അപ്പസ്തോലനായ വി.മത്തായി

30,  Sep   

ജനനം : ഏ.ഡി. 1
ജനന സ്ഥലം: കഫർണാം
പേരിനർത്ഥം: ദൈവത്തിന്റെ ദാനം
വിളിപ്പേര് : ചുങ്കക്കാരൻ മത്തായി
മാതാപിതാക്കൾ : അൽഫിയൂസ് -
ജോലി : നികുതി പിരിവ്
പ്രതീകങ്ങൾ : മാലാഖ
തിരുനാൾ : സെപ്തംബർ 21 (ലത്തീൻ ക്രമത്തിൽ), നവംബർ 16 (പൗരസ്ത്യ ക്രമത്തിൽ), ഒക്ടോബർ 22 (കോപ്ടിക് ഒാർത്തഡോക്സ് സഭ) മദ്ധ്യസ്ഥൻ : നികുതി പിരിക്കുന്നവരുടെയും, സാമ്പത്തിക കാര്യങ്ങൾ നടത്തുന്നവരുടെയും
മരണം : എത്യോപ്യയിൽ വച്ച് വി. ബലിമദ്ധ്യേ രാജാവിന്റെ മതമർദ്ദനത്തിൽ കൊല്ലപ്പെട്ടു.
അടക്കം ചെയ്തിരിക്കുന്ന സ്ഥലം : 954-ൽ എത്യോപ്യയിൽ നിന്ന് ഭൗതീ ക ശരീരം ഇറ്റലിയിലെ സലേർണ്ണോ കത്തീഡ്രലിൽക്കൊണ്ടുവന്ന് സംസ് ക്കരിച്ചു.
                  
അംഗീകാരമില്ലാത്ത തൊഴിൽ മേഖലയിൽ നിന്നും യേശുവിന്റെ വിളി കേട്ട് എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ച മത്തായിയുടെ സമർപ്പണവും ജീവിത രൂപാന്തരവും സുവിശേഷ ദൗത്യവും പ്രത്യേക ശ്രദ്ധയും പഠനാർഹവുമാണ്.

 

പേരും ജീവിത പശ്ചാത്തലവും
മത്തായി എന്ന പേരിന്റെ അർത്ഥം ' ദൈവത്തിന്റെ ദാനം ' എന്നാണ്. മത്തായിക്ക് 'ലേവി' എന്ന അപരനാമവും ഉണ്ട് . മത്തായിയെന്നത് ഗ്രീക്ക് നാമവും ലേവി എന്നത് യഹുദ നാമവുമാണ്.

 

മത്തായിയെ വിളിക്കുന്നതിനെക്കുറിച്ച് പറയുന്ന സുവിശേഷഭാഗങ്ങൾ .
"യേശു അവിടെ നിന്ന് നടന്നു നീങ്ങവേ മത്തായി എന്നൊരാൾ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു. അവനോട് പറഞ്ഞു. എന്നെ അനുഗമിക്കുക, അവൻ എഴുന്നേറ്റ് അവനെ അനുഗമിച്ചു.". (മത്താ 9:9).
"അവൻ കടന്നുപോയപ്പോൾ ഹൽപൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നത് കണ്ട് അവനോട് പറഞ്ഞു. എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു." (മർക്കോ 2:14 )


"ഇതിനു ശേഷം അവൻ പോകും വഴി ലേവി എന്നൊരു ചുങ്കക്കാരൻ ചുങ്കസ്ഥലത്ത് ഇരിക്കുന്നതു കണ്ടു. എന്നെ അനുഗമിക്കുക എന്ന് യേശു അവനോട് പറഞ്ഞു. അവൻ എല്ലാം ഉപേക്ഷിച്ച് എഴുന്നേറ്റ് അവനെ അനുഗമിച്ചു" (ലൂക്ക 5:27 ).


ഈ ഭാഗങ്ങൾ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാണ്. ഒന്നാമത്തെ സുവിശേഷ രചിതാവ് മാത്രമാണ്  'മത്തായി' എന്ന നാമം ഉപയോഗിച്ചിട്ടുള്ളു. മറ്റുള്ളവർ 'ലേവി' എന്നാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് ചിലർ പറയുന്നത് ലേവിയെന്നാണ് ആദ്യ പേരെന്നും മത്തായി എന്ന നാമം നല്കിയത് ക്രിസ്തുവാണ് എന്നതുമാണ്. 'ലേവി' യെന്നത് പേരല്ല ഗോത്ര നാമമാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

 

മത്തായി ഹൽ പെയുടെ പുത്രനാണ് എന്ന് വി. മാർക്കോസിന്റെ സുവിശേഷത്തിൽ നാം കാണുന്നു. അപ്പസ്തോലന്മാരിൽ ഒരുവനായ ചെറിയ യാക്കോബിന്റെ പിതാവിന്റെ പേരും ഹൽപൈ എന്നാണ്. അതിനാൽ രണ്ടു പേരും സഹോദരങ്ങളാണ് എന്ന് പറയുന്നവർ ഉണ്ടെങ്കിലും അതിന് തെളിവുകൾ ഇല്ല .

 

മത്തായി ചുങ്കക്കാരനാണെന്ന് പറയുന്നത് മത്തായിയുടെ സുവിശേഷത്തിലാണ് ( മത്താ 10:3) അപ്പസ്തോലന്മാരുടെ പേരു് നിരത്തുമ്പോൾ ചുങ്കക്കാരൻ മത്തായി എന്നാണ് പറയുന്നത്. മറ്റു സുവിശേഷങ്ങളിൽ കാണാത്ത ഈ വിവരണം വി.മത്തായിയുടെ സുവിശേഷത്തിൽ കാണാൻ ചില കാരണങ്ങൾ പണ്ഡിതർ സമർത്ഥിക്കുന്നു.

 

' മത്തായി' യുടെ സുവിശേഷത്തിന്റെ ഗ്രന്ഥകാരൻ വളരെ അടക്കും ചിട്ടയുമുള്ള സംശയരഹിതമായ കൃത്യത നല്കുവാൻ ശ്രമിക്കുന്ന രചിതാവാണ്. ഉദാഹരണത്തിന് 'ഒന്നാമൻ പത്രോസ്' (10:2) എന്ന പ്രയോഗം മറ്റ് സുവിശേഷങ്ങളിൽ ഇല്ല. മർക്കോസിന്റെ സുവിശേഷം 15 : 40-ൽ    'സലോമി' എന്നു പറയുമ്പോൾ അത് മത്തായി പറയുന്നത്  'സെബദി പുത്രന്മാരുടെ അമ്മ' (മത്താ 20:29) എന്നാണ്.

 

ചുങ്കക്കാരൻ
ചുങ്കക്കാരൻ എന്നത് ഒരു വെറുക്കപ്പെട്ട തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സൂചിപ്പിക്കുന്ന പദമായതു കൊണ്ടാകാം മറ്റ് സുവിശേഷങ്ങൾ ചുങ്കക്കാരൻ എന്ന വിശേഷണം ഉപേക്ഷിച്ചത്.

 

പുരാതന ലോകത്തിൽ ചുങ്കം പിരിവുകാരെപ്പോലെ വെറുക്കപ്പെട്ട ഒരു ജോലി ഉണ്ടായിരുന്നില്ല എന്ന് വില്യം ബാർക്ലേ പറയുന്നു. കൊലപാതകികൾ, കവർച്ചക്കാർ, വേശ്യകൾ എന്നിവരുടെ കൂട്ടത്തിലായിരുന്നു ചുങ്കക്കാരന്റെ സ്ഥാനം. ചുങ്കക്കാരും പാപികളും എന്നത് പലസ്തിനയായിലെ ഒരു പ്രയോഗമായിരുന്നു. ദൈവജനമായ യഹൂദർക്ക് ദൈവമാണ് രാജാവ്. മറ്റൊരു രാജാവിന് നികുതി കൊടുക്കുന്നതും അവരുടെ കീഴിൽ വസിക്കുന്നതും അവർക്ക് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല. റോമാക്കാർ കരം പിരിക്കാനുള്ള അവകാശം ലേലം ചെയ്ത് നല്കും . വലിയ തുകക്ക് ലേലം കൈ കൊള്ളുന്നവർ അവർക്കിഷ്ടം പോലെ അനധികൃതമായി തുക പിരിക്കുകയും ചെയ്യും. യഹൂദരിൽ നിന്നും നികുതി പിരിക്കുന്നത് അവരുടെ വിശ്വാസവുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ബുദ്ധിമുട്ടാണ്. പുറംജാതിക്കാർക്ക് കരം പിരിക്കാൻ അവകാശമില്ല. ഈ സാഹചര്യത്തിൽ റോമാക്കാർ ചെയ്തത് യഹൂദരിൽ നിന്ന് കരം പിരിക്കാൻ യഹൂദരെ തന്നെ നിയമിക്കുകയെന്നതാണ്. റോമാക്കാർക്ക് കരം കൊടുക്കുന്നത് ദൈവ നിഷേധമാണെങ്കിലും അവർ നിർബന്ധിക്കപ്പെട്ടിരുന്നു.

 

അതിനാൽത്തന്നെ യഹൂദർ ചുങ്കക്കാരെ കഠിനമായി വെറുത്തു . അവരോടു കൂടെ ഭക്ഷിക്കുവാനോ സംസർഗം പുലർത്തുവാനോ അവർ താല്പര്യപ്പെട്ടില്ല. ചുങ്കക്കാർക്ക് ഒരു കേസിലും സാക്ഷി പറയാൻ പാടില്ല. ദേവാലയത്തിൽ മറ്റുള്ളവരുടെ അടുത്തു നിന്ന് പ്രാർത്ഥിക്കുവാൻ അനുവാദമില്ല. അവർ അവിശ്വസ്തരായിരുന്നു. അനധികൃതമായി ജനങ്ങളിൽ നിന്നും പിരിവ് നടത്തിയിരുന്നു (ലൂക്ക 19:1-2). വിവാഹിതരായ സ്ത്രീകളെ ഒഴികെ ഏതു വ്യക്തിയേയും പരിശോധിക്കുന്നതിന് അവർക്ക് അനുവാദം ഉണ്ടായിരുന്നു. ചിലപ്പോൾ വസ്ത്രങ്ങൾ ഉരിഞ്ഞു വരെ പരിശോധന നടത്തും. നികുതി കൊടുക്കാൻ പണമില്ലാത്തവർക്ക് അമിത പലിശക്ക് പണം കൊടുക്കുകയും അവരുടെ മൃഗങ്ങളെ സ്വന്തമാക്കുകയും ചെയ്തിരുന്നു.

 

താൽമൂദ് പ്രകാരം രണ്ടു തരത്തിലുള ചുങ്കക്കാർ ഉണ്ടായിരുന്നു. ഒന്നാം വിഭാഗത്തിനെ ' ഗബ്ബായി' എന്ന് പറയുന്നു. ഇവർ സാധാരണ കരം പിരിവുകാരാണ്. വീഞ്ഞ്, പഴങ്ങൾ, ഭക്ഷണവസ്തുക്കൾ എന്നിവയുടെ കരം പിരിക്കുന്നവർ രണ്ടാമത്തെ കൂട്ടരെ ' മിക്ഷ' എന്ന് പറയുന്നു.
ആദായ നികുതി, സ്വത്ത് നികുതി എന്നിവയെല്ലാം നടത്തുന്നവരായിരുന്നു ഇവർ ജനം കൂടുതൽ വെറുത്തത് ഇവരെയാണ്. കാരണം ഇവർ യാത്രക്കാരെ തടഞ്ഞു നിർത്തുകയും ബാഗുകൾ കമ്പി കൊണ്ട് കുത്തിപ്പൊളിക്കുകയും ചെയ്തിരുന്നു.

 

മത്തായി രണ്ടാമത്തെ വിഭാഗമായ മിക്ഷ വിഭാഗത്തിപ്പെട്ട ചുങ്കക്കാരനായിരുന്നു. കഫർണാമിനടുത്തുള്ള തന്ത്ര പ്രധാനമായ സ്ഥലത്താണ് അയാൾ ഇരുന്നത്.

 

മത്തായി ശ്ലീഹായുടെ സുവിശേഷത്തിൽ യേശു ചുങ്കക്കാരെക്കുറിച്ച് പറയുന്നുണ്ട്. ഗിരി പ്രഭാഷണത്തിൽ നാം ഇങ്ങനെ വായിക്കുന്നു;         " നിങ്ങള സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലം ? ചുങ്കക്കാരും അങ്ങനെ ചെയ്യുന്നില്ലേ" (മത്താ 5:46 ) . പരസ്പരം തിരുത്തുന്നതിനെക്കുറിച്ച് പറയുമ്പോൾ യേശു പറയുന്നു; "……… അവൻ അവരയും അനുസരിക്കുന്നില്ലെങ്കിൽ അവൻ നിനക്ക് വിജാതിയ നെപ്പോലെയും ചുങ്കക്കാരനേപ്പോലെയും ആയിരിക്കട്ടെ" (മത്ത 18:16-17). മാനസാന്തരത്തെക്കുറിച്ച് പറയുമ്പോൾ യേശു പറയുന്നു "ചുങ്കക്കാരും വേശ്യകളുമായിരിക്കും നിങ്ങൾക്കുമുൻപേ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക" (മത്ത:21 : 31). മത്തായിക്ക് തന്റെ ഭൂതകാലത്തിന്റെ അവസ്ഥ വെളിപ്പെടുത്തുവാൻ അപമാനം ഇല്ല .

 

യേശുവിന്റെ വിളി
ഒരു സാമ്പത്തിക കാര്യവിചാരകൻ എന്ന നിലയിൽ മത്തായി സമൂഹത്തിലെ പ്രധാന ചലനങ്ങളും മുന്നേറ്റങ്ങളും ശ്രദ്ധിച്ചിരിക്കണം. അദ്ദേഹത്തിന്റെ പാപഭാരം അയാളിൽ അസ്വസ്ഥത ഉളവാക്കിയിട്ടുണ്ട്. യേശുവിന്റെ പ്രബാധനങ്ങളും പ്രവർത്തികളും അയാൾ ശ്രദ്ധിച്ചിട്ടുണ്ട്. കപട ഭക്തരായ നേതാക്കളെ വിമർശിക്കുകയും പാപികളേയും ചുങ്കക്കാരേയും സ്നേഹിക്കുകയും ചെയ്യുന്ന യേശുവിനെ കാണാൻ അയാൾ ആഗ്രഹിച്ചു. കുറച്ച് മുൻപ് ഒരു തളർവാതരോഗിയെ സുഖപ്പെടുത്തുന്നതിനും അവൻ സാക്ഷിയായി (മത്താ 9:2 ) അപ്പോഴാണ് അപ്രതീക്ഷിതമായ വിളി (9: 9) അവൻ സകലവും വിട്ട് എഴുന്നേറ്റ് അവനെ അനുഗമിച്ചു. (ലൂക്ക: 5:28) ചിലർക്ക് പണവും, സ്വാധീനവും ബന്ധങ്ങളുമൊക്കെ വിളിക്ക് തടസമാണ്. ഭക്തിയെപ്പോലും ധനമാർഗ്ഗം ആക്കാനുള്ള പ്രലോഭനമുള്ള ലോകത്തിൽ പണമുണ്ടാക്കുവാനുള്ള മാർഗ്ഗം ഉപേക്ഷിക്കുന്നത് ത്യാഗത്തിന്റെ വഴി തന്നെ.

 

മത്തായിയുടെ വിരുന്നും സാക്ഷ്യവും
വിളിക്കു ശേഷം അവൻ വിരുന്നൊരുക്കുന്നുണ്ട്  .       " യേശു ഭക്ഷണത്തിനിരുന്നപ്പോൾ അനേകം ചുങ്കക്കാരും പാപികളും വന്ന് അവനോടും ശിഷ്യന്മാരോടും കൂടെ ഭക്ഷണത്തിനിരുന്നു (9:10)
കർത്താവിനെ കണ്ടുമുട്ടിയ മത്തായി മാതൃകാപരമായ നാല് കാര്യങ്ങളാണ് ചെയ്തത്.

 

  1. മാനസാന്തരപ്പെട്ട് അനീതി ഉപേക്ഷിച്ചു.
  2. യേശുവിനെ അനുഗമിച്ചു.
  3. വിരുന്നൊരുക്കി. ഇത് കൂട്ടായ്മയുടെ ചിത്രമാണ്. ഇത്രയും നാൾ സ്വാർത്ഥപരമായി ഒറ്റയ്ക്കു മുന്നേറിയവൻ കൂട്ടായ്മയിലേക്ക് കടന്നുവരുന്നു.
  4. വിരുന്നിന് അവൻ സഹപ്രവർത്തകരായ ചുങ്കക്കാരേയും കൂടി ക്ഷണിച്ച് യേശുവിനെ പരിചയപ്പെടുത്തുകയും തനിക്കുണ്ടായ വ്യതിയ പരസ്യമാക്കുകയും ചെയ്തു. ഇത് അവന്റെ സാക്ഷ്യ ജീവിതത്തിന്റെ ചിത്രമാണ്. എന്നെ രക്ഷിച്ചവൻ നിങ്ങളേ രക്ഷിക്കുമെന്ന സാക്ഷ്യം. വെറുക്കപ്പെട്ടവരെ പുതിയ ജീവിതത്തിന്റെ സാധ്യത പരിചയപ്പെടുത്തുന്നു.

 

മത്തായി എഴുതിയ സുവിശേഷം
പലരും വെറുത്ത മത്തായിയിലെ സാധ്യതകൾ യേശു കണ്ടു. മറ്റുള്ളവരിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് അവരെ ദൈവരാജ്യ പ്രഘോഷണ വീഥിയിൽ പ്രയോജനപ്പെടുത്തുക.

 

പണം കൈകാര്യം ചെയ്യുന്നതിൽ കണക്കിന്റെ കൃത്യതയും നിക്കി ബാക്കിയും കണ്ടെത്തുന്ന മികവോടെ യേശുവിന്റെ രാജകീയ, പുരോഹിത പാരമ്പര്യം ഒന്നാം സുവിശേഷത്തിൽ വിവരിക്കുന്നു. അടുക്കും ചിട്ടയുമുള്ള രചനാ ശൈലിയാണ് മത്തായിക്കുള്ളത്. 5,6,7 അദ്ധ്യായങ്ങളിൽ ഗിരി പ്രഭാഷണവും 10,13 അദ്ധ്യായങ്ങളിൽ ദൈവരാജ്യ പ്രഘോഷണം,  അവസാനം വരുമ്പോഴേക്കും ക്രിസ്തുവിന്റെ രണ്ടാം വരവ് എന്നിങ്ങനെ ഒരു അടുക്കും ചിട്ടയുമുള്ള രീതി ഇതിൽ ഉപയോഗിക്കുന്നു. ചില ചിന്താരീതികൾ അനുസരിച്ച് ആദ്യ സുവിശേഷമായ മാർക്കോസിന്റെ സുവിശേഷമാണ് മത്തായി ഉപയോഗിച്ചിരിക്കുന്നത് എന്നാണ്. യേശുവിന്റെ ജീവിതം കൂടെ നടന്ന് കണ്ട മത്തായിക്ക് അതിന്റെ ആവശമില്ല എന്ന് പലരും അഭിപ്രായപ്പെടുന്നു.

 

മത്തായിയുടെ പ്രേഷിതദൗത്യം
ആദിമ സഭയിൽ നിലനിന്ന ചില ഐതിഹ്യങ്ങളും ചില സഭാ പിതാക്കന്മാരുടെ പാരമ്പര്യങ്ങളും മാത്രമാണ് മാത്തായിയുടെ പ്രേഷിതദൗത്യത്തിലേക്ക് വെളിച്ചം വീശുന്ന വസ്തുക്കൾ. യഹൂദരോട് മത്തായി സുവിശേഷം പ്രസംഗിച്ചുവെന്ന് ആദിമസഭയിൽ ആരംഭം മുതലേ വിശ്വാസം പുലർത്തുന്നു. കൂടാതെ ഈ ജിപ്റ്റ്, എത്യോപ്യ, പാർത്തിയ, സിറിയ, പേർഷ്യ എന്നീ സ്ഥലങ്ങളിലും അദ്ദേഹം സുവിശേഷം പ്രസംഗിച്ചതായി വിശ്വസിച്ചു വരുന്നു.

 

എത്യോപ്യയിൽ, ഫിലിപ്പോസ് സ്നാനപ്പെടുത്തിയ എത്യോപ്യയിലെ രാജ്ഞിയുടെ ഷണ്ഡന്റെ ക്ഷണപ്രകാരം മത്തായി എത്യോപ്യയിൽ എത്തുകയും രാജാവിനെ ഭരണകാര്യത്തിൽ സ്വാധീനം ചെലുത്തുകയും അതു മൂലം ജനത്തെ വളരെയേറെ കഷ്ടപ്പെടുത്തുകയും ചെയ്ത രണ്ട് മന്ത്രവാദികളെ തോല്പിക്കുകയും രാജാവിന്റെ മരണാസന്നനായ പുത്രനെ സുഖപ്പെടുത്തുകയും ചെയ്തനായി അബ്ദി യാസിന്റെ അപ്പസ്തോല ചരിത്രത്തിൽ രേഖപ്പെടുത്തുന്നു.

 

മത്തായിയുടെ അന്ത്യം
മത്തായിയുടെ മരണത്തെക്കുറിച്ച് പല അഭിപ്രായങ്ങളും പാരമ്പര്യങ്ങളും ഉണ്ട്. വാർദ്ധക്യ സഹജമായ അസുഖം മൂലം മരിച്ചുവെന്ന് തൽമൂദ് പറയുന്നു. അബ്ദിയാസിന്റെ അപ്പസ്തോല ചരിത്രമനുസരിച്ച് എത്യോപ്യായിലെ അഗ്ലിപ്പൂസ് രാജാവിന്റെ കാലത്ത് മത്തായി രക്തസാക്ഷിത്വം വരിച്ചു. ഈ രാജാവിന്റെ മകനെയാണ് മത്തായി മരണത്തിൽ നിന്ന് രക്ഷിച്ചത്. അഗ്ലിപ്പൂസിന്റെ മകൾ എഫിനേജിയ വിവാഹം കഴിക്കാതെ ജീവിക്കാനാണ് ആഗ്രഹിച്ചത്. എന്നാൽ അഗ്ലിപ്പൂസിന്റെ സഹോദരൻ ഹിർത്തയൂസ് അവളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു. എഫിനേജിയയെ വിവാഹം കഴിക്കാൻ സമ്മതിപ്പിച്ചാൽ രാജ്യത്തിന്റെ പകുതി തന്നെ തരാമെന്ന് ഹിർത്തിയൂസ് മത്തായിയോട് പറഞ്ഞു. ഹിർത്തയൂസിന്റെ അഗ്രഹത്തിന് വഴങ്ങാത്തതു കൊണ്ട് മത്തായിയെ കൊലപ്പെടുത്തി എന്നാണ് അബ്ദിയോസ് രേഖപ്പെടുത്തുന്നത്.

 

എന്നാൽ ബാബിലോണിയൻ . തൽമൂദു പ്രകാരം മത്തായി എന്നൊരാളെ വിചാരണ ചെയ്ത് വധിച്ചിട്ടുണ്ട്. ഇത് മത്തായിയാണോ മർത്ഥിയാസ് ആണോ എന്ന ചിന്താകുഴപ്പം പല പാരമ്പര്യങ്ങളിലും ഉണ്ട്.

 

മത്തായിയുടെ അപ്പസ്തോലിക ചിഹ്നം മൂന്ന് പണസഞ്ചികൾ ആണ് .അത് അദ്ദേഹത്തിന്റെ തൊഴിലുമായി ബന്ധപ്പെട്ടു കിടക്കുന്നു. പാശ്ചാത്യ സഭയിൽ നവംബർ 16-നും പൗരസ്ത്യ സഭയിൽ സെപ്തംബർ 21 -നും ഇദ്ദേഹത്തിന്റെ ഓർമ്മയാചരിക്കുന്നു. പാപികളുടെ പട്ടികയിൽ മാത്രം സ്ഥാനം നേടാൻ അർഹതയുണ്ടായിരുന്ന മത്തായി യേശുവിന്റെ ശിഷ്യത്വത്തിലൂടെ വിശുദ്ധരുടെ പട്ടികയിലേക്കുയർന്നത് പാപികളെ രൂപാന്തരപ്പെടുത്തുന്ന ദൈവസ്നേഹത്തിന്റെ അപാരശക്തിയാണ്.


Related Articles

Drag me to place at suitable position (2)

വിചിന്തിനം

Contact  : info@amalothbhava.in

Top