21). 

ഇത്തരത്തിലുള്ള ഒരു രാഷ്ട്രീയ സമാധാനമോ വിടുതലോ അല്ല ദൈവത്തിന്റെ പുത്രൻ കൊണ്ടുവന്നിരിക്കുന്നതെന്ന് യേശു വ്യക്തമാക്കി. പകരം, അവൻ്റെ വരവ്, ഒരു തരത്തിൽ മനുഷ്യകുലത്തെ രണ്ടായി വിഭജിച്ചുകൊണ്ടായിരുന്നു. അതാകട്ടെ ദൈവത്തിന്റെ ന്യായവിധിക്കോ യുദ്ധത്തിനോ അക്രമത്തിനോ വേണ്ടിയല്ല... ക്രിസ്തുവിന്  മുൻപും, ക്രിസ്തുവിന് 
ശേഷവും....BC & AD...! ഈ മനുഷ്യകുലത്തിന്റെ ചരിത്രത്തെ മാറ്റിമറിക്കുന്നതായിരുന്നു അവന്റെ സന്ദേശം..! അവനിൽ വിശ്വസിക്കുന്നവരും അവനെ നിരസിക്കുന്നവരും.....! 

മത്തായി സുവിശേഷകൻ പറയുന്ന ഈ "വാൾ", യുദ്ധത്തിന് ഉപയോഗിക്കുന്ന വാളല്ല, മറിച്ച്, മത്സ്യത്തിന്റെ മാംസഭാഗങ്ങൾ വേർപെടുത്താൻ മീൻപിടുത്തകാർ അന്നുപയോഗിച്ചിരുന്ന "Machairan" എന്ന ഒരു വലിയ കത്തിയാണ്. ഈ Macharian എന്ന ഗ്രീക്ക് പദം തന്നെയാണ്, മജ്ജയെയും, മാംസത്തെയും, ആത്മാവിനെയും, ദേഹിയെയും വിഭജിക്കുന്ന  ഹെബ്രായർക്കെഴുതിയ ലേഖനത്തിലെ മൂർച്ചയേറിയ ഇരുതലവാൾ...! (ഹെബ്രായർ 4,12).

അവിടുത്തെ സുവിശേഷം ലോകത്തിലും, കേൾവിക്കാരിലും സൃഷ്ടിക്കുന്ന ഒരു "ദൈവിക വേർപിരിയൽ"ആണ്. അവൻ്റെ സന്ദേശം, ശിഷ്യരെ മറ്റു മനുഷ്യരിൽനിന്നും  
ഭിന്നിപ്പിക്കും. അവന്റെ പേരിൽ അവർ ഒറ്റപ്പെടും...അവർ പീഡിപ്പിക്കപ്പെടും...
അവസാനം അവനെ നിഷേധിക്കുന്നവരുടെ വാളിനിരയാക്കപ്പെടും... 

ആത്മാവിൽ എല്ലാം മനസ്സിലായ ശിഷ്യർ പിന്നീട് ഇപ്രകാരം പറയുന്നുണ്ട്: വരൂ, നമുക്ക് അവനോടുകൂടെപോയി മരിക്കാം.... (യോഹ 11,16)

 

 

 


Related Articles

Contact  : info@amalothbhava.in

Top