ദൈവകാരുണ്യത്തിന്റെ പ്രദർശനപാത്രങ്ങൾ നമ്മൾ

30,  Sep   

Sr. Angela FCC
Sr. Angela FCC
ദൈവകാരുണ്യത്തിന്റെ പ്രദർശനപാത്രങ്ങൾ നമ്മൾ‘

മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല, ദൈവത്തിന്റെ കരുണയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.”(റോമ 9/16) വി.പൗലോസ് അപ്പസ്തോലന്റെ ഇൗ വാക്കുകൾ, മാനവകുലത്തിന്റെ ഒാരോ വിജയത്തിന്റെയും ആനന്ദത്തിന്റെയുമൊപ്പം പ്രദർശിപ്പിക്കേണ്ട അടിക്കുറിപ്പാണ്. മനുഷ്യൻ കൈവരിക്കുന്ന നേട്ടങ്ങൾക്കും ഉയർച്ചയ്ക്കും പിന്നിൽ ദൈവകരുണയുടെയും ദൈവപരിപാലനയുടെയും വിജയവഴികളുണ്ടെന്ന തിരിച്ചറിവ് നാം ഇനിയും ആർജ്ജിക്കേണ്ടിയിരിക്കുന്നു.

വിശുദ്ധഗ്രന്ഥത്തിന്റെ താളുകൾ മുഴുവൻ നിറഞ്ഞുനില്ക്കുന്ന മൂന്ന് പദങ്ങളാണ്, വിശുദ്ധി, കരുണ, സ്നേഹം. പഴയ നിയമത്തിൽ ദൈവം മനുഷ്യനോട് സംസാരിച്ചപ്പോഴെല്ലാം ദൈവം മനുഷ്യനിൽ നിന്നും ആവശ്യപ്പെട്ടത് ഞാൻ പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പിശുദ്ധരായിരിക്കുവിൻ എന്നാണ്. കാരണം ദൈവമക്കൾ തന്റെ പിതാവിന്റെ വിശുദ്ധിയുടെ മുഖമായി ജീവിക്കേണ്ടവരാണ്. എന്താണ് വിശുദ്ധി? ദൈവത്തിന്റെ ഇഷ്ടം മാത്രം ജീവിക്കുന്ന ജീവിതശൈലിയാണത്. അത് ദൈവസ്നേഹത്തിന്റെയും സഹോദരസ്നേഹത്തിന്റെയും പൂർണതയാണ്. അതിൽ സ്വാർത്ഥതയില്ല. അഹംങ്കാര പ്രവർത്തികളില്ല. സ്നേഹം മാത്രം. ഇൗ വിശുദ്ധിക്കും സ്നേഹത്തിനും കുറവുവരുന്ന നിമിഷങ്ങളിൽ അല്ലെങ്കിൽ സ്വയം വിശുദ്ധിയിൽ ജീവിക്കാൻ സാധിക്കാത്ത അവസരങ്ങളിൽ ബലഹീന മനുഷ്യൻ ദൈവസന്നിധിയിൽ കരുണയ്ക്കായ് നിലവിളിക്കുന്നു. വ്യക്തിജീവിതത്തിലും, കുടുംബത്തിലും സമൂഹത്തിലും ദുരിതങ്ങൾ സംഭവിക്കുമ്പോൾ, പ്രപഞ്ചത്തിലെ സംഭവവികാസങ്ങൾ മനുഷ്യജീവിതത്തെ താളം തെറ്റിക്കുമ്പോൾ, കർത്താവിന്റെ കരണയ്ക്കായി നിലവിളിച്ച് പ്രാർത്ഥിക്കുക എന്നത് പഴയനിയമഗ്രന്ഥത്തിൽ കാണുന്ന ഒരു പ്രധാന ശൈലിയാണ്.

കരുണ പഴയ നിയമഗ്രന്ഥങ്ങളിൽ
വിശുദ്ധ ഗ്രന്ഥം ആകെയെടുത്താൽ അത് ദൈവത്തിന്റെ അനന്ത കരുണയുടെയും സ്നേഹത്തിന്റെയും ചരിത്രമാണ് എന്ന് നമുക്ക് മനസിലാകും. തന്നെക്കാളുപരി സത്താനെ അനുസരിക്കുകവഴി തന്നിൽ നിന്നും സ്വയം അകന്നുപോയ മനുഷ്യന് രക്ഷകനെ വാഗ്ദാനം ചെയ്തുകൊണ്ട് ദൈവം തന്റെ കരുണയുടെ സാഗരം മനുഷ്യർക്കായി തുറന്നുവയ്ക്കുകയാണ്. പാപത്തിന്റെ ഫലമായി അവർക്കനുഭവപ്പെട്ട സ്വന്തം നഗ്നത മറയ്ക്കാനായി തോലുകൊണ്ട് ഉടയാടയുണ്ടാക്കി അവരെ ധരിപ്പിച്ച ദൈവം വീണ്ടും തന്റെ കരുണ പ്രദർശിപ്പിച്ചു.
കായേന്റെ മനസ് പാപത്തിലേക്ക് ചാഞ്ഞിരിക്കുന്നു എന്നറിഞ്ഞ് അവന് മുന്നറിയിപ്പ് കൊടുക്കുന്ന ദൈവത്തെ നാം കണ്ടുമട്ടുന്നുണ്ട്. പാപം ചെയ്ത കായേനെ ആരും കൊല്ലാതിരിക്കാനായി അവന്റെ മേൽ അടയാളം പതിക്കാനും അവിടുന്ന് തയ്യാറായി. നോഹ, അബ്രാഹം, ലോത്ത്, ഇസഹാക്ക്, യാക്കോബ്, ദാവീദ് എന്നിങ്ങനെ ദൈവകരുണയുടെ സമുദ്രത്തിൽ നിന്ന് തങ്ങൾക്കാവുന്നതും തങ്ങൾക്കാവശ്യമുള്ളതും കോരിയെടുത്ത പൂർവ്വപിതാക്കന്മാരുടെ ചരിത്രമാണ് പഴയനിയമം. പാപം ചെയ്ത് ദൈവത്തിൽ നിന്നും അകന്നുപോകുന്ന ഒാരോ തവണയും ദൈവം തന്റെ അനന്തമായ കരുണയാൽ വീണ്ടെടുത്ത ഇസ്രായേൽക്കാരുടെ ചരിത്രവും നമുക്ക് മുമ്പിലുണ്ട്.

ഇൗശോയുടെ കാരുണ്യം
ഇൗ കാലങ്ങളിലൊന്നും ദൈവകരുണയ്ക്ക് ഒരുമുഖമുണ്ടായിരുന്നില്ല. അമൂർത്തമായ ദൈവകരുണയ്ക്ക് മൂർത്തരൂപം കൈവന്നത് ബത്ലെഹെമിലെ കാലിതൊഴുത്തിലായിരുന്നു. യേശുവിന്റെ കാരുണ്യം വെറുമൊരു വൈകാരികഭാവമല്ല. മനുഷ്യനെ പുന:രുദ്ധരിച്ച് ജീവൻ പകരുന്ന കരുത്താണത്. നായിമിലെ വിധവയുടെ(ലൂക്ക 7/11-17) കാര്യത്തിൽ സംഭവിച്ചതെന്താണെന്ന് സുവിശേഷത്തിൽ നാം വായിക്കുന്നുണ്ടല്ലോ. വിധവ യുടെ ഏകപുത്രന്റെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള ആ വിലാപയാത്രയിൽ വിലപിക്കുന്ന ആ അമ്മയുടെമേലാണ് യേശുവിന്റെ ദൃഷ്ടി പതിഞ്ഞത്. അവളെ കണ്ട് യേശുവിന്റെ മനസലിഞ്ഞു.(ലൂക്ക 6/7-13). യേശുവിന്റെ ഇൗ അനുകമ്പ ദൈവത്തിന് മനുഷ്യനോടുള്ള സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പ്രകടനമാണ്. ദൈവീക കാരുണ്യത്തിന് മാനുഷിക പരാതീനതകളുമായി ഉറ്റ സമ്പർക്കമുണ്ട്. നമ്മുടെ ദാരിദ്ര്യത്തിലും വേദനയിലും ആകൂലതകളിലുമാണ് ദൈവീക കാരുണ്യം പ്രകടമാകുന്നത്. ഇൗ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഫലം എന്താണ്?. ജീവൻ തന്നെ. ദൈവത്തിന്റെ സ്നേഹ കാരുണ്യം ജീവൻ പ്രധാനം ചെയ്യുന്നു. നായിമിലെ വിധവയോട് യേശു പറഞ്ഞു. “കരയേണ്ട” . പിന്നെ യേശു മുന്നോട്ട് വന്ന് മരണമടഞ്ഞ യുവാവിനെ വിളിച്ചു. ഉടൻ തന്നെ അവൻ ജീവനിലേയ്ക്കുണർന്നു.


ദയാപൂർവ്വം നമ്മെ വീക്ഷിക്കുന്ന കർത്താവ് കരുണയോടെ നമ്മെ കാത്തിരിക്കുന്നു. അവിടുത്തെ സമീപിക്കാൻ നാം ഭയപ്പെടേണ്ടതില്ലയെന്ന് ഇൗശോ വീണ്ടും വീണ്ടും നമ്മെ ഒാർമ്മപ്പെടുത്തുന്നു. തെളിവുസഹിതം പിടിക്കപ്പെട്ട വ്യഭിചാരിണിയായ സ്ത്രീയെ ഇൗശോയുടെ അരികിൽ കൊണ്ടുവന്നപ്പോൾ (യോഹ 8/11…..) അവളുടെ ഹൃദയം ദൈവകരുണയ്ക്കായി കേഴുകയായിരുന്നു. അവാച്യമായ ദൈവകരുണയുടെ പരിചകൊണ്ട് അവളെ പൊതിഞ്ഞ ഇൗശോ ആർക്കും പരിക്കേല്പിക്കാനാകാത്ത കരുണയുടെ രക്ഷാകവചം കൊണ്ട് അവളെ പൊതിഞ്ഞു. എന്നിട്ട് അവളോട് പറഞ്ഞു, “ഞാനും നിന്നെ വിധിക്കുന്നില്ല. മേലിൽ പാപം ചെയ്യരുത്.”

ആർക്കാണ് കരുണ ഏറ്റവും കൂടുതൽ വേണ്ടത് എന്നതിനുള്ള ഏക ഉത്തരം പാപികൾക്ക് എന്നാണ്. ക്രിസ്തുവിന്റെ പീഢാസഹനത്തെ ഇൗ ഭൂമിയിൽ നിന്ന് ആദ്യമായി പുകഴ്ത്തുകയും ദൈവകരുണയിൽ ശരണം പ്രാപിക്കുകയും സ്തുതിയും ബഹുമാനവും അർപ്പിച്ച് പറുദീസ സ്വന്തമാക്കിയത് നല്ല കള്ളനാണ്. ദൈവകരുണയിൽ ശരണപ്പെടാൻ ദൈവം അവന്റെ ഹൃദയത്തിന് പ്രകാശം നൽകി. അവന്റെ യാചനയിൽ ഇൗശോ സമ്പൂർണ പാപമോചനവും(ലൂക്ക 23/42) പറുദീസയും നിത്യജീവനും വാഗ്ദാനം ചെയ്തു. അതെ ദൈവത്തിന്റെ ഏറ്റവും മഹത്തായ വിശേഷണം കരുണയാണ്.

ദൈവകാരൂണ്യത്തിന്റെ അപ്പസ്തോല വി.ഫൗസ്റ്റീന
ദൈവകരുണയെകുറിച്ച് പറയുമ്പോൾ നാം ആദ്യം അറിയേണ്ടത് ഫൗസ്റ്റീന എന്ന വിശുദ്ധയെ കുറിച്ചാണ്. ദൈവകരുണയുടെ പ്രവാചികയാണ് പോളണ്ടുകാരിയായ വി.മരിയ ഫൗസ്റ്റീന കൊവാൻസ്ക.(1905-1938). ദൈവകരുണയെക്കുറിച്ച് നാം മനസ്സിലാക്കേണ്ട വിധം മനസ്സിലാക്കിയിട്ടില്ല എന്നതുകൊണ്ടായിരിക്കാം യേശു ഇൗ അവസാനനാളുകളിലേയ്ക്കായി ദൈവകരുണയുടെ മഹത്തായ സംഭവങ്ങൾ വിശുദ്ധയിലൂടെ വെളിപ്പെടുത്തിയത്. ഇൗശോയുടെ നിർദ്ദേശമനുസരിച്ച് അവൾ പകർത്തിയ ഡയറി കുറിപ്പുകൾ ഇന്ന് വിശ്വപ്രസിദ്ധമാണ്. ദൈവത്തിന്റെ കരുണയ്ക്കായി പ്രാർത്ഥിക്കുക, ക്രിസ്തുവിന്റെ അനന്തകരുണയിൽ വിശ്വസിക്കുക, മറ്റുള്ളവരിലേയ്ക്ക് ദൈവകാരുണ്യം ഉഴുക്കുന്നതിനുളള ചാലകമായി പ്രവർത്തിക്കാനുതകും വിധം എല്ലാവരോടും കാരുണ്യത്തോടെ ഇടപഴകുക എന്നീ മൂന്ന് കാര്യങ്ങളാണ് വി.ഫൗസ്റ്റീനായിലൂടെ പ്രചരിപ്പിച്ച ദൈവകാരുണ്യ ഭക്തിയുടെ അടിസ്ഥാനം.

മനുഷ്യന് വർണ്ണിക്കാൻ അസാധ്യമായ ദൈവസ്നേഹത്തിന്റെയും മനുഷ്യമനസ്സിന് വിഭാവനം ചെയ്യാൻ സാധിക്കാത്ത ദൈവകരുണയുടേയും രഹസ്യങ്ങൾ വെളിപ്പെടുത്തുന്നതിന്റെ ലക്ഷ്യം ഇൗശോ വിശുദ്ധയോട് പറയുന്നുണ്ട്. “എന്റെ മകളെ, സർവ്വലോകത്തോടും എന്റെ കരുണയെപറ്റി പറയുക. മാനവലോകം മുഴുൻ എന്റെ അളവറ്റകരുണ അറിയാൻ ഇടയാകട്ടെ.”(ഡയറി.848) അവിടുന്ന് വീണ്ടും പറയുന്നു, മുറിവേറ്റ് വേദനിക്കുന്ന മാനവരാശിയെ ഞാൻ ശിക്ഷിക്കാൻ ഇഷ്ടപ്പെടുന്നില്ല. അവരെ സുഖപ്പെടുത്തി കരുണാർദ്രമായ എന്റെ ഹൃദയത്തിൽ ചേർത്തണക്കമെന്നാണ് എന്റെ തീക്ഷ്ണമായ ആഗ്രഹം.

ന്യായവിധിയുടെ ദിവസങ്ങൾക്ക് മുന്നോടിയായി ഇതാ ദൈവകരുണയുടെ ദിനങ്ങൾ നല്കിയിരിക്കുന്നു. പാപാന്ധകാരത്തിൽ എത്രതളർന്ന ആത്മാവാണെങ്കിലും ഭൂമിയിലെ മൊത്തം മണൽത്തരികളേക്കാൾ പാപങ്ങളുടെ എണ്ണം കൂടുതലാണെങ്കിലും അളക്കാവാത്ത എന്റെ കരുണയുടെ ആഴങ്ങളിൽ അതെല്ലാം മുങ്ങിപോകും.

ആത്മാക്കളോടുളള പ്രത്യേകിച്ച് നീചപാപികളോടുളള അളവറ്റ കരുണയിൽ എന്റെ ഹൃദയം കവിഞ്ഞൊഴുകുന്നു. ഞാൻ അവരുടെ ഏറ്റവും നല്ല പിതാവാണെന്നും നിറഞ്ഞൊഴുകുന്ന കരുണയുടെ സ്രോതസ്സിൽ നിന്ന് അവർക്ക് വേണ്ടിയാണ് രക്തവും വെളളവും പുറപ്പെടുന്നതെന്നും അവർ മനസ്സിയാക്കിയിരുന്നെങ്കിൽ! അവർക്കുവേണ്ടിയാണ് ഞാൻ കരുണയുടെ രാജാവായി സക്രാരിയിൽ വാഴുന്നത്. ആത്മാക്കളിലേക്ക് എന്റെ കൃപകൾ വർഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നെങ്കിലും അത് സ്വീകരിക്കാൻ അവർക്ക് താത്പര്യമില്ല (മെസ്സേജ് 367). ദൈവത്തിന്റെ സൗജന്യദാനമായ കരുണ സ്വീകരിക്കാൻ വിസ്സമ്മതിക്കുന്ന ദുർഭഗനായ മനുഷ്യന്റെ നേർചിത്രമാണിത്.
ദൈവകരുണലഭിക്കാൻ പത്തുകൈവഴികൾ
ദൈവകരുണ ലഭിക്കാൻ വിശുദ്ധ ഫൗസ്റ്റീനായിലൂടെ യേശു വെളിപ്പെടുത്തിയ കാര്യങ്ങളാണിവ.

  1. ദൈവകരുണയുടെ ഛായാചിത്രം
    കരുണയുടെ യേശുവിന്റെ രൂപം നമുക്ക് സുപരിചിതമാണല്ലോ. അതിൽ യേശുവിന്റെ ഹൃദയത്തിൽ നിന്നും പുറപ്പെടുന്ന വെളുത്ത രശ്മികൾ ആത്മാക്കളെ നീതീകരിക്കുന്ന വെള്ളത്തെയും ചുവന്ന രശ്മികൾ ആത്മാക്കളുടെ ജീവനായ രക്തത്തേയും സൂചിപ്പിക്കുന്നു എന്ന് യേശു ഫൗസ്റ്റീനായ്ക്ക് പറഞ്ഞുകൊടുത്തു. “എന്റെ പിതാവിന്റെ കോപത്തിൽ നിന്ന് ആത്മാക്കളെ മറയ്ക്കുന്ന പരിചയാണ് ഇൗ രശ്മികൾ. ഇൗ രക്ഷാസങ്കേത്തിൽ വസിക്കുന്നവൻ സന്തോഷവാൻ. എന്തെന്നാൽ ദൈവത്തിന്റെ നീതിയുടെ കരങ്ങൾ അവന്റെമേൽ പതിക്കുകയില്ല”(മെസ്സേജ് 299).

“കരുണയുടെ ഉറവിടത്തിൽ നിന്ന് കൃപ സ്വീകരിക്കാൻ സമീപിക്കേണ്ട ഒരു പാത്രമാണ് ഞാൻ മനുഷ്യർക്ക് നല്കുന്നത്. ആ പാത്രം ഇൗശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു എന്ന കയ്യൊപ്പോടുകൂടിയ ഇൗ ചിത്രമാണ്”(നമ്പർ 327). “ഇൗ ചിത്രം ആദ്യം നിങ്ങളുടെ ചാപ്പലിലും പിന്നീട് ലോകം മുഴുവനിലും വണങ്ങപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”(നമ്പർ 47). കരുണയുടെ ഛായാചിത്രം വണങ്ങുന്ന ആത്മാവ് ഒരിക്കലും നശിച്ചുപോകില്ല. ശത്രുക്കളുടെ മേൽ വിജയം നേടും. ഛായാചിത്രം പ്രതിഷ്ഠിക്കുന്നിടത്ത് ദൈവചൈതന്യം എന്നും ഉണ്ടാകും. ഇൗ ചിത്രത്തിലൂടെ ഞാൻ അനവധി കൃപകൾ ആത്മാക്കളിലേക്ക് ഒഴുക്കും . അതിനാൽ എല്ലാ ആത്മാക്കൾക്കും അതിനെ സമീപിക്കാൻ സാധിക്കട്ടെ(നമ്പർ 570) .

  1. ദൈവകരുണയുടെ പ്രാർത്ഥന
    ഇൗശോ ഫൗസ്റ്റീനയോട് പറഞ്ഞു, “ആത്മാക്കൾക്ക് വേണ്ടി എന്റെ ഹൃദയത്തിൽ ജ്വലിക്കുന്ന സ്നേഹത്തെപറ്റി നീ കൂടുതൽ ആഴമായി അറിയണം. എന്റെ പീഡാനുഭവങ്ങളെപ്പറ്റി ധ്യാനിക്കുമ്പോൾ നിനക്ക് അത് മനസ്സിലാക്കാൻ സാധിക്കും. പാപികൾക്ക് വേണ്ടി എന്റെ കരുണ യാചിക്കുക, അവരുടെ രക്ഷ ഞാൻ ആഗ്രഹിക്കുന്നു. ഏതെങ്കിലും ഒരു പാപിക്കുവേണ്ടി അനുതാപപൂർണ്ണമായ ഹൃദയത്തോടും വിശ്വാസത്തോടും കൂടി നീ ഇൗ പ്രാർത്ഥന ചൊല്ലുമ്പേൾ ഞാൻ അവന് മാനസാന്തരത്തിനുളള കൃപ നല്കും. പ്രാർത്ഥന ഇതാണ്. ഒാ ഇൗശോയുടെ തിരുഹൃദയത്തിൽ നിന്നും ഞങ്ങൾക്ക് വേണ്ടി കാരുണ്യസ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമെ, തിരുജലമെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു”(നമ്പർ 186-187). 3.ദൈവകരുണയുടെ സമയമായ ഉച്ചകഴിഞ്ഞ് മൂന്നുമണി
    “മൂന്നുമണിയ്ക്ക് പാപികളുടെ ആത്മാക്കൾക്കുവേണ്ടി എന്റെ പീഢാനുഭവത്തെക്കുറിച്ച് അല്പസമയമെങ്കിലും ധ്യാനിക്കണം; പ്രത്യേകമായി വേദനയുടെ ആധിക്യത്തിലും ഞാൻ നടത്തിയ സമർപ്പണത്തെപ്പറ്റി. സർവ്വലോകത്തിനും ഇത് കരുണപ്രാപിക്കാനുള്ള മണിക്കൂറാണ്. എന്റെ ശാരീരിക പീഡകളിൽ പങ്കുചേരാൻ ഞാൻ നിന്നെ അനുവദിക്കും. ഇൗ മണിക്കൂറിൽ എന്റെ പീഢാനുഭവത്തിന്റെ യോഗ്യതയാൽ എന്നോട് അപേക്ഷിക്കുന്ന ഒരുകാര്യവും ആത്മാക്കൾക്ക് ഞാൻ നിഷേധിക്കയില്ല.”(നമ്പർ 1320)

4.ദൈവകരുണയുടെ ജപമാല
കരുണയുടെ ജപമാല ചൊല്ലി പ്രാർത്ഥിക്കുന്നവർക്കുള്ള അനുഗ്രഹം ഇൗശോ ഇപ്രകാരം വെളിപ്പെടുത്തുന്നു. ഇൗ പ്രാർത്ഥന ചൊല്ലുന്ന ആത്മാക്കൾക്ക് ഞാൻ എത്രയോ ഉന്നതമായ പ്രസാദവരങ്ങൾ നൽകും. “ഇൗ പ്രാർത്ഥന ചൊല്ലുന്നവർക്കുവേണ്ടി എന്റെ ദയാർദ്രമായ കരുണയുടെ ആഴങ്ങൾ ഞാൻ തുറന്നുവിടും. ഇത് യുഗാന്ത്യത്തിന്റെ അടയാളമായിരിക്കും. അതിനുശേഷം നീതിയുടെ സമയം ആഗതമാകും. കരണയുടെ ഇൗ സമയത്ത് എല്ലാവരും എന്റെ കരണയുടെ ഉറവയിൽ അഭയം തേടട്ടെ. അവിടെനിന്നും അവർക്കുവേണ്ടി ഒഴുകിയെത്തുന്ന തിരുരക്തത്തിൽ നിന്നും, തിരുജലത്തിൽ നിന്നും അവർ ഫലമെടുക്കട്ടെ.”(നമ്പർ 848)
5.ദൈവകരുണയുടെ നൊവേന
ജീവിതത്തിലെ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും പ്രത്യേകിച്ച് മരണസമയത്തും നമുക്കാവശ്യമായ ശക്തിയും ആശ്വാസവും കൃപയും നേടിയെടുക്കാൻ നൊവേന ചൊല്ലുന്നത് വഴി കഴിയും. അതിനെക്കുറിച്ച് ഇൗശോ ഇപ്രകാരം ദർശനം നല്കി. “ഇൗ 9 ദിവസങ്ങളിൽ എന്റെ കരുണയുടെ ഉറവിടത്തിലേക്ക് നീ ആത്മാക്കളെ കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ അവരുടെ ജീവിതത്തിലെ കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും പ്രത്യകിച്ച് മരണസമയത്തും അവർക്കാവശ്യമായിരിക്കുന്ന ശക്തിയും ആശ്വാസവും വേണ്ടുന്ന എല്ലാ കൃപകളും അവർ നേടിയെടുക്കട്ടെ.”(നമ്പർ 1209)

6.ദൈവകരുണയുടെ തിരുനാൾ
ഇൗശോ പറഞ്ഞു, “ഞാൻ കരുണയുടെ രാജാവാണ്. ഇൗസ്റ്റർ കഴിഞ്ഞുവരുന്ന ആദ്യത്തെ ഞായറാഴ്ച ഇൗ ചിത്രം പരസ്യമായി പ്രദർശിപ്പിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ആ ഞായർ കരുണയുടെ തിരുനാളായിരിക്കണം.(നമ്പർ 88) എന്റെ മകളെ, എന്റെ അഗ്രാഹ്യമായ കരുണയെപ്പറ്റി സമസ്തലോകത്തോടും പറയുക. എല്ലാ ആത്മാക്കൾക്കും പ്രത്യേകിച്ച് കഠിന പാപികൾക്ക്, കരുണയുടെ തിരുനാൾ അഭയവും സംരക്ഷണവുമായി തീരാൻ ഞാൻ ആഗ്രഹിക്കുന്നു. അന്നേദിവസം കുമ്പസാരിച്ച് വിശുദ്ധ കുർബാന സ്വീകരിക്കുന്ന ആത്മാക്കൾക്ക് പരിപൂർണ്ണ പാപമോചനവും കടങ്ങളുടെ പൊറുതിയും ലഭിക്കും. അന്നേദിവസം ദൈവീക പ്രസാദവരമൊഴുകുന്ന എല്ലാ ചാലുകളും ഞാൻ തുറന്നുവിടും. ഒരാത്മാവുപോലും, തന്റെ പാപങ്ങൾ കടും ചുവപ്പാണെങ്കിലും എന്റെ അടുക്കൽ വരാൻ ഭയപ്പെടരുത്.” (നമ്പർ 699)

7.ദൈവകരുണയുടെ പ്രവർത്തി
“എന്നോടുള്ള സ്നേഹത്താൽ പ്രേരിതയായി കാരുണ്യപ്രവർത്തികൾ നീ ചെയ്യണം. എപ്പോഴും എവിടെയും നിന്റെ സഹോദരനോട് നീ കരുണയോടെ വർത്തിക്കണം. അതിന് മൂന്ന് വഴികൾ ഞാൻ കാണിച്ചുതരാം. ഒന്നാമത്തേത് - പ്രവർത്തിയിലൂടെ, രണ്ടാമത്തേത് - വാക്കുകളിലൂടെ, മൂന്നാമത്തേത് പ്രാർത്ഥനയിലൂടെ. ഇൗ മൂന്ന് പദവികളും ഉൾക്കൊള്ളുമ്പോഴാണ് കരുണ പൂർണ്ണതയിലെത്തുന്നത്.” (നമ്പർ 742)

8.ദൈവകരുണയുടെ പ്രഘോഷണം.
ദൈവകരുണ പ്രഘോഷിക്കുന്നവർക്ക് മരണസമയത്ത് ഭീതി അനുഭവപ്പെടില്ല. മാത്രമല്ല, മരണസമയത്ത് ദൈവം അവരോട് വലിയകരുണയോടെ വർത്തിക്കും. വി.ഫൗസ്റ്റീന പറയുന്നു, “ സാത്താന്റെ വിദ്വേഷത്തിന് കാരണം ഞാനാണെന്ന് സാത്താൻ തന്നെ പറഞ്ഞീട്ടുണ്ട്. അവൻ പറഞ്ഞു, സർവ്വശക്തനായവന്റെ വലിയ കരുണയെപ്പറ്റി നീ പറയുമ്പോൾ ഒരായിരം ആത്മാക്കൾ ചെയ്യുന്നതിലും വലിയ ഉപദ്രവം നീ എന്നോട് ചെയ്യുന്നു. ഏറ്റവും വലിയ പാപി വിശ്വാസം വീണ്ടെടുത്ത് ദൈവത്തിങ്കലേക്ക് മടങ്ങിപോകുന്നു. എനിക്കെല്ലാം നഷ്ടമാകുന്നു. മാത്രമല്ല സർവ്വശക്തന്റെ അത്യഗാധമായ കരണയാൽ നീ എന്നെ നേരിട്ട് പീഡിപ്പിക്കുന്നു.” (നമ്പർ 1167)

9.കുമ്പസാരം
ദൈവകരുണയുടെ അത്ഭുതം നടക്കുന്നത് കുമ്പസാരത്തിലാണ്. ഇൗശോ വെളിപ്പെടുത്തുന്നു, “ആത്മാക്കളോട് അവർ എവിടെയാണ് ആശ്വാസം തേടേണ്ടതെന്ന് പറയുക. അതെന്റെ കരുണയുടെ സിംഹാസനത്തിലാണ്. (കുമ്പസാരം എന്ന കൂദാശ) അവിടെയാണ് വളരെ വലിയ അത്ഭുതങ്ങൾ സംഭവിക്കുകയും ആവർത്തിക്കപ്പെടുകയും ചെയ്യുന്നത്. ഇൗ അത്ഭുതം സ്വന്തമാക്കുന്നതിന് വലിയ തീർത്ഥാടനങ്ങൾ നടത്തുകയോ ബാഹ്യമായ ആഘോഷങ്ങൾ നടത്തുകയോ ചെയ്യേണ്ട ആവശ്യമില്ല. എന്റെ പ്രതിനിധികളുടെ പാദാന്തികേ, വിശ്വാസത്തോടെ അണഞ്ഞ് തന്റെ ആത്മാവിന്റെ ദുരവസ്ഥ വെളിപ്പെടുത്തുകയേ വേണ്ടൂ. അപ്പോൾ ദൈവകരുണയുടെ അത്ഭുതം അവിടെ പൂർണമായും സംഭവിക്കും.” (നമ്പർ 1448)

10.ദിവ്യകാരുണ്യം
ദിവ്യകാരുണ്യ ഇൗശോ ഏറെ സ്നേഹത്തോടെ തന്റെ അരികിലേക്ക് നമ്മെ മാടിവിളിക്കുന്നു. അവിടുന്ന് പറയുന്നു, “കാരുണ്യവാനായ ദൈവത്തെ നീ ഭയപ്പെടുന്നുവോ? എന്റെ പരിശുദ്ധി, കാരുണ്യവാനായിരിക്കുന്നതിൽ നിന്ന് എന്നെ തടയുന്നില്ല. ഇതാ നിനക്കായ് കരുണയുടെ ഒരു സിംഹാസനം- തിരുസക്രാരി - ലോകത്തിൽ ഞാൻ ഒരുക്കിയിരിക്കുന്നു. ഇൗ സിംഹാസനത്തിൽ നിന്ന് നിന്റെ ഹൃദയത്തിലേക്ക് കടന്നുവരാൻ ഞാൻ ആഗ്രഹിക്കുന്നു. പരിഹാരങ്ങളാലും കാവൽക്കാരാലും ഞാൻ ചുറ്റപ്പെട്ടിട്ടില്ല. ഏത് സമയത്തും ഏത് നിമിഷത്തിലും നിനക്ക് എന്റെ അടുക്കൽ വരാൻ കഴിയും. നിന്നോട് സമസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നിനക്കായി കൃപവരങ്ങൾ നൽകുവാൻ ഞാൻ അതിയായി അഭിലഷിക്കുന്നു.” (നമ്പർ 1485)

അവസാന നാളുകളിൽ വിശ്വാസത്തിന്റെ അവസാനനാളം പോലും കെടുത്തികളയാൻ തക്കവിധത്തിൽ വിശ്വാസത്യാഗത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോൾ പാറമേൽ പണിതതെന്ന് പലരും സ്വയം കരുതുന്ന വിശ്വാസഗോപുരങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുമ്പോൾ, നമുക്ക് ആശ്രയിക്കാനുള്ളത് ദൈവകരുണ ഒന്നുമാത്രമാണ്. ഇൗശോ പറയുന്നു, “നീതിമാനായ ന്യായാധിപനായി ഞാൻ വരും മുമ്പ് കരുണയുടെ രാജാവായി വരുന്നു. ന്യായവിധിയുടെ ദിവസം ഉദിക്കുന്നതിനുമുമ്പ് ഇൗ അടയാളം ആകാശത്ത് നല്കപ്പെടും. കരുണയുടെ വാതിൽ അടയുകയും നീതിയുടെ ദിനം ആഗതമാവുകയും ചെയ്യുന്നതിനുമുമ്പ് നമുക്ക് സർവ്വശക്തനായ ദൈവത്തിന്റെ കാരുണ്യക്കടലിൽ അഭയം തേടാം. ഇൗ അവസാനനാളുകളിൽ നമ്മുടെ അവസാന ആശ്രയം ദൈവകരുണമാത്രമായിരിക്കും എന്ന ബോധ്യം നമ്മുടെ എല്ലാവരുടെയും ഹൃദയത്തിൽ ആഴത്തിൽ പതിയട്ടെ.”

ദൈവകരുണയിൽശരണപ്പെടാൻ ആവശ്യപ്പെട്ടവൻ തന്നെയാണ് ഇൗ ആഹ്വാനവും നടത്തുന്നത്. “എന്റെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ”(ലൂക്ക 6/36). ദൈവത്തിന്റെ കരുണ അനുഭവിച്ചറിയുന്നതോടൊപ്പം മറ്റുള്ളവരോട് നമുക്ക് കരുണ കാണിക്കാം. ഒാരോ യാമത്തിലും സാധിക്കുന്നിടത്തോളം പ്രാവശ്യം നമുക്ക് വാക്കുകൊണ്ടും ജീവിതം കൊണ്ടും ഏറ്റുപറയാം. ‘ഇൗശോയെ ഞാൻ അങ്ങയിൽ ശരണപ്പെടുന്നു’.


Related Articles

Contact  : info@amalothbhava.in

Top