വേലികെട്ടിത്തിരിച്ച് തിരശീലയിട്ട് മറച്ച ബലിവേദി പഴയനിയമത്തിന്റേതാണ്. ദർശനം അങ്ങ് കിഴക്കല്ല, പ്രത്യുത ഇവിടെ ജനമധ്യത്തിലുള്ള ക്രിസ്തുസാന്നിധ്യത്തിൽ കേന്ദ്രീകൃതമാകണം. തിരുസാന്നിധ്യത്തിൽ നമുക്കൊരുമിക്കാം, ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ യോഗ്യതയോടെ ഉൾക്കൊള്ളാം, ജനമധ്യത്തിലെ ക്രിസ്തുസാന്നിധ്യമായി മാറാം.
''നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?'' എന്ന ക്രിസ്തുവിന്റെ ചോദ്യത്തിന് ശിഷ്യപ്രമുഖനായ പത്രോസ് ശ്ലീഹാ നൽകിയ മറുപടി ''കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ടല്ലോ?'' എന്നതായിരുന്നു (യോഹ. 6:67-68). ഈശോ ഒരു ഒത്തുതീർപ്പിന് തയ്യാറായിരുന്നെങ്കിൽ യഹൂദരാരും അവിടുത്തെ വിട്ടുപോവുകയില്ലായിരുന്നു. എങ്ങനെയുള്ള ഒത്തുതീർപ്പ്? ക്രിസ്തുവിന്റെ പുതിയനിയമ ബലിയർപ്പണവും യഹൂദ ആചാരരീതികളുമായുള്ള ഒരു അമ്പത്- അമ്പത് ഒത്തുതീർപ്പ്. അവിടുന്ന് ഒരു പക്ഷേ, ഇങ്ങനെ പറഞ്ഞിരുന്നെങ്കിലോ? ''നിങ്ങളങ്ങനെ വഴക്കുകൂടി പോകല്ലേ. നിങ്ങൾക്കുവേണ്ടത് യഹൂദരുടേതുപോലുള്ള ബലിയല്ലേ? നമുക്കൊരു കാര്യം ചെയ്യാം. ഗലീലി കടലോരത്തെ ആ കുന്നിൻമുകളിൽ നമുക്ക് അതിസുന്ദരമായ ഒരു ദേവാലയം നിർമ്മിക്കാം. ജറൂസെലം ദേവാലയത്തേക്കാൾ വലിപ്പമുള്ളതും അതിമനോഹരവുമായ ഒരു ദേവാലയം. ദേവാലയത്തിന്റെ കിഴക്കുഭാഗത്ത് നിങ്ങൾ പരിചയിച്ചിട്ടുള്ളതുപോലെതന്നെ വിരിയിട്ട് മറച്ച അതിവിശുദ്ധ സ്ഥലം ക്രമീകരിക്കാം. അവിടെ പുരോഹിതന്മാർക്കു മാത്രമേ പ്രവേശനമുള്ളൂ എന്ന കർശനമായ നിബന്ധനകളും നൽകാം. അതിവിശുദ്ധസ്ഥലത്തിന് ഒരുപടി താഴെയായി ഗായകവേദിയും അതിന് ഒരുപടി താഴെയായി സംശുദ്ധരായ യഹൂദ പുരുഷന്മാർക്കുള്ള പ്രാർത്ഥനാ വേദിയും അതിന് ഒരുപടി താഴെയായി സംശുദ്ധരായ യഹൂദസ്ത്രീകൾക്കുള്ള പ്രാർത്ഥനാവേദിയും ദേവാലയത്തിനകത്തുതന്നെ ക്രമീകരിക്കാം. ദേവാലയത്തിന് പുറത്തുള്ള അങ്കണത്തിൽ വിജാതീയർക്കും അടിമകൾക്കും രോഗികൾക്കും പരസ്യപാപികൾക്കുമായുള്ള പ്രാർത്ഥനാവേദികളും ക്രമീകരിക്കാം. എല്ലാ സാബത്തിലും പ്രഭാതത്തിൽ പുരോഹിതൻ വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ് അതിവിശുദ്ധ സ്ഥലത്ത് വിരിക്കുള്ളിൽ പ്രവേശിച്ച് അവിടെ ഒരുക്കിയിട്ടുള്ള യാഗപീഠത്തിൽ നിന്നും കാഴ്ചയപ്പം എടുത്ത് വാഴ്ത്തി ധൂപദീപങ്ങളുടെ അകമ്പടിയോടെ ഗായകസംഘത്തിന്റെ സ്വർഗീയ ഗാനാലാപനത്തോടെ എഴുന്നെള്ളുമ്പോൾ ശുശ്രൂഷികൾ അതിവിശുദ്ധ സ്ഥലത്തിന്റെ വിരിമാറ്റുന്നു. തുടർന്ന് പുരോഹിതൻ ഗായകവേദിയുടെ മധ്യഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന പീഠത്തിന്മേൽ വിശുദ്ധ അപ്പം സമർപ്പിക്കുകയും അതേ തുടർന്നുള്ള കൃതജ്ഞതാപ്രാർത്ഥനൾക്കുശേഷം പുരോഹിതൻ ജനങ്ങൾക്കുനേരേ തിരിഞ്ഞ് അപ്പം കൈകളിലെടുത്ത് 'ഇത് സ്വർഗത്തിൽനിന്നിറങ്ങിവന്ന ജീവനുള്ള അപ്പമാകുന്നു' എന്നു പറയുമ്പോൾ ജനങ്ങൾ ഓരോരുത്തരായി വന്ന് ഭക്ത്യാദരവുകളോടെ 'ആമ്മേൻ' എന്ന് പ്രത്യുത്തരം നൽകിക്കൊണ്ട് കാഴ്ചയപ്പം സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും ചെയ്യാം.'' ഇപ്രകാരമാണ് അന്ന് ആ ഗലീലി കടലോരത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തോട് ഈശോ പറഞ്ഞിരുന്നതെങ്കിൽ അവരാരും അവിടുത്തെ വിട്ടുപോവുകയില്ലായിരുന്നു. അവരെല്ലാവരും ആഹ്ലാദത്തിമർപ്പോടെ ഈശോയെ തോളിലേറ്റി ഓശാനഗീതങ്ങൾ പാടി ആനന്ദനൃത്തം ചവിട്ടുമായിരുന്നു.
ക്രിസ്തുവിന്റെ ബലിയുടെ ലാളിത്യവും സാധാരണത്വവും
ക്രിസ്തുവിന്റെ ബലിയർപ്പണത്തിന്റെ അവിശ്വസനീയമായ ലാളിത്യവും അതിവിശുദ്ധമായ സാധാരണത്വവുമാണ് പാരമ്പര്യവാദികളും അഹങ്കാരികളുമായ യഹൂദർക്ക് അവിടുത്തെ തിരസ്‌ക്കരിക്കുന്നതിന് ഇടയാക്കിത്തീർത്തത്. ജനമദ്ധ്യത്തിലെ ദൈവസാന്നിദ്ധ്യം അവർക്കു പരിചയമില്ലായിരുന്നു. മലമുകളിലെ മിന്നലൊളിയും ഭൂകമ്പവും അഗ്നിവർഷവും മേഘപാളിലൂെടയുള്ള അശരീരി ശബ്ദവും മാത്രം ദൈവീക ഇടപെടലിന്റെ അടയാളങ്ങളായി കണ്ടിരുന്ന യഹൂദജനതയ്ക്ക് നസ്രായനായ യേശുവിന്റെ വാഗ്ദാനങ്ങളെ, ഏതെല്ലാം അത്ഭുതങ്ങളുടെ പശ്ചാത്തലത്തിലാണ് അവ പ്രഘോഷിക്കപ്പെട്ടതെങ്കിലും, ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. ''ഇവൻ ആ തച്ചന്റെ മകനല്ലേ'' എന്നുള്ള പുഛ ഭാവം തന്നെയായിരുന്നു ഇവിടെയും സംശുദ്ധരായ യഹൂദരുടെ പ്രതികരണം. തന്റെ ശരീരം ഇവനെങ്ങനെ നമുക്ക് ഭക്ഷണമായി തരാൻ കഴിയും? എന്ന യുക്തിഭദ്രമായ ചോദ്യം ചോദിച്ചവരുമുണ്ടായിരുന്നു. യേശുവിന്റെ വാക്കുകൾ കഠിനമാണെന്ന് പറഞ്ഞ് പലരും അവനെ വിട്ടുപോയി.
പുതിയ ഉടമ്പടിയുടെ ആത്മീയ ചൈതന്യം
പുതിയനിയമവും പഴയനിയമവും തമ്മിലുള്ള ലയനം അതീവശ്രദ്ധയോടെവേണം നടത്തേണ്ടതെന്ന് യേശുനാഥൻ പലവട്ടം തന്റെ അനുയായികളെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്. നിയമവും പ്ര വാചകന്മാരും ഇല്ലാതാക്കാനല്ല, പൂർത്തിയാക്കാനാണ് താൻ വന്നതെന്ന് അവിടുന്ന് അവകാശപ്പെടുമ്പോഴും പൂർത്തീകരണത്തിന്റെ ദൈവികപദ്ധതികൾ പ്രാർത്ഥനാപൂർവ്വം പരിശോധിച്ചു ബോധ്യപ്പെടേണ്ടതാണെന്നും അവിടുന്ന് അ വരെ കൂടെക്കൂടെ ഓർമ്മപ്പെടുത്തുമായിരുന്നു (മത്താ. 5:17, മർക്കോ. 8:31-38, യോഹ. 20: 22-28). പുതിയവീഞ്ഞ് ആരും പഴയ തോൽക്കുടങ്ങളിൽ ഒഴിച്ചുവയ്ക്കാറില്ല എന്നും അങ്ങനെ ചെയ്താൽ തോൽക്കുടങ്ങൾ ഭേദിച്ച് വീഞ്ഞ് നഷ്ടമാകുമെന്നും ഓർമ്മയിൽ സൂക്ഷിക്കാവുന്ന പ്രതീകങ്ങളിലൂടെ അവിടുന്ന് അവർക്കു നൽകിയ മുന്നറിയിപ്പുകൾ അതി ഗൗരവമായിതന്നെ കാണണം (മത്താ. 9:17). അന്ത്യഅത്താഴവേളയിൽ രക്ഷയുടെ കാസാ കൈകളിലെടുത്തുകൊണ്ട് ക്രിസ്തുനാഥൻ തന്റെ പ്രിയപ്പെട്ട ശിഷ്യന്മാരോടരുളിയ തിരുമൊഴികൾ വിശുദ്ധ കുർബാനയിൽ കാർമ്മികൻ അനുസ്മരിക്കുന്നത് ഇപ്രകാരമാണ്: ''ഇതു പാപമോചനത്തിനായി അനേകർക്കുവേണ്ടി ചിന്തപ്പെടുന്ന പുതിയ ഉടമ്പടിയുടെ എന്റെ രക്തമാകുന്നു. നിങ്ങളെല്ലാവരും ഇതിൽനിന്നു വാങ്ങി പാനം ചെയ്യുവിൻ.'' പുതിയ ഉടമ്പടിയുടെ വ്യതിരക്തതയും ക്രിസ്തുവിലൂടെ സാധ്യമാകേണ്ട പഴയ ഉടമ്പടിയുടെ പൂർത്തീകരണവും വ്യക്തമായി തിരിച്ചറിയാനും വിവേചിച്ചറിയാനുമുള്ള ആത്മീയപ്രകാശത്തിനായി നാം തീവ്രതയോടെ പ്രാർത്ഥിക്കണം. ക്രിസ്തുവിന്റെ മനസറിഞ്ഞ് ബലിയർപ്പിക്കാനുള്ള എളിമയും സന്മനസും നിശ്ചയദാർഢ്യവുമാണ് നമുക്കേവർക്കുമുണ്ടാകേണ്ടത്.
എന്നും ജനങ്ങളോടൊപ്പമായിരിക്കുന്ന ക്രിസ്തു.
ക്രിസ്തുവിന്റെ മനസ് എന്നും ജനങ്ങളോടൊപ്പമാണെന്നും ജനാഭിമുഖമാണെന്നും നിസംശയം പറയാം. ദൈവജനത്തിന്റെ വേദനയിൽ, ദാരിദ്ര്യത്തിൽ, കഷ്ടപ്പാടിൽ, പ്രാർത്ഥനയിൽ കൂടെയായിരുന്ന് അവരുടെ ദാരിദ്ര്യത്തെ ഇല്ലായ്മ ചെയ്യാനുള്ള, കഷ്ടപ്പാടിൽ ആശ്വാസം കണ്ടെത്താനുള്ള, പ്രാർത്ഥനയുടെ സാഫല്യത്തിനായുള്ള ദൈവികപദ്ധതികൾ അവരോടു പങ്കുവച്ച് അവരെ സ്വർഗീയ സന്തോഷത്തിലേക്ക് കൈപിടിച്ചുയർത്തിയ സമഗ്രവിമോചകനാണ് ക്രിസ്തു. ജനങ്ങളോട് പുറംനിരിഞ്ഞുള്ള ഒരു കാര്യത്തിനും ക്രിസ്തുവിനെ കിട്ടുകയില്ല. കാരണം അവിടുന്ന് ഇമ്മാനുവേലാണ്. കൂടെവസിക്കുന്ന ദൈവികസാന്നിദ്ധ്യമാണ്. എന്നും ജനങ്ങളുടെ കൂടെവസിക്കാൻ അപ്പമായിത്തീർന്നവനാണ് ക്രിസ്തു. ബലിവേദിയിൽ മുറിയപ്പെടുന്ന അപ്പം ജീവന്റെ അപ്പമായ ദൈവപുത്രനായ ക്രിസ്തു തന്നെയാണെന്നും അവിടെ നമുക്കായി പകർന്നുനൽകപ്പെടുന്ന തിരുരക്തം നമ്മുടെ രക്ഷയുടെ അച്ചാരമാണെന്നുമുള്ള ഉറച്ച ബോധ്യത്തോടെയാണ് പുരോഹിതനും ദൈവജനവും ഒന്നുചേർന്ന് സ്‌നേഹത്തിന്റെ കൂദാശയായ വിശുദ്ധ കുർബാന അർപ്പിക്കുന്നത്. ''ഞാൻ ഈ ചെയ്തത് നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ'' എന്ന ദൈവികകൽപന പൂർത്തീകരിക്കപ്പെടേണ്ടത് ക്രിസ്തുവിന്റെ മനസ്സിനിണങ്ങിയ ജനാഭിമുഖ ബലിയർപ്പണത്തിലൂടെ തന്നെയാകണം. എത്രമാത്രം ലളിതമാക്കാനാകുമോ അത്രയും ലളിതമാകട്ടെ ക്രിസ്തുവിന്റെ ബലി. ജനമധ്യത്തിൽ തന്നെയാകട്ടെ ക്രിസ്തുവിന്റെ കബറിടവും പരിശുദ്ധ ത്രിത്വത്തിന്റെ സിംഹാസനവുമായ ബലിവേദി. വേലികെട്ടിത്തിരിച്ച് തിരശീലയിട്ട് മറച്ച ബലിവേദി പഴയനിയമത്തിന്റേതാണ്. ദർശനം അങ്ങ് കിഴക്കല്ല, പ്രത്യുത ഇവിടെ ജനമധ്യത്തിലുള്ള ക്രിസ്തുസാന്നിധ്യത്തിൽ കേന്ദ്രീകൃതമാകണം. തിരുസാന്നിധ്യത്തിൽ നമുക്കൊരുമിക്കാം, ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ യോഗ്യതയോടെ ഉൾക്കൊള്ളാം, ജനമധ്യത്തിലെ ക്രിസ്തുസാന്നിധ്യമായി മാറാം. വിശുദ്ധ കുർബാനയിലൂടെ വിശുദ്ധീകരിക്കപ്പെട്ട ദൈവജനത്തിന്റെ ജീവിതസാക്ഷ്യത്തിലൂടെ വിശുദ്ധ കുർബാന വിശുദ്ധീകരണത്തിന്റെ അടയാളമായി എന്നും ശോഭിക്കട്ടെ.
ദൈവം ഇന്റർവ്യൂ കൊടുത്തപ്പോൾ..
അനുദിന വിശുദ്ധർ | ആഗസ്റ്റ് 30 , 2020
ഗരബന്ദാളിൽ പരിശുദ്ധ മറിയം നൽകിയ ദർശനം
കൈത്താക്കാലം ഏഴാം ഞായർ