വന്നതുപോലെ തന്നെ പോകേണ്ടവരാണു നാം | ഫാ. ഡോ. തോമസ് വരകുകാലായിൽ സി.എം.എഫ്.

28,  Sep   

ഫാ. ഡോ. തോമസ് വരകുകാലായിൽ സി.എം.എഫ്.

ഈ ലോക സമ്പത്തിന്റെ സ്വഭാവം
നാം ഈ ലോക ജീവിതകാലത്തു സമ്പാദിക്കുന്ന ലൗകിക സമ്പത്തൊന്നും വരാനിരിക്കുന്ന ലോകത്തേയ്ക്കു കൊണ്ടുപോകുവാൻ സാധിക്കുകയില്ല. സർവ്വതും വിട്ടു നാം പോകേണ്ടി വരും: ''സൂര്യനു കീഴേ ചെയ്ത അദ്ധ്വാനങ്ങളെല്ലാം ഞാൻ വെറുത്തു. കാരണം അവയുടെ ഫലം എന്റെ പിൻഗാമിക്കു വിട്ട് ഞാൻ പോകേണ്ടിയിരിക്കുന്നു'' (സഭാ. 2:18). സ്വന്തം കഴിവുകളെല്ലാം ഉപയോഗിച്ച് അദ്ധ്വാനിച്ചുണ്ടാക്കിയവ, ഒട്ടും അദ്ധ്വാനിക്കാത്തവന് വിട്ടുകൊടുക്കേണ്ടി വരും: 'ഒരുവൻ ജ്ഞാനവും അറിവും സാമർത്ഥ്യവും ഉപയോഗിച്ച് അദ്ധ്വാനിച്ചുണ്ടാക്കിയവ അവയ്ക്കുവേണ്ടി അശേഷം അദ്ധ്വാനിക്കാത്തവന് ആസ്വദിക്കാൻ വിട്ടുകൊടുക്കേണ്ടി വരുന്നു...'' (സഭാ. 2:21). ഇത് എല്ലാ മനുഷ്യരുടെയും ഗതിയാണ്. ദൈവം നിശ്ചയിച്ച സമയത്ത് ഒരുവൻ പിറക്കുന്നു, ദൈവനിശ്ചയപ്രകാരം ഈ ലോകത്തു നിന്നും കടന്നുപോവുകയും ചെയ്യണം: ''...എല്ലാ മനുഷ്യരും ഒന്നുപോലെയാണ് ജീവിതത്തിലേക്കു വരുന്നത്. എല്ലാവർക്കും ജീവിത കവാടം ഒന്നുതന്നെ, കടന്നുപോകുന്നതും അങ്ങനെ തന്നെ'' (ജ്ഞാനം 7:5-6). നാം ഈ ലോകം വിട്ടുപോയിക്കഴിയുമ്പോൾ നാം അദ്ധ്വാനിച്ചു സമ്പാദിച്ച ലൗകിക സമ്പത്തു മറ്റുള്ളവർ പങ്കിട്ടെടുക്കും: ''നിന്റെ പ്രയത്‌നത്തിന്റെ ഫലം മറ്റുള്ളവർക്കു വിട്ടിട്ടു പോകുകയും നീ അദ്ധ്വാനിച്ചു സമ്പാദിച്ചവ അവർ പങ്കിട്ടെടുക്കുകയും ചെയ്യുകയില്ലേ?'' (പ്രഭാ. 14:15). ഈ ലോക സമ്പത്തു നേടുന്നതിനായി അമിതമായി അദ്ധ്വാനിച്ചതുകൊണ്ടോ, സമ്പത്തു വാരിക്കൂട്ടിയതു കൊണ്ടോ പ്രയോജനമില്ല എന്നുള്ള സന്ദേശമാണ് മേല്പറഞ്ഞ തിരുവചനങ്ങൾ നമുക്കു തരുന്നത്.

നമ്മുടെ ഈ ലോക സമ്പത്തു കൊണ്ടു ദരിദ്രരുടെ കണ്ണീരൊപ്പുവാനും വിധവകളോടും അനാഥരോടും കരുണ കാണിക്കുവാനും നമുക്കു സാധിച്ചാൽ, ഈ ലോകസമ്പത്തിനെ ആത്മീയസമ്പത്താക്കി മാറ്റുവാൻ നമുക്കു സാധിക്കും. ആത്മീയസമ്പത്ത്, ദൈവതിരുസന്നിധിയിൽ കണക്കു ബോധിപ്പിക്കുന്ന വേളയിൽ, അതായത് വിധിയുടെ വേളയിൽ, നമുക്ക് അനുകൂലമായി സാക്ഷ്യം നല്കും.

ഈ ലോകം വിടാൻ ഒരുങ്ങിയിരിക്കണം.

നാം ഈ ലോകത്ത് എന്തുമാത്രം ലൗകിക സമ്പത്തു നേടിയാലും കോടീശ്വരനായാലും അവയെല്ലാം വിട്ട് ഈ ലോകത്തോടു യാത്ര പറയേണ്ടി വരും. ദൈവത്തിന്റെ ഈ തീരുമാനത്തിന് മാറ്റമില്ല: ''ഞാൻ വിശ്രമം കണ്ടെത്തി; എന്റെ സമ്പത്തിൽ ഞാൻ ആനന്ദിക്കും എന്ന് അവൻ പറയുന്നു; എല്ലാം വെടിഞ്ഞ് ലോകം വിടാൻ എത്ര നേരമുണ്ടെന്ന് അവൻ അറിയുന്നില്ല'' (പ്രഭാ. 11:19). ഈ ലോകത്തെ ലൗകിക സമ്പത്ത് അങ്ങേ ലോകത്തേയ്ക്കു കൊണ്ടുപോകുവാൻ സാധിക്കുകയില്ലെന്നുള്ള സത്യം നാം എപ്പോഴും ഓർക്കണം: ജീവിതാന്തത്തെക്കുറിച്ചുള്ള ചിന്തയും ഉണ്ടാകണം. അപ്പോൾ നമുക്കു നിർമ്മലരായി ജീവിക്കുവാൻ സാധിക്കും: ''ഓരോ പ്രവൃത്തിയും ചെയ്യുമ്പോൾ ജീവിതാന്തത്തെപ്പറ്റി ഓർക്കണം. എന്നാൽ നീ പാപം ചെയ്യുകയില്ല'' (പ്രഭാ. 7:36). എന്തുകൊണ്ടാണ് പാപത്തിൽ നിന്നും ഒഴിഞ്ഞിരിക്കണം എന്നു പറയുന്ന ത്? പാപം ചെയ്യുമ്പോൾ നമ്മുടെ ആത്മാവിനെ നാം നഷ്ടപ്പെടുത്തുന്നതുകൊണ്ടാണ്: ''ഒരുവൻ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? ഒരുവൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?'' (മത്താ. 16:26). നമ്മുടെ ഈ ലോകജീവിതത്തിൽ, സമ്പത്തു നേടുന്നതിന് അമിതമായി ശ്രദ്ധിച്ച്, അതിൽ ആഴ്ന്നുപോയാൽ നമ്മുടെ ആത്മാവിന്റെ സ്ഥിതി അപകടത്തിലാകും. ആത്മാവിന്റെ രക്ഷയാണല്ലോ ഈ ലോകജീവിതത്തിലെ പ്രധാന കാര്യം. രക്ഷപ്പെട്ട ആത്മാവോടുകൂടി ഈ ലോകം വിടാൻ നമുക്കു സാധിക്കണം.

ദൈവസന്നിധിയിൽ കണക്കു ബോധിപ്പിക്കണം

ഈ ലോക ജീവിതകാലത്ത് ആത്മാവിനു വേണ്ടി സമ്പത്തു നേടണം. ഈ ലോകത്തു നേടിയ ലൗകിക സമ്പത്ത് ആത്മാവിന്റെ സമ്പത്താക്കി മാറ്റണം. ദൈവ സ്‌നേഹ-പര സ്‌നേഹ പ്രവർത്തനങ്ങൾക്കായി ഈ ലോക സമ്പത്ത് ഉപയോഗിക്കമ്പോൾ അവയെ സ്വർഗ്ഗീയ സമ്പത്താക്കി മാറ്റുവാൻ സാധിക്കും. അങ്ങനെ ദൈവസന്നിധിയിൽ സമ്പന്നരാകുവാൻ നമുക്കു സാധിക്കും. ഭോഷനായ ധനികന്റെ ഉപമയിലൂടെ ഇക്കാര്യങ്ങൾ ഈശോ വ്യക്തമാക്കിത്തരുന്നു: ''എന്നാൽ, ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നിൽ നിന്ന് ആവശ്യപ്പെടും; അപ്പോൾ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും? ഇതുപോലെയാണ് ദൈവസന്നിധിയിൽ സമ്പന്നനാകാതെ തനിക്കുവേണ്ടി സമ്പത്തു ശേഖരിച്ചു വയ്ക്കുന്നവനും'' (ലൂക്കാ 12:20-21). നമ്മുടെ ഈ ലോക സമ്പത്തു കൊണ്ടു ദരിദ്രരുടെ കണ്ണീരൊപ്പുവാനും വിധവകളോടും അനാഥരോടും കരുണ കാണിക്കുവാനും നമുക്കു സാധിച്ചാൽ, ഈ ലോകസമ്പത്തിനെ ആത്മീയസമ്പത്താക്കി മാറ്റുവാൻ നമുക്കു സാധിക്കും. ആത്മീയസമ്പത്ത്, ദൈവതിരുസന്നിധിയിൽ കണക്കു ബോധിപ്പിക്കുന്ന വേളയിൽ, അതായത് വിധിയുടെ വേളയിൽ, നമുക്ക് അനുകൂലമായി സാക്ഷ്യം നല്കും. മരണശേഷം, ദൈവസന്നിധിയിലെ, നമ്മുടെ വിധിയുടെ സമയത്ത്, നമ്മുടെ ചിന്തകളുടെയും വാക്കുകളുടെയും പ്രവർത്തികളുടെയും കണക്കു നാം സമർപ്പിക്കേണ്ടി വരും. ''ആകയാൽ നാം ഓരോരുത്തരും ദൈവത്തിന്റെ മുമ്പിൽ കണക്കു ബോധിപ്പിക്കേണ്ടി വരും'' (റോമാ 14:12). ഈ ലോകസമ്പത്ത് സ്വാർത്ഥ കാര്യങ്ങൾക്കായിട്ടാണോ ഉപയോഗിച്ചത് എന്ന ചോദ്യത്തിന് ഉത്തരം നല്‌കേണ്ടി വരും. ദൈവസ്‌നേഹ-പരസ്‌നേഹപ്രവർത്തനങ്ങൾക്കായി ഉപയോഗിച്ച ഈ ലോകസമ്പത്തു നമുക്ക് ആശ്വാസത്തിനായി ഭവിക്കും. നാം, വന്നതുപോലെ തന്നെ, ഈ ലോകസമ്പത്തൊന്നും ഇല്ലാതെ തിരിച്ചുപോകണമെങ്കിലും, ഈ ലോകസമ്പത്തുകൊണ്ടു നാം സമ്പാദിച്ച ആത്മീയ സമ്പത്തു നമ്മുടെ കൂടെ പോരും; അത് അന്ത്യവിധിയുടെ സമയത്ത് നമുക്കു കൂട്ടിനുണ്ടാകും. അധികമായാൽ ഈ ലോകസമ്പത്ത് നമ്മുടെ നാശത്തിനായിത്തീരുവാൻ സാദ്ധ്യതയുണ്ട്: ''....ദാരിദ്ര്യമോ സമൃദ്ധിയോ എനിക്ക് തരരുതേ; ആവശ്യത്തിന് ആഹാരം തന്ന് എന്റെ പോറ്റേണമേ. ഞാൻ സമൃദ്ധിയിൽ അങ്ങയെ അവഗണിക്കുകയും കർത്താവ് ആര് എന്നു ചോദിക്കുകയും ചെയ്‌തേക്കാം; ദാരിദ്ര്യം കൊണ്ട് മോഷ്ടിച്ച് ദൈവനാമത്തെ നിന്ദിക്കുകയും ചെയ്‌തേക്കാം'' (സുഭാ. 30:8-9). മാന്യമായി ജീവിച്ചുപോകുവാനുള്ള അത്യാവശ്യ സമ്പത്തു മാത്രം സ്വന്തമാക്കി, ദൈവവിചാരത്തോടുകൂടി നാം ജീവിക്കണം.

ഈ ലോകസമ്പത്തു നേടുമ്പോഴും പരസ്‌നേഹ പ്രവർത്തനങ്ങളെപ്പറ്റി ചിന്തിക്കണം; അതിനായി വേണ്ടതു ചെയ്യണം. സ്വർഗ്ഗസൗഭാഗ്യത്തിനായാണ് നമ്മുടെ ഈ ലോക ജീവിതയാത്രയെന്ന സത്യം ഒരിക്കലും മറക്കരുത്. വന്നതുപോലെ തിരിച്ചുപോകേണ്ടവരാണു നാം എങ്കിലും, ദൈവസന്നിധിയിൽ സമ്പന്നരായി, ആത്മീയ സമ്പത്തുള്ളവരായി, നമുക്കു തിരിച്ചുപോകാം. അപ്പോൾ സ്വർഗ്ഗ സൗഭാഗ്യത്തിന് നാം അർഹരായിത്തീരും.

ഫാ. ഡോ. തോമസ് വരകുകാലായിൽ സി.എം.എഫ്.

 


Related Articles

November 2017-page-046

വിചിന്തിനം

Contact  : info@amalothbhava.in

Top