നാവിനെ നിയന്ത്രിക്കുക എന്നു പറഞ്ഞാൽ അതത്ര എളുപ്പമുള്ള കാര്യമല്ല. അഭിഷേകമുള്ളവർക്കും ദൈവാരൂപിയുടെ പ്രത്യേക സംരക്ഷണത്തിൽ ജീവിക്കുന്നവർക്കും നാവിനെ നിയന്ത്രിക്കുവാൻ മിക്കവാറും സാധിക്കാറുണ്ട്. എന്നാൽ സാധാരണ രീതിയിൽ ജീവിക്കുന്ന മനുഷ്യർ മിക്കപ്പോഴും നാവിനെ നിയന്ത്രിക്കുവാൻ സാധിക്കാത്തതിന്റെ ദുഃഖവും കഷ്ടപ്പാടും അനുഭവിക്കുന്നവരാണ്. നാവിനെ നിയന്ത്രിക്കുവാൻ സാധിച്ചാൽ നമ്മളെത്തന്നെ നിയന്ത്രിക്കുവാൻ സാധിച്ചു എന്നർത്ഥം.
നാവിന്റെ സ്വഭാവം
നാവിനെ നമുക്കു നിയന്ത്രിക്കുവാൻ സാധിച്ചില്ലെങ്കിൽ അത് ഇഷ്ടമുള്ളിടത്തേയ്ക്കു പായുന്നു. ഒരുപക്ഷേ, മൂക്കു കയറിടാത്ത കാളകൂറ്റനെപ്പോലെ തിമിർത്ത് പാഞ്ഞെന്നു വരാം. നാവിനെ കയറൂരിവിട്ടാൽ അതു തിന്മയ്ക്കും വഞ്ചനയ്ക്കും രൂപം നല്കും: ''നിന്റെ വായ് നീ തിന്മയ്ക്കു തുറന്നിട്ടിരിക്കുന്നു. നിന്റെ നാവു വഞ്ചനയ്ക്കു രൂപം നല്കുന്നു'' (സങ്കീ. 50:19). തിന്മയ്ക്കായി തുറന്നിടാതെ, വഞ്ചനയ്ക്കു രൂപം നല്കുവാൻ നാവിന് അവസരം നല്കാതെ നാം സൂക്ഷിക്കണം. നമ്മുടെ നാവു തന്നെ നമുക്കു ശത്രുക്കളെയും മിത്രങ്ങളെയും സൃഷ്ടിക്കുന്നു. നമ്മുടെ തന്നെ നാവ് നമുക്കു വിനാശം വരുത്തുന്നു എന്നതു ഒരു സത്യം തന്നെ: ''മാനവും അ പമാനവും വാക്കിലൂടെ വരുന്നു; വീഴ്ചയ്ക്കു വഴി തെളിക്കുന്നതും നാവു തന്നെ.'' (പ്രഭാ. 5:13). നാവിനെ സ്വതന്ത്രമായി ഊരിവിട്ടിരിക്കുന്നവൻ ദുഃഖിക്കേണ്ടി വരും മറ്റുള്ളവരുടെ കുറ്റം പറയുക എന്ന് പലർക്കും രസമുള്ള ഒരു കാര്യമാണ്. മറ്റൊരാളുടെ കുറ്റം നമ്മോടു പറയുന്നവൻ, നമ്മുട കുറ്റം മറ്റുള്ളവരോടു പറയുകയില്ല എന്ന് എങ്ങനെ പറയാനാകും? നമ്മളു കേട്ട കാര്യങ്ങൾ രഹസ്യമായി വയ്ക്കാറുണ്ട്? അതു മറ്റുള്ളവരോടു പറഞ്ഞെന്നു വരാം. കുറ്റം പറച്ചിലിന്റെ പരിണിത ഫലം പരസ്പരം വഞ്ചിക്കുക എന്നതാണ്: ''വഞ്ചന നിറഞ്ഞ നാവേ, വിനാശകരമായ വാക്കുകളാണു നിനക്കിഷ്ടം'' (സങ്കീ. 52:4). നാവിന്റെ മേല്പറഞ്ഞ സ്വഭാവങ്ങൾ നമ്മെ വീഴ്ചയിലേക്കു നയിക്കാതിരിക്കുവാൻ നാം പരിശ്രമിക്കണം. നാവിന്റെ ഇഷ്ടം ചിലപ്പോൾ സാധിച്ചുകൊടുക്കാതിരിക്കേണ്ടി വരും; അതിനു മടിക്കുകയും വേണ്ട.
2
നാവിന്റെ ഉപയോഗം
നമ്മുടെ യഥാർത്ഥ സ്വഭാവം നാവിലൂടെ വെളിപ്പെടും. ഏതാനും ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾ നമ്മളുമായി ഇടപെടുന്നവർക്ക് നമ്മുടെ സംസാരത്തിലൂടെയും പ്രവൃത്തികളിലൂടെയും നമ്മെ മനസ്സിലാക്കുവാൻ സാധിക്കും. നാം നല്ല മനുഷ്യരെങ്കിൽ നമ്മുടെ നാവുകൾ നല്ലതായിരിക്കും: ''നീതിമാന്മാരുടെ നാവ് വിശിഷ്ടമായ വെള്ളിയാണ്; ദുഷ്ടരുടെ മനസ്സു വില കെട്ടതും'' (സുഭാ. 10:20). നീതിമാന്മാരുടെ നാവ് നീതി സംസാരിക്കും അവരുടെ സംസാരം വിലയേറിയതായിരിക്കും. വിലകെട്ട മനസ്സുള്ള ദുഷ്ടരെപ്പോലെ സംസാരിക്കാതിരിക്കുവാൻ നമ്മൾ പരിശ്രമിക്കണം. നമുക്കുറപ്പുള്ള കാര്യങ്ങളേ സംസാരിക്കാവൂ. അറിയുവാൻ വയ്യാത്ത കാര്യങ്ങളെപ്പറ്റി അഭിപ്രായം പറയുവാൻ തയ്യാറാകരുത്: ''അറിയാമെങ്കിലേ പറയാവൂ'. ഇല്ലെങ്കിൽ വായ് തുറക്കരുത് (പ്രഭാ. 5:12). അങ്ങനെയായാൽ, തെറ്റുപറ്റി എന്നു ഏറ്റുപറയേണ്ടി വരുകയോ, പശ്ചാത്തപിക്കേണ്ടി വരുകയോ ഇല്ല. അറിയാവുന്ന കാര്യങ്ങൾ മാത്രം സംസാരിക്കുന്നതാണു മാന്യത. മാന്യമായും മൃദുവായും സംസാരിക്കുക എന്നത് ഒരു പ്രത്യേക കഴിവുതന്നെയാണ്. ചുരുക്കം പേർക്കേ അതു സാധിക്കാറുള്ളൂ: ''മൃദുവായ നാവിന് കടുത്ത അസ്ഥിയെപ്പോലും ഉടയ്ക്കുവാനുള്ള കരുത്തുണ്ട്'' (സഭാ. 25:15). മൃദുവായി സംസാരിക്കുമ്പോൾ പ്രത്യാക്രമണ സാദ്ധ്യത തീരെയില്ല. കേൾക്കുന്നവരെ നിരായുധരാക്കുവാൻ മൃദുവായ സംസാരത്തിനു സാധിക്കും. നാം പറഞ്ഞുപോയ വാക്കുകൾ, പലരിലൂടെ തീപോലെ പടർന്നു പൊയ്‌ക്കൊണ്ടിരിക്കും.
നാവിന്റെ നിയന്ത്രണം
വനത്തിനു തീ പിടിച്ചാൽ, പ്രാരംഭദശയിൽ കാണുവാനിടയായാൽ അതിനെ നിയന്ത്രിക്കുവാനും കെടുത്തുവാനും സാധിക്കും. കൂടുതൽ സ്ഥലങ്ങളിലേയ്ക്കു വ്യാപിച്ചുകഴിഞ്ഞാൽ, അഗ്നിയെ നിയന്ത്രിക്കുകയോ, കെടുത്തുകയോ ബുദ്ധിമുട്ടുള്ള കാര്യമാണ്. നാവിന്റെ കാര്യവും അങ്ങനെതന്നെ. നാം പറഞ്ഞുപോയ വാക്കുകൾ, പലരിലൂടെ തീപോലെ പടർന്നു പൊയ്‌ക്കൊണ്ടിരിക്കും. അതിനാലായിരിക്കാം യാക്കോബിന്റെ ലേഖനത്തിൽ ''നാവ് തീയാണ്'' എന്നു വിശേഷിപ്പിച്ചിരിക്കുന്നത്: ''നാവു തീയാണ്; അതു ദുഷ്ടതയുടെ ഒരു ലോകം തന്നെയാണ്. നമ്മുടെ അവയവങ്ങളിലൊന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്നിയിൽ ജ്വലിക്കുന്ന ഈ നാവ് പ്രകൃതി ചക്രത്തെ ചുട്ടുപഴുപ്പിക്കുന്നു. എല്ലാത്തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സമുദ്രജീവികളെയും മനുഷ്യൻ ഇണക്കുന്നുണ്ട്; ഇണക്കിയിട്ടുമുണ്ട്. എന്നാൽ, ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കുവാൻ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്മയും മാരകമായ വിഷവുമാണ്'' (യാക്കോ. 3:6-8). ഹൃദയം ശുദ്ധമല്ലെങ്കിൽ നാവിനെ നിയന്ത്രിക്കുവാൻ സാധിക്കുകയില്ല: ''ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ ആധരം സംസാരിക്കുന്നത്'' (മത്താ. 12:34). നമ്മുടെ ഹൃദയത്തിൽ എന്തുണ്ടോ അത് നമ്മുടെ നാവിലൂടെ പുറത്തുവരും: ''...സഹോദരനെ ഭോഷാ എന്നു വിളിക്കുന്നവൻ ന്യായാധിപ സംഘത്തിന്റെ മുമ്പിൽ നിൽക്കേണ്ടി വരും; വിഢ്ഢി എന്നു വിളിക്കുന്നവനാകട്ടെ നരകാഗ്നിക്കു ഇരയായിത്തീരും'' (മത്താ. 5:22). നാവിനെ ഇണക്കുവാനായി, ആദ്യം നമ്മുടെ ഹൃദയങ്ങളെ ഇണക്കി ദൈവത്തിന്റെ വരുതിയിലാക്കാം.
നമ്മുടെ ഹൃദയങ്ങളെല്ലാം ദൈവത്തിലാണെന്നും നമ്മളെല്ലാം ശരിയായ ഭക്തരാണെന്നും നമ്മിൽ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും. എന്നാൽ നമ്മുടെ നാവിനെ യഥേഷ്ടം അഴിച്ചുവിട്ടിരിക്കുകയാണെങ്കിൽ നമ്മുടെ സ്ഥിതി ദയനീയമായിരിക്കും: ''താൻ ദൈവഭക്തനാണെന്ന് ഒരുവൻ വിചാരിക്കുകയും തന്റെ നാവിനെ നിയന്ത്രിക്കാനാവാതെ ഹൃദയത്തെ വഞ്ചിക്കുകയും ചെയ്താൽ അവന്റെ ഭക്തി വ്യർത്ഥമത്രേ'' (യാക്കോ. 1:26). വ്യർത്ഥമായ ഭക്തികൊണ്ട്, അല്ലെങ്കിൽ വെറും പുറംമോടികൊണ്ട് നമുക്കാർക്കും ദൈവത്തെ പ്രസാദിപ്പിക്കുവാൻ സാധിക്കുകയില്ല. നമ്മുടെ ഹൃദയങ്ങളെയും നാവുകളെയും പരിശുദ്ധാത്മാവിന്റെ ആവാസത്താൽ വിശുദ്ധീകരിച്ച് നമുക്കു നിർമ്മലരാകുവാൻ പരിശ്രമിക്കാം. അങ്ങനെ നമ്മുടെ ഭക്തി യഥാർത്ഥമാക്കിത്തീർക്കാം.
സ്വന്തം ഹൃദയത്തെ നിയന്ത്രിക്കുവാൻ സാധിക്കുന്നവനേ നാവിനെ നിയന്ത്രിക്കുവാൻ സാധിക്കുകയുള്ളൂ. ഹൃദയവും നാവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതിനാൽ നല്ല ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന നല്ലവാക്കുകളും മൃദുലമായ സംഭാഷണ രീതികളും നാവിലൂടെ പുറത്തുവരും. നമുക്കു നമ്മളെത്തന്നെ വിശുദ്ധീകരിച്ച് നല്ല ഹൃദയങ്ങളുള്ളവരാകാം. അപ്പോൾ നമ്മുടെ നാവുകളും നാവുകളിൽ നിന്നു വരുന്ന വാക്കുകളും, ഹൃദയങ്ങളിൽ നിന്നായതിനാൽ, വിശുദ്ധമായിരിക്കും.
വചന വിചിന്തനം
പൈതലാം യേശുവെ....
Sequence 01
ദൈവത്തെ കണ്ടെത്താൻ