എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കുന്ന ജനങ്ങളില്‍നിന്നും ശേഖരിക്കുന്ന സംഭാവനയാണല്ലോ 'ഞായറാഴ്ച പിരിവ്', 'സ്‌തോത്രക്കാ ഴ്ച', 'Sunday Collection' എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നത്. ലോകത്തെല്ലായിടത്തും ഈ സംഭാവന/പിരിവ് നടക്കുന്നുണ്ട്. പാശ്ചാത്യസഭകളില്‍ ഇത് എന്നു തുടങ്ങിയെന്നു അറിയില്ല. കേരളത്തില്‍ നസ്രാണികള്‍ക്കിടയില്‍ എന്നാണ് ഈ പതിവ് തുടങ്ങിയതെന്നു അന്വേഷിച്ചാല്‍ ഈ ആചാരത്തിനു ഒരു നൂറ്റാണ്ടു തികയാന്‍ ഒരാണ്ടു കൂടി വേണം എന്നതാണു വാസ്തവം. നസ്രാണി കത്തോലിക്കര്‍ പദ്രൊവാദൊ, പ്രൊപ്പഗാന്ത ഭരണത്തില്‍, വിദേശീയ മെത്രാന്മാരുടെ കീഴിലായിരുന്ന കാലഘട്ടത്തില്‍ ഇപ്രകാരമൊരു നടപടി നസ്രാണികള്‍ക്കിടയിലില്ലായിരുന്നു എന്നാണു മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്തെന്നാല്‍ നസ്രാണി കത്തോലിക്കാ പള്ളികളിലെ ലഭ്യമായ 18, 19 നൂറ്റാണ്ടുകളിലെ താളിയോലകളിലും 20-ാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം വരെയുള്ള നാള്‍ വഴി, തിരട്ട് പുസ്തകങ്ങളിലും ഇപ്രകാരം ഒരു "ഹെഡ്" (ഞായറാഴ്ച പിരിവ്) എഴുതി കാണുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം മുതലാണ് ഇതു പ്രത്യക്ഷപ്പെടുന്നത്; പ്രത്യേകിച്ചും എറണാകുളം-അങ്കമാലി അതിരൂപതയില്‍. 1921 ഒക്‌ടോബര്‍ മാസത്തിലാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ബുള്ളറ്റിനായ എറണാകുളം മിസ്സം ആരംഭിക്കുന്നത്. എറണാകുളം മിസ്സത്തിന്റെ പ്രഥമ ലക്കത്തിന്റെ 4 മുതല്‍ 29 വരെയുള്ള പേജുകളില്‍ മാര്‍ ആഗസ്തീനോസ് കണ്ടത്തില്‍ മെത്രാപ്പോലീത്ത അതിരൂപതയിലെ (അക്കാലത്ത് വികാരിയാത്തും വികാരി അപ്പസ്‌തോലിക്കയും) പള്ളികളില്‍ വേദപ്രചാരവും വേദപ്രചാര സഖ്യവും (സുവിശേഷപ്രഘോഷണവും സുവിശേഷപ്രഘോഷണ സഖ്യവും) സ്ഥാപിച്ചു നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിപാദിച്ച് ഇടയലേഖനം എഴുതിയിട്ടുണ്ട്. 3 ഞായറാഴ്ചകളിലായി വായിക്കണമെന്നു ആവശ്യപ്പെട്ടു അയച്ചിരിക്കുന്ന ഈ ഇടയലേഖനത്തില്‍ സുവിശേഷപ്രഘോഷണത്തിന്റെ ആവശ്യകത, ഇന്ത്യയിലെ, പ്രത്യേകിച്ച്, കേരളത്തിലെ അവസ്ഥ, ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കരുടെ ശതമാനം, വചനപ്രഘോഷണത്തില്‍ വൈദികരുടെയും അല്മായരുടെയും പങ്ക് എന്നിവയെല്ലാം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. സുകൃതജീവിതം, വചനപ്രഘോഷണം, പ്രാര്‍ത്ഥന എന്നിവയ്ക്കു പുറമെ വേദപ്രചാരപ്രവര്‍ത്തനങ്ങള്‍ക്കു ധനസഹായം ചെയ്യേണ്ടതിന്റെ ആവശ്യകതയും എഴുതിയിട്ടുണ്ട്. 1822-ല്‍ പാരീസില്‍ സ്ഥാപിക്കപ്പെട്ട "വേദപ്രചാരണസംഘ"ത്തിന്റെ ശാഖ അതിരൂപതയില്‍ 1921-ല്‍ "വേദപ്രചാരസംഘം" എന്ന പേരില്‍ മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത സ്ഥാപിച്ചു. സുവിശേഷപ്രഘോഷണം വഴി ആളുകള്‍, പ്രത്യേകിച്ച് സമൂഹത്തിലെ തീര്‍ത്തും നിര്‍ദ്ധനരായവര്‍, മാമ്മോദീസ സ്വീകരിച്ചു കത്തോലിക്കാസഭയില്‍ അംഗങ്ങളായി വരുമ്പോള്‍ അവരുടെ പുനരുദ്ധാരണത്തിനും വേദപ്രചാരസംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുംവേണ്ടി ധനശേഖരണം നടത്തുന്നതിനുവേണ്ടി മാര്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത നടപ്പില്‍ വരുത്തിയ ഒരു പദ്ധതിയാണ് ഞായറാഴ്ച പിരിവ്. ഇതിനെക്കുറിച്ച് 1921 ഒക്‌ടോബര്‍ 3-നു എറണാകുളം മിസ്സത്തില്‍ പ്രസിദ്ധീകരിച്ച ഇടയലേഖനത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: "ഈ വികാരിയാത്തിലെ വേദ പ്രചരണവേലയ്ക്കു ദ്രവ്യസഹായം ചെയ്‌വാന്‍ ഇവിടത്തെ കത്തോലിക്കര്‍ കോടീശ്വരന്മാരാകണമെന്നില്ല. അവര്‍ എല്ലാവരും ധര്‍മ്മിഷ്ഠന്മാരും വേദപ്രചരണ മേഖലയില്‍ താത്പര്യമുള്ളവരുമായിരുന്നാല്‍ മതി. എത്ര തന്നെ നിര്‍ദ്ധനന്മാര്‍ക്കും എളുപ്പത്തില്‍ സാധിക്കാവുന്ന വിധം ആഴ്ചതോറും ഒന്നരപ്പൈ (11/2 പൈസ) വീതം ദാനം ചെയ്യണമെന്നേ ഇവിടത്തെ വേദപ്രചാരസംഘം ആവശ്യപ്പെടുന്നുള്ളൂ… സംഘത്തിന്റെ സാമാജികന്മാരായി നിയമേന ദാനം ചെയ്യുന്നതു കൂടാതെ ഞായറാഴ്ചകളിലും മറ്റു തിരുനാള്‍ ദിവസങ്ങളിലും കത്തോലിക്കര്‍ പള്ളിയില്‍ വരുമ്പോള്‍ അവര്‍ വേദപ്രചരണവേലയ്ക്കായി സന്മനസ്സോടും സൌജന്യമായും അല്പമായ ഒരു തുക ദാനം ചെയ്യുന്നതും സംഘോദ്ദേശം നിര്‍വഹിക്കുവാന്‍ ഉപകരിക്കുന്നതായിരിക്കും." 1921 ഒക്‌ടോബര്‍ 3-നു നല്കിയ ഇടയലേഖനത്തിന്റെ പശ്ചാത്തലത്തില്‍ അക്കൊല്ലം നവംബര്‍ ആദ്യഞായറാഴ്ച മുതല്‍ അതിരൂപതയിലെ പള്ളികളില്‍ ഞായറാഴ്ച കുര്‍ബാന മദ്ധ്യേ വേദപ്രചാരത്തിനുവേണ്ടി പണം സമാഹരിക്കാന്‍ തുടങ്ങി. "വേദപ്രചാര ഫണ്ട്" എന്ന പേരില്‍ സമാഹരിക്കുന്ന തുക ഞായറാഴ്ച കുര്‍ബാന മദ്ധ്യേ പിരിക്കുന്നതുകൊണ്ട് താമസംവിന "ഞായറാഴ്ച പിരിവ്" എന്ന പേരു ലഭിച്ചു. അതേ ലക്കത്തില്‍ തന്നെ വേദപ്രചാരസംഘത്തെക്കുറിച്ചുള്ള മോണ്‍. പഞ്ഞിക്കാരന്റെ (സെക്രട്ടറി) റിപ്പോര്‍ട്ടില്‍ പറയുന്നു: "പിരിഞ്ഞു കിട്ടുന്ന സംഖ്യ പ്രധാനമായി മനസ്സു തിരിവിന്നു പലതുകൊണ്ടും അധിക സൗകര്യമുള്ള സ്ഥലങ്ങളില്‍ മിഷന്‍വേല നടത്തുന്നതിനും അതിലേക്കുവേണ്ട വൈദികരെയും മതോപദേശികളെയും ഏര്‍പ്പെടുത്തുന്നതിന്നും പൊതുക മ്മറ്റിക്കാര്‍ ചെലവിടേണ്ടതാണ്. എന്നു തന്നെയുമല്ലാ, മാനസാന്തരവേല നടത്തുന്നതിനായി സൗകര്യമുണ്ടെന്നു പൊതുകമ്മറ്റിക്കാര്‍ക്കു തോന്നുന്ന ഇടവകകളിലും ആവശ്യവും പൊതുസംഘത്തിന്റെ ധനസ്ഥിതിയും പൊലെ പണ സഹായം ചെയ്‌വാന്‍ പൊതുകമ്മറ്റിക്കാര്‍ക്കു അധികാരമുണ്ട്…" 1921 ഒക്‌ടോബര്‍ 3-നു നല്കിയ ഇടയലേഖനത്തിന്റെ പശ്ചാത്തലത്തില്‍ അക്കൊല്ലം നവംബര്‍ ആദ്യഞായറാഴ്ച മുതല്‍ അതിരൂപതയിലെ പള്ളികളില്‍ ഞായറാ ഴ്ച കുര്‍ബാന മദ്ധ്യേ വേദപ്രചാരത്തിനുവേണ്ടി പണം സമാഹരിക്കാന്‍ തുടങ്ങി. "വേദപ്രചാര ഫണ്ട്" എന്ന പേരില്‍ സമാഹരിക്കുന്ന തുക ഞായറാഴ്ച കുര്‍ബാന മദ്ധ്യേ പിരിക്കുന്നതുകൊണ്ട് താമസംവിന "ഞായറാഴ്ച പിരിവ്" എന്ന പേരു ലഭിച്ചു. 1922 ഫെബ്രുവരി-മാര്‍ച്ച് ലക്കത്തിലെ (Vol. I No. V & VI) വേദ പ്രചാരസംഘത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "വേദപ്രചാര സഭയുടെ നിയമങ്ങളില്‍ ഒന്നു ഞായറാഴ്ചകളിലും വിശേഷദിവസങ്ങളിലും പള്ളിയില്‍ വരുന്നവരില്‍ സൗജന്യമായി എന്തെങ്കിലും തരുവാന്‍ മനസ്സുള്ളവരോടു ഒരു പിരിവെടുക്കണമെന്നുള്ളതാണല്ലൊ. ഇതിന്റെ ശാഖാസഭകള്‍ പല പള്ളികളിലും ഏര്‍പ്പെടുത്തിയെങ്കിലും ഈ പിരിവു ചുരുക്കം ചില പള്ളികളില്‍ മാത്രമെ നടപ്പില്‍ വരുത്തിയതായിട്ടു ഞങ്ങള്‍ക്കറിവുള്ളൂ. ആദ്യമായി ഈ പിരിവു തുടങ്ങിയതു എറണാകുളത്തു സുറിയാനി പള്ളിയിലാണ്. അവിടെ ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും 31/2 അണ മുതല്‍ 10 അണ വരെ പിരിയുന്നുണ്ടു. കോതമംഗലത്തുനിന്നു ഞങ്ങള്‍ക്കു കിട്ടിയ കണക്കില്‍ നിന്നും 13 തവണത്തെ പിരിവു 12 ക. 21 ചക്രം ഉണ്ടായിരുന്നതായി കാണുന്നു. ഇതു ശരാശരി ഒരു ഞായറാഴ്ച ഏകദേശം ഒരു ഉറുപ്പിക വീതമായല്ലോ. വല്ലത്തു പള്ളിയില്‍ മൂന്നു ഞായറാഴ്ചകളില്‍ക്കൂടി 1 ക. 10 അണ കിട്ടി. പറവൂര്‍ പള്ളിയില്‍ വിശേഷ അറിവൊന്നും ജനങ്ങള്‍ക്കു കൊടുക്കാതെയാണു രണ്ടാഴ്ച മുമ്പു ഈ പിരിവു ആരംഭിച്ചത്. അന്നുതന്നെ 111/2 അണ കിട്ടിയെന്നും മേലില്‍ ഇതില്‍ കൂടുതലായി പിരിഞ്ഞു കിട്ടുമെന്നും ബഹു. വികാരിയച്ചന്‍ പറഞ്ഞിരിക്കുന്നു…" 1922 ആഗസ്റ്റ് മാസത്തിലെ മിസ്സത്തില്‍ വേദപ്രചാരസഖ്യത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു അതുവരെ മിസ്സത്തിലുള്ള 102 പള്ളികളില്‍ (96 ഇടവക 6 കുരിശുപള്ളികള്‍) 20 പള്ളികളില്‍ മാത്രമേ ഞായറാഴ്ചപ്പിരിവ് ആരംഭിച്ചിട്ടുള്ളൂ എന്ന്. 1923 മാര്‍ച്ചു 20-നു നല്കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ മിസ്സത്തിലെ ഒട്ടുമിക്കവാറും പള്ളികളില്‍ വേദപ്രചാരസംഘത്തിന്റെ ശാഖകള്‍ സ്ഥാപിക്കുകയും ഞായറാഴ്ചപ്പിരിവ് ആരംഭിക്കുകയും ചെയ്തതായി രേഖപ്പെടുത്തിയിരിക്കുന്നു. ആദ്യകാലത്ത് മിസ്സത്തിന്റെ എല്ലാ ലക്കത്തിലും വേദപ്ര ചാരസഖ്യത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവു ചെലവുകളുടെ സംക്ഷിപ്തരൂപവും പ്രസിദ്ധം ചെയ്തിരുന്നു. 1924 ഫെബ്രുവരിയിലെ മിസ്സത്തില്‍ (Vol. II, No. 8) ഞായറാഴ്ച പിരിവിനെക്കുറിച്ച് ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "ഞായറാഴ്ചപ്പിരിവു മുടങ്ങാതെ നടത്തുന്ന പള്ളികളാണ് ഇപ്പോള്‍ നമ്മുടെ അതിരൂപതയില്‍ അധികമുള്ളത്. ഇതേവരെ ഈ പിരിവ് ഏര്‍പ്പെടുത്തീട്ടില്ലാത്ത പള്ളികളില്‍ ഒട്ടും താമസിയാതെ തന്നെ ഈ ഏര്‍പ്പാടു നടപ്പില്‍ വരുത്തണമെന്നു അപെക്ഷ. ഞായറാഴ്ച പിരിവു നടത്തുന്ന സ്ഥലങ്ങളില്‍ നിന്നുതന്നെ പിരിയുന്ന പണവും കണക്കും മാസംതോറും ഇവിടെ അയച്ചു തരുന്നതിലും ബഹു. വികാരിയച്ചന്മാര്‍ പ്രത്യേകം ദൃഷ്ടിവെക്കണം." 1926 ഏപ്രില്‍ 25-നു മാര്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാപ്പോലീത്ത എഴുതിയ ഇടയലേഖനത്തില്‍ ഞായറാഴ്ചപ്പിരിവിനെക്കുറിച്ച് ഇപ്രകാരം പ്രതിപാദിച്ചിരിക്കുന്നു: "തല്‍കാലം വേദപ്രചാരത്തിനായി ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും പള്ളിയില്‍ നടത്തുന്ന ഞായറാഴ്ച പിരിവ് എന്ന പേരിലുള്ള പിരിവും ക്രമമായി എല്ലാ ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും നടത്തേണ്ടതാണ്. നമ്മുടെ കര്‍ത്താവ് ആത്മാക്കളുടെ രക്ഷക്കായി കാഴ്ചവയ്ക്കുന്ന ബലിയില്‍ ചേര്‍ന്നുകൊണ്ടു ചെയ്യുന്ന ഈ സഹായവും എല്ലാവരും യഥാശക്തി ചെയ്യണമെന്നു നാം ഉപദേശിക്കുകയും ഇതിന്നു പട്ടക്കാര്‍ പ്രസംഗങ്ങളാലും മറ്റും പ്രേരിപ്പിക്കുകയും ചെയ്യുകയും വേണം. ഈ വക വരവും വേദപ്രചാരം വകയ്ക്കായി പള്ളിക്കണക്കില്‍ അതാതുസമയം ചേര്‍ക്കയും ഈ സംഖ്യയും തിരട്ടോടുകൂടി നമ്മുടെ കച്ചേരിയില്‍ ഹാജരാക്കുകയും വേണം" (എറണാകുളം മിസ്സം, Vol. III, P. 220). 1940-ല്‍ പ്രസിദ്ധീകരിച്ച എറണാകുളം അതിരൂപതയിലെ നിയമസംഗ്രഹത്തില്‍ പറയുന്നു: "എല്ലാ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ജനങ്ങളില്‍ നിന്നു വേദപ്രചാരം മുതലായവയ്ക്ക് ഒരു പിരിവെടുക്കണം. വീടൊന്നിന് ഒരു പൈസ അഥവാ അതിനുള്ള വക എന്തെങ്കിലും സാധനംടി ദിവസങ്ങളില്‍ പിരിച്ചാല്‍ മതി. കൂടുതല്‍ തരുവാന്‍ സാധിക്കുന്നവര്‍ അപ്രകാരം ചെയ്യേണ്ടതാണ്… ആരംഭത്തില്‍ നാലഞ്ചുമാസം വികാരിമാര്‍ തുടര്‍ച്ചയായി ഇതിനു വേണ്ടി പരിശ്രമിച്ചാല്‍ എല്ലാവരും തന്നെ മുടങ്ങാതെ തന്നു തുടങ്ങും" (P. 29). ഇപ്രകാരം 1921-ല്‍ വേദപ്രചാരത്തിനുവേണ്ടി ആരംഭിച്ച ഞായറാഴ്ചപ്പിരിവിന്റെ മുഴുവന്‍ തുകയും അതാതു മാസം കച്ചേരിയില്‍ ഏല്പിക്കണമെന്നായിരുന്നു നിയമവും കീഴ്‌വഴക്കവും. എന്നാല്‍ കാലങ്ങള്‍ പിന്നിട്ടപ്പോള്‍ എല്ലാ മാസവും കച്ചേരിയില്‍ ഏല്പിക്കുന്നതിനു പകരം പള്ളിക്കണക്കില്‍ വരവുവച്ചു തിരട്ടിനും ഭദ്രാസന ഫീസിനും ഒപ്പം ഞായറാഴ്ചപ്പിരിവും കച്ചേരിയില്‍ ഏല്പിക്കുക എന്ന രീതി അവലംബിച്ചു. അതേസമയം തന്നെ പുതുതായി സ്ഥാപിതമായ പല പള്ളികള്‍ക്കും പ്രത്യേക വരുമാനമാര്‍ഗങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഞായറാഴ്ചപ്പിരിവ് പള്ളിക്കുള്ള വരുമാന മാര്‍ഗ്ഗമായി മാറി. ഈ സാഹചര്യത്തില്‍ പള്ളികളുടെ അനുദിന നടത്തിപ്പിലേക്കു ഞായറാഴ്ചപ്പിരിവ് ഉപയോഗിക്കേണ്ട അവസ്ഥയുണ്ടായി. അതേ സമയം ഞായറാഴ്ചപ്പിരിവ് എന്ന ഇനത്തില്‍ പിരിക്കുന്ന പണം മുഴുവനും കച്ചേരിയില്‍ ഏല്പിക്കണം എന്നതായിരുന്നു നിയമം. തിരട്ടില്‍ ഞായറാഴ്ചപ്പിരിവ് എഴുതാന്‍ പ്രത്യേക കോളവും ഉണ്ടായിരുന്നു. ആകയാല്‍ ഞായറാഴ്ചപ്പിരിവിന്റെ ഒരു ഭാഗം മാത്രം പ്രസ്തുത നിയോഗത്തില്‍ എഴുതി കച്ചേരിയില്‍ ഏല്പിക്കുക ബാക്കിതുക പള്ളിച്ചെലവിലേക്കു വിനിയോഗിക്കുക എന്ന രീതിയാണ് വികാരിമാര്‍ പിന്‍തുടര്‍ന്നത്. അതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പാവപ്പെട്ട പള്ളികള്‍ ഞായറാഴ്ചപ്പിരിവിന്റെ 30% കച്ചേരിയില്‍ ഏല്പിക്കാനും ബാക്കി തുക പള്ളിക്കാര്യത്തിലേക്കു എടുക്കാനും മേലധികാരത്തില്‍ നിന്നും തീരുമാനിച്ചു. ഏതാനും വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ അതില്‍ വീണ്ടും പരിഷ്‌കാരം വരുത്തി. പള്ളിയുടെ ഞായറാഴ്ചപ്പിരിവു ഉള്‍പ്പെടെയുള്ള മൊത്തവരുമാനത്തില്‍ നിന്നും ഒരു നിശ്ചിത ശതമാനം കച്ചേരിയില്‍ ഭദ്രാസനഫീസായി ഏല്പിക്കണമെന്ന നിബന്ധനയുണ്ടായി. അതോടെ ഞായറാഴ്ച പിരിവ് മുഴുവനും കൊടക്കുക, അതിന്റെ ശതമാനം കൊടുക്കുക എന്നീ രീതികളെല്ലാം നിറുത്തലാക്കി. പണ്ടത്തെ "വേദപ്രചാരം" എന്ന പരിപാടികളും നിലച്ചു. കച്ചേരിയില്‍ ഏല്പിക്കുന്ന തുകയില്‍ ഒരു നിശ്ചിത ശതമാനം വേദപ്രചാരത്തിനായി (ഇപ്പോള്‍ മതബോധനം) കൊടുക്കുക എന്ന സമ്പ്രദായം നടപ്പിലാക്കിയിരിക്കുന്നു. അനുചിന്തനം: സ്‌തോത്രക്കാഴ്ച, ഞായറാഴ്ചപ്പിരിവ് എന്നീ വ്യത്യസ്ത നാമങ്ങളില്‍ അറിയപ്പെടുന്ന വിശ്വാസികളുടെ സംഭാവന പാശ്ചാത്യ പൗരസ്ത്യ സഭകളില്‍ ഭൂരിപക്ഷം ഇടവക ദേവാലയങ്ങളുടെയും നടത്തിപ്പിനും നിലനില്പ്പിനും ഇന്ന് അത്യന്താപേക്ഷിതമായിരിക്കുന്നു. ഇടവകയാകുന്ന വലിയ കുടുംബത്തിന്റെ അംഗങ്ങളെന്ന നിലയില്‍ ഇടവകാംഗങ്ങള്‍ നിക്ഷേപിക്കുന്ന സ്‌തോത്രക്കാഴ്ച്ച അവരുടെ സമര്‍പ്പണത്തിന്റെ യും ഭാഗഭാഗിത്വത്തിന്റെയും അടയാളം കൂടിയാണ്.
November 2017-page-046