പൂർണ്ണിമ | ബോബി ജോസ് കട്ടികാട്

27,  Sep   

ഈ കുറിപ്പുകള്‍ എഴുതിത്തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന ലോകമല്ല ഇപ്പോഴുള്ളത്.

കളിപ്പൊയ്കയില്‍ ഉല്ലാസനൗക തുഴയുന്ന വരെപ്പോലെ അലസമായി നീങ്ങുമ്പോള്‍ നാമറിഞ്ഞില്ല ആഴിയിലേക്കാണതെന്ന്; ലോകം ഒരു കട്ടമരത്തേക്കാള്‍ ദുര്‍ബലമാണെന്നും ഒരു ചെറിയ തിരയില്‍പ്പോലും അതു നെടുകെ പിളര്‍ന്നുപോകുമെന്നും.

'ടൈറ്റാനിക്കി'ന് ആവര്‍ത്തനങ്ങളുണ്ടാകുന്നു. മുങ്ങുന്ന ഒരു യാനപാത്രത്തില്‍ നിനക്കെന്തു ചെയ്യാനാവുമെന്നാണ് ശരിയായ പ്രതിസന്ധി. പള്ളികള്‍ അടഞ്ഞിരിക്കു ന്നു. ഈസ്റ്റര്‍ ആഘോഷിക്കുമെന്ന് ഉറപ്പില്ലാത്തതു കൊണ്ട് നോമ്പ് അപ്രസക്തമാകുന്നു. എന്നിട്ടും ഒരു വീണ്ടുവിചാരത്തില്‍ തോന്നുന്നു, വക്കോളം വെള്ളം നിറയുമ്പോഴും നിര്‍ഭയരായി തങ്ങള്‍ക്കറിയാവുന്ന ഈണങ്ങള്‍ പാടിത്തീര്‍ക്കുന്ന ആ വാദ്യഘോഷക്കാരുടെ ഇടയിലാണ് വിശ്വാസി തന്നെത്തന്നെ ചേര്‍ത്തു നിര്‍ത്തേണ്ടതെന്ന്.

ടൈറ്റാനിക്, ജാക്കിന്‍റേയും റോസിന്‍റേയും മാത്രം കഥയല്ല. അവരാവട്ടെ, ജയിംസ് കാമെറോണിന്‍റെ ഭാവനയില്‍ പൊടിച്ചവരും. എന്നാല്‍, യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ ആവോളമുണ്ട് അതില്‍. എട്ടംഗ ബാന്‍ഡിനെ നയിച്ച വാലസ് ഹാര്‍ട്ലി അതിലൊരാളാണ്. കപ്പലിനെ നിയന്ത്രിക്കാന്‍ അവര്‍ക്കറിയില്ല. അറിയാവുന്നത് സമാശ്വാസഗീതങ്ങള്‍ പാടുക എന്നതു മാത്രമാണ്. എല്ലാവരും മരിക്കുന്നൊന്നുമില്ല. വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നു. എന്നിട്ടും മുങ്ങിത്തുടങ്ങുന്ന കപ്പലില്‍ ജലസമാധിയുണ്ടാകുവോളം അവര്‍ പാടാനാണു തീരുമാനിച്ചിരിക്കുന്നത്. ഇതാണ് അക്ഷരാര്‍ത്ഥത്തിലെ ഹംസഗീതം.

അവര്‍ പാടിയ അവസാനത്തെ ഗീതം 'Nearer, my God, to thee' എന്നാണെന്ന് രക്ഷപ്പെടാന്‍ സാഹചര്യം കിട്ടിയ കനേഡിയന്‍ യാത്രക്കാരി ഓര്‍മിച്ചെടുക്കുന്നുണ്ട്. ചിത്രത്തിലും അങ്ങനെ തന്നെയാണ് കാട്ടുന്നത്. ഒരു മണിക്കൂര്‍ മുന്‍പേ രക്ഷപ്പെട്ട ഒരാളെന്ന നിലയില്‍ അവസാന ഗീതത്തക്കുറിച്ചുള്ള തര്‍ക്കം നിലനില്‍ക്കുന്നു. എന്തായാലും, എന്നെങ്കിലുമൊരിക്കല്‍ മുങ്ങുന്നൊരു കപ്പലില്‍ വാദ്യങ്ങള്‍ വായിക്കേണ്ട സാഹചര്യമുണ്ടാവുകയാണെങ്കില്‍ ഇതായിരിക്കും തന്‍റെ പാട്ടെന്ന് അയാള്‍ കളി പറഞ്ഞിരുന്നതായി അയാളുടെ ഒരു സ്നേഹിതന്‍ ഓര്‍ക്കുന്നുണ്ട്. വയര്‍ലെസ് ഓപ്പറേറ്ററായ ഹരോള്‍ഡ് ബ്രൈഡ് 'Autumn' എന്നൊരു ഗാനമാണ് ഒടുവില്‍ കേട്ടതെന്ന് ഉറപ്പിച്ചു പറയുന്നു. പദങ്ങള്‍ അപ്രസക്തമാണ്; എന്തിന്, രാഗങ്ങള്‍ പോലും! അറിയാവുന്ന കാര്യങ്ങളോടും അഭിരുചികളോടും സത്യസന്ധത പുലര്‍ത്തി കൂടെയായിരിക്കുക എന്നതാണ് പ്രധാനം. വിശ്വാസിയായി നിലനില്‍ക്കുക അത്രയെളുപ്പമല്ല. എന്നാല്‍, എന്തെങ്കിലുമൊന്നു വിശ്വസിക്കാതെ നിലനില്‍പ്പുമില്ല.

തനിക്കു പുറത്ത് ഒന്നുമില്ലെന്നു കരുതുന്ന ഒരു പുരുഷനും തനിക്കു പുറത്താണ് എല്ലാമെന്നു കരുതുന്ന അയാളുടെ സ്ത്രീയും. ഏകമകള്‍ കടന്നുപോവുകയാണ്: 'ഞാനിപ്പോള്‍ ആരെ വിശ്വസിക്കണം?'

'അമ്മയെ വിശ്വസിച്ച് സമാധാനത്തില്‍ പോവുക,' അയാള്‍ മറുപടി നല്കി.

ഏകാന്തതയേയും ഭയത്തേയും ആകുലതയേയും ഇരുട്ടിനേയും ഒടുവില്‍ മരണത്തേയുമൊക്കെ എന്തെങ്കിലും കൊണ്ട് നേരിട്ടേ പറ്റൂ. ഒറ്റയ്ക്കൊരു ദ്വീപില്‍ പെട്ടപ്പോള്‍ ഒരു കളിപ്പന്ത് ദൈവത്തിനു പകരമാക്കിയ ഒരാളേക്കുറിച്ച് ഒരു ചലച്ചിത്രമുണ്ട് – റോബര്‍ട്ട് സെമെകിസ് സംവിധാനം ചെയ്ത Cast Away കണ്ടുനോക്കൂ. കപ്പല്‍ച്ചേതങ്ങളില്‍ വിശ്വാസം ഒരു ലൈഫ് ജാക്കറ്റാണ്; അലസഭ്രമണങ്ങളില്‍ ചിലപ്പോളത് അസംബന്ധമോ ആഡംബരമോ ആയി അനുഭവപ്പെട്ടാല്‍പ്പോലും. അവിടുത്തെ അന്ത്യമൊഴികളിലേയ്ക്ക് വരൂ. എനിക്ക് ദാഹിക്കുന്നു എന്നതായിരുന്നു കഴിഞ്ഞ വാരത്തിലെ ധ്യാനം. അവര്‍ അവന് കയ്പ്പുനീര് (Vine Vinegar) കൊടുത്തുവെന്നാണ് സുവിശേഷകന്‍ രേഖപ്പെടുത്തുന്നത്. കുരിശാരോഹണത്തിന്‍റെ ആരംഭത്തില്‍ അവന് വീഞ്ഞ് നല്കാന്‍ ശ്രമിച്ചതിനെക്കുറിച്ചു സൂചനകളുണ്ട്. ഒരു തരം ലഹരി പദാര്‍ത്ഥമെന്ന നിലയില്‍ വേദനയില്ലാതെ അയാള്‍ മരിച്ചോട്ടെ എന്നൊരാഗ്രഹം നീട്ടിയ ആ ചഷകത്തിലുണ്ടായിരുന്നു. അത് യേശു നിഷേധിച്ചു. പരിപൂര്‍ണ്ണബോധത്തിലും അറിവിലും വേണം ഏതൊരു ആത്മബലിയും പൂര്‍ത്തിയാക്കേണ്ടതെന്ന് അവിടുത്തേക്കറിയാം.

പോസ്ക്ക എന്നാണ് ഭടന്മാര്‍ കൈമാറിയ ദ്രാവകം അറിയപ്പെട്ടിരുന്നത്. വീഞ്ഞുപോലെ ലഹരിയില്ലാത്തതും ചിലവുകുറഞ്ഞതുമായ ആ പാനീയം യാത്രകളില്‍ അവര്‍ കരുതിയിരുന്ന സാധാരണ പാനീയമായിരുന്നു. 'അവര്‍ വിനാഗിരിയില്‍ മുക്കിയ നീര്‍പ്പഞ്ഞി ഹിസോപ്പ് തണ്ടില്‍ വച്ച് ചുണ്ടോടടുപ്പിച്ചു. 'പെസഹാക്കുഞ്ഞാടിന്‍റെ രക്തം തളിച്ചുകൊണ്ടിരുന്നതും ഹിസോപ്പു കൊണ്ടായിരുന്നു. പ്രതീകങ്ങളൊക്കെ ഭൂമിയുടെ പുതിയ പെസഹയിലേയ്ക്ക് ഏകാഗ്രമാവുകയാണ്.

എല്ലാം പൂര്‍ത്തിയായി എന്ന മൊഴിയുടെ മുഴക്കത്തെക്കുറിച്ചാണ് ഇനി സൂചിപ്പിക്കേണ്ടത്. എന്തായിരുന്നു ക്രിസ്തു പൂര്‍ത്തിയാക്കിയ ദൗത്യം? താനെന്തിനു വേണ്ടിയായിരുന്നു മണ്ണിനോടൊപ്പം ഒരു ചെറിയകലമെന്ന് പല രീതിയില്‍ അവിടുന്ന് പറയാന്‍ ശ്രമിച്ചിട്ടുണ്ട്. ദരിദ്രരോട് സുവാര്‍ത്ത വിളിച്ചു പറയനെന്നും, ജീവന്‍റെ സമൃദ്ധിയെ ഉറപ്പാക്കാനെന്നും, കളഞ്ഞുപോയതിനെ വീണ്ടെടുക്കാനെന്നുമൊക്കെ തന്‍റെ തന്നെ നിയോഗത്തെ നിര്‍വചിച്ചിട്ടുണ്ട്. ഒറ്റവാക്കില്‍ മാനവരാശിയുടെ അച്ചാരമാവുകയെന്ന സംതൃപ്തിയുടെ, ആത്മനിര്‍വൃതിയുടെ ഒരു മന്ത്രണമായി ഇതിനെ ഗണിക്കാവുന്നതാണ്. Tetelestai എന്ന ഗ്രീക്ക് പദമാണ് ഉപയോഗിക്കപ്പെടുന്നത്. നിശ്ചയിക്കപ്പെട്ട ഒരു കാര്യം പരിപൂര്‍ണ്ണമായി പര്യവസാനിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന എക്സ്പ്രെഷന്‍ ആണത്. ഇപ്പോഴും അതിന്‍റെ ഫലം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നൊരു സൂചന അതിലടക്കം ചെയ്തിട്ടുണ്ട് – This happened and it is still in effect today. വര്‍ത്ത മാനത്തിലും അവന്‍റെ പൂര്‍ത്തീകരണത്തില്‍നിന്ന് നാം പഴം രുചിക്കുന്നു എന്ന് സാരം.

പ്രവചനങ്ങളുടെ പൂര്‍ത്തീകരണം കൂടിയാണിത്. ഉല്പത്തി മുതല്‍ മലാക്കി വരെ മുന്നൂറോളം പ്രവചനങ്ങള്‍ യേശുവില്‍ പ്രകാശിതമായിട്ടുണ്ട്. സര്‍പ്പത്തിന്‍റെ തലതകര്‍ക്കുന്ന വിത്ത് തൊട്ട് (ഉല്പത്തി 3:15). കാല്പനികമായ ചില ഭംഗികളും 'എല്ലാം പൂര്‍ത്തിയായി' എന്ന അന്ത്യമൊഴിക്ക് കല്പിച്ചു കൊടുക്കാറുണ്ട്. എന്തും പൂര്‍ത്തിയാവുന്നത് സ്നേഹത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുമ്പോഴാണ്. സാബത് ലംഘിച്ചുവെന്ന ആരോപണത്തെ ലംഘിക്കുകയല്ല പൂര്‍ത്തീകരിക്കുകയാണ് എന്ന് പറഞ്ഞാണ് തിരുത്തിയത്. അതിന്‍റെ അര്‍ത്ഥം സാബത്തില്‍ നിന്നു ചോര്‍ന്നുപോയ സ്നേഹത്തെ ഞാന്‍ കണ്ടെത്തി അതിലേയ്ക്ക് തിരികെ നിക്ഷേപിച്ചുവെന്നാണ്. സ്നേഹപൂര്‍ണിമ തന്നെയാണ് ആത്മീയപൂര്‍ണത. മടങ്ങിപ്പോകുമ്പോള്‍ ഒരാള്‍ അയാള്‍ ജീവിച്ചുതീര്‍ത്ത ജീവിതത്തെ തിടുക്കത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍ അത് പറയാനുള്ള ധൈര്യമുണ്ടായിരിക്കുമോ? എല്ലാം സ്നേഹപൂര്‍വ്വമായിരുന്നു – എല്ലാം. മുപ്പത്തിമ്മൂന്നു വയസ്സ് തീരെ ചെറിയ ഒരു പ്രായമാണ്. ഒന്നും പൂര്‍ത്തിയാക്കിയല്ല, ഒരു പക്ഷേ പലതും ആരംഭിക്കാന്‍പോലും സാവകാശം കിട്ടാതെ പോകുന്ന പ്രായം. എന്നിട്ടും എന്തൊരു ശാന്തിയിലും തൃപ്തിയിലുമാണ് അവിടുത്തെ മടക്കയാത്ര. 'ജീവിച്ച വര്‍ഷങ്ങളല്ല വര്‍ഷിച്ച ജീവിതമാണ് പ്രധാനമെന്ന്' ഒരിക്കല്‍ക്കൂടി അടി വരയിട്ട് ഈ മടക്കയാത്ര.


Related Articles

cropped-looo-Copy-2-2.png

വിചിന്തിനം

Contact  : info@amalothbhava.in

Top