മനുഷ്യന് ഒരു സാമൂഹ്യജീവിയാണ്. എല്ലാ മനുഷ്യരും അവരുടെ സാമൂഹ്യജീവിതം ആരംഭിക്കുന്നത് കുടുംബത്തിലാണ്. ദൈവസാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ സാമൂഹ്യജീവിതത്തിലൂടെ വ്യക്തിവികാസവും പൂര്‍ണ്ണതയും പ്രാപിക്കണമെന്നാണ് ദൈവപരിപാലന. കുടുംബാന്തരീക്ഷം ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തില്‍ സുപ്രധാനമായ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ പിതാവായ മാര്‍ യൗസേപ്പ് നസ്രസിലെ തിരുക്കുടുംബത്തിന്റെ നാഥനായിട്ടാണ് സ്വജീവിതം നയിച്ചത്. പ. കന്യകയുടെയും ഉണ്ണീശോയുടെയും സാന്നിദ്ധ്യം ആ ചെറുഭവനത്തെ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കി പകര്‍ത്തി. തിരുക്കുടുംബത്തിലെ അംഗങ്ങള്‍ പരസ്പര സ്നേഹത്തിലും സഹകരണത്തിലും ഐക്യത്തിലുമാണ് ജീവിച്ചത്. നരകുലപരിത്രാതാവായ ഈശോമിശിഹാ അവിടുത്തെ ഭൗമിക ജീവിതത്തിലെ ഏറ്റവും കൂടുതല്‍ സമയം നസ്രസിലെ തിരുക്കുടുംബത്തില്‍ ജീവിച്ചു കൊണ്ട് കുടുംബജീവിതത്തിന്റെ മഹത്വം വ്യക്തമാക്കി. പരിശുദ്ധ കന്യക മണവാളനായ വി. യൗസേപ്പിനോടു ഏറ്റവും നിര്‍മ്മലമായ സ്നേഹം പുലര്‍ത്തി. ഒരു മാതൃകാ ഭാര്യ, ഗൃഹനാഥ എന്നീ നിലകളില്‍ വി. യൗസേപ്പിനെ അനുസരിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ഈശോ, മാതൃകാ പുത്രന് എന്നുള്ള നിലയില്‍ വി. യൗസേപ്പിനെയും പരിശുദ്ധ കന്യകയെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്തു. അപ്രകാരം അവിടെ അവര്‍ ഏക ഹൃദയവും ഏക ആത്മാവുമായിരുന്നു. വി. യൗസേപ്പ് തിരുക്കുടുംബനാഥന്‍ എന്നുള്ള നിലയില്‍ പ. കന്യകയുടെയും ദൈവകുമാരന്റെയും ജീവിതം ഏറ്റവും സൗഭാഗ്യകരമാക്കുവാന്‍ പരിശ്രമിച്ചു. വേല ചെയ്തു നെറ്റിയിലെ വിയര്‍പ്പു കൊണ്ട് അദ്ദേഹം അവരെ പോറ്റി. കുടുംബത്തില്‍ പരിപാവനമായ ഒരു അന്തരീക്ഷം പുലര്‍ത്തി. പരസ്പര സ്നേഹം, സേവനം, പ്രാര്‍ത്ഥന എന്നിവ തിരുക്കുടുംബത്തില്‍ പരിപുഷ്ടമായി. നമ്മുടെ കുടുംബങ്ങളില്‍ ക്രൈസ്തവമായ അന്തരീക്ഷം നിലനില്ക്കണമെങ്കില്, വി. യൗസേപ്പും പ.കന്യകാമറിയവും ഈശോനാഥനും തിരുക്കുടുംബത്തില്‍ ജീവിച്ചിരുന്നതുപോലെ നാമും ജീവിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഭവനങ്ങളില്‍ ഈശോ നാഥന് ഭരണം നടത്തണം. മരിയാംബിക രാജ്ഞിയായി വാഴണം. അതോടൊപ്പം മാര്‍ യൗസേപ്പിനും കുടുംബത്തില്‍ സ്ഥാനം നല്‍കുക. നമ്മുടെ കുടുംബങ്ങളില്‍ പ്രാര്‍ത്ഥന ഉയരണം. കുടുംബാംഗങ്ങള്‍ ഒന്നു ചേര്‍ന്ന് പരസ്പര സ്നേഹം പരിപുഷ്ടമാക്കണം. വിവാഹം ക്രിസ്തുവില്‍ കേന്ദ്രീകൃതമായ കുടുംബജീവിതത്തിനുള്ള കൂദാശയാണ്. മിശിഹായും സഭയും തമ്മിലുള്ള ഐക്യത്തിന്റെ പ്രതീകം. മൗതിക ശരീരത്തിന്റെ പ്രതിരൂപമെന്നത് തിരുക്കുടുംബത്തിന്റെ മാതൃകയാണ്. കുടുംബാംഗങ്ങളില്‍ പരസ്പര സ്നേഹവും സേവന സന്നദ്ധതയുമുണ്ടായിരിക്കണം. സന്താനങ്ങളെ നല്ല രീതിയില്‍ വളര്‍ത്താന്‍ ശ്രദ്ധ പതിപ്പിക്കുക. മാതാപിതാക്കന്മാര് നല്ല കത്തോലിക്കാ വിദ്യാഭ്യാസം അവര്‍ക്കു നല്‍കുക. സല്‍ഗ്രന്ഥങ്ങളും പത്രമാസികകളും അവിടെ പ്രവേശിക്കട്ടെ. അശ്ലീലമായവ കുടുംബാന്തരീക്ഷത്തെ മലീമസമാക്കുമെന്ന് തിരിച്ചറിയുക. വിശുദ്ധ ഗ്രന്ഥ പാരായണം എല്ലാ ദിവസവും കുടുംബങ്ങളില്‍ പ്രാര്‍ത്ഥനയോടൊപ്പം നിര്‍വഹിക്കുക. അങ്ങനെ തിരുകുടുംബം പോലെ നമ്മുടെ കുടുംബങ്ങള്‍ ക്രൈസ്തവപൂര്‍ണ്ണമാകുമ്പോള്‍ സമൂഹവും ജനപദങ്ങളും ലോകം തന്നെയും ക്രൈസ്തവമാകും.
വിജയവും കാഴ്ചപ്പാടും
കോവിഡ്: മെക്സിക്കോയില്‍ 70 വൈദികര്‍ മരിച്ചു
പ്രഭാത പ്രാർത്ഥന| 07 – 11 -2020