"ഓ വഞ്ചിക്കപ്പെട്ട ജനമേ, നിങ്ങൾ എന്താണു ചെയ്തു കൊണ്ടിരിക്കുന്നത്. എന്തു കൊണ്ടാണ് നിങ്ങൾക്ക് സംബന്ധിക്കാവുന്ന അത്രയും വിശുദ്ധ കുർബ്ബാനകൾ ഉൾക്കൊള്ളുന്നതിനു ദേവാലയത്തിലേക്ക് പോകാൻ ധൃതി കൂട്ടാത്തത്. ഓരോ വി.കുർബ്ബാനയും അർപ്പിക്കുമ്പോൾ പറുദീസയിൽ നിന്ൻ അൾത്താരയ്ക്ക് ചുറ്റും സ്ഥലം പിടിച്ച് നമുക്കുവേണ്ടി മാധ്യസ്ഥം വഹിച്ചുകൊണ്ട് ആരാധിക്കുന്ന ദൈവദൂതൻമാരെ അനുകരിക്കുന്നില്ലേ" (വി.ലെനാർഡ്‍). പരി. കുർബ്ബാനയ്ക്ക് നമ്മുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്താൽ നമുക്കൊന്നിനും കുറവുണ്ടാകുകയില്ല. നമ്മുടെ മാനുഷിക ബുദ്ധികൊണ്ട് ചിന്തിച്ചാൽ നമുക്കിത് മനസ്സിലാവുകയില്ല. വിശ്വാസത്തിൻറെ തലത്തിൽ നിന്നുകൊണ്ട് നോക്കിയാൽ മാത്രമേ നമുക്കത് മനസ്സിലാവുകയുള്ളൂ. വേനൽക്കാലങ്ങളിൽ എൻറെ ജോലി കഴിയുന്നതും നേരത്തെ ചെയ്യുകയാണെങ്കിൽ എളുപ്പമുണ്ടെന്നുള്ളതും ക്ഷീണം കുറയുമെന്നുള്ളതും ഞാൻ നിഷേധിക്കുന്നില്ല. എന്നാൽ എൻറെ അനുഭവം പ്രഭാതത്തിലെ ബലിയർപ്പണത്തിനു ശേഷം ജോലിക്കിറങ്ങിയാൽ സമാനമായ തൊഴിൽ ചെയ്യുന്ന എല്ലാവരേക്കാളും കൂടുതലായി ജോലി ചെയ്യാൻ എനിക്കു സാധിക്കുന്നുണ്ട്. ഒരിക്കൽ ഇടവകയിൽ കുർബ്ബാനയില്ലാത്തതിനാൽ അയൽഇടവകയിൽ പോകേണ്ടി വന്നു. തിരിച്ചെത്തിയപ്പോഴേക്കും സമയം പതിവിലും ഏറെ വൈകിയിരുന്നു. ഇതറിഞ്ഞ് ഒരാൾ എന്നോട് പറഞ്ഞു. നിന്നെപ്പോലുള്ള പണിക്കാർ ഒരു തച്ച് പണി ചെയ്തു. നീ ഇപ്പോഴല്ലേ ഇറങ്ങുന്നത്. ഇവിടെ ഒരു സത്യം കുറിക്കട്ടെ. ഞാൻ 10 മണി മുതൽ 1 മണി വരെ ചെയ്ത പണിയും സുഹൃത്ത് പറഞ്ഞ ആൾ 6 മണി മുതൽ 1 മണി വരെ ചെയ്ത പണിയുടെ കൂലിയും കൂട്ടി നോക്കിയപ്പോൾ ഞങ്ങൾ തുല്യരായി. (തെങ്ങു കയറ്റ പണിയിൽ കയറുന്ന തെങ്ങിൻറെ എണ്ണമനുസരിച്ചാണ് കൂലി എന്നതിനാൽ ഉടമസ്ഥന് ജോലി എപ്പോൾ ആരംഭിച്ചാലും നഷ്ടം വരുന്നുമില്ല). അന്ൻ എന്നെ വേദനിപ്പിച്ച ഒരു സംഭവം കൂടിയുണ്ടായി. ഒരാൾ എന്നെ പരിഹസിച്ചു പറഞ്ഞു. "എടാ കുർബ്ബാനയ്ക്ക് അച്ഛൻമാരും കന്യാസ്ത്രീകളും പോലും ഇത്ര പ്രാധാന്യം കൊടുക്കുന്നില്ല. നിന്നേപ്പോലൊരു മണ്ടൻ". അദ്ദേഹത്തോട് ഒരു മറുപടി പറയാൻ എനിക്കു സാധിച്ചില്ല. സാധാരണയായി പരിശുദ്ധ കുർബ്ബാനയെക്കുറിച്ച് പലരോടും വാചാലമായി പറയാറുണ്ട്. അന്ൻ രാത്രി അദ്ദേഹത്തെ സമർപ്പിച്ച് ഇപ്രകാരം പ്രാർത്ഥിച്ചു -"ഈശോയേ, ഇദ്ദേഹത്തിനു പരിശുദ്ധ കുർബ്ബാനയുടെ വില മനസ്സിലാക്കി കൊടുക്കണം. അജ്ഞത കൊണ്ട് പറഞ്ഞത് അങ്ങ് ക്ഷമിക്കണം". പിറ്റേദിവസം അത്ഭുതം സംഭവിച്ചു. രാവിലെ അദ്ദേഹം പള്ളിയിൽ വന്നു. കുർബ്ബാന കഴിഞ്ഞ് എന്നെ പരിഹസിച്ച അതേ സ്ഥലത്തുവച്ചു ഞങ്ങൾ കണ്ടുമുട്ടി. അദ്ദേഹം പറഞ്ഞു: ചേട്ടൻ എന്നോട് ക്ഷമിക്കണം. ഞാൻ ഇന്നലെ പറഞ്ഞതോർത്ത് രാത്രിയിൽ ഏറെ വേദനിച്ചു. എനിക്കിന്നലെ ഉറങ്ങാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ടാണ് ഞാൻ രാവിലെ പള്ളിയിലും വന്നത്. ചിലപ്പോൾ ചില പരിഹാസങ്ങളും ദൈവം അറിഞ്ഞ് അനുവദിക്കാറുണ്ട്. അപ്പോൾ നമ്മെ പരിഹസിച്ചവരെ ശപിക്കാതെ പ്രാർത്ഥിച്ചാൽ ഫലം വളരെ വലുതായിരിക്കും, ദൈവഹിതം ഇവിടെ നിറവേറും. മറ്റൊരു സംഭവം പങ്കുവയ്ക്കാം. ചെറുപ്പത്തിൽ വൈദികനാകണമെന്ന് ആഗ്രഹിച്ചു. നടന്നില്ല. ഇടവകയിൽ ഒരു കപ്യാരുടെ ഒഴിവു വന്നപ്പോൾ ഞാൻ ചിന്തിച്ചു. ഈ പണി കിട്ടിയാൽ കൊള്ളാം. ഏതായാലും എന്നും പള്ളിയിൽ പോകുന്നുണ്ട്. അതോടൊപ്പം കപ്യാരുടെ പണി കൂടിയായാൽ ഒരു വരുമാനവുമായി, പ്രത്യേക ത്യാഗങ്ങൾ ഇല്ലതാനും. തെങ്ങു കയറ്റം നിർത്തുകയുമാകാം. (ആ കാലഘട്ടങ്ങളിൽ എനിക്ക് തെങ്ങുകയറ്റത്തെ പൂർണ്ണമായും ഉൾക്കൊള്ളാൻ സാധിക്കുന്നുമില്ലായിരുന്നു). ഇവിടെ എൻറെ മാനുഷിക ബുദ്ധി ശരിക്കും ഉപയോഗിച്ചു. ഞാൻ തെങ്ങു കയറുന്ന അനേകം വീടുകളുണ്ട്. അവരിൽ പലരും പള്ളി കമ്മറ്റിക്കാരുമാണ്. ഞാൻ അവരോട് പറഞ്ഞു. പാരിഷ് കൗൺസിൽ കൂടുമ്പോൾ കപ്യാർ സ്ഥാനത്തേക്ക് എൻറെ പേർ പറയണം. കപ്യാരു പണി കഴിഞ്ഞ് നിങ്ങളുടെ തേങ്ങായും ഇട്ടു തരാം. വളരെ പ്രതീക്ഷയോടെ കാത്തിരുന്ന പാരീഷ് കൗൺസിലിൽ ഇക്കാര്യം ചർച്ചക്കു വന്നപ്പോൾ പലരും തൻറെ പേര് സൂചിപ്പിച്ചു. അച്ഛൻ അന്ൻ പാരീഷ് കൗൺസിലിൽ പറഞ്ഞ വാക്കുകൾ എന്നെ ഏറെ വേദനിപ്പിച്ചു. "അവൻ കപ്യാരായാൽ ശരിയാവുകയില്ല. കുർബ്ബാനയോടൊക്കെ അൽപം ഭക്തിയുള്ള ആളാകണം കപ്യാര്." എന്നേക്കാൾ പക്വതയുള്ള മറ്റൊരാളെ തിരഞ്ഞെടുത്തു. പക്ഷേ അത്ഭുതം അതല്ല. എന്നെ അന്ന് കപ്യാരായിട്ട് തിരഞ്ഞെടുത്തിരുനെങ്കിൽ ഞാൻ ഇന്ന് ഈ നിലയിൽ എത്തുമായിരുന്നില്ല. അതിനുശേഷം ഒരു വർഷം കഴിഞ്ഞാണ് ഞാൻ കുർബാനയെക്കുറിച്ച് ക്ലാസ്സെടുക്കാനും എഴുതാനും തുടങ്ങിയത്. ഇവിടെ ഒരു സത്യം കുറിക്കട്ടെ. അന്നത്തെ തിരഞ്ഞെടുപ്പ് നൂറു ശതമാനം ദൈവഹിതമായിരുന്നു. എന്നെ അവിടം കൊണ്ട് നിർത്താനല്ലായിരുന്നു കർത്താവിൻറെ പദ്ധതി. "മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു. അന്തിമമായ തീരുമാനം കർത്താവിൻറേതാണ്." (സുഭാ. 16:1). ആ നാളുകളിൽ തന്നെ കുർബ്ബാനയ്ക്കിടയിൽ ഒരു ഗാനത്തിലൂടെ എൻറെ ഭോഷത്തം തിരിച്ചറിഞ്ഞു. ഞാനീ മണ്ണിൽ കഴിവോളം ദൈവസ്തുതികൾ പാടീടും അരചനിലോ നരനൊരുവനിലോ ശരണം തേടാൻ തുനിയരുതേ (സീറോ മലബാർ കുർബ്ബാന ക്രമം) മനുഷ്യനിൽ ശരണം വയ്ക്കാതെ ദൈവത്തിൽ ആശ്രയിക്കുമെന്ന് എല്ലാ ദിവസവും കുർബ്ബാനയിൽ ഏറ്റുപറയുന്ന ഞാൻ വളഞ്ഞ വഴികളിൽ കൂടി ആളുകളെ സ്വാധീനിച്ച് കപ്യാരാകാൻ ശ്രമം നടത്തി. ഇതേപ്പറ്റി ചിന്തിച്ചപ്പോൾ എനിക്കു മനസ്സിലായത് വി. പത്രോസിനെ ഈശോ വിളിച്ചപ്പോൾ തന്നെ "ആദ്യ മാർപ്പാപ്പയായി" തന്നെയാണ് കണ്ടത്. തള്ളിപ്പറഞ്ഞപ്പോഴും ചെവി ഛേദിച്ചപ്പോഴും, വെള്ളത്തിൽ എടുത്തുചാടി താഴ്ന്നപ്പോഴും എല്ലാം. അങ്ങനെയെങ്കിൽ എന്തൊക്കെ കോപ്രായങ്ങൾ ഞാൻ കാണിച്ചാലും (അറിഞ്ഞും അറിയാതെയും) ദൈവത്തിന് എന്നെക്കുറിച്ചുള്ള പദ്ധതിയാണ് ഏറ്റവും ഉത്തമമായ പദ്ധതി. എൻറെ ഏറ്റവും വലിയ ആഗ്രഹം ഒരു വിശുദ്ധനാകണമെന്നാണ്. അതിനുവേണ്ടി ഞാൻ ഒരു പദ്ധതിയും തയ്യാറാക്കണ്ട. ഈശോയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ആഗ്രഹമാണ് അതെന്ൻ ഞാൻ കരുതുന്നു. അത് സമയത്തികവിൽ അവിടന്ന് നിറവേറ്റും. വി. മേരി ജോസഫ് റോസെല്ലോയുടെ വാക്കുകൾ പ്രസക്തമാണ്. "നിൻറെ അനുദിന കൃത്യങ്ങൾ ശരിയായി നിർവഹിച്ചാൽ നിനക്ക് ഒരു വിശുദ്ധനാകാം".
2synod