അരവിന്ദാക്ഷ മേനോൻ എഴുതുന്നു: സത്യ ദൈവത്തെ തിരിച്ചറിയുക- ഭാഗം 1

26,  Sep   

എൻറെ പേര് അരവിന്ദാക്ഷ മേനോൻ. കോട്ടയത്തിനടുത്ത് കുമരകം എന്ന ഗ്രാമത്തിൽ വളരെ വളരെ യാഥാസ്ഥിതികമായ ഒരു നായർ തറവാട്ടിലാണ് ഞാൻ ജനിച്ചു വളർന്നത്. കുട്ടിക്കാലം മുതൽ തന്നെ രാമായണം, മഹാഭാരതം, മഹാഭാഗവതം തുടങ്ങിയ മതഗ്രന്ഥങ്ങൾ വായിച്ചു പഠിക്കുവാനും ഇതിഹാസ കഥകൾ കേട്ടുവളരുവാനുമുള്ള അവസരം എനിക്കു ലഭിച്ചു. എപ്പോഴും മറ്റുള്ളവരെ സ്നേഹിക്കുക, മറ്റുള്ളവർക്കുവേണ്ടി ചിന്തിക്കുക, മറ്റുള്ളവർക്കു വേണ്ടി പണിയെടുക്കുക, സ്വാർത്ഥ മോഹങ്ങളില്ലാതെ ജീവിക്കുക തുടങ്ങി പല നല്ല ഗുണങ്ങളും എനിക്കേറെയുണ്ടായിരുന്നു. പതിനെട്ടാമത്തെ വയസ്സിൽ ഞാൻ എൻറെ സാമാന്യ വിദ്യാഭ്യാസം പൂർത്തിയാക്കി കേന്ദ്ര ഗവൺമെൻറ് സർവീസിൽ, കേന്ദ്ര ഗവൺമെൻറിൻറെ വാണിജ്യ വകുപ്പിനു കീഴിലുള്ള റബ്ബർ ബോർഡ് എന്ന സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീടുള്ള ഇരുപതു വർഷത്തെ എൻറെ ജീവിതം ഇതുപോലെയൊരു സാക്ഷ്യത്തിലൊന്നും എടുത്തു പറയത്തക്ക യാതൊരു പ്രത്യേകതകളുമുള്ള ജീവിതമായിരുന്നില്ല. ഒരു സാധാരണ ജീവിതം! പക്ഷെ മുൻപു പറഞ്ഞതുപോലെയുള്ള നല്ല ഗുണങ്ങൾ എനിക്കേറെയുണ്ടായിരുന്നതു കൊണ്ട് എനിക്ക് ചുറ്റുമുള്ളവർ, എൻറെ സഹപ്രവർത്തകർ വളരെ പെട്ടെന്ൻ എൻറെ സ്നേഹിതന്മാരായി മാറി. ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ ജോലിക്കാരുടെ, ഉദ്യോഗസ്ഥന്മാരുടെ സംഘടനയുടെ നേതാവായിത്തീർന്നു ഞാൻ. രാഷ്ട്രീയ പ്രേരിതമായ ഈ സംഘടനയിലൂടെ ഞാൻ ഇന്ത്യൻ കമ്മ്യുണിസ്റ്റു പാർട്ടിയുമായി ബന്ധപ്പെട്ടു. ആ പാർട്ടിയിലെ ഒരു സജീവ പ്രവർത്തകനായി. ഒട്ടും താമസിയാതെ ഇന്ത്യൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പ്രാദേശികമായി ഒരു നേതാവായിത്തീരാനും എനിക്ക് കഴിഞ്ഞു. അങ്ങനെ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ നാട്ടുകാരുടെയും സംഘടനാ പ്രവർത്തനത്തിലൂടെ സഹപ്രവർത്തകരുടെയും സ്നേഹവിശ്വാസങ്ങളാർജ്ജിച്ച് വളരെ സന്തോഷത്തോടെ സമാധാനത്തോടെ ഞാൻ ഇരുപതു വർഷം ജീവിച്ചു. ഇതിനിടെ ഞാൻ വിവാഹിതനായി. എനിക്കു രണ്ടു പെൺകുഞ്ഞുങ്ങളുണ്ടായി. വളരെ സന്തുഷ്ടമായ കുടുംബ ജീവിതം! അതും ഈ കാലയളവിൽ എനിക്കു ലഭിച്ചു. സന്തോഷപ്രദമായ ഈ ഇരുപതു വർഷത്തെ ജീവിതത്തിനു ശേഷം ഒരു ദിവസം വളരെ അപ്രതീക്ഷിതമായി എനിക്ക് എൻറെ ജോലി നഷ്ടപ്പെട്ടു. രാഷ്ട്രീയമായ കാരണങ്ങൾ! കമ്മ്യുണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം, പാർട്ടിയിലെ എൻറെ പ്രവർത്തനങ്ങൾ എല്ലാം പരോക്ഷമായ കാരണങ്ങൾ! പ്രത്യക്ഷമായി സ്ഥാപനത്തിലുണ്ടായ ഒരു വലിയ സമരം, സമരത്തിനു ഞാൻ കൊടുത്ത നേതൃത്വം, ഇതെല്ലാം കാരണം കാണിച്ച് എൻറെ അധികാരികൾ എന്നെ ജോലിയിൽ നിന്ൻ പിരിച്ചുവിട്ടു. പത്തിരുപതു വർഷക്കാലം മറ്റുള്ളവരുടെ സ്നേഹത്തിനും മറ്റുള്ളവരുടെ വിശ്വാസത്തിനും മറ്റുള്ളവരുടെ പ്രശംസയ്ക്കും പ്രീതിക്കും മുൻ‌തൂക്കം കൊടുത്തു ജീവിച്ചതുകൊണ്ട് സാമ്പത്തികമായി എൻറെ ജീവിതം ഒരിക്കലും ഭദ്രമായിരുന്നില്ല. എന്നും പിന്നോക്കമായിരുന്നു. സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന ഒരു കുടുംബത്തിന് അപ്രതീക്ഷിതമായി അതിൻറെ വരുമാനം നഷ്ടപ്പെട്ടു പോയാലുണ്ടാകുന്ന ബുദ്ധിമുട്ട്! വിശദീകരിക്കേണ്ട കാര്യമില്ല. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഞങ്ങളുടെ ജീവിതം ദാരിദ്ര്യപൂർണ്ണമായിത്തീർന്നു. ദുഃഖപൂർണ്ണമായിത്തീർന്നു. ഓരോ ദിവസത്തെ ഞങ്ങളുടെ ജീവിതവും ഓരോ കഥയായി മാറി. പൂർണ്ണമായ നിരാശയുടെ കഥ!എൻറെ ഭാര്യയ്ക്കും കുട്ടികൾക്കും ഒരുനേരത്തെ ആഹാരത്തിനുള്ള വകപോലും സമ്പാദിച്ചു കൊടുക്കാൻ എനിക്ക് കഴിയാതെ വരുന്നതിലുള്ള നിരാശയുടെ കഥ! എന്നെ സ്നേഹിക്കുകയും എന്നെ വിശ്വസിക്കുകയും ഒക്കെ ചെയ്തിരുന്നു എന്ൻ ഞാൻ വിശ്വസിച്ചിരുന്ന എൻറെ സുഹൃത്തുക്കൾ, എൻറെ സഹപ്രവർത്തകർ, ഒരു ദിവസംകൊണ്ട് അവരെന്നെ പൂർണ്ണമായി അവഗണിച്ചു. എന്നെ കാണുമ്പോൾ പല സ്നേഹിതരും വഴി മാറി നടക്കും. ഞാൻ എന്തെങ്കിലും സഹായം ചോദിച്ചാലോ എന്നു ഭയപ്പെട്ടിട്ടാണ്. വേദനാജനകമായ ഈ അവഗണനയുടെ കഥ! ഇതിലൊക്കെ ഉപരിയായി എവിടെവച്ചു കാണുമ്പോഴും തറവാടിൻറെ അഭിമാനമെന്നു പറഞ്ഞ് എന്നെ വിശേഷിപ്പിച്ചു പുകഴ്ത്തിയിരുന്ന എൻറെ ബന്ധുക്കൾ, എൻറെ വീട്ടുകാർ! ഒരു ദിവസം കൊണ്ട് ഞാൻ അവർക്കു കള്ളനും കുരുത്തം കെട്ടവനും തെമ്മാടിയുമൊക്കെയായി മാറി. സ്വന്തം പ്രവർത്തി ദോഷം കൊണ്ട് ഒന്നാന്തരമൊരു ജോലിയുണ്ടായിരുന്നതു കളഞ്ഞുകുളിച്ച തെമ്മാടി എന്നു പറഞ്ഞെന്നെ അധിക്ഷേപിക്കുവാൻ തുടങ്ങി. ഈ അപമാനത്തിൻറെ കഥ! ഇങ്ങനെ ഓരോ ദിവസത്തെ ജീവിതവും ദുഃഖത്തിൻറെയും വേദനയുടെയും അപമാനത്തിൻറെയും കഥകളായി മാറിയപ്പോൾ സാധാരണ പുരുഷന്മാർക്കുണ്ടാകുന്ന ഒരു ദൗർബല്യം! അതും എന്നെ ബാധിച്ചു. മുപ്പത്തിഎട്ടാമത്തെ വയസ്സു വരെ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതാവായി സംഘടനാ നേതാവായി മാതൃകാ പുരുഷനായി മദ്യത്തിൻറെ രുചിയോ ഗന്ധമോ എന്താണെന്നറിയാതെ ജീവിച്ച ഞാൻ മുപ്പത്തി എട്ടാമത്തെ വയസ്സിൽ ഒരു തികഞ്ഞ മദ്യപാനിയായി മാറി.

ദാരിദ്ര്യ ദുഃഖം അനുഭവിക്കുന്ന ഒരു കുടുംബത്തിലേക്ക് കുടുംബ നാഥൻ കുടിച്ച് ലക്കുകെട്ട് വന്നാലുണ്ടാകുന്ന ഒരു ബുദ്ധിമുട്ട്! അതും വിശദീകരിക്കേണ്ട വിഷയമല്ല. കുടുംബകലഹം! ഈ കുടുംബകലഹം കൂടിയായപ്പോൾ എൻറെ തകർച്ച പൂർത്തിയായി. ഇങ്ങനെ ജീവിതം തകർന്ൻ വഴിമുട്ടുമ്പോഴാണ് സാധാരണ എല്ലാവരും ദൈവത്തെക്കുറിച്ച് ആലോചിക്കുന്നത്. ഞാനും ദൈവത്തെക്കുറിച്ച് ആലോചിക്കുവാൻ തുടങ്ങി. ദൈവത്തെക്കുറിച്ച് ആലോചിക്കുവാൻ ദൈവത്തിലേക്കു തിരിയുവാൻ വളരെ എളുപ്പം! കാരണം ആത്മീയമായി വലിയ ഒരു പശ്ചാത്തലമുള്ള ഒരു തറവാടാണ് എൻറേത്. സ്വന്തമായി മൂന്നു ക്ഷേത്രങ്ങളുണ്ട് എൻറെ തറവാട്ടിൽ! വീട്ടുവളപ്പിൽത്തന്നെ രണ്ടു ക്ഷേത്രങ്ങൾ! ഈ ക്ഷേത്രങ്ങളിൽ കുടിയിരിക്കുന്ന ദൈവങ്ങൾക്ക് ഭരദേവതമാർ എന്നു പറയും. ഭരദേവതമാരുടെ ക്ഷേത്രങ്ങളിൽ പോയി ഞാൻ മനം നൊന്തു പ്രാർത്ഥിച്ചു. വിധിപ്രകാരമുള്ള എല്ലാ നേർച്ചകാഴ്ചകളും സമർപ്പിച്ചു പ്രാർത്ഥിച്ചു. ആഴ്ചകളോളം മാസങ്ങളോളം പ്രാർത്ഥനയിലും ഉപവാസത്തിലും. ചെലവഴിച്ചു. പക്ഷെ എൻറെ ദുഃഖങ്ങൾക്ക് എൻറെ കഷ്ടപ്പാടുകൾക്ക്, എൻറെ ദാരിദ്ര്യത്തിന് ഒരു കുറവും ഉണ്ടായില്ല. ദൈവത്തിൻറെ അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിച്ചിട്ട് അതു കിട്ടാതെ വരുമ്പോൾ ഞങ്ങൾ ഹിന്ദുക്കൾ ചെയ്യുന്ന മറ്റൊരു കാര്യമുണ്ട്. ജ്യോതിഷക്കാരനെ കാണും. എന്തുകൊണ്ടാണ് ദൈവത്തിൻറെ അനുഗ്രഹം എനിക്ക് കിട്ടാതെ പോകുന്നത്? പ്രശ്നം വച്ചുനോക്കണം. വളരെ പ്രസിദ്ധനായ ഒരു ജ്യോത്സ്യൻറെ അടുത്ത് പോയി, ഞാൻ. എൻറെ ജീവിതത്തിലുണ്ടായ ബുദ്ധിമുട്ടുകളൊക്കെ വളരെ വിശദമായി അദ്ദേഹത്തെ പറഞ്ഞു കേൾപ്പിച്ചു. നാലു പ്രാവശ്യം ഞാനീ ജ്യോത്സ്യൻറെ അടുത്തുപോയി. നാലു പ്രാവശ്യവും എൻറെ കഷ്ടതകൾക്ക്, അദ്ദേഹം നാലു കാരണങ്ങൾ പറഞ്ഞു. ദൈവകോപം, ജന്മദോഷം, നക്ഷത്രദോഷം, സർപ്പകോപം നാലു കാരണങ്ങൾക്കും പരിഹാരക്രിയകൾ നിർദ്ദേശിച്ചു. വളരെയധികം പണചെലവുള്ള ബലികൾ, പൂജകൾ, ഹോമങ്ങൾ! ഇല്ലാത്ത പണം കടം വാങ്ങി എല്ലാം ചെയ്തു. സ്വന്തമായി ഉണ്ടായിരുന്ന അഞ്ചു സെൻറു ഭൂമിയും വീടും അന്യാധീനമായി എന്നതൊഴിച്ചാൽ ഒരു പ്രയോജനവുമുണ്ടായില്ല. ദൈവത്തിലുള്ള എൻറെ വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടു. ഞാൻ ഒരു നിരീശ്വരവാദിയായി മാറി. നിങ്ങൾക്കറിയാം കേരളത്തിൽ വളരെ പ്രസിദ്ധമായ നിരീശ്വരവാദികളുണ്ട്. അവർക്കവരുടെ സംഘടനയുണ്ട്, പ്രസ്ഥാനമുണ്ട്. യുക്തിവാദിസംഘം ഇതിൻറെ ചില നേതാക്കന്മാരെയൊക്കെ ഈ സമയത്തു കണ്ടു മുട്ടുവാനിടയായി. എൻറെ കഥയൊക്കെ കേട്ടിട്ട് അവർ പറഞ്ഞു: "നിങ്ങൾ അനുഭവിച്ചറിഞ്ഞ വ്യക്തിയാണ്, നിങ്ങളെ ഒന്നും പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യമില്ല. നിങ്ങൾക്കിനി സാമൂഹ്യമായി ഒരു ബാദ്ധ്യതയുണ്ട്. ഈ സമൂഹത്തോട് ഒരു കടമയുണ്ട്. ദൈവത്തിൻറെ നാമത്തിൽ നിങ്ങൾക്കുണ്ടായ അപകടങ്ങളൊന്നും മറ്റുള്ളവർക്കുണ്ടാകാതെ നോക്കണം. അതാണു നിങ്ങളുടെ കടമ." അതെനിക്ക് ബോദ്ധ്യപ്പെട്ടു. എന്നും മറ്റുള്ളവരുടെ നന്മയാണെൻറെ ലക്ഷ്യം ഞാനൊരു കമ്മ്യുണിസ്റ്റുകാരനാണ്. എന്നിലെ കമ്മ്യൂണിസ്റ്റുകാരൻ ഉയിർത്തെഴുന്നേറ്റു. മൂന്നു വർഷക്കാലം കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ നടന്ൻ ദൈവമില്ല എന്ൻ പ്രസംഗിച്ചുകൊണ്ടു നടന്നു ഞാൻ. "ദൈവമില്ല, ദൈവം മിഥ്യയാണ്‌ വെറും തോന്നലാണ്. മനുഷ്യൻറെ സൃഷ്ടിയാണ് മനുഷ്യൻ. മനുഷ്യനെ ചൂഷണം ചെയ്യാൻ വേണ്ടി ഉണ്ടാക്കി വച്ചിരിക്കുന്ന സംവിധാനമാണ്, തട്ടിപ്പാണ്. ആരും അതിലൊന്നും വീണു പോകരുത്". ഇങ്ങനെയൊക്കെ ആഹ്വാനം ചെയ്തു കൊണ്ട് പ്രസംഗിച്ചു നടന്നു. ഈ മൂന്നു വർഷം ദൈവനിഷേധം പറഞ്ഞുകൊണ്ടാണു നടന്നതെങ്കിലും ഈ മൂന്നു വർഷം എൻറെ ജീവിതത്തിൽ വലിയ ദൈവാനുഗ്രഹത്തിൻറെ കാലഘട്ടമായി മാറി എന്നാണെൻറെ അനുഭവം. കാരണം ധാരാളം പുസ്തകങ്ങൾ വായിക്കുവാനുള്ള അവസരമുണ്ടായി. സാംസ്കാരിക നായകന്മാർ എന്നു നമ്മൾ വുശേഷിപ്പിക്കുന്ന വലിയ വലിയ ആളുകൾ! എഴുത്തുകാർ, ബുദ്ധിജീവികൾ ഇവരൊക്കെയായി അടുത്ത് പരിചയപ്പെടുവാൻ ഇടപഴകുവാനുള്ള സന്ദർഭമുണ്ടായി. അങ്ങനെ ദൈവനിഷേധം പ്രസംഗിച്ചുകൊണ്ട് നടന്ന കാലത്ത് എനിക്കു കിട്ടിയ ഒരു സുഹൃത്ബന്ധം, ഒരു സുഹൃത്ത് എൻറെ ജീവിതത്തിൽ അടിമുടി ചലനമുണ്ടാക്കി. വചന പാദങ്ങൾക്ക് വിളക്കും വഴികളിൽ പ്രകാശവുമാണ് പുരോഹിതൻ. പുരോഹിതൻ വചനത്തിന്റെ ഉപാസകനാണ്.

വചനം പാദങ്ങൾക്ക് വിളക്കും വഴികളിൽ പ്രകാശവുമാണ്. പുരോഹിതൻ വചനത്തിന്റെ ഉപാസകനാണ്.


Related Articles

Contact  : info@amalothbhava.in

Top