ഒരിക്കൽ, ജോണിക്കുട്ടി ബന്ധുവിന്റെ വീട്ടിൽ ഒരു സൗഹൃദ സന്ദർശനം നടത്തി. ആ വീട്ടിലെ കസിന്റെ മകൾ ബി.എസ്.സി നഴ്സിങ്ങിനു നാലാം വർഷം പഠിക്കുകയാണ്. അവൾ വൈകുന്നേരം ക്ലാസ് വിട്ടു വന്ന സമയത്ത് ജോണിക്കുട്ടി കുശലാന്വേഷണം നടത്തി. ആ പെൺകുട്ടിക്ക് പൊക്കം തീരെ കുറവാണ്. വല്ലാതെ മെലിഞ്ഞിരിക്കുന്ന ശരീരപ്രകൃതി. "കോഴ്സ് കഴിയാറായി അല്ലേ? ഇനിയെന്താ പ്ലാൻ? മോളെന്താ ഇവിടെ ഗവൺമെന്റ് സർവീസിൽ കയറാൻ നോക്കുന്നുണ്ടോ?" ഉടൻ, അവളുടെ അമ്മയാണ് മറുപടി പറഞ്ഞത് - "ഓ.. ആർക്കു വേണം ഇവിടത്തെ ജോലി? അവൾക്ക് യു.എസിൽ പോകണമെന്നാണു താൽപര്യം " അപ്പോൾ, ജോണിക്കുട്ടി അല്പനേരം ആലോചിച്ച ശേഷം പറഞ്ഞു - "അമേരിക്കക്കാരൊക്കെ വലിപ്പമുള്ള ആളുകളാ, ആ പേഷ്യന്റ്സിനെ കൈകാര്യം ചെയ്യണമെങ്കിൽ ഇങ്ങനെയിരുന്നാൽ പോരാ. നല്ലതുപോലെ ഭക്ഷണം കഴിക്കണം, കേട്ടോ " അവൾ പറഞ്ഞു- "അങ്കിളേ, നല്ലതുപോലെയൊക്കെ കഴിക്കുന്നുണ്ട്, പക്ഷേ, ഞാൻ വണ്ണം വയ്ക്കുന്ന ടൈപ്പല്ല " "എങ്കിൽ, ഒരു കാര്യം ചെയ്യ്. പ്രാക്ടീസിന് കുട്ടികളുടെ നഴ്സിങ് തെരഞ്ഞെടുത്താൽ മതിയല്ലോ. കൈകാര്യം ചെയ്യാൻ എളുപ്പമാണ്" "എനിക്ക് കാർഡിയോളജി മതി, വേക്കൻസി കൂടുതലാണ്" പെൺകുട്ടിയുടെ ഉറച്ച മറുപടി കേട്ടപ്പോൾ ജോണിക്കുട്ടി പിന്നൊന്നും പറഞ്ഞില്ല. എന്നാൽ, ജോണിക്കുട്ടി പോയിക്കഴിഞ്ഞപ്പോൾ അപ്പനും അമ്മയും മകളും കൂടി മുറുമുറുത്തു. മകൾ പറഞ്ഞു - "നഴ്സിങ് പഠിച്ച എനിക്കാണോ, അതോ, അയാൾക്കാണോ ഇതിനെപ്പറ്റി അറിയാവുന്നത്?" അവർ മൂവരും ജോണിക്കുട്ടിയെ പരിഹസിച്ചു തൃപ്തിയടഞ്ഞു. അവിടത്തെ പ്രായമായ വല്യമ്മയുടെ മനസ്സില്‍ ഒന്നും ഇരിക്കാതെ വേറൊരു ബന്ധുവിനോടു ഇതേപ്പറ്റി പറഞ്ഞത് നാലഞ്ചു ചെവികള്‍ കൈമാറി ജോണിക്കുട്ടിയുടെ ചെവിയിലെത്തി! ഇനി ജോണിക്കുട്ടിയുടെ അറിവിനെപ്പറ്റി അല്പം - ആറു മാസം മുൻപ്, അയാളുടെ സുഹൃത്തിന്റെ ഭാര്യ (നഴ്സ് ) യു.എസിൽനിന്ന് ഇരുപതു ദിവസത്തെ അവധിയെടുത്ത് നടുവേദനയുടെ ചികിൽസയ്ക്ക് നാട്ടിൽ വന്നിരുന്നു. വർത്തമാനത്തിനിടയിൽ പറഞ്ഞത് - "എന്റെ നടുവ് പ്രശ്നമാകുമെന്ന് കരുതിയില്ല. കാർഡിയാക് ഡിസീസ് വരുന്ന ഭൂരിഭാഗം ആളിനും അമിത വണ്ണമാണ്. അവരെ പിടിച്ചു കിടത്തുമ്പോൾ നടുവിന്റെ ആരോഗ്യം പോകും നമ്മൾ ഇന്ത്യാക്കാരുടെ വലിപ്പമല്ല അവർക്ക്. അവിടത്തെ വെളുമ്പന്മാരും കറുമ്പന്മാരും (സായിപ്പും നീഗ്രോയും) ഭയങ്കര സൈസാണ്" "അങ്ങനെയെങ്കിൽ വേറെ ബ്രാഞ്ചിലേക്കു മാറാൻ പറ്റില്ലേ?" "ഇല്ല. എക്സ്പീരിയൻസ് ഏതിലാണോ അതിലായിരിക്കും നിയമനം. ഞാൻ നഴ്സിങ്ങ് കോഴ്‌സ് കഴിഞ്ഞയുടൻ കാർഡിയോളജിയാണ് എടുത്തത്. ഓരോ വിങ്ങിലും അതിന്റെതായ കുഴപ്പങ്ങളുണ്ട്. ഓപറേഷൻ തിയറ്റർ നഴ്സായ എന്റെ ഫ്രണ്ടിന് ഡ്യൂട്ടിക്ക് ഒരേ നിൽപ്പുനിന്ന് വെരിക്കോസ് വെയിനാണ്! എന്നാൽ, പീഡിയാട്രിക് റിസ്ക് കുറവാണ് പേഷ്യന്റ് പരാതിയും പറയില്ല, ഈസിയായി ഹാന്റിൽ ചെയ്യാൻ പറ്റും" അനേകം വർഷങ്ങളായി ജോലി ചെയ്യുന്ന മേഖലയിൽ പ്രായോഗികമായി ധാരാളം അറിവുകൾ ലഭിക്കും. മനുഷ്യന്റെ അതിജീവനത്തിനായി നന്മകള്‍ എവിടെയും പ്രസരിപ്പിക്കുന്ന ചില സാധാരണക്കാരെ കാണുമ്പോള്‍ പരിഹസിക്കരുത്. അനുഭവങ്ങളിൽ നിന്നു ലഭിക്കുന്ന അറിവിനു വില കല്പിക്കുമല്ലോ.