ജനനം : ഏ.ഡി. 1
ജനന സ്ഥലം : കാനാ
പേരിന്റെ അർത്ഥം : ടോൾമിയായുടെ പുത്രൻ
വിളിപ്പേര് : നഥാനിയേൽ
മാതാപിതാക്കൾ : ടോൾമി
ജോലി : മീൻ പിടുത്തം
പ്രതീകങ്ങൾ : കത്തിയും, ചർമ്മവും
തിരുനാൾ : ആഗസ്റ്റ് 24 (ലത്തീൻ ക്രമത്തിൽ), ജൂൺ 11 (പൗരസ്ത്യ ക്രമത്തിൽ)
മദ്ധ്യസ്ഥൻ : അർമേനിയ എന്ന രാജ്യത്തിന്റെ, വ്യാപാരികൾ, തുകൽവ്യവസായികൾ മുതലായവരുടെ. മരണം : അർമേനിയായിലെ അൽബാനോം പോളീസ് എന്ന സ്ഥലത്ത് കുരിശിൽ തൂക്കപ്പെട്ട് മരിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. അടക്കം ചെയ്തിരിക്കുന്ന സ്ഥലം : ഇറ്റലിയിലെ ബെനവെന്തോ എന്ന സ്ഥലത്തുള്ള സെന്റ് ബർത്തലോമിയോയുടെ നാമത്തിലുള്ള ദേവാലയത്തിൽ.
ഇൗശോ " ഇതാ നിഷ്കപടനായ ഒരു ഇസ്രായേൽ" എന്ന സാക്ഷ്യം നല്കിയ നഥാനിയേലിനെയാണ് ബർത്തലോമിയോ എന്ന് വിളിക്കുന്നത് എന്നതാണ് പഠനങ്ങളിൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നത്.
ബർത്തലോമിയോയും നഥാനിയേലും ഒരാൾ തന്നെ എന്ന് ആദ്യം കണ്ടെത്തിയത് 9ാം നൂറ്റാണ്ടിൽ ദമാസ്കസിലെ ഏലിയാസ് എന്ന നെസ്തോറിയനാണ്. ബർത്തലോമിയോ എന്ന പദത്തിന് ' തെലോമാ' യുടെ പുത്രൻ എന്ന അർത്ഥമേയുള്ളു. സെബദി പുത്രന്മാർ എന്നു പറയുന്നതു പോലെ ബർത്തലോമിയോ നഥാനിയേൽ എന്നായിരിക്കാം മുഴുവൻ പേരു് എന്നാണ് പണ്ഡിതമതം. നഥാനിയേൽ എന്ന പദത്തിന് ദൈവത്തിന്റെ ദാനം എന്നർത്ഥം.
സമവീക്ഷണ സുവിശേഷങ്ങളിലെ അപ്പസ്തോലന്മാരുടെ പട്ടികയിൽ ബർത്തലോമിയോയുടെ പേര് ഉണ്ട്. അതുപോലെ നടപടി പുസ്തകത്തിലും ഇൗ ശിഷ്യന്റെ പേരു് നാം കാണുന്നു. ( മത്താ:10:24, മർക്കോ 3:16 19, ലൂക്ക 6:1416, അപ്പ.പ്ര 1:13) എന്നാൽ ഇവിടെയൊന്നും നഥാനിയേൽ എന്ന പേര് കാണുന്നില്ല. യോഹന്നാന്റെ സുവിശേഷത്തിൽ അപ്പസ്തോലന്മാരുടെ പേരുവിവര പട്ടിക ചേർത്തിട്ടില്ലെങ്കിലും അപ്പസ്തോലന്മാരുടെ കൂട്ടത്തിൽ നഥാനിയേലിനേയും കാണാം. യേശുവിന്റെ പുനരുത്ഥാനത്തിനു ശേഷം മീൻ പിടിക്കാൻ പോയ അപ്പസ്തോലന്മാരുടെ കൂട്ടത്തിൽ നഥാനിയേലിനെ കാണാം ( യോഹ 21:2) . ഫിലിപ്പോസ് നഥാനിയേലിനോട് യേശുവിനെപ്പറ്റി സാക്ഷ്യപ്പെടുത്തി യേശുവിന്റെ അടുത്തേക്ക് കൂട്ടി കൊണ്ട് വന്നതിനു ശേഷമാണ് ബർത്തലോമിയായുടെ പേര് അപ്പസ്തോല ഗ്രന്ഥത്തിൽ ചേർത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ബർത്തലോമിയോ എന്ന് വിളിക്കപ്പെടുന്ന ശിഷ്യൻ തന്നെയാണ് നഥാനിയേൽ എന്ന് ചിന്തിക്കുന്നത് ഉത്തമം.
ജീവിത പശ്ചാത്തലം
ഗലീലിയായിലെ കാനാ എന്ന സ്ഥലത്താണ് നഥാനിയേൽ ജനിച്ച് വളർന്നത്. യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമേ കാനായെക്കുറിച്ച് പറയുന്നുള്ളു. ഗലിലി കടൽത്തീരത്തു നിന്നും ഇരുപത് കിലോമീറ്റർ ദൂരെയുള്ള സ്ഥലം. ഫിലിപ്പോസിന്റെയും, അന്ത്രയോസിന്റെയും സ്ഥലത്തേക്ക് ഇവിടെ നിന്ന് 20 കിലോമീറ്റർ ദൂരമാണ് ഉണ്ടായിരുന്നത്. യേശുവിന്റെ ആദ്യ അത്ഭുതം നടന്നത് ഇവിടെയാണ് (യോഹ 2:111). രാജ്യ ഭൃത്യന്റെ മകനെ സുഖമാക്കണമെന്ന് അപേക്ഷിച്ചപ്പോൾ അനുഗ്രഹിച്ച സ്ഥലം (യോഹ 4:46 47 ). മീൻ പിടിക്കാൻ പോയവരുടെ കൂട്ടത്തിൽ കാനായിൽ നിന്നുള്ള നഥാനിയേൽ ഉണ്ടായിരുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു (യോഹ 21:2).യോഹന്നാന്റെ സുവിശേഷത്തിൽ ഇൗ മൂന്നു സ്ഥലങ്ങളൊഴികെ മറ്റൊരിടത്തും കാനായെക്കുറിച്ച് പ്രതിപാദ്യമില്ല. ഫിലിപ്പോസിന്റെയും അന്ത്രയോസിന്റെയും സ്നേഹിതനായ അയാൾ സ്വാഭാവികമായും മീൻപിടുത്തക്കാരനായിരുന്നിരിക്കാം. പ്രാഥമിക വിദ്യാഭ്യാസവും ന്യായപ്രമാണത്തിൽ സാമാന്യ ജ്ഞാനവും നഥാനിയേലിന് ഉണ്ടായിരുന്നു.
യേശുവിനെ കണ്ടെത്തുന്നു.
യേശുവിനെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് നഥാനിയേലിന്റെ കുറച്ച് സ്വഭാവ ഗുണങ്ങൾ കണ്ടെത്തുവാൻ സഹായിക്കും. സുവിശേഷങ്ങൾ നല്കുന്ന വിവരണങ്ങളിൽ നിന്നും ഫിലിപ്പോസും അന്ത്രയോസുമൊക്കെ സുഹൃത്തുക്കളാണ്. യേശുവിനെ അറിഞ്ഞ ഫിലിപ്പോസ് തന്റെ സുഹൃത്തും സത്യാന്വേഷിണിയുമായ നഥാനിയേലിനോട് ക്രിസ്തുവിനെക്കുറിച്ച് സാക്ഷ്യം നല്കുന്നു.
നഥാനിയേൽ ന്യായപ്രമാണം ധ്യാനിച്ച് പഠിക്കുന്നവനായിരുന്നു. അതിൽ മോശയും പ്രവാചകന്മാരും എഴുതിയിട്ടുള്ള വരാനിരിക്കുന്ന ഇസ്രായേലിന്റെ രാജാവിനെ കാത്തിരിക്കുന്നവനുമായിരുന്നു. അതുകൊണ്ടാണ് നഥാനിയേലിന്റെ അടുത്ത് ചെന്ന് ആ വ്യക്തിയെ കണ്ടെത്തി എന്ന് പറയുന്നത്. "മോശയുടെ നിയമത്തിലും പ്രവാചക ഗ്രന്ഥങ്ങളിലും ആരെ പറ്റി എഴുതിയിരിക്കുന്നുവോ അവനെ ജോസഫിന്റെ മകൻ നസ്രത്തിൽ നിന്നുള്ള യേശുവിനെ ഞങ്ങൾ കണ്ടു".
നസ്രത്തിൽ നിന്ന് എന്തെങ്കിലും നന്മ ഉണ്ടാകുമോ എന്ന ചോദ്യം പരിഹാസം നിറഞ്ഞ ചോദ്യം തന്നെ. ന്യായപ്രമാണം ശ്രദ്ധയോടെ പഠിച്ച നഥാനിയേൽ മറ്റുള്ളവരെപ്പോലെത്തന്നെ രക്ഷകൻ ജറുസലേമിലെ രാജകുടുംബത്തിൽ നിന്നായിരിക്കാം എന്ന് ചിന്തിച്ചിരിക്കണം. നസ്രത്ത് ന്യായപ്രമാണത്തിൽ പ്രാധാന്യമുള്ള സ്ഥമല്ല. പ്രമാണമറിയാവുന്ന നഥാനിയേലിന് അത് അറിയുന്ന വസ്തുതയാണ്. നിക്ക ദേവൂസിനോട് അധികാരികളുടെ ചോദ്യവും ഇതിനോട് ചേർത്തു വായിക്കാവുന്നതാണ്. അവർ മറുപടി പറഞ്ഞു; "നീയും ഗലീലിയിൽ നിന്നാണോ? പരിശോധിച്ചു നോക്കൂ. ഒരു പ്രവാചകനും ഗലീലിയിൽ നിന്ന് വരുന്നില്ല…." (യോഹ 7:52) മാത്രമല്ല സാധാരണക്കാരായ മാതാപിതാക്കളുടെ കൂടെ വളരുന്ന യേശു രാജാവാകാനുള്ള മിശിഹായാണെന്ന് അംഗീകരിക്കാൻ അവന് പ്രയാസമായിരുന്നു. യേശുവിനെക്കുറിച്ചുള്ള പൊതുജനാഭിപ്രായവും ഇതു തന്നെയായിരുന്നു (മത്താ 13:55, മർക്കോ 6:3 ) ഇൗ മുൻവിധികൾ
മൂലം യേശുവിനെ അംഗീകരിക്കാൻ ആദ്യം നഥാനിയേലിന് സാധിക്കാതെ പോകുന്നു. ഇൗ മുൻവിധികൾ മാറ്റുമ്പോഴാണ് അത്ഭുതകരമായ അനുഭവത്തിലേക്ക് കടന്നുവരുന്നത്.
യേശുവിന്റെ സാക്ഷ്യം
യേശു അവനെ കണ്ടപ്പോൾ ഇതാ നിഷ്കപടനായ ഇസ്രായേൽ (യോഹ 1:47) എന്നാണ് അവനെക്കുറിച്ച് സാക്ഷ്യം നല്കുന്നത്. യേശു പ്രസ്ഥാവിച്ചത് ഒരു നിസ്സാര കാര്യമാണെങ്കിലും ദൈവത്തിൽ നിന്ന് സാക്ഷ്യം ലഭിക്കുന്നത് ഒരു നിസ്സാരകാര്യമല്ല.
പഴയ ഇസ്രായേലിന്റെ ചരിത്രം അല്പം കപടതയുടെ ചരിത്രമാണ്. ജേഷ്ഠനെ ചതിച്ച് അനുഗ്രഹം തട്ടിയെടുത്തവനാണ് പഴയ ഇസ്രായേൽ . അവരുടെ പൂർവ്വ ചരിത്രവും ചതിയുടെ ചരിത്രം തന്നെ. അനുജനെ കൊന്ന ജേഷ്ഠന്റെ ചതിയുടെ ചരിത്രമാണ് ഇസ്രായേലിൽ കാണുന്നത്. ഇസ്രായേലിൽ അനേകം പേർ ഭക്തിയുടെ വേഷം ധരിച്ച് കപട ആത്മീയതയുടെ മനുഷ്യരായിരുന്നു. യേശുവിന്റെ കാലത്ത് ജനത്തെ നയിച്ചിരുന്ന നേതാക്കന്മാരും ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെയായിരുന്നു. യേശു അവരെ വിമർശിക്കുന്നു. (മത്താ 2:35). ഭക്തിയുടെ കാപട്യം നിറഞ്ഞ അദ്ധ്യാത്മിക മണ്ഡലം ചുറ്റുമുള്ളപ്പോൾ നഥാനിയേൽ പരമാർത്ഥ ഹൃദയമുള്ളവനായി ജീവിക്കുന്ന ഭക്തനായിരുന്നു. യഥാർത്ഥ സത്യത്തെത്തേടുന്നവനായിരുന്നു. ദൈവം അങ്ങനെയുള്ളവരെ തിരിച്ചറിയുന്നവനാണ്.
" നീ അത്തിമരത്തിന്റെ ചുവട്ടിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു" (യോഹാ 1:49) എന്ന് ദൈവപുത്രൻ അവനെക്കുറിച്ച് പറയുന്നു. ഇരുപതടിയോളം ഉയരത്തിൽ വളർന്ന് നാലു വശത്തേക്കും ശിഖിരങ്ങൾ വിരിച്ച് പന്തലിച്ച് നില്ക്കുന്ന വൃക്ഷമാണ് അത്തി. പലസ്തിനായിൽ സാധാരണ വീടുകൾക്ക് ഒറ്റ മുറിയേ ഉണ്ടായിരുന്നുള്ളു. മിക്കവരും വീടിനോട് ചേർന്ന്' അത്തി' നട്ടുപിടിപ്പിക്കും. യഹൂദറബിമാർ ന്യായ പ്രമാണങ്ങൾ പഠിക്കുന്നതിനും, ധ്യാനിക്കുന്നതിനും, പ്രാർത്ഥിക്കുന്നതിനും അത്തിയുടെ ശാന്തവും തണൽ നിറഞ്ഞതുമായ ചുവട് ഉപയോഗിച്ചിരുന്നു. നഥാനിയേൽ സത്യത്തെ കണ്ടെത്താൻ അത്തിച്ചു വട്ടിലിരുന്ന് ന്യായ പ്രമാണങ്ങൾ ധ്യാനിക്കുന്നത് ഇൗശോ അറിഞ്ഞിരുന്നു. മറ്റൊരർത്ഥത്തിൽ നിന്റെ ആത്മീയാന്വേഷണത്തെ ഞാൻ കണ്ടു എന്നർത്ഥം. സാധാരണക്കാർ ന്യായപ്രമാണങ്ങൾ പഠിക്കുന്നത് വിരളമാണ്. എന്നാൽ തിരക്കിലും ബുദ്ധിമുട്ടുകൾക്കും ഇടയിൽ വചനം ധ്യാനിക്കുന്നവരെ അവിടുന്ന് അറിയുന്നു.
യേശുവുമായുള്ള സംഭാഷണത്തിൽ നഥാനിയേൽ യേശുവിനെ ദൈവപുത്രനായി ഏറ്റുപറഞ്ഞു (1: 50 ) . യേശു തുടർന്നു. സ്വർഗ്ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാർ കയറി പോകുന്നതും മനുഷ്യപുത്രൻ ഇറങ്ങി വരുന്നതും നിങ്ങൾ കാണും (1:51 ) . യേശുവിന്റെ ഇൗ പ്രസ്താവന ഭാവിയിയെക്കുറിച്ചുള്ളതാണ്. ഇൗ ദർശനം ജേഷ്ഠനെ ഭയപ്പെട്ട് ഒാടിയ യാക്കോബിനുണ്ടായ ദർശനത്തിന് സമാനമാണ്. യാക്കോബാക്കുന്ന പഴയ ഇസ്രായേൽ കണ്ടത് നിഷ്കപടനായ പുതിയ ഇസ്രായേലായി യേശു വിശേഷിപ്പച്ചവനിലും സംഭവിക്കുന്നു . നഥാനിയേൽ അത്തിച്ചുവട്ടിലിരുന്ന് യാക്കോബിന്റെ ചരിത്രമാകാം വായിച്ചത്. ദൈവപുത്രനായ ക്രിസ്തു പിതാവിന്റെ ഇഷ്ടം നിറവറ്റി സ്വർഗ്ഗത്തിലേക്ക് പോകുന്നത് ഇൗ പ്രിയ ശിഷ്യൻ സാക്ഷ്യം വഹിക്കും.
ജീവിതം പാരമ്പര്യങ്ങൾ
ഇൗ അപ്പസ്തോലന്റെ ജീവിതത്തെ കൂടുതൽ അറിയാൻ പറയപ്പെടുന്ന ചില പാരമ്പര്യങ്ങളേ നമുക്കുള്ളു. ബർത്തലോമിയായുടെ സുവിശേഷം എന്ന അപ്രമാണികഗ്രന്ഥം അനുസരിച്ച് അദ്ദഹം ഇന്ത്യയിലേക്ക് വന്ന് സുവിശേഷം പ്രസംഗിച്ചുവെന്നും വി.മത്തായി സുവിശേഷത്തിന്റെ ഹെബ്രായ പതിപ്പ് ഇവിടെ കൊണ്ടുവന്നുവെന്നും പറയ്യുന്നു.
അലക്സാഡ്രിയായിലെ ഒരു 'സ്റ്റോയിക് ' ദാർശികനായിരുന്ന 'പാന്റെയ്നസ്' ക്രിസ്ത്യാനിയാകുകയും അദ്ദേഹം അലക്സാഡ്രിയൻ കാറ്റകെറ്റിക്കൽ സ്കൂളിന്റെ മേധാവിയാക്കുകയും ചെയ്തു. അദ്ദേഹം പിന്നീട് അലക്സാഡ്രിയായിലെ ബിഷപ്പായിരുന്ന ദമയത്രിയോസിന്റെ അനുവാദത്തോടെ വടക്കേ ഇന്ത്യയിലെത്തി. അദ്ദേഹം വരുന്നത് അഉ 150നും 200നും ഇടയ്ക്കാണ്. അദ്ദേഹം ഇവിടെ വന്നപ്പോൾ ഇവിടത്തെ ക്രിസ്ത്യാനികളുടെ കയ്യിൽ ഹെബ്രായ ഭാഷയിൽ എഴുതപ്പെട്ട വി.മത്തായിയുടെ സുവിശേഷം കണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇൗ സുവിശേഷം വി. ബർത്തലോമിയ കൊണ്ടുവന്നതാണെന്ന് വി. ജെറോം സാക്ഷ്യപ്പെടുത്തുന്നു.
വി. ജെറോമും ഏതാണ്ട് ഇൗ അഭിപ്രായക്കാരനാണ്. അദ്ദേഹം എഴുതുന്നു; " അലക്സാഡ്രിയായിലെ മെത്രാനായ ദെമയത്രോസിന്റെ ഇടപെടൽ മൂലം പാന്റെയ്നസ് ഇന്ത്യയിലെത്തി. തദ്ദേശവാസികളോട് സുവിശേഷം പറയാനാണ് അദ്ദേഹം അയക്കപ്പെട്ടത്. ആ രാജ്യത്തെ ചില പ്രധാനികളുടെ ആവിശ്യപ്രകാരമാണ് തിരുവെഴുത്തുകളിൽ പാണ്ഡിത്യമുള്ള പാന്റയൻസിനെ അവിടേക്ക് അയച്ചത്. അവിടെ അവൻ സഭ കണ്ടെത്തി. മത്തായി ശ്ലീഹായുടെ സുവിശേഷ പ്രകാരം അവർ മിശിഹായെ തിരിച്ചറിഞ്ഞിരുന്നു. പന്ത്രണ്ടു പേരിൽ ഒരുവനായ ബർത്തലോമിയായിരുന്നു അവിടെ സുവിശേഷമറിയിച്ചത്.
എന്നാൽ ഇന്ത്യൻ സഭാ ചരിത്രത്തിൽ ബർത്തലോമി ഇന്ത്യയിലേക്ക് വന്നതിന് രേഖകൾ ഇല്ല. തോമസിന്റെ പ്രവർത്തികൾ എന്ന ഗ്രന്ഥ പ്രകാരം ഒാരോ ശിഷ്യനും പ്രവർത്തന സ്ഥലം കർത്താവ് വിഭജിച്ച് നല്കുകയായിരുന്നു. അതനുസരിച്ച് ബർത്തലോമിയോ പലസ്തിനായിൽ സുവിശേഷമറിയിച്ചു.
ബർത്തലോമിയോ അർവിനിയിൽ സുവിശേഷമറിയിക്കുകയും അവിടെ രക്തസാക്ഷിയാകുകയും ചെയ്തു എന്ന് വി. ജെറോമും, വി. ക്രിസോസ്തവും രേഖപ്പെടുത്തുന്നു. ഇതിനും വേണ്ടത്ര തെളിവില്ല. മറ്റൊരു പാരമ്പര്യമനുസരിച്ച് അർമിനിയായിലെ അത്ബൻപോളിസിൽ അദ്ദേഹത്തെ തൊലിയുരിഞ്ഞ് ക്രൂശിക്കുകയും പിന്നീട് ശിരഛേദം ചെയ്തു എന്ന് പറയുന്നു.
അദ്ദേഹത്തിന്റെ അപ്പസ്തോല ചിഹ്നം സമാന്തരമായി വച്ചിരിക്കുന്ന
മൂന്ന് കത്തികളാണ്. പൗരസ്ത്യസഭകൾ ജൂൺ 11 നും പാശ്ചാത്യ സഭകൾ ആഗസ്റ്റ് 24 നും ഇൗ വി ശുദ്ധനെ സ്മരിക്കുന്നു.
ഫാ. ജോസഫ് പുത്തൻപുരക്കൽ latest speech
അനുദിന വിശുദ്ധർ | സെപ്റ്റംബർ 04, 2020
പരദൂഷണം വിശ്വസിക്കുന്നതിനു മുൻപ്..
ഉറങ്ങുന്നതിനു മുൻപുള്ള പ്രാർത്ഥന 11|10|2020
അനുദിന വിശുദ്ധർ |വി. സാബാസ് | 05– 12 – 2020