വിശുദ്ധ ജസ്റ്റിന്‍ - June 01

22,  Sep   

പലസ്തീനായിലെ നാബ്ലസ്‌ സ്വദേശിയായിരുന്ന പ്രിസ്കസിന്റെ മകനായിരുന്ന ജസ്റ്റിന്‍. വിദ്യാഭ്യാസത്തിനു വേണ്ടിയായിരുന്നു തന്റെ യുവത്വം മുഴുവന്‍ വിശുദ്ധന്‍ ചിലവഴിച്ചിരുന്നത്. അവന് പ്രായപൂര്‍ത്തിയായപ്പോള്‍ തത്വശാസ്ത്രത്തോടുമുള്ള അടങ്ങാത്ത ആഗ്രഹം നിമിത്തം ജസ്റ്റിന്‍ ഒരു തത്വശാസ്ത്ര വിദ്യാര്‍ത്ഥിയാവുകയും എല്ലാ തത്വശാസ്ത്രജ്ഞരുടേയും കൃതികള്‍ വിശദമായി പഠിക്കുകയും ചെയ്തു. അവയില്‍ മിക്കവയിലും അബദ്ധജടിലമായ സിദ്ധാന്തങ്ങളും, തെറ്റുകളുമാണെന്ന്‍ വിശുദ്ധന്‍ മനസ്സിലാക്കി. അപരിചിതനായ ഒരു വൃദ്ധനില്‍ നിന്നും സ്വര്‍ഗ്ഗീയ ജ്ഞാനത്തിന്റെ പ്രകാശം വിശുദ്ധന് ലഭിക്കുകയും, ക്രിസ്തീയ വിശ്വാസമാണ് സത്യദര്‍ശനമെന്ന് മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്നു വിശുദ്ധന്‍ ക്രിസ്തുമതത്തെ സ്വീകരിച്ചു. ക്രിസ്തുവില്‍ ഒന്നായതിന് ശേഷം രാവും പകലും അദ്ദേഹത്തിന്റെ കയ്യില്‍ വിശുദ്ധ ഗ്രന്ഥമുണ്ടായിരുന്നു. തന്റെ പ്രാര്‍ത്ഥനയാല്‍ ആളികത്തിയ ദൈവീകാഗ്നി സദാസമയവും വിശുദ്ധന്റെ ആത്മാവില്‍ നിറഞ്ഞു നിന്നു. യേശുവിനെ കുറിച്ചുള്ള അഗാധമായ അറിവ്‌ നേടിയ വിശുദ്ധന്‍ തന്റെ അറിവ് മുഴുവന്‍ ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുന്ന ഗ്രന്ഥങ്ങളുടെ രചനക്കായി സമര്‍പ്പിച്ചു. വിശുദ്ധ ജസ്റ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ, ക്രിസ്തീയ വിശ്വാസത്തിന്റെ ആവശ്യങ്ങളെ ചൂണ്ടി കാണിച്ചു കൊണ്ടുള്ള ക്രിസ്തീയപക്ഷവാദ രചനകളായിരുന്നു. ചക്രവര്‍ത്തിയായ അന്റോണിനൂസ്‌ പിയൂസ് തന്റെ മക്കളായ മാര്‍ക്കസ്‌ അന്റോണിനൂസ്‌ വേരുസും, ലൂസിയസ് ഒറേലിയൂസ്‌ കൊമ്മോഡൂസുമായി ചേര്‍ന്ന് ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. ചക്രവര്‍ത്തിയുടെ സെനറ്റ് മുന്‍പാകെ, ക്രിസ്തീയ വിശ്വാസത്തിന്റെ സംരക്ഷണത്തിനായി വിശുദ്ധന്‍ തന്റെ വാദങ്ങള്‍ സമര്‍പ്പിച്ചു. വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ള അദ്ദേഹത്തിന്റെ വാദങ്ങള്‍ വഴി, ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് നിര്‍ത്തുവാനുള്ള ഒരു പൊതു ഉത്തരവ്‌ നേടിയെടുക്കുവാന്‍ കാരണമായി മാറി. ഒരുപാടു പേരെ വിശുദ്ധന്‍ രക്ഷിച്ചെങ്കിലും വിശുദ്ധനു സ്വയം രക്ഷപ്പെടുവാന്‍ സാധിച്ചില്ല. വിശുദ്ധന്റെ മേല്‍ വ്യാജകുറ്റാരോപണം നടത്തുകയും അദ്ദേഹത്തെ പിടികൂടി റോമിലെ മുഖ്യ ന്യായാധിപനായിരിന്ന റസ്റ്റിക്കൂസിന്റെ മുന്‍പാകെ ഹാജരാക്കുകയും ചെയ്തു. റസ്റ്റിക്കൂസ്‌ ക്രിസ്തീയ വിശ്വാസപ്രമാണങ്ങളെ കുറിച്ച് വിശുദ്ധനെ ചോദ്യം ചെയ്തു. വിശുദ്ധനാകട്ടെ നിരവധി സാക്ഷികള്‍ മുന്‍പാകെ തങ്ങളുടെ വിശ്വാസത്തെ ഇപ്രകാരം വെളിപ്പെടുത്തി: “ഞങ്ങള്‍ ക്രിസ്ത്യാനികളുടെ യഥാര്‍ത്ഥത്തിലുള്ള ദൈവീക പ്രമാണങ്ങള്‍ ഇതാണ്; ഞങ്ങള്‍ ഏക ദൈവത്തില്‍ വിശ്വസിക്കുന്നു, കണ്ണുകൊണ്ട് കാണുവാന്‍ കഴിയുന്നതും, കാണുവാന്‍ കഴിയാത്തതുമായ എല്ലാത്തിന്റേയും സൃഷ്ടാവ് അവനാണ്; പിതാവായ ദൈവത്തിന്റെ മകനായ കര്‍ത്താവായ യേശുക്രിസ്തുവിനെ ഞങ്ങള്‍ ഏറ്റുപറയുന്നു, പഴയകാല പ്രവാചകര്‍ മുന്‍കൂട്ടി പ്രവചിച്ചിട്ടുള്ളത് അവനേകുറിച്ചാണ്, മനുഷ്യവംശത്തെ മുഴുവന്‍ വിധിക്കുവാനാണ് അവന്‍ വന്നിരിക്കുന്നത്.” വിശുദ്ധനും, മറ്റ് ക്രിസ്തീയ വിശ്വാസികളും നഗരത്തില്‍ ഏതു സ്ഥലത്താണ് ഒരുമിച്ച് കൂടുന്നതെന്ന് മുഖ്യന്‍ ചോദിച്ചപ്പോള്‍, ക്രിസ്തീയ വിശ്വാസ രഹസ്യങ്ങളും, തന്റെ സഹോദരന്‍മാരായ വിശ്വാസികളും ചതിക്കപ്പെടുമെന്ന ഭയത്താല്‍ വിശുദ്ധന്‍ പൂഡെന്‍സിലുള്ള പ്രസിദ്ധമായ ദേവാലയത്തിനു സമീപത്തുള്ള സ്ഥലം കാണിച്ചു കൊടുത്തു. തുടര്‍ന്നു മുഖ്യന്‍ വിശുദ്ധനോട് തങ്ങളുടെ ദൈവത്തിനു ബലിയര്‍പ്പിക്കുക അല്ലെങ്കില്‍ ക്രൂരമായ പീഡനത്തിനു വിധേയനാകുവാന്‍ ആവശ്യപ്പെട്ടു. "ഒന്നിനേയും ഭയക്കാത്ത താന്‍ വളരെകാലമായി യേശുവിനു വേണ്ടി സഹനമനുഭവിക്കുവാന്‍ ആഗ്രഹിക്കുകയാണെന്നും, അതിന്റെ മഹത്തായ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ തനിക്ക്‌ ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും" ധൈര്യപൂര്‍വ്വം വിശുദ്ധന്‍ മറുപടി കൊടുത്തു. തുടര്‍ന്ന് മുഖ്യന്‍ വിശുദ്ധനെ വധിക്കുവാന്‍ ഉത്തരവിട്ടു. ദൈവത്തിനു സ്തുതി അര്‍പ്പിച്ചുകൊണ്ട് ചമ്മട്ടികൊണ്ടുള്ള ക്രൂരമായ പീഡനങ്ങള്‍ അദ്ദേഹം വേദന ഏറ്റുവാങ്ങി. തുടര്‍ന്നു യേശുവിനു വേണ്ടി ചോര ചിന്തികൊണ്ട് വിശുദ്ധന്‍ രക്തസാക്ഷിത്വം മകുടം ചൂടി.


Related Articles

ചിന്തിക്കുക..

വിചിന്തിനം

സത്യസന്ധത

വിചിന്തിനം

Contact  : info@amalothbhava.in

Top