കരുതലിന്റെയും കാത്തിരിപ്പിന്റെയും ഇടമാണ് വീട്. അകന്നിരിക്കുന്നവരൊക്കെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു കാര്യമാണ്: ""വീട്ടിൽപ്പോവണം.'' വീടാണ് ഒരുവന്റെ യഥാർത്ഥ ഇടം. എത്ര കൗതുകകരവും സുഖകരവുമാണെങ്കിലും ബാക്കിയിടങ്ങളിലൊന്നും അവൻ അത്ര ""കംഫർട്ടബിൾ' ആവുന്നില്ല. വീടിന്റെ ഹൃദ്യതയും ശാന്തതയും നല്കുവാൻ വേറൊന്നിനുമാവില്ല. വീടിനു പകരക്കാരനില്ല, വീടിനും തുല്യം വീടുമാത്രം.
""മനുഷ്യാ, നീ പൊടിയാകുന്നു. പൊടിയിലേക്ക് തന്നെ നീ മടങ്ങും'' (ഉത്പ. 3:19) എന്ന ആഹ്വാനത്തോടെ ആരംഭിക്കുന്ന നോമ്പുകാലത്തിന്റെ പടിവാതിൽക്കലാണ് നാം. നഷ്ടപ്പെട്ട ആത്മാവിനെ തോളിലേറ്റി പിതൃഭവനത്തിലേയ്ക്ക് കൊണ്ടുവരുന്ന നല്ലിടയന്റെ ചിത്രം കഴിഞ്ഞ ഒരു വർഷക്കാലം (കരുണയുടെ കാലം) നമ്മുടെ മുമ്പിൽ തെളിമയോടെ നിലനിൽക്കുന്നതാണ്. ഒാരോ നോമ്പുകാലവും അനുസ്മരിപ്പിക്കുന്ന സത്യമിതാണ്: "അനുതപിച്ച് വീട്ടിലേക്ക് മടങ്ങുക.' വീട്ടിൽ കാത്തിരിക്കുന്നത് ദൈവമാണ്. ഇത് വെറുമൊരു സന്ദർശനമല്ല, മടക്കയാത്രയാണ്. വീടുപേക്ഷിച്ച് പോയവന്റെ തിരിച്ചു വരവ്; അതിൽ കണ്ണീരുണ്ട്, സമാഗമത്തിന്റെ സന്തോഷമുണ്ട്. പുതിയ ഒരു ജീവിതത്തിന്റെ പ്രതീക്ഷയും.
തന്നോട് കലഹിച്ച് ഹൃദയത്തെ പിളർന്നുകൊണ്ട് പുറപ്പെട്ടുപോയ പ്രിയമകനെ കാത്തിരിക്കുന്ന നല്ല പിതാവിന്റെ രൂപം അനുതാപത്തിലേക്കും പുതിയ ഒരു ജീവിത ശൈലിയിലേക്കും ഒരുവനെ പ്രചോദിപ്പിക്കുന്നു. അറ്റുപോയ ബന്ധങ്ങളുടെ കണ്ണികൾ പുതുതായി കൂട്ടിച്ചേർക്കപ്പെടുന്നു. വരണ്ടുപോയ ഹൃദയത്തിൽ രൂപപ്പെടുന്ന മാനസാന്തരത്തിന്റെ ഉഴവുചാലുകളിൽ ദൈവസ്നേഹം മഴയായ് പെയ്തിറങ്ങുന്നു. മണ്ണ് നൂറും അറുപതും മുപ്പതും മേനി ഫലം പുറപ്പെടുവിക്കും.
ഒാരോ മനുഷ്യന്റെയും പരിസരം പ്രലോഭനങ്ങളുടെ ഒരു ഭൂമികയാണ്; നിരവധി പതനങ്ങളുടെ കഥകൾ അവന്റെ മനസ്സിലുണ്ട്. നിരവധി പതനങ്ങളുടെ അഭികാമ്യവുമായ വിലക്കപ്പെട്ട കനികൾ തേടി വീടുപേക്ഷിച്ചുപോയതിന്റെ കഥകൾ. ജീവിതത്തിന്റെ പറുദീസായിൽ പ്രലോഭകൻ കടന്നു വരുന്നു. അവന്റെ ആകർഷകമായ അവതരണങ്ങളിൽ മയങ്ങി ദൈവത്തിന്റെ അരുതുകളെ അതിലംഘിക്കുവാൻ മനുഷ്യൻ ആവേശത്തോടെ പുറപ്പെടുകയാണ്. അരുതുകൾ കല്പിച്ചവനോട് അവനും അവളും കലഹിക്കുന്നു.
പിതൃഭവനത്തോടും അത് കല്പിച്ചു നൽകുന്ന മൂല്യ സംഹിതയോടുമാണ് ഇളയ പുത്രൻ കലഹിക്കുന്നത്. പിതാവിന്റെ ഭവനം ഒരു ബിംബമാണ്. സ്നേഹത്തിന്റെ, കരുതലിന്റെ, തിരുത്തലിന്റെ പ്രതീകം. ഒരു വ്യക്തി തന്റെ ജീവിതത്തിൽ പുലർത്തേണ്ട മൂല്യങ്ങളുടെ കേന്ദ്രമാണത്. എന്നാൽ ലോകം വച്ചുനീട്ടിയ മായക്കാഴ്ചകളുടെ മുന്നിൽ അവന്റെ കണ്ണ് മങ്ങിപ്പോയി. വിലക്കുകളില്ലാത്ത ഒരു ലോക ത്തേക്കിറങ്ങണം. അവിടെ യാണ് സ്വാതന്ത്ര്യം. അതാണ് ജീവിതം. നന്മ, സ്നേഹം, കല്പനകൾ, ദൈവം, ഭക്തി ഇവയൊക്കെ ബന്ധനങ്ങളാണ്. ഇളയപുത്രന്മാർ മുടിയരായി മാറുന്ന കഥ വിരാമമില്ലാതെ തുടരുകയാണ്. പ്രലോഭനങ്ങളെ അവസരങ്ങളായും പതനങ്ങളെ വിജയങ്ങളായും എണ്ണുന്ന ഒരു തരം സംസ്ക്കാരം എവിടെയും ആടിത്തിമിർക്കുന്നു. ആസ്വദി ക്കുക, കീഴടക്കുക, ഉപയോഗി ക്കുക, പിന്നെ വലിച്ചെറിയുക അതാണിതിന്റെ ആപ്തവാക്യം. ആസക്തികളുടെ ഉജ്ജ്വലനം അരങ്ങു വാഴുന്നു. ധൂർത്ത പുത്രന്മാർക്കും പുത്രിമാർക്കും മാധ്യമങ്ങളിൽ സ്വീകാര്യത യേറുകയാണ്.
ശരിയെന്നു കരുതി നാം ചെയ്യുന്ന പലതും വിലക്കപ്പെട്ട കനി ഭക്ഷിക്കലിന്റെ ആവർത്തനങ്ങളാണ്. കല്ലുകൾ അപ്പമല്ല. കല്ലുകൾക്ക് അപ്പമാവാൻ കഴിയുകയുമില്ല. കല്ലുകളെ അപ്പമായി കരുതുന്നത് അന്ധതയാണ്, അസത്യമാണ്, അയാഥാർത്ഥ്യവുമാണ്. കല്ലുകളെ അപ്പമാക്കുവാനാണ് പ്രലോഭനം. അപ്പമാണെന്ന് കരുതി കല്ലുകൾ ആർത്തിയോടെ ഭക്ഷിക്കുന്നവൻ കല്ലുകളുടെ അടിമയായി മാറുന്നു. അവൻ രോഗിയാവുന്നു. അടിമത്തത്തിന്റെ രോഗാതുരത ബാധിച്ച ഒരു സമൂഹമദ്ധ്യത്തിലാണ് നാം ജീവിക്കുന്നത്. പ്രലോഭനങ്ങൾക്ക് ഒരെതിർപ്പുമില്ലാതെ വിധേയനാവുന്നുവെന്ന താണ് വലിയ ദുരന്തം. ""ഞാൻ'' എന്റെ ദൈവമായി മാറുന്നു. എന്റെ ജീവിതം, എന്റെ സുഖം, എന്റെ നേട്ടം - അവയെല്ലാം ഒാരോ തരം വിഗ്രഹങ്ങളാണ്. ലഹരിക്കടിമപ്പെട്ടു ജീവിക്കുന്ന ചെറുപ്പക്കാരും, വിശ്വസ്തത നഷ്ടപ്പെട്ട ദാമ്പത്യബന്ധങ്ങളും, മനക്ഷോഭമേതുമില്ലാതെ ദുർബലനെ ചൂഷണം ചെയ്യുന്നത് ഹിംസാത്മകതയും, അധികാരാസക്തികൊണ്ട് വ്യക്തികളെ ചവിട്ടിയരയ്ക്കുന്ന ധാർഷ്ട്യവുമെല്ലാം സ്വന്തം വ്യക്തിപൂജയുടെ വിഭിന്ന മുഖങ്ങളാണ്.
പ്രത്യക്ഷത്തിൽ താൻ പോരിമ കാണിക്കുന്നവരൊക്കെ ഉള്ളിൽ ശൂന്യതയനുഭവിക്കുന്നവരല്ലേ? തേടുന്നതൊന്നും - ആസ്വദിച്ച കനികളും ധൂർത്തടിച്ച ജീവിതവും - അവന്റെ ദാഹം ശമിപ്പിക്കുന്നില്ല. നേട്ടമെന്നു കരുതിയത് വെറും വ്യാമോഹമാണെന്നും, ആകർ ഷകമായ പലതിന്റെയും ഉള്ള് വികൃതമാണെന്നും അവനറിയുന്നു. വീടുപേക്ഷിക്കുന്നവരൊക്കെ അനിവാര്യമായി എത്തിച്ചേരേണ്ടത് ചെളിക്കുണ്ടിലാണ്. തിന്മയുടെ ഫലം വൈരൂപ്യമാണ്, നിരാശയാണ് നഷ്ടമാണ്. ദാഹമകറ്റുമെന്ന് കരുതിയ ഉറവകളൊക്കെ തീരാദാഹത്തിലേക്ക് തള്ളിവിടുന്നതുമാണ്.
എന്നാൽ ധൂർത്തപുത്രനു സുബോധമുണ്ടായി; അവൻ മടങ്ങി വന്നു; ഇൗയൊരു മടങ്ങിവരവിന്റെ സാദ്ധ്യത നോമ്പാചരണം നമ്മുടെ മുന്നിൽ അവതരിപ്പിക്കുകയാണ്. ""സമയം സമാഗതമായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ'' (മർക്കോ. 1:15). പാപങ്ങളോർത്ത് അനുതപിക്കണം. അവയെ വിട്ടുപേക്ഷിക്കണം, വീട്ടിലേക്ക് മടങ്ങണം. ഇതിനുള്ള വഴി ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പരിത്യാഗത്തിന്റേതുമാണ്. മരുഭൂമിയിൽ ഉപവാസത്തിലും പ്രാർത്ഥനയിലും ചെലവഴിച്ച ഗുരു ആത്മശാന്തിയാർജ്ജിച്ച് പ്രലോഭകനെ അതി ജീവിച്ചു. തേജോമയമായ ആ ചിത്രം ഒാരോ വിശ്വാസിക്കും മാതൃകയാണ്; വഴികാട്ടിയും.
ക്രിസ്തുവിന്റെ കൂടെ നടക്കുവാനുള്ള ഒരവസരമാണിത്. കുരിശുമായി കാൽവരിയിലേക്ക് യാത്ര ചെയ്തവൻ നമ്മെ ക്ഷണിക്കുകയാണ്. "ഉപേക്ഷിച്ചു കൂടെ വരുവാൻ' (ലൂക്കാ. 14, 33). നാമെന്താണുപേക്ഷിക്കേണ്ടത്? അവന്റെ യൊപ്പം നടക്കുമ്പോൾ നാമറിയും അവൻ വഹിക്കുന്ന കുരിശ് നമ്മുടെ പാപങ്ങളാണ്; നമ്മുടെ വേദനകളാണ്. ഉപേക്ഷിക്കാനായി അവൻ ആവശ്യപ്പെടുന്നത് നമ്മുടെ സ്വാർത്ഥതയാണ്; നമ്മുടെ വാക്കുകളിലെ പാരുഷ്യമാണ്; കർമ്മങ്ങളിലെ കാപട്യമാണ്; ഹൃദയത്തിലെ അശുദ്ധിയാണ്; ഇടപെടലുകളിലെ അനീതിയാണ്; ബന്ധങ്ങളിലെ മരവിപ്പും നിസ്സംഗതയുമാണ്.
നോമ്പാചരണം ഒരു നിർമ്മിതിയാണ്. തകർന്ന ഭവനങ്ങളുടെയും, തകർന്ന ജീവിതങ്ങളുടെയും, തകർന്ന ബന്ധങ്ങളുടെയും പുനർനിർമ്മിതി. പ്രവാചകൻ പറയും: ""അപ്പോൾ നിന്റെ വെളിച്ചം പുലരിപോലെ പൊട്ടി വിടരും. നിന്റെ മുറിവ് വേഗം സുഖപ്പെടും'' (ഏശയ്യാ. 58: 5). "അപ്പോൾ' എന്നതിന് ശക്തമായ വിശദീകരണമുണ്ട്. ഉദാത്തവും ധീരവുമായ ഒരു ധാർമ്മികതയുടെ സാക്ഷിയായി മനുഷ്യൻ മാറണം. അതിന് വിവിധ തലങ്ങളുണ്ട്; നീതി യുടെയും പരസ്നേഹത്തിന്റെ യും തലങ്ങൾ. കേവലമായ ചില ബാഹ്യാനുഷ്ഠാനങ്ങളുടെ മുറതെറ്റാത്ത ആവർത്തനമല്ല പ്രധാനം. തന്റെ സഹോദരനി ലേക്ക് പ്രവഹിക്കുന്ന ആത്മീയ ശക്തിയാണിവിടെ പ്രസക്തം. നോമ്പിലൂടെ കരഗതമാകുന്ന ആത്മീയശക്തി അനീതിയുടെ ബന്ധനങ്ങൾ തകർക്കുന്നതാ വണം; അത് മർദ്ദിതരെ സ്വതന്ത്ര രാക്കി വിടുവാനുള്ള ധീരത യിലേക്ക് നയിക്കണം. ഉപവാസ ത്തിലൂടെ വിശപ്പറിഞ്ഞാൽ മാത്രം പോരാ, വിശക്കുന്നവനു മായി അപ്പം പങ്കുവെയ്ക്കുന്ന താവണം, വസ്ത്രമില്ലാത്തവനു വസ്ത്രമാകണം(ഏശയ്യ. 58, 6-14). ഇത് ഒരു നിർമ്മിതിയാണ്. പുതിയ ഒരു ജീവിതക്രമത്തി ന്റെ നിർമ്മിതി. ഇൗ വചനഭാഗം ധ്യാനാത്മകതയോടെ വായിക്കു മ്പോൾ എന്റെ മനസ്സിൽ എത്ര ചോദ്യങ്ങളുയരുന്നുണ്ട്?
വി. ജോൺ ക്രിസോസ് തോമിന്റെ ഒരു നിരീക്ഷണം ഇവിടെ കുറിക്കട്ടെ: ""മറ്റുള്ളവർ ക്കായി നന്മ അനുധാവനം ചെയ്യുന്നില്ലെങ്കിൽ ഒരു പുണ്യ പ്രവൃത്തിയും മഹത്തരമാകു ന്നില്ല. എത്രമാത്രം ഉപവസിച്ചാലും പരുപരുത്ത തറയിൽ കിടന്നാലും ചാരം ഭക്ഷിച്ചാലും നിർത്താതെ വിലപിച്ചാലും മറ്റുള്ളവർക്ക് നന്മ ചെയ്യുന്നില്ലെ ങ്കിൽ മഹത്തരമായതൊന്നും നീ നിർവ്വഹിക്കുന്നില്ല.'' അപര നുവേണ്ടി സഹനമേറ്റെടുക്കു മ്പോഴാണ് നോമ്പ് അർത്ഥ പൂർണ്ണമാകുന്നത്. നമ്മുടെ ജീവിതത്തെ ക്രിസ്തുവിന്റെ കുരിശോടുചേർത്ത് വായിക്കുക, അപ്പോൾ നാമറിയും നമ്മുടെ സൗഖ്യമെല്ലാം അവന്റെ മുറിവു കൾ വഴിയാണ്; അവൻ നമുക്കായി മുറിയപ്പെട്ടെങ്കിൽ നാമും കുരിശിൽ, ജീവിത ത്തിൽ, സഹനത്തിൽ മുറിയ പ്പെടണം. നീതിക്കായി, സമാധാ നത്തിനായി, അനുരഞ്ജനത്തി നായി, ഉപവിക്കായി കുരിശ് വഹിക്കുവാൻ ഞാൻ തയ്യാ റാണോ? ദുർബലന്റെ അവകാ ശങ്ങൾക്കായി, കരയുന്നവരുടെ കണ്ണീരൊപ്പുവാനായി എനിക്കാ വണമെങ്കിൽ കുരിശു വഹി ക്കണം; ക്ഷതമേൽക്കണം; സ്വന്തം രക്തവും അദ്ധ്വാനവും ബലിയായി നൽകണം. മുറി വേൽക്കപ്പെടുമ്പോഴാണ് സേവനങ്ങൾ സ്നേഹമായി മാറുന്നത്. നല്ല സമരിയാക്കാര നെപ്പോലെ നാം മുറിവേറ്റവനെ തൊടണം.
ദുർബലന്റെ ഗണത്തിൽ ഉൾപ്പെടേണ്ട വലിയ ഒരു ഘടകമാണ് പ്രകൃതി; അതിന്റെ സംരക്ഷണവും നീതിയുടെ പാലനമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. ഫ്രാൻസിസ് പാപ്പ ഉയർത്തുന്ന ഒരു ചോദ്യ മുണ്ട്: ""മുറിവേറ്റ എന്റെ സഹോദരനെയോ സഹോദരി യെയോ ഒാർത്ത് ഞാൻ ലജ്ജി തനാണോ?''
ആത്മീയസമരത്തിന്റെ ഒരു കാലഘട്ടം കൂടിയാണ് നോമ്പ്: നമ്മെ ഭരിക്കുന്ന ദുരാസക്തികൾക്കെതിരെയുള്ള ആത്മീയവും ശാരീരികവുമായ സമരം. പഞ്ചേന്ദ്രിയങ്ങളെ നിയന്ത്രിച്ചാൽ മാത്രമേ തിന്മയെ കീഴടക്കാനൊരുവനു കഴിയൂ. പരിത്യാഗത്തിന്റെ, ഉപവാസ ത്തിന്റെ, ആത്മനിയന്ത്രണത്തി ന്റെ ആദ്യപടി പഞ്ചേന്ദ്രിയങ്ങ ളുടെ നിയന്ത്രണമാണ്. നവീ കൃതമായ ഒരു ഹൃദയം, ചൈതന്യഭരിതമായ ഒരു ജീവിതം, സർവ്വോപരി കുരിശി ന്റെ വഴിയേ ക്രിസ്തുവിനോ ടൊപ്പമുള്ള ഒരു കാൽവരി യാത്ര - അത് സാധിക്കണമെങ്കിൽ നാം നമ്മെ ശൂന്യവത്കരി ക്കേണ്ടിയിരിക്കുന്നു. ദൈവത്തി ന്റെ കൃപ നമ്മിലേക്കൊഴുകുന്ന നീർച്ചാലുകളിൽനിന്നും ദാഹത്തോടെ പാനം ചെയ്യണം: പരമ്പരാഗതവും നിത്യ നൂതന വുമായ മാർഗ്ഗങ്ങളാണവ: അനുരഞ്ജന കൂദാശയുടെ സ്വീകരണം, പ്രാർത്ഥന, ഉപവാസം, കുരിശിന്റെ വഴി, ദാനധർമ്മം, പ്രിയപ്പെട്ട ചില കാര്യങ്ങളുടെ വർജ്ജനം എന്നിവയെല്ലാം അതിനുള്ള വഴികളാണ്.
നിരവധി തിന്മകളാൽ ആത്മാവും ശരീരവും തമ്മി ലുള്ള എെക്യം നഷ്ടപ്പെടു ത്തിയവരാണ് ഒാരോ വ്യക്തി യും. വചനത്തിലൂടെ ദൈവം നല്കിയ തിരിച്ചറിവുകളെ അവൻ വിവേകമില്ലാതെ, ദൈവ ഭയമില്ലാതെ തിരസ്ക്കരിച്ചു. സ്വന്തം ജീവിതതാല്പര്യങ്ങ ളുടെ പുറകെ പോകുന്നവർ ക്രിസ്തുവിന്റെ വചനങ്ങളെ തമസ്കരിക്കുന്നു. വഴിയും സത്യവും ജീവനുമായവനെ തിരസ്ക്കരിക്കുന്നതാണ് ആധുനിക മനുഷ്യനും, ആധുനിക കുടുംബവും സമൂഹവും അനുഭവിക്കുന്ന ആത്മസംഘർഷങ്ങൾക്കും ബന്ധതകർച്ചയ്ക്കും കാരണം. സ്വന്തം വഴിതേടി പോകുന്നവർ അവനവനിസത്തിലേക്ക് നിപതിക്കുന്നു. ഇൗ അപകട ത്തെപ്പറ്റിയുള്ള തിരിച്ചറിവ് ലഭിച്ചാലേ നോമ്പിന്റെ പ്രസ ക്തി, പിതൃഭവനത്തിലേയ് ക്കുള്ള മടക്കത്തിന്റെ നന്മ ഒരു വനു മനസ്സിലാകൂ.
സുബോധമുണ്ടാകാനും ജീവിതത്തെ ദൈവനിയമ ങ്ങളുടെ വെളിച്ചത്തിൽ ദർശി ക്കുവാനും യഥാർത്ഥ ആന്തരി കതയിലേക്കും നന്മയിലേയ് ക്കും മടങ്ങിവരുവാനും ആദിമ വിശുദ്ധിയാൽ വീണ്ടും നിറയുവാനും നോമ്പുകാലം അവസരമൊരുക്കുകയാണ്. അനുതാപത്തിന്റെ കണ്ണീരോടെ, പങ്കുവയ്ക്കലിന്റെ നന്മയോടെ, പങ്കാളിത്തത്തിന്റെ അരൂപിയോടെ നോമ്പാചരിക്കാൻ സഭ നമ്മെ ക്ഷണിക്കുന്നു. ദൈവത്തിന്റെ നിയമങ്ങൾ ദിവസം മുഴുവൻ നമുക്ക് ധ്യാനിക്കാം; അവയെ നമുക്ക് ഇഷ്ടപ്പെടാം. അവിടുത്തെ കല്പനകളാൽ നിറഞ്ഞ് നമുക്ക് വിജ്ഞാനികളാവാം; ദുർമ്മാർഗ്ഗങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാം; അവിടുത്തെ വചനങ്ങളുടെ മാധുര്യം നുകർന്ന്, ബുദ്ധിയിൽ വിശുദ്ധീകരിക്കപ്പെട്ട് വ്യാജമാർഗ്ഗങ്ങളെ നമുക്ക് വെറുക്കാം (സങ്കീ, 118, 97-104). ""ദൈവത്തിന്റെ മുന്നിൽ പ്രീതികരമായിത്തീരുന്നതിനും പാപത്തിൽ നിന്നൊഴിയുന്നതിനും ഉപവാസം നമ്മെ സഹായിക്കും.'' വി. ആഗസ്തീനോസിന്റെ ഇൗ വാക്കുകൾ അനുഭവത്തിന്റെ ചൂടുള്ളതാണ്. ക്രിസ്തുവിനു വിരുദ്ധമായി, നമ്മിലും, നമ്മുടെ കുടുംബങ്ങളിലും, സമൂഹങ്ങളിലും നിലനിൽക്കുന്നതിനെയെല്ലാം നമുക്ക് ത്യജിക്കാം. അവൻ നടന്ന വഴിയിലൂടെ നടന്നുകൊണ്ട് കല്ലറ ശൂന്യമാവുന്ന ദിനത്തെ പ്രത്യാശയോടെ നോക്കിക്കൊണ്ട് നമുക്കും പ്രാർത്ഥിക്കാം: ""ക്രൂശിതനായ ഇൗശോയുടെ തിരുമുറിവുകൾ എന്റെ ഹൃദയത്തിലും പതിപ്പിച്ചുറപ്പിക്കണമെ.'' നാം നമ്മുടെ യഥാർത്ഥ ഭവനത്തിൽ മടങ്ങിയെത്തും.
റവ. ഡോ. ജോൺ നെല്ലിക്കുന്നേൽ
പാദമുദ്രകൾ | വി. വിൻസന്റ് ഡി പോൾ 27-09-2020
ഏലിയാ, സ്ലീവാ മൂശാക്കാലം അഞ്ചാം ഞായർ
നട്ടുച്ചനേരത്ത് കിണറിന്റെ.....
വിശുദ്ധ ജസ്റ്റിന് - June 01
പ്രലോഭനങ്ങളേ വിട | ഫാദർ ജെൻസൺ ലാസലെറ്റ്