പരിശുദ്ധ കന്യകാമറിയത്തിന്റെ വിമല ഹൃദയം

01,  Oct   

 

നമ്മുടെ കർത്താവും ദിവ്യരക്ഷകനുമായ യേശുവിന്റെ തിരുഹൃദയ തിരുനാളിന്റെ അടുത്ത ദിവസമാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ വിമല ഹൃദയ തിരുനാൾ തിരുസഭ ആചരിക്കുന്നത്. യേശുവിന്റെ തിരുഹൃദയവും മാതാവിന്റെ വിമല ഹൃദയവും 9 മാസക്കാലം ഒരേ ശരീരത്തിൽ തന്നെയാണല്ലോ ആയിരുന്നതും രണ്ട് ഹൃദയങ്ങളിലും ഒരേ രക്തം തന്നെ ആയിരുന്നല്ലോ പ്രവഹിച്ചിരുന്നതും. ആദ്യ കാലത്ത് സഭയിൽ മാതാവിന്റെ വിമല ഹൃദയത്തോടുള്ള ഭക്തി വ്യക്തിപരമായാണ് അനുഷ്ഠിച്ചിരുന്നത്. 15-ാം നൂറ്റാണ്ടിലെ സീയെന്നായിലെ വി. ബർണാസാണ് വിമല ഹൃദയത്തോടുള്ള ഭക്തിയെ പറ്റി ആദ്യമായി പൊതു പ്രഭാഷണം നടത്തിയത്. യേശുവിന്റെയും മറിയത്തിന്റെയും സമൂഹം ആരംഭിച്ച വി. ജോൺ യൂഡ്‌സ് വിമല ഹൃദയത്തിന്റെ വലിയ ഭക്തനായിരുന്നു. വി. ജോൺ യൂഡ്സ് ആരംഭിച്ച സമൂഹത്തിൽ 1648- ആദ്യമായി വിമല ഹൃദയനാഥയുടെ തിരുന്നാൾ ആചരിച്ചു. വി. ജോൺ എവൂദസ് തിരുഹൃദയ ഭക്തിയുടെ വലിയ പ്രചാരകനായിരുന്നു. വിമല ഹൃദയ ഭക്തിയുടെ പ്രചാരകനായും സർവ്വശക്തൻ അദ്ദേഹത്തെ തെരഞ്ഞെടുത്തിരുന്നു. ദിവ്യ നാഥന്റെ തിരുഹൃദയ ഭക്തിയുടെ ശക്തയായ പ്രേക്ഷിതയും പ്രചാരകയുമായ വി. മാർഗരറ്റ് മേരി അലക്കോക്കിന് 1688-ൽ യേശുവിന്റെ തിരുഹൃദയത്തോടൊപ്പം മാതാവിന്റെ വിമല ഹൃദയവും ദർശനം നല്കി. ഈ രണ്ട് ഭക്തിയിലും ഒരുമിച്ച് വളരുവാനും പ്രചരിപ്പിക്കാനുമുള്ള ആഹ്വാനമായിരുന്നു ആ ദർശനം. ഇതേ അഭിപ്രായം തന്നെയായിരുന്നു ആ കാലഘട്ടത്തിലെ യേശുവിന്റെ തിരുഹൃദയ പ്രേക്ഷിതനായിരുന്ന കൊളംബിയയ്ക്കും ഉണ്ടായിരുന്നത്. ആ കാലഘട്ടത്തിലെ വിവിധ സന്യാസ - സന്ന്യാസിനി സമൂഹങ്ങൾ വഴി തിരുഹൃദയ ഭക്തിയും വിമല ഹൃദയഭക്തിയും വിശ്വാസി സമൂഹത്തിൽ ശക്തമായി പ്രചരിച്ചു. പരിശുദ്ധ അമ്മയുടെ വിമലഹൃദയ ഭക്തിയിലൂടെയാണ് ദിവ്യരക്ഷകന്റെ തിരുഹൃദയ ഭക്തിയ്ക്ക് പൂർണ്ണത ലഭിക്കുന്നത്. പരിശുദ്ധ അമ്മ വഴി യേശുവിലേക്ക് എന്ന സ്വർഗ്ഗീയ സന്ദേശം ദൈവജനം ഒന്നടങ്കം അംഗീകരിച്ച അദ്ധ്യാത്മിക ജീവിത ശൈലിയാണ്. 

വിമല ഹൃദയനാഥയോടുള്ള ഭക്തി പ്രചരിപ്പിക്കാൻ വിവിധ സന്ന്യാസസഭകൾ ശ്രമിച്ചിട്ടുണ്ട്. ആന്റണി ക്ലാരറ്റ് 1849 ജൂലൈ 16 - ന് സ്ഥാപിച്ച ' വിമല ഹൃദയത്തിന്റെ പ്രേക്ഷിത സുതന്മാർ' എന്ന സമൂഹത്തിലെ അംഗങ്ങളും സ്ഥാപകനും ഈ ഭക്തിയുടെ വലിയ പ്രചാരകരായിരുന്നു. ക്ലൂണിലെ സെന്റ്.ജോസഫ് സിസ്‌റ്റേഴ്സ് 1854 നവംബർ 26 - ന് അവരുടെ സമൂഹത്തെ വിമല ഹൃദയനാഥയ്ക്ക് പ്രതിഷ്ഠിച്ചു. 1854-ൽ 9-ാം പീയൂസ് പാപ്പാ മറിയത്തിന്റെ അമലോൽഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചതിനെത്തുടർന്നാണ് വിമലഹൃദയം എന്ന നാമം അഗോളതലത്തിൽ പ്രചരിച്ചത്. ആ കാലഘട്ടം വരെ മറിയത്തിന്റെ നിർമ്മ ഹൃദയം, പരിശുദ്ധ ഹൃദയം, തിരുഹൃദയം - എന്നീ നാമങ്ങളിലാണ് അറിയപ്പെട്ടിരുന്നത്. ഫാത്തിമാ ദർശനത്തിന് ശേഷമാണ് മാതാവിന്റെ വിമലഹൃദയ ഭക്തിയ്ക്ക് വലിയ പ്രചാരം ലഭിച്ചത്.

ഫാത്തിമാ ഭർശനം - ആധുനിക തിരുസഭാ ചരിത്രത്തിലെ സുപ്രധാന മരിയൻ ദർശനമായ 1974-ലെ ഫാത്തിമായിലെ പ്രത്യക്ഷപ്പെടലിലൂടെ പരിശുദ്ധ അമ്മ ഫാത്തിമായിലെ പുണ്യ ചരിതരായ ഇടയക്കുട്ടികളായ വി. ജസീന്ത, വി. ഫ്രാൻസിസ്കോ, വി. ലൂസിയ - എന്നിവർക്ക് വിമല ഹൃദയ ഭക്തിയുടെ അവശ്യ കതയേയും പ്രാധാന്യത്തേയും കുറിച്ച് വെളിപ്പെടുത്തി കൊടുത്തു. മരിയ ദർശനത്തിന്റെ ഒരുക്കമായി ഇടയക്കുട്ടികൾക്ക് 1916-ൽ പോർച്ചുഗലിന്റെ മാലാഖയായ ദൈവദൂതന്റെ ദർശനം മൂന്ന് പ്രാവശ്യം ലഭിച്ചു. പ്രഥമ ദർശനത്തിൽ കുട്ടികളെ പ്രാർത്ഥന പഠിപ്പിച്ച ശേഷം മാലാഖ അവരോട് ഇപ്രകാരം പറഞ്ഞു:" ഈശോയുടെയും മറിയത്തിന്റെയും ഹൃദയങ്ങൾ നിങ്ങളുടെ പ്രാർത്ഥന താൽപര്യത്തോടെ ശ്രവിക്കുന്നു" . രണ്ടാമത്തെ ദർശനത്തിൽ ദൈവദൂതൻ കുട്ടികളോട് ഇപ്രകാരം പറഞ്ഞു:' ഇശോയുടെയും മാതാവിന്റെയും ഹൃദയങ്ങൾക്ക് നിങ്ങളെക്കുറിച്ച് കാരുണ്യത്തിന്റെ വലിയ പദ്ധതിയുണ്ട്". 1916 ഒക്ടോബറിൽ മൂന്നാം പ്രാവശ്യം ഇടയക്കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ട ദൈവ ദൂതൻ കൊണ്ടുവന്ന ദിവ്യകാരുണ്യവും കാസയും അന്തരീക്ഷത്തിൽ നിർത്തിയിട്ട് സാഷ്ടാംഗം വീണു ഇപ്രകാരം പ്രാർത്ഥിച്ചു: " ലോകത്തിലെ എല്ലാ സക്രാരികളിലും സന്നിഹിതനായിരിക്കുന്ന, ഈശോ മിശിഹായുടെ തിരുശരീരത്തോടും തിരുരക്തത്തോടും ദിവ്യ മുഖത്തോടുമുള്ള അനാദരവുകൾക്കും അതിക്രമൾക്കും ദൈവദോഷപരമായ സമീപനങ്ങൾക്കും നിസംഗതയ്ക്കുമെതിരായി, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവമേ, ഞാൻ അത്യാദരപൂർവ്വം അങ്ങയെ ആരാധിക്കുന്നു. അങ്ങയുടെ പരിശുദ്ധ ഹൃദയത്തിന്റെയും അങ്ങയുടെ ദിവ്യമാതാവിന്റെ വിമല ഹൃദയത്തിന്റെയും അനന്ത യോഗ്യതകളെ പ്രതി പാപികളുടെ മാനസാന്തരത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു". 1917 ജൂലൈ 13 - ന് ഫാത്തിമായിലെ ഇടയക്കുട്ടികൾക്ക് മാതാവിന്റെ മൂന്നാമത്തെ ദർശനമാണ് ലഭിച്ചത്. മാതാവ് അവരോട് ഇപ്രകാരം പറഞ്ഞു:" പാപികൾക്കു വേണ്ടി നിങ്ങള ത്തന്നെ ബലിയായി സമർപ്പിക്കുക. പാപികൾക്കായി പരിഹാര പ്രവർത്തികൾ ചെയ്യുക.". പ്രത്യേകിച്ചും നിങ്ങൾ ത്യാഗങ്ങൾ സഹിക്കുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കുക. ഓ ഈശോയെ,, നിന്നോടുള്ള സ്നേഹത്തെ പ്രതിയും പാപികളുടെ മാനസാന്തരത്തിനായും പരിശുദ്ധ കന്യകാമറിയത്തിന്റെ വിമല ഹൃദയത്തിനെതിരായും ചെയ്യപ്പെടുന്ന പാപങ്ങൾക്കു പരിഹാരമായും ഞാനീ ത്യാഗങ്ങൾ സഹിച്ച് കാഴ്ച്ചവയ്ക്കുന്നു." തുടർന്ന് മാതാവ് കുട്ടികൾക്ക് നരകത്തിന്റെ അതിഭീകര കാഴ്ച്ച കാണിച്ചു കൊടുത്തു. പരിശുദ്ധ അമ്മ ഇരുകരങ്ങളും ഉയർത്തി പ്രകാശ കിരണങ്ങൾ വർഷിച്ചു. പ്രകാശ രശ്മി കൾ ഭൂമിയിൽ തുളച്ചുകയറുന്നതായി കുട്ടികൾക്ക് തോന്നി. അവിടെ നരകത്തിന്റെ ഭീകരാവസ്ഥ അവർ ദർശിച്ചു. ആളിക്കത്തുന്ന തീക്കടൽ, ആ തീച്ചൂളയിൽ അസംഖ്യം ഭീകര രൂപികളായ പിശാചുക്കളും നിർഭാഗ്യരായ കഠിന പാപികളായവരുടെ ആത്മാക്കളും അതി കൊടുര വേദനകൾ അനുഭവിക്കുകയാണ്. മിക്ക പൈശാചികരൂപികൾക്കും അതിവികൃത മൃഗങ്ങളുടെ രൂപമായിരുന്നു. നരഗാഗ്നിയിൽ വെന്തുരുകുന്ന മനുഷ്യാത്മാക്കളെ അവരിൽ നിന്ന് പുറപ്പെടുന്ന അഗ്നിജ്വാലകൾ അവരെത്തന്നെ ദഹിപ്പിക്കുന്നു. ശിഷിക്കപ്പെട്ട കൊടിയ പാപികൾ തവിട്ടു നിറഞ്ഞിലുള്ള ശരീരത്തോടു കൂടി ആ അഗ്നി സാഗരത്തിൽ തട്ടി മറഞ്ഞു കൊണ്ടിരിക്കുന്നു. ആ തീച്ചൂളയിലേക്ക് എല്ലാ ഭാഗത്തു നിന്നും അഗ്നിനാളങ്ങൾ പോലെ വികൃതമായ ആത്മാക്കൾ വീണു കൊണ്ടിരുന്നു. അവിടെ പാപികളുടെ ആത്മാക്കൾ അനുഭവിക്കുന്ന നരകയാതനകളും രോദനങ്ങളും നിരാശയും തീവ്രവേദനയും കരച്ചിലുകളും അവർ ശ്രവിച്ചു. നരകത്തിലെ കഴ്ച്ചകൾ കുട്ടികളെ ഏറെ ഭയപ്പെടുത്തി.

പരിശുദ്ധ അമ്മ കുട്ടികളോട് ഇപ്രകാരം പറഞ്ഞു:" പാപികൾ ശിക്ഷിക്കപ്പെടുന്ന സ്ഥലമായ നരകം നിങ്ങൾ കണ്ടു. അവരെ നിത്യനരകാഗ്നിയിൽ നിന്ന് രക്ഷിക്കാൻ എന്റെ വിമല ഹൃദയത്തോടുള്ള ഭക്തി ലോകത്തിൽ സ്ഥാപിക്കാൻ ദൈവം ആഗ്രഹിക്കുന്നു. ഞാൻ പറയുന്നതുപോലെ നിങ്ങൾ ചെയ്താൽ ധാരാളം ആത്മാക്കൾ നരകാഗ്നിയിൽ വീഴാതെ രക്ഷപ്പെടും. ലോകത്തിന് സാമാധാനം ലഭിക്കുകയും ചെയ്യും. ഇപ്പോഴത്തെ യുദ്ധം ഉടൻ അവസാനിക്കും. എന്നൽ മനുഷ്യർ പാപത്താൽ ദൈവത്തെ ദ്രോഹിക്കുന്നതിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ഇതിലും ഭയാനകമായ ഒരു യുദ്ധം പതിനൊന്നാം പിയൂസ് പാപ്പായുടെ കാലത്ത് പൊട്ടിപ്പുറപ്പെടും". 

" ഒരു രാത്രി അജ്ഞാതമായ ഒരു പ്രകാശത്താൽ ജ്വലിക്കുന്നതു കാണുമ്പോൾ നിങ്ങൾ മനസ്സിലാക്കുക ലോകത്തിന്റെ തിന്മകൾക്കെതിരെ ശിക്ഷിക്കാനുള്ള അടയാളം ദൈവം നൽകുന്നുവെന്ന് . യുദ്ധം, പട്ടിണി, കൊടും ദാരിദ്രം, സഭാപീഡനം, പോപ്പിനെതിരെയുള്ള അക്രമങ്ങൾ - തുടങ്ങിയവ അതിൽ ഉൾപ്പെടും. യുദ്ധം വരുത്തിവയ്ക്കുന്ന കെടുതികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കുവാൻ എന്റെ വിമല ഹൃദയ പ്രതിഷ്ഠ ഞാൻ അവിശ്യപ്പെടും. അവയെ തടഞ്ഞു നിറുത്തുന്നതിനായി റഷ്യയെ എന്റെ വിമല ഹൃദയത്തിന് സമർപ്പിക്കുകയും ആദ്യ ശനിയാഴ്ച്ചകളിൽ പാപ പരിഹാരത്തിനായി ദിവ്യകാരുണ സ്വീകരണം നടത്തുകയും വേണം. മനുഷ്യർ ഇപ്രകാരം ചെയ്താൽ റഷ്യ മാനസാന്തരപ്പെടുകയും ലോകത്തിൽ സമാധാനമുണ്ടാകുകയും ചെയ്യും. അല്ലെങ്കിൽ റഷ്യ അവരുടെ തെറ്റായ ആശയങ്ങളും നിരീശ്വര പ്രസ്ഥാനവും ലോകമെമ്പാടും പ്രചരിപ്പിക്കുകയും അടിച്ചേൽപ്പിക്കുകയും ചെയ്യും. യുദ്ധങ്ങളും സഭാ പീഢനങ്ങളും കൊണ്ട് റഷ്യ ഭീകരവാഴ്ച തുടരും . സത്യവിശ്വാസം ഞെരുക്കപ്പെടും. നല്ലവർ രക്തസാക്ഷിത്വം വരിക്കും. പോപ്പിന് വളരെയധികം സഹിക്കേണ്ടിവരും. ഇന്നത്തെ പല രാജ്യങ്ങളും ഇല്ലാതാവും. എങ്കിലും അവസാനം എന്റെ വിമല ഹൃദയം വിജയിക്കും. പരിശുദ്ധ പിതാവ് റഷ്യയെ എന്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കും. റഷ്യ മാനസാന്തരപ്പെടും. ലോകത്തിൽ സമാധാനത്തിന്റെ സമയം ആരംഭിക്കും. പോർച്ചുഗലിൽ എപ്പോഴും സത്യവിശ്വാസം സംരക്ഷിക്കപ്പെടും. നിങ്ങൾ ഇപ്പോൾ ഈ കാര്യങ്ങൾ ആരോടും പറയരുത്. നിങ്ങൾ ജപമാല ചൊല്ലുമ്പോൾ ഓരോ രഹസ്യത്തിനു ശേഷം ഇപ്രകാരം പ്രാർത്ഥിക്കുക. ഓ, എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമെ, നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ, എല്ലാ ആത്മാക്കളേയും വിശിഷ്യാ അങ്ങേ കാരുണ്യം ഏറ്റവും കൂടുതൽ ആവിശ്യമുള്ളവരേയും സ്വർഗ്ഗത്തിൽ ആനയിക്കണമേ". 

പരിശുദ്ധ അമ്മ വെളിപ്പെടുത്തിയതു പോലെ പുണ്യശ്ലോകരായ ജസീന്തായും ഫ്രാൻസിസ്ക്കോയും ചെറുപ്രായത്തിലെ ദിവംഗതരായി സ്വർഗ്ഗീയ മഹത്വത്തിലേക്ക് ഉയർത്തപ്പെട്ടു. പരിശുദ്ധ അമ്മ അരുൾ ചെയ്തത് പോലെ ലൂസിയ ചില പ്രധാന സ്വർഗ്ഗീയ വാഗ്ദാനങ്ങളും ദൗത്യങ്ങളും നിറവേറ്റുവാൻ വേണ്ടി ദീർഘകാലം ജീവിച്ചു. ആദ്യ വി. ഡൊരേത്തിയുടെ സന്ന്യാസി സഭയിലും തുടർന്ന് കർമ്മലീത്താ സഭയിലും ചേർന്ന സി.ലൂസിയായ്ക്ക് 1925 ഡിസംബർ 10 - ന് ഉണ്ണിയേശുവുമായി മാതാവ് പ്രത്യക്ഷപ്പെട്ടു. അപ്പോൾ മറിയത്തിന്റെ ഒരു കരം ലൂസിയായുടെ തോളിലും മറ്റേ കരത്തിൽ മുള്ളുകളാൽ ചുറ്റപ്പെട്ട ഒരു ഹൃദയവും കാണാമായിരുന്നു. ഉണ്ണീശോ ഇപ്രകാരം ലൂസിയായോട് പറഞ്ഞു:" നിങ്ങളുടെ ഏറ്റം പരിശുദ്ധ അമ്മയുടെ ഹൃദയത്തിനു മേൽ ദയ കാണിക്കുക. അത് മുള്ളുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. നന്ദിഹീനരായ മനുഷ്യരുടെ പാപങ്ങളാൽ ഓരോ നിമിഷവും അത് മുറിവേല്‌പ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരു പരിഹാര പ്രവർത്തിയിലൂടെയും ആരുമതു നീക്കം ചെയ്യാൻ ശ്രമിക്കുന്നില്ല". ഉടൻ ലൂസിയായോടു മാതാവ് ഇപ്രകാരം പറഞ്ഞു:" പ്രിയമകളേ, നന്ദിഹീനരായ മനുഷ്യരുടെ പാപം മൂലം മുറിവേൽപ്പിക്കപ്പെടുന്ന എന്റെ ഹൃദയം മുള്ളുകളാൽ ചുറ്റപ്പെട്ടിരിക്കുന്നതു കാണുക. നീയെങ്കിലും എന്നെ ആശ്വസപ്പിക്കാൻ ശ്രമിക്കുക. മറ്റുള്ളവര എന്റെ വാഗ്ദാനം അറിയിക്കുക. തുടർച്ചയായ അഞ്ച് ആദ്യ ശനിയാഴ്യ്യകളിൽ പാപസങ്കീർത്തനം നടത്തി, ദിവ്യകാരുണ്യം സ്വീകരിക്കുകയും ജപമാലയുടെ അഞ്ചു രഹസ്യങ്ങൾ എല്ലാ ദിവസവും ചൊല്ലുകയും വേണം. എനിക്ക് എതിരായുള്ള  അതിക്രമങ്ങൾക്ക് പരിഹാരം എന്ന ഉദ്ദേശത്തോടു കൂടി കാൽ മണിക്കൂർ ജപമാല രഹസ്യങ്ങളെക്കുറിച്ച് ധ്യാനിക്കണം. ഇങ്ങനെ ചെയ്യുന്നവരെ അവരുടെ മരണ സമയത്ത് നിത്യരക്ഷയ്ക്കാവശ്യമായ കൃപാവരം നൽകി സഹായിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു:.". തുടർന്ന് 1926 ഫെബ്രുവരി 15 - ന് ദിവ്യ രക്ഷകനായ യേശുക്രിസ്തു പ്രത്യക്ഷനായി ലൂസിയായോട് മറിയത്തിന്റെ വിമല ഹൃദയത്തോടുള്ള ഭക്തിയും പരിഹാര പ്രവർത്തികളും പ്രചരിപ്പിക്കാൻ പരിശ്രമിച്ചു വോ എന്ന് ചോദിച്ചു. ആദ്യ ശനിയാഴ്ച്ച ദിവസം തന്നെ വിശ്വാസികൾക്ക് കുമ്പസാരി ക്കുവാനുള്ള അസൗകര്യത്തെക്കുറിച്ച് പറഞ്ഞ ലൂസിയ ദിവ രക്ഷകനോട് എട്ടു ദിവസങ്ങൾക്കുള്ളിൽ കുമ്പസാരിക്കുന്നത് അനുഗ്രഹപ്രദമാണോ എന്നും ചോദിച്ചു. അതിന് ദിവ്യനാഥൻ ഇപ്രകാരമാണ് മറുപടി നൽകിയത് :" അവർ പ്രസാദവരത്തിൽ എന്നെ സ്വീകരിക്കുകയും മറിയത്തിന്റെ വിമല ഹൃദയത്തെ വേദനിപ്പിക്കുന്നതിനു പരിഹാരം ചെയ്യുന്നുവെന്ന നിയോഗം വയ്ക്കുകയും ചെയ്യുമെങ്കിൽ എട്ടല്ല അതിലധികം ദിവസം കഴിഞ്ഞാലും സാരമില്ല". 

സി.ലൂസിയായ്ക്ക് ലഭിച്ച അവസാനത്തെ മരിയ ദർശനം 1929 ജൂണിലായിരുന്നു. ആ മരിയ ദർശനത്തെക്കുറിച്ച് സി. ലൂസിയ ഇപ്രകാരമാണ് രേഖപ്പെടുത്തിയിരിക്കുന്നത്." പെട്ടന്ന്, ഞാൻ പ്രാർത്ഥിച്ചിരുന്ന മഠത്തിലെ ചാപ്പൽ അതി സ്വാഭാവിക പ്രകാശത്തിൽ ശോഭിച്ചു. കുരിശാകൃതിയിലുള്ള ഒരു പ്രകാശം അൾത്താരയ്ക്ക് മുകളിലായി കാണപ്പെട്ടു. കുരിശിന്റെ മുകളിലായി ദിവ്യമായ ഒരു മനുഷ്യ രൂപം പ്രത്യക്ഷമായി - പിതാവായ ദൈവം. ആ വ്യക്തിയുടെ ഹൃദയ ഭാഗത്ത് പ്രാവിന്റെ  രൂപത്തിലുള്ള പ്രകാശം - പരിശുദ്ധാരൂപി, കുരിശിൽ തറയ്ക്കപ്പെട്ട ദിവ്യ നായ ഒരു മനുഷ്യവ്യക്തിയേയും കണ്ടു പുത്രനായ ദൈവം. ഈ ദൃശ്യങ്ങൾക്കു താഴെ അന്തരീക്ഷത്തിൽ നിലകൊള്ളുന്ന ഒരു കാസയും അതിനു മുകളിൽ ഒരു വലിയ തിരുവോസ്തിയും കാണപ്പെട്ടു. കാസയിലേക്ക് ക്രൂശിതനായ യേശുവിന്റെ തിരുമുഖത്തിലും തിരുമുറിവുകളിലും നിന്നും തിരുരക്തം വീണു കൊണ്ടിരുന്നു. ഈ തിരു രക്തത്തുള്ളികൾ തിരുവോസ്തിയിൽ വീണ് ഒഴുകി കാസയിലേക്ക് വീണിരുന്നു. ക്രൂശിതനായ യേശുവിന്റെ വലതു കരങ്ങൾക്കു താഴെയായി ഫാത്തിമായിൽ ദർശനം നൽകിയ മാതാവ് അവിടുത്തെ വിമല ഹൃദയത്തോടു കൂടി ദൃശ്യമായി. അവളുടെ ഇടതു കയ്യിൽ ഒരു മുൾക്കിരീടവും അതിനോടു ചേർന്ന്,' കൃപാവരങ്ങളും കരുണയും' എന്ന വാക്കുകളും ദൃശ്യമായിരുന്നു. പരിശുദ്ധ പരമ ത്രിത്വത്തിന്റെ രഹസ്യം ആണ് ഞാൻ ദർശിച്ചത് എന്ന് എനിക്ക് മനസ്സിലായി. ഈ മഹാരഹസ്യത്തെക്കുറിച്ച് എനിക്ക് ഉൾക്കാഴ്ച്ചകൾ ലഭിച്ചു. അത് വെളിപ്പെടുത്താൻ എനിക്ക് അനുവാദമില്ല". ആ ദർശനത്തിന്റെ അവസരത്തിൽ പരിശുദ്ധ അമ്മ സി.ലൂസിയായോട് ഇപ്രകാരം പറഞ്ഞു:" ലോകത്തിലുള്ള എല്ലാ ബിഷപ്പുമാരോടുമൊപ്പം പോപ്പ്, റഷ്യയെ എന്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കേണ്ട സമയം ആസന്നമായിരിക്കുന്നു. ഈ പ്രതിഷ്ഠ വഴി റഷ്യയെ രക്ഷിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു" .

 1932-ൽ ബെൽജിയത്തിലെ ബുറാൻ ഗ് എന്ന പ്രദേശത്തെ അഞ്ച് കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ട പരിശുദ്ധ മറിയം ലോക സമാധാനത്തിനായി പ്രാർത്ഥിക്കുവാനും വിമല ഹൃദയ ഭക്തിയിൽ ഉറച്ചു നിൽക്കുവാനുമുള്ള നിർദേശം നൽകി. ഫാത്തിമായിൽ നൽകിയ അതേ സന്ദേശങ്ങൾ തന്നെയാണ് പരിശുദ്ധ അമ്മ ബെൽജിയത്തെ ബുറാൻ ഗിലെ ദർശനത്തിലും നൽകിയത്. ഫാത്തിമാ മരിയ ദർശനത്തിന്റെ രജതജൂബിലി വർഷമായ 1942 മെയ് 13-ന് പന്ത്രണ്ടാം പീയൂസ് പാപ്പാ റഷ്യ ഉൾപ്പെടെയുള്ള ലോകത്തെ മറിയത്തിന്റെ വിമല ഹൃദയത്തിന് സമർപ്പിച്ചു. മറിയത്തിന്റെ വിമല ഹൃദയത്തിരുനാൾ 1945-ൽ ആഗോള തിരുസഭയിൽ സ്ഥാപിച്ചു. പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തിന് നമ്മെ സമ്പൂർണ്ണമായി പ്രതിഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള മാർഗ്ഗ ദർശനങ്ങൾ നൂറ്റാണ്ടുകളായി പാപ്പാമാരും പുണ്യചരിതരും ദൈവശാസ്ത്രജ്ഞന്മാരും സഭയ്ക്ക് നൽകിയിട്ടുണ്ട്. 1982-ൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പാ ആധുനിക ലോകത്തെ ഫാത്തിമാ മാതാവിനു പ്രതിഷ്ഠിച്ചു. തുടർന്ന് 1984-ൽ ലോകത്തിലെ എല്ലാവരേയും വി. ജോൺ പോൾ രണ്ടാമൻ പാപ്പാ വിമല ഹൃദയത്തിന് സമർപ്പിച്ചു. പിന്നീട് ഫ്രാൻസിസ് പാപ്പാ 2013 ഒക്ടോബർ 13 - ന് ലോകത്തെ മുഴുവനും പരിശുദ്ധ മറിയത്തിന് പ്രതിഷ്ഠിച്ചു." ലോകത്തിന്റെ രക്ഷ പരിശുദ്ധ കന്യകയിലൂടെയാണ് ആരംഭിച്ചത്. അത് അവളിലൂടെ അതിന്റെ പരിപൂർണ്ണതയിലെത്തണം" - എന്നാണ് വി. ലൂയി മോണ്ട് ഫോർട്ട് പറഞ്ഞത്. വി. ജെറോം ഇപ്രകാരമാണ് പറഞ്ഞത് :" ഞാൻ വളരെയധികമായി സഹിക്കുന്നു. എന്നാൽ ഞാൻ അത് പാപികൾക്കു വേണ്ടി പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തോടുള്ള പരിഹാരമായും കാഴ്ച്ചവയ്ക്കുന്നു. അനുഗ്രഹീത കന്യകയെ അത്യധികമായി സ്നേഹിക്കുന്നതിൽ ഭയപ്പെടേണ്ട ഈശോ അവളെ സ്നേഹിച്ചതിനാൽ കൂടുതലായി നിനക്ക് അവളെ ഒരിക്കലും സ്നേഹിക്കാനാവില്ല. മനുഷ്യരോടുള്ള മാതൃകാപരമായ വാത്സല്യവും അനുകമ്പയും കൊണ്ട് പരിശുദ്ധ മറിയത്തിന്റെ ഹൃദയം നിറഞ്ഞിരിക്കുകയാണ്. പരിശുദ്ധ മറിയം തന്റെ മക്കൾക്കു വേണ്ടി സഹിച്ച വേദന പോലെ ആരും തന്നെ സഹിച്ചിട്ടില്ല". വി. ബെനവെന്തു രാ ഇപ്രകാരം എഴുതി:" ഈശോയുടെ ഹൃദയത്തിൽ വ്യാപിച്ചു കിടക്കുന്ന എല്ലാ മുറിവുകളും പരിശുദ്ധ മറിയത്തിന്റെ ഹൃദയത്തിൽ ഒന്നായി തീർന്നു. അങ്ങനെ മകനോടുള്ള സ്നേഹത്തെ പ്രതി പരിശുദ്ധ മറിയം തന്റെ സ്നേഹ നിർഭരമായ ഹൃദയത്തിൽ ചമ്മട്ടി കൊണ്ട് അടിക്കപ്പെട്ടു, മുൾക്കിരീടം അണിഞ്ഞു, അപമാനിതനായി, കുരിശിൽ തറയ്ക്കപ്പെട്ടു".

 

പരിശുദ്ധ കന്യകാമറിയത്തിന്റെ ഏറ്റവും നിർമ്മലമായ വിമല ഹൃദയത്തിന് അനുയോജ്യമായ വിശ്വാസ ജീവിതം നയിക്കാനുള്ള കൃപക്കായി പരിശുദ്ധ അമ്മയോട് നമ്മുക്ക് മധ്യസ്ഥം തേടാം. മാതാവിന്റെ വിമല ഹൃദയത്തിന് നമ്മെ പൂർണ്ണമായി സമർപ്പിച്ചു കൊണ്ട് ദിവ്യരക്ഷകനായ യേശുവിൽ എത്തിച്ചേരാം.

റഫറൻസ്

1. ഫാത്തിമാ സംഭവം സിസ്റ്റർ ലൂസിയായുടെ വാക്കുകളിൽ, വിവർത്തനം - ഫാ. ഈപ്പൻ ഏർത്തയിൽ CMI

2. ദൈവമാതാവായ പരിശുദ്ധ മറിയം - പി.ഒ. ലൂയിസ്

3. മരിയൻ തിരുനാളുകൾ - സി. പ്രഭ ഗ്രെയ്സ്  സി.എം.സി

4. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങൾ - ഫാ.സേവ്യർ ഖാൻ വട്ടായിൽ

രതീഷ് ഭജനമഠം

ആലപ്പുഴ

 


Related Articles

എന്താണ് ടൗട്ടെ ?

വിചിന്തിനം

Contact  : info@amalothbhava.in

Top