സാന്താക്ലോസിന്റേതുപോലുള്ള നീണ്ട വെള്ളത്താടി. അതിനിടയിലൂടെ തെളിഞ്ഞുകാണുന്ന ചെറുപുഞ്ചിരി. ചിതറിവീഴുന്ന ഒരു ചെറുവാക്ക്. പിന്നെയൊരല്പം ഇടവേള. വീണ്ടും ഒരു വാക്ക്. അങ്ങനെയങ്ങനെ മര്മ്മരം പോലെ പൊഴിയുന്ന സംസാരം. സ്വതസിദ്ധമായ നര്‍മ്മബോധവും ഹൃദയലാളിത്യവും ഒന്നുചേരുമ്പോള്‍ ശ്രോതാക്കള്‍ക്കത് ഹൃദ്യമായ അനുഭൂതിയായി മാറും. ഗരിമയാര്‍ന്ന തത്ത്വങ്ങളൊന്നും ഉദ്ഘോഷിക്കാനല്ല, ഹൃദയത്തില്‍നിന്നൂറിവരുന്ന കൊച്ചുകാര്യങ്ങള്‍ പതിഞ്ഞ സ്വരത്തില്‍ പങ്കുവയ്ക്കാനാണിഷ്ടം – രണ്ടു പതിറ്റാണ്ടുമുമ്പ് നിത്യതയില്‍ ലയിച്ച കാര്‍ഡിനല്‍ ആന്റണി പടിയറയെ അനുസ്മരിക്കുമ്പോള്‍ ഇപ്രകാരമൊരു ഉപക്രമമാകും ഉചിതം. കേരളസഭയിലെ രണ്ടാമത്തെ കര്‍ദ്ദിനാള്‍, സീറോമലബാര്‍സഭയുടെ പ്രഥമ മേജര്‍ ആര്‍ച്ച്ബിഷപ്, മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവി കൈവന്ന നാളുകളിലെ സഭാസാരഥി എന്നീ നിലകളിലൊക്കെ സഭാചരിത്രത്തില്‍ ശ്രദ്ധേയസ്ഥാനമലങ്കരിക്കുന്ന വ്യക്തിയാണ് മാര്‍ ആന്റണി പടിയറ. ചങ്ങനാശേരി അതിരൂപതയിലെ മണിമല ഇടവകയില്‍ പടിയറ കുരുവിള ആന്റണി-അന്നമ്മ ദമ്പതികളുടെ അഞ്ചാമത്തെ മകനായി 1921 ഫെബ്രുവരി 11-നാണ് ജനനം. മണിമല ഗവ. സ്കൂള്‍, സെന്റ് ജോര്‍ജ് മിഡില്‍ സ്കൂള്‍, ചങ്ങനാശേരി എസ്. ബി. ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം ബാംഗ്ലൂര്‍ സെന്റ് പീറ്റേഴ്സ് റീജണല്‍ സെമിനാരിയില്‍ ചേര്‍ന്നു. 1945 ഡിസംബര്‍ 19-ന് കോയമ്പത്തൂര്‍ രൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചു. കുറച്ചുനാള്‍ ഇടവകസേവനം നടത്തിയ അദ്ദേഹം മൈനര്‍ സെമിനാരി റെക്ടറായും റീജണല്‍ സെമിനാരിയിലെ പ്രൊഫസറായും സേവനം ചെയ്തു. വൈദികജീവിതത്തിന്റെ പത്താംവര്ഷത്തില്, 1955 ജൂലൈ 3-ന് ഊട്ടി രൂപതയുടെ മെത്രാനായി മാര്‍പാപ്പ നിയമിച്ചു. ആ വര്‍ഷം ഒക്ടോബര്‍ 16-ന് മെത്രാഭിഷേകം നടക്കുമ്പോള്‍ അദ്ദേഹം ഭാരതകത്തോലിക്കാസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ബിഷപ്പാവുകയായിരുന്നു, തന്റെ 34-ാം വയസില്‍. ഒന്നരപ്പതിറ്റാണ്ട് അവിടെ അജപാലനം നിര്‍വ്വഹിച്ച ബിഷപ് ആന്റണി പടിയറ 1970 ജൂണ്‍ 14-ന് ചങ്ങനാശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായി. അങ്ങനെ ലത്തീന്‍സഭയുടെ കീഴില്‍ വൈദികവിദ്യാര്‍ത്ഥിയായും വൈദികനായും മെത്രാനായും സംവത്സരങ്ങള്‍ ചെലവഴിച്ച അദ്ദേഹം തന്റെ മാതൃസഭയിലേക്കും മാതൃരൂപതയിലേക്കും തിരിച്ചെത്തി. അടുത്ത ഒന്നരപ്പതിറ്റാണ്ട് ചങ്ങനാശേരിയായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മഭൂമി. 1985 ഏപ്രില്‍ 23-ന് മാര്‍ ആന്റണി പടിയറ എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്തയായി ചുമതലയേറ്റെടുത്തു. അപ്പോള്‍ കാര്‍ഡിനല്‍ ജോസഫ് പാറേക്കാട്ടില്‍ സ്ഥാനത്യാഗം ചെയ്തിട്ട് ഒരു വര്‍ഷം കഴിഞ്ഞിരുന്നു. 1923 ഡി സംബര്‍ 21-ന് മാര്‍പാപ്പ സീറോ മലബാര്‍ ഹൈരാര്‍ക്കി സ്ഥാപിച്ചതോടെ പ്രഥമ അതിരൂപതയായി ഉയര്‍ത്തപ്പെട്ട എറണാകുളത്തേക്ക് എത്തിയ മാര്‍ പടിയറ സൗമ്യമായ പെരുമാറ്റം മൂലം ഏവരുടെയും സ്നേഹാദരവുകള്‍ ഏറ്റുവാങ്ങി. 1988 ജൂണ്‍ 28-ന് അദ്ദേഹം കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 1992 ഡിസംബര്‍ 16-ന് ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ സീറോമലബാര്‍സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയായി ഉയര്‍ത്തുകയും എറണാകുളം അതിരൂപത മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ ഭദ്രാസനമായി നിശ്ചയിക്കുകയും ചെയ്തു. അതേ രേഖയില്‍ത്തന്നെ അതിരൂപതയുടെ പേര് എറണാകുളം-അങ്കമാലി എന്നാക്കി മാറ്റി. അങ്ങനെ പടിയറപ്പിതാവ് സീറോ മലബാര്‍സഭയുടെ ആദ്യത്തെ മേജര്‍ ആര്ച്ച്ബിഷപ്പായിത്തീര്ന്നു. അതിരൂപതയിലെ പ്രഗത്ഭരായ വൈദികരുടെ സഹായത്തോടെ അജപാലനം നിര്‍വ്വഹിച്ചുപോന്ന അദ്ദേഹം സുഹൃദ്ബന്ധങ്ങളാല്‍ സമ്പന്നനായിരുന്നു. നര്‍മ്മത്തില്‍ പൊതിഞ്ഞ വാക്കും പ്രവൃത്തിയും ഏവരേയും ആകര്‍ഷിച്ചിരുന്നു. സെമിനാരി അധ്യാപകനും ധ്യാനഗുരുവുമൊക്കെയായി ശോഭിച്ചിട്ടുള്ള അദ്ദേഹം ആത്മീയതയുടെ ആര്‍ദ്രഭാവങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. വാര്‍ദ്ധക്യത്തില്‍ രോഗബാധിനായ അദ്ദേഹം 1996 നവംബര്‍ 11-ന് സ്ഥാനത്യാഗം ചെയ്ത് കാക്കനാട്ടുള്ള പ്രകൃതിചികിത്സാകേന്ദ്രത്തില്‍ വിശ്രമജീവിതം നയിച്ചു. 2000 മാര്‍ച്ച് 23-ന് ആയിരുന്നു ദേഹവിയോഗം. പിറ്റേന്ന് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ അദ്ദേഹത്തെ സംസ്കരിച്ചു. എക്കാലവും ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച, പത്തു ഭാഷകളില്‍ പ്രാവീണ്യമുള്ള പണ്ഡിതനായ കാര്‍ഡിനല്‍ പടിയറയെ 1998-ല്‍ പത്മശ്രീപുരസ്കാരം നല്കി രാഷ്ട്രം ആദരിച്ചു. അദ്ദേഹത്തിന്റെ ഫലിതസമ്പന്നതയെ ഉദാഹരിച്ചുകൊണ്ട് 'പടിയറഫലിതങ്ങള്‍' എന്നപേരില്‍ ഒരു പുസ്തകം എഴുതപ്പെട്ടിട്ടുണ്ട്. ഫലിതസമ്രാട്ടായ ക്രിസോസ്തം തിരുമേനിയെക്കുറിച്ചുള്ള ഒരു ആദരലിഖിതത്തില്‍ യശഃശരീരനായ ഡോ. ഡി. ബാബുപോള്‍, കാര്‍ഡിനല്‍ പടിയറയെക്കുറിച്ച് നടത്തുന്ന ഒരു പരാമര്‍ശം ഉദ്ധരിച്ചുകൊണ്ട് ഈ അനുസ്മരണം ഉപസംഹരിക്കാം: അന്തസ്സുറ്റതും സന്ദേശം ഉള്‍ക്കൊള്ളുന്നതും സ്വാഭാവികവും ആയ ഫലിതം വേറെ കേട്ടിട്ടുള്ളത് പടിയറ കര്‍ദ്ദിനാള്‍ തിരുമേനിയുടെ മുഖത്തുനിന്നുമാത്രമാണ്. ഒടുവില്‍ പാര്‍ക്കിന്‍സോണിസത്തിന്റെ പ്രാരബ്ധങ്ങള്‍ സമ്മാനിച്ച നിസഹായതയില്പോലും ആ പിതാവിന്റെ നര്മ്മബോധത്തിന് അടങ്ങിക്കഴിയാനായില്ല. കാതുകൂര്‍പ്പിച്ചിരുന്നാലേ ഗ്രഹിക്കാമായിരുന്നുള്ളൂ. എങ്കിലും എല്ലാവരും കാതുകൂര്‍പ്പിക്കുമായിരുന്നു. ആ പരേതാത്മാവിന്റെ നര്മ്മബോധത്തിന് ആദരാഞ്ജലി എന്ന രൂപത്തില്‍ ഒരു കഥ കുറിച്ചുകൊള്ളട്ടെ. ഇടവകസന്ദര്‍ശനത്തിനെത്തുന്ന മെത്രാനെ അനാവശ്യമായ ആര്‍ഭാടങ്ങളോടെ സ്വീകരിക്കുന്ന രീതി റോമന്‍ കത്തോലിക്കാസഭയിലുള്ളത് അവസാനിപ്പിക്കണമെന്ന് മോഹിച്ച ആളായിരുന്നു കര്‍ദ്ദിനാള്‍. അദ്ദേഹം പറഞ്ഞു: "ഞാന്‍ ഇടവകസന്ദര്‍ശനം നിര്‍ത്താന്‍ പോവുകയാണ്. കഴിഞ്ഞ കൊല്ലം എന്നെ ആഘോഷമായി വരവേറ്റ ഒരു ഇടവകയുടെ കണക്ക് പരിശോധിച്ചതോടെയാണ് ഈ ചിന്ത ഉദിച്ചിട്ടുള്ളത്. അവരുടെ കണക്കില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത്, കര്‍ദ്ദിനാളിനെ വെടിവച്ചുകൊണ്ടുവരാന്‍ ചെലവ് രൂപ രണ്ടായിരം എന്നാണ്!"
സമർപ്പിതർ ദുർബ്ബലരാണെന്ന് ആരുപറഞ്ഞു?
കൂദാശകൾ
പ്രഭാത പ്രാർത്ഥന ; 05 - 11 – 2020
മയിലിന്റെ ഹർജി