നല്ല ശിഷ്യൻ

16,  Sep   

സിൽബാരിപുരം രാജ്യം വീരവർമ്മൻ ഭരിച്ചിരുന്ന കാലം. ഒരിക്കൽ, മന്ത്രിയുടെ മാളികയിൽ മോഷണം നടന്നു. കള്ളന്മാർ സ്വർണ്ണ സൂക്ഷിപ്പ് മുഴുവനും കൊള്ളയടിച്ചു. ഈ സംഭവത്തിൽ, രാജാവ് അങ്ങേയറ്റം ആശങ്കയിലായി. രാജ്യം മുഴുവൻ അരിച്ചുപെറുക്കിയപ്പോൾ രണ്ടുകള്ളന്മാർ കുടുങ്ങി. സ്വർണവും വീണ്ടെടുത്തു. അവർക്കു ജീവപര്യന്തം ഇരുണ്ട തടവറ വാസം വിധിക്കുകയും ചെയ്തു. പക്ഷേ, രാജാവിനെ കൂടുതൽ കോപാകുലനാക്കിയ കാര്യം മറ്റൊന്നായിരുന്നു - രാജ്യത്തെ പ്രധാന ഗുരുകുലത്തിൽ പഠിച്ച ശിഷ്യന്മാരായിരുന്നു ഈ രണ്ടു കള്ളന്മാരും. രാജാവ് ഉടന്‍തന്നെ, വീരമണി എന്നു പേരായ ഗുരുവിനെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി- "കള്ളന്മാരാക്കുന്ന വിദ്യയാണോ ഇത്രയും പ്രശസ്തമായ ഗുരുകുലത്തിൽ താങ്കൾ കൊടുക്കുന്നത്?" രാജാവിനു മുന്നിൽ വീരമണി ക്ഷമാപണം നടത്തി. അദ്ദേഹം ആശ്രമത്തിൽ വന്ന് വ്യസനിച്ചു. അന്ന്, ഒരു സുപ്രധാന തീരുമാനമെടുത്തു- ശിഷ്യന്മാരുടെ എണ്ണം കുറയ്ക്കുക അല്ലെങ്കിൽ ആശ്രമം പൂട്ടി കോസലപുരത്തേക്കു പോകുക. വീരമണിയുടെ ഭാര്യ അപ്പോൾ പറഞ്ഞു -"നമ്മളെന്തിന് ഈ രാജ്യം വിട്ടു പോകണം? അങ്ങയുടെ എത്രയോ മിടുക്കരായ ശിഷ്യന്മാർ ഈ ലോകമെങ്ങും ജോലി ചെയ്യുന്നു. എല്ലാ ശിഷ്യന്മാരും ഒരുപോലെയാകുമോ? രാജാവിന്റെ വിവരക്കേടിന് നമ്മുടെ ആശ്രമം എന്തു പിഴച്ചു?" "എങ്കിൽ നല്ലതുപോലെ നോക്കിയിട്ട് ഒരു ശിഷ്യനെ, തെരഞ്ഞെടുത്ത് വിദ്യ കൊടുക്കാം " ഗുരുജി അതിനായി തയ്യാറെടുത്തു. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും രാജാവിന്റെയും മന്ത്രിയുടെയും മക്കൾക്ക് ഗുരുകുല വിദ്യാഭ്യാസം കൊടുക്കേണ്ട സമയമായി. വീരമണിയുടെ അടുക്കലേക്കു തന്നെ കുട്ടികളെ വിടാൻ കൊട്ടാരത്തിൽ നിന്ന് തീരുമാനമായി. കുട്ടികൾ അടുത്ത ചിങ്ങമാസം തുടങ്ങിയപ്പോൾ ഗുരുകുലത്തിൽ ചെന്നെങ്കിലും അവരെയെല്ലാം ഗുരുജി മടക്കി അയച്ചു! ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഇങ്ങനെ രാജകുടുംബാംഗങ്ങൾക്ക് പ്രവേശനം നിഷേധിച്ചത്! ഇതിൽ രാജാവ് കലിപൂണ്ടു. ഉടൻതന്നെ, രാജാവും മന്ത്രിയും കുതിരപ്പുറത്ത് ആശ്രമത്തിലെത്തി. അവിടെ നോക്കിയപ്പോള്‍ ശങ്കുണ്ണി എന്നൊരു കുട്ടിയെ മാത്രമേ പുതിയ ശിഷ്യനായി വീരമണി സ്വീകരിച്ചിട്ടുള്ളൂ. രാജാവ് വീരമണിയോട് വിശദീകരണം ആവശ്യപ്പെട്ടു. വീരമണി ഒട്ടും മടിക്കാതെ പറഞ്ഞു തുടങ്ങി- "ഇത്തവണ എന്റെ പരീക്ഷകളിൽ തൃപ്തികരമായി വിജയിച്ചത് ഈ ശങ്കുണ്ണി മാത്രമാണ് " "എന്തു പരീക്ഷ?" മന്ത്രിക്കും ഇതു രസിച്ചില്ല. വീരമണി: "ഇവിടെ ചേരാൻ പല കുട്ടികൾ വന്നിരുന്നു. ആശ്രമത്തിലേക്കുള്ള നടപ്പാതയിലൂടെ ഒരു വൃദ്ധ വിറകുകെട്ടും ചുമന്നുകൊണ്ടു വരാൻ ഞാൻ ഏർപ്പാടാക്കിയിരുന്നു. ഇങ്ങോട്ടുള്ള പല കുട്ടികളും ഒന്നു സഹായിക്കാതെ കടന്നു പോയി. അവരെ ഞാൻ ശിഷ്യരാക്കിയില്ല" മന്ത്രി: "ആരും സഹായിച്ചില്ലേ?" വീരമണി: "ഏതാനും കുട്ടികൾ സഹായിച്ചു. പക്ഷേ, അടുത്ത ഘട്ടത്തിൽ പിന്നെയും കുറച്ചു പേർ തോറ്റു " "അതെന്തായിരുന്നു?" വീരമണി: "വൃദ്ധയെ സഹായിച്ച ചിലർ വന്നപ്പോൾ ആശ്രമത്തിന്റെ ഉമ്മറത്ത് എന്റെ അമ്മ ഇരിപ്പുണ്ടായിരുന്നു. അമ്മ കുട്ടികൾക്ക് വാഴപ്പഴം തിന്നാൻ കൊടുത്തു. തൊലി പൊളിച്ച് വായിലേക്ക് വച്ചു തിന്ന എല്ലാവരെയും ഞാൻ തിരിച്ചയച്ചു” "അതിലെന്താ തെറ്റ്?" വീരമണി: "പഴം തിന്നാൻ തുടങ്ങുമ്പോൾ പകുതി ഒടിച്ചു വേണം കഴിക്കാൻ, അങ്ങനെയെങ്കിൽ, മറ്റൊരാൾ ആവശ്യപ്പെട്ടാൽ പകുതി കൊടുക്കാമല്ലോ" "അതിൽ എത്ര പേർ വിജയിച്ചു?" വീരമണി: "ഏതാനും കുട്ടികൾ അതിലും ജയിച്ചു. പിന്നീട്, അവരോടു നാളത്തെ പൂജയ്ക്കുള്ള കുറച്ചു പൂക്കള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ മിക്കവാറും കുട്ടികളും പൂക്കള്‍ കൊണ്ടുവന്നു. പക്ഷേ, നാലു കുട്ടികള്‍ പൂമൊട്ടുകള്‍ സമര്‍പ്പിച്ചു" "എന്താ അതിന്റെ പ്രത്യേകത?" വീരമണി: "ബുദ്ധിയുള്ള കുട്ടികള്‍ കൊടുത്ത പൂമൊട്ടുകള്‍ അടുത്ത ദിവസം പൂജാ സമയത്ത്‌ വിടരുമ്പോള്‍ മറ്റുള്ളവരുടെ പൂക്കള്‍ വാടിപ്പോകുകയും ചെയ്യുമല്ലോ. അതില്‍ ജയിച്ച നാലുപേര്‍ അവശേഷിച്ചു" "എന്നിട്ട്?” മന്ത്രിക്ക് ആകാംക്ഷയായി. വീരമണി: "അപ്പോൾ, അമ്മ തിണ്ണയില്‍ നാലു മൂര്‍ച്ചയുള്ള കത്തികള്‍ വച്ചിരുന്നത് എടുത്തു തരാൻ അവരോടു പറഞ്ഞു. പക്ഷേ, അതിൽ ഒരു കുട്ടി മാത്രമാണ് വായ്ത്തലയിൽ പിടിച്ചുകൊണ്ട് പിടിയുള്ള ഭാഗം അമ്മയ്ക്കു നീട്ടിയത്!" രാജാവ് പറഞ്ഞു - "ആ കുട്ടികൾ അമ്മ പറഞ്ഞത് അനുസരിച്ചല്ലോ. പിന്നെന്താണ് പ്രശ്നം?" വീരമണി പറഞ്ഞു - "മറ്റുള്ളവരെ മുറിവേല്പിക്കാതെ കത്തി കൊടുത്ത് കരുതൽ കാണിച്ച മനസ്സ് ഈ നിൽക്കുന്ന ശങ്കുണ്ണി മാത്രമാണ് കാട്ടിയത്" കാര്യം ഗ്രഹിച്ചു രാജാവും മന്ത്രിയും ക്ഷമാപണം നടത്തി അവിടം വിട്ടു. ആശയം - മറ്റുള്ളവരെ കരുതുന്ന നിസ്വാര്‍ത്ഥത സൂചിപ്പിക്കുന്ന കഥയാണിത്. പണ്ടത്തെ, ഗുരുകുല സമ്പ്രദായം മികച്ച വിദ്യാഭ്യാസ രീതിയായിരുന്നു. യോഗയും അവിടെ ഒരു വിഷയമായി കുട്ടികള്‍ പഠിച്ചിരുന്നു. ഇക്കാലത്ത്, നാടന്‍സമ്പ്രദായങ്ങളും പഴമയുടെ നന്മകളും മലയാളഭാഷയും മറക്കാന്‍ ശ്രമിക്കുമ്പോള്‍ അധ്യാപക-വിദ്യാര്‍ഥി ബന്ധങ്ങള്‍ ശിഥിലങ്ങളാവുന്നു!


Related Articles

അവലോകനം

കഥകൾ

Contact  : info@amalothbhava.in

Top