അരവിന്ദാക്ഷ മേനോൻ എഴുതുന്നു: സത്യ ദൈവത്തെ തിരിച്ചറിയുക- ഭാഗം 4

26,  Sep   

"യേശുവിനെ അറിയാതെ ആരും ദൈവത്തെ അറിയുന്നില്ല." ഹൈക്കൊടതിയുടെ ചീഫ്ജസ്റ്റിസ് ആയിരുന്ന ബ്രാഹ്മണ പണ്ഡിതന്റെ ഈ വാക്കുകൽ കേട്ടുകൊണ്ട് ഞാനെൻറെ വീട്ടിലേക്കു മടങ്ങിവന്നു. ആ ദിവസം ഞാനൊരിക്കലും മറക്കില്ല. 1992 ജൂൺ 27, അന്ന് രാത്രി ജീവിതത്തിലാദ്യമായി സവർണ്ണ ഹൈന്ദവനായ ഞാൻ യേശുക്രിസ്തുവിനോടു പ്രാർത്ഥിച്ചു. എനിക്ക് പ്രാർത്ഥിക്കാനറിയില്ലായിരുന്നു. എനിക്ക് "സ്വർഗ്ഗസ്ഥനായ പിതാവേ" ചൊല്ലാനും അറിയില്ലായിരുന്നു. പതിനെട്ടു വർഷം എൻറെ ഭാര്യ പ്രാർത്ഥിച്ചിട്ടും എന്നെ കേൾക്കെ പ്രാർത്ഥിച്ചിട്ടില്ല. അതു കൊണ്ടു യേശുവേ എന്നെ കൈക്കൊള്ളണമേ. എന്നെ രക്ഷിക്കണമേ എന്നൊക്കെ പ്രാർത്ഥിച്ചു. പ്രാർത്ഥിക്കുമ്പോൾ ഒരു കാര്യം ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു- എൻറെ ഭാര്യ ഇതറിയരുത്. പതിനെട്ടു വർഷം അവൾ പറഞ്ഞിട്ടു ഞാൻ ചെയ്യാതിരുന്ന കാര്യം ഇപ്പോൾ ഞാൻ സ്വയം ചെയ്യുന്നത് അവളറിയരുത് എന്നു കരുതി വളരെ രഹസ്യമായി ഞാൻ പ്രാർത്ഥിച്ചു. കുറെ നേരം പ്രാർത്ഥിച്ചിട്ട്‌ ഞാൻ ഉറങ്ങാൻ കിടന്നു. ഞാൻ കിടന്നു കഴിഞ്ഞപ്പോൾ അതുവരെ എൻറെ സമീപത്തു കിടന്നു ശാന്തമായി ഉറങ്ങുകയാണെന്നു ഞാൻ വിചാരിച്ചിരുന്ന എൻറെ ഭാര്യ എഴുന്നേറ്റു. അവൾ ഉറങ്ങുകയായിരുന്നില്ല. എന്നെ ശ്രദ്ധിച്ചു കിടക്കുകയായിരുന്നു. അവൾ അടുത്ത മുറിയിലേക്കു പോയി. അവിടെ അവൾ പ്രാർത്ഥനയ്ക്കു വച്ചിരുന്ന ഒരു ചെറിയ മരക്കുരിശുണ്ടായിരുന്നു. മുമ്പു ഞാൻ പറഞ്ഞതുപോലെ അവളുടെ കൂടെ പഠിച്ച ഏതോ ഒരു പെൺകുട്ടി കന്യാസ്ത്രീയായി. റോമിലേക്കു പോയി, മടങ്ങി വന്നപ്പോൾ അവൾക്കു കൊണ്ടുവന്നു കൊടുത്തതാണ്. "മാർപാപ്പ വെഞ്ചരിച്ചതാണ്" എന്നു പറഞ്ഞൊരു കുരിശ്. ആ കുരിശിൻറെ മുന്നിൽ മെഴുകുതിരികളെല്ലാം കത്തിച്ചുവച്ച്, മുട്ടിന്മേൽ നിന്ൻ, കണ്ണിൽനിന്നും കണ്ണുനീർ ധാരധാരയായി ഒഴുക്കിക്കൊണ്ട് അവൾ കർത്താവിനെ സ്തുതിക്കാൻ തുടങ്ങി. ആ സ്തുതിപ്പിൻറെ അർത്ഥം എനിക്ക് അപ്പോൾത്തന്നെ മനസ്സിലായി. കഴിഞ്ഞ പതിനെട്ടു വർഷമായി ഈ പാവം സ്ത്രീ എനിക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കയായിരുന്നു. ആ പ്രാർത്ഥനയുടെ ഫലപ്രാപ്തിയുടെ നിമിഷങ്ങളിൽ അവളെന്തിനാണു കർത്താവിനെ സ്തുതിക്കുന്നതെന്നറിയാൻ ജ്യോത്സ്യൻറെ അടുത്തു പോകേണ്ട കാര്യമില്ല; എനിക്ക് മനസ്സിലായി. പിന്നീടെനിക്കടങ്ങി കിടക്കാൻ കഴിഞ്ഞില്ല. ഞാനുമെഴുന്നേറ്റു പോയി എൻറെ ഭാര്യയുടെ വലത്തു ഭാഗത്തു മുട്ടുകുത്തി.

കൈകൾ കോർത്ത് പിടിച്ചുകൊണ്ട് ഞങ്ങൾ പ്രാർത്ഥിക്കാൻ തുടങ്ങി. എൻറെ കുടുംബത്തിലെ ആദ്യത്തെ കുടുംബ പ്രാർത്ഥന. ഈ പ്രാർത്ഥനയുടെ ഫലം, മറുപടി, ഒരു കുടുംബത്തിൻറെയാകെ രക്ഷയുടെ, വീണ്ടെടുപ്പിൻറെ കഥയാണ്‌. യേശുവിലുള്ള വിശ്വാസം സ്വീകരിച്ച്, ദിവസങ്ങൾക്കുള്ളിൽ, എൻറെ ഈ മാറ്റത്തെക്കുറിച്ച് അറിഞ്ഞ ഒരു കുടുംബ സുഹൃത്തിൻറെ പ്രേരണയ്ക്കും നിർബന്ധത്തിനും വഴങ്ങി ഞൻ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ഒരു ധ്യാനത്തിൽ പങ്കെടുത്തു. ധ്യാനത്തിൻറെ അവസാന ദിവസം- വെള്ളിയാഴ്ച, അന്നുവരെ എനിക്കു തികച്ചും അപരിചിതനായിരുന്ന, ധ്യാനകേന്ദ്രത്തിൻറെ ഡയറക്ടർ റവ.ഫാ.ജോർജ്ജ് പനക്കൽ, അന്നു മുതൽ എൻറെ ആദ്ധ്യാത്മിക ഗുരുനാഥനും ആത്മീയ പിതാവുമായ പനയ്ക്കലച്ചൻ പേരു പറഞ്ഞു വിളിച്ച് എന്നോടു പറഞ്ഞു: "നിങ്ങൾ കർത്താവിൻറെ സാക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദൈവത്തിൻറെ വചനം പ്രഘോഷിക്കുവാൻ വിളിക്കപ്പെട്ടിരിക്കുന്നു." അന്നു മുതൽ ഇന്നു വരെ, കഴിഞ്ഞ പതിമൂന്നു വർഷമായി ഞാൻ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ കർത്താവിനു സാക്ഷിയായി. ദൈവത്തിൻറെ വചന പ്രഘോഷകനായി ദൈവ ശുശ്രൂഷ ചെയ്യുന്നു. "ലോകത്തിൻറെ അതിർത്തികൾ വരെയും നിങ്ങളെനിക്കു സാക്ഷികളായിരിക്കും എന്ൻ കർത്താവ് അരുളിച്ചെയ്തിട്ടുണ്ടെങ്കിൽ കേരളത്തിനകത്തും പുറത്തും, ഇടവക ദേവാലയങ്ങളിൽ ധ്യാനങ്ങളും, കൺവെൻഷനും നയിച്ചുകൊണ്ട് ഞാൻ ദൈവശുശ്രൂഷ ചെയ്യുന്നു. കഴിഞ്ഞ ആറു വർഷമായി ഇന്ത്യക്കു വെളിയിൽ വിദേശരാജ്യങ്ങളിൽ യേശുവിനു സാക്ഷിയായി ദൈവത്തിൻറെ വചന പ്രഘോഷകനായി ഞാൻ സഞ്ചരിക്കുന്നു. അപ്പസ്തോലപ്രവർത്തനങ്ങൾ 16:31-ൽ നാമിങ്ങനെ വായിക്കുന്നു: "കർത്താവായ യേശുവിൽ വിശ്വസിക്കുക; നീയും നിൻറെ കുടുംബവും രക്ഷ പ്രാപിക്കും" എനിക്കു ബോധ്യമായി. എനിക്കു വിശ്വാസമായി. ഞാൻ കർത്താവായ യേശുവിൽ വിശ്വസിച്ചു. ഞാൻ രക്ഷ പ്രാപിക്കുന്നു! ഞാൻ രക്ഷ പ്രാപിക്കുമ്പോൾ സ്വാഭാവികമായി എൻറെ കുടുംബവും രക്ഷ പ്രാപിക്കും. ദൈവം പൂർണ്ണ വിശ്വസ്തതയോടെ വാഗ്ദാനം പാലിക്കുന്നു. പക്ഷെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ദൈവം മറ്റൊരു ബോധ്യം കൂടി എനിക്കു തന്നു. ദൈവം വാഗ്ദാനം പാലിക്കുന്നത് അക്ഷരാർത്ഥത്തിലാണ്. "നീയും നിൻറെ കുടുംബവും രക്ഷ പ്രാപിക്കും" എന്നു പറഞ്ഞാൽ അതിൻറെ അർത്ഥം "നീയും നിൻറെ കുടുംബത്തിലെ ഓരോ അംഗവും രക്ഷ പ്രാപിക്കും" എന്നാണെന്നെന്നെ ബോധ്യപ്പെടുത്തി തന്നു. എൻറെ കുടുംബത്തിലെ, രണ്ടാമത്തെ അംഗം എൻറെ ഭാര്യ! പത്താം ക്ലാസ് രണ്ടു പ്രാവശ്യം എഴുതി തോറ്റതാണ്. അവളുടെ വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സൂര്യനു താഴെ ഒരു ജോലിക്കും അവൾക്കർഹതയില്ല. ഒരു ജോലിക്കും പോയിട്ടുമില്ല. എൻറെ ഭാര്യയായി വെറുമൊരു വീട്ടമ്മയായിക്കഴിഞ്ഞവൾ! എൻറെ ജോലിയും വരുമാനവും നഷ്ടപ്പെട്ട സമയത്ത് ആരോ പറഞ്ഞു പ്രേരിപ്പിച്ച് അവൾ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻറെ ഒരു ഏജൻസി എടുത്തു. പഠിപ്പും പ്രാപ്തിയുമില്ലാതെ ഫലപ്രദമായി ആ ജോലി ചെയ്യാൻ അവൾക്കു കഴിയില്ല. അവൾ പ്രതീക്ഷിച്ചത് അവളുടെ പേരിൽ ഞാൻ ആ ജോലി ചെയ്തു കൊള്ളുമെന്നാണ്. പക്ഷെ ഞാൻ ആ ജോലി ചെയ്തില്ല. എൻറെ ജോലിയും പദവിയുമുപയോഗിച്ച് ഞാൻ സമ്പാദിച്ച എൻറെ സുഹൃത്തുക്കളുടെ അടുത്തുപോയി "എൻറെ ജോലിയും വരുമാനവുമൊക്കെ പോയി എന്നെ സഹായിക്കണം ഇൻഷുറൻസിൽ ഒരു പോളിസി എടുക്കണം" എന്നപേക്ഷിക്കാൻ എൻറെ അഭിമാനം സമ്മതിച്ചില്ല. അതുകൊണ്ട് ഞാനാ ജോലി ചെയ്തില്ല. ജോലി നഷ്ടപ്പെട്ടതിന് ശേഷം ആറു വർഷം ഞങ്ങൾ ജീവിച്ചത് ഞങ്ങൾക്കുണ്ടായിരുന്ന ഭൗതിക സമ്പത്തു മുഴുവൻ വിറ്റുകൊണ്ടാണ്. അങ്ങനെ വിറ്റു വിറ്റ് ഇനി വിൽക്കാൻ ഒന്നും ബാക്കിയില്ല എന്ന ഘട്ടമെത്തിയപ്പോൾ ഞാനെൻറെ ഭാര്യയോടു പറഞ്ഞു: "ഇനിയെന്തു ചെയ്യും? ഒരു കാര്യം ചെയ്യാം. ഇതുവരെ ഇഴഞ്ഞും വലിഞ്ഞും നീങ്ങിയിരുന്ന ഇൻഷുറൻസ് ഏജൻസി തുടരാം. ഞാൻ സഹായിക്കാം." അങ്ങനെ ഞങ്ങൾ രണ്ടുപേരും ചേർന്ൻ ആ ജോലി ചെയ്യാൻ തുടങ്ങി. ഇന്ൻ ആ ജോലിയിൽ നിന്നുതന്നെ ഞങ്ങളുടെ കുടുംബത്തിന് സുഖമായി ജീവിക്കുന്നതിനാവശ്യമായതിനേക്കാൾ എത്രയോ കൂടുതൽ വരുമാനം ഇന്ന് ലഭിക്കുന്നു! കുടുംബത്തിലെ മൂന്നാമത്തെ അംഗം എൻറെ മൂത്ത മകൾ. കന്യാസ്ത്രീകൾ നടത്തുന്ന ഒരാശുപത്രിയിലാണ് ജനിച്ചത്. അന്ൻ ഞങ്ങൾ താമസം അതിനടുത്തായിരുന്നു. ഞാൻ മുമ്പു പറഞ്ഞതു പോലെ എൻറെ ഭാര്യയുടെ കൂടെ പഠിച്ച ചില പെൺകുട്ടികൾ പിന്നീടു കന്യാസ്ത്രീകളായി. ഇവരിൽ ചിലർ ഈ ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഈ കന്യാസ്ത്രീകളാണ് എൻറെ മകളെ വളർത്തിയത്. അവളുടെ ബുദ്ധിയും ഓർമ്മയും ഉറയ്ക്കുന്ന ബാല്യകാലം മുഴുവൻ രോഗികളെ ശുശ്രൂഷിക്കുന്ന കന്യാസ്ത്രീകളെ കണ്ടുകൊണ്ടാണ് അവൾ വളർന്നത്. അതുകൊണ്ടായിരിക്കും എന്നു ഞാൻ വിചാരിച്ചു.

92 ഏപ്രിൽ മാസത്തിൽ, ഞങ്ങൾ കുടുംബ പ്രാർത്ഥന ആരംഭിക്കുന്നതിനു രണ്ടു മാസം മുൻപ്, പ്രീ ഡിഗ്രീ പാസ്സായിക്കഴിഞ്ഞപ്പോൾ എൻറെ മകൾ എന്നോടു പറഞ്ഞു: "എനിക്ക് നേഴ്സിംഗ് പഠിക്കണം, നേഴ്സ് ആകണം" ഞാൻ പറഞ്ഞു: വേണ്ട. എനിക്കിഷ്ടമല്ല. നേഴ്സിൻറെ ജോലി നല്ല ജോലിയല്ല. നീ പഠിച്ചാൽ മതി. വേറെ നല്ല ജോലി കിട്ടും." പക്ഷെ അവൾക്ക് വലിയ ആഗ്രഹം! വലിയ നിർബന്ധം! അവൾ മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതി. ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ബി.എസ്.സി. (നേഴ്സിംഗ്)ന് അഡ്മിഷൻ കിട്ടാൻ; പക്ഷെ അഡ്മിഷൻ കിട്ടിയില്ല. 78-മത്തെ റാങ്കിൽ അവൾ എൻട്രൻസ് പരീക്ഷ പാസ്സായി. പക്ഷെ കോഴിക്കോട്ടും കോട്ടയത്തും തിരുവനന്തപുരത്തുമായി ഈ കോഴ്സിനു 75 സീറ്റേയുള്ളൂ. അവൾക്കു പ്രവേശനം കിട്ടിയില്ല. പിന്നീട് 8 മാസങ്ങൾ കഴിഞ്ഞാണ് ഞങ്ങൾ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനം കൂടുന്നത്. ധ്യാനം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ കോട്ടയം മെഡിക്കൽകോളേജിൽ നിന്നു വന്ന ഒരു കത്ത് വീട്ടിൽ കിടപ്പുണ്ട്. മകൾക്ക് ബി.എസ്.സി. (നേഴ്സിംഗ്) പ്രവേശനം നൽകിയിരിക്കുന്നു. ഉടനെ ചേർക്കണം. കോഴ്സ് തുടങ്ങി എട്ടുമാസം കഴിഞ്ഞു. അദ്ധ്യയന വർഷം തീരാറായി വർഷത്തിൻറെ അവസാനം പ്രവേശനം നൽകാൻ എന്താണു കാരണം? ഞാൻ മെഡിക്കൽ കോളജിൽ പോയി പ്രിൻസിപ്പലിനോടു ചോദിച്ചു. പ്രിൻസിപ്പൽ പറഞ്ഞു: "എന്താ ‍കാരണമെന്നെനിക്കറിയില്ല. കഴിഞ്ഞ ആഴ്ചയിൽ ഗവണ്മെൻറിൽ നിന്ൻ ഒരു ഓർഡർ വന്നു, 75 സീറ്റ് 80 സീറ്റാക്കി വർദ്ധിപ്പിച്ചിരിക്കുന്നു." പ്രിൻസിപ്പലിനറിയില്ല, എന്താണു കാരണം. പക്ഷെ എനിക്കറിയാം, കാരണം വീണ്ടെടുക്കുവാൻ ദൈവം തിരുമനസ്സായ കുടുംബത്തിലെ ഓരോ അംഗവും രക്ഷ പ്രാപിക്കുവാൻ വേണ്ട ഭൗതിക സാഹചര്യങ്ങളൊരുക്കുന്നത് ദൈവമാണ്. മകൾക്ക് ഈ കോഴ്സിന് പ്രവേശനം കിട്ടിയപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. അവളുടെ ഭാവി സുരക്ഷിതമാണ്. അന്നത്തെ സാഹചര്യമനുസരിച്ച് കോഴ്സു പൂർത്തിയായാലുടൻ തന്നെ അതെ നേഴ്സിംഗ് കോളേജിൽ ടൂട്ടർ ആയി നിയമനം അല്ലെങ്കിൽ വിദേശത്തും ഇന്ത്യയിലുമുള്ള വലിയ വലിയ ആശുപത്രികളിൽ ജോലിസാദ്ധ്യത. 1997 ജനുവരി 31 ന് അവൾ കോഴ്സ് പൂർത്തിയാക്കി. പതിനഞ്ചു ദിവസത്തിനകം എറണാകുളത്തെ ലൂർദ്ദ് ആശുപത്രിയോടനുബന്ധിച്ചുള്ള നേഴ്സിംഗ് കോളേജിൽ ജോലി കിട്ടി. തുടർന്ൻ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ, ഏഷ്യയിലെ ഏറ്റവും വലിയ, സൂപ്പർ സ്പെഷ്യാലിറ്റി, ഹൃദ്രോഗ ആശുപത്രി - മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ അവൾ സ്റ്റാഫ് നേഴ്സായി നിയമിക്കപ്പെട്ടു. 99 ഏപ്രിൽ 28-ാം തീയതി അവൾ വിവാഹിതയായി. ജീസസ് യൂത്ത് എന്ന അന്തർദേശീയ ആത്മീയ സംഘടനയുടെ പ്രവർത്തകനും റെക്സ് ബാൻഡ് എന്ന സുവിശേഷ ഗായക സംഘത്തിലെ ഗായകനും സംഗീത സംവിധായകനായ ശ്രീ ഹെക്ടർ ലൂയിസ് ആണ് അവളെ വിവാഹം കഴിച്ചത്. അയാൾ ഷാർജ എന്ന ഗൾഫ് രാജ്യത്ത് ജോലി ചെയ്യുന്ന ആളായതു കൊണ്ടും അയാൾക്ക് ഫാമിലിവിസ ഉണ്ടായിരുന്നതു കൊണ്ടും വിവാഹം കഴിഞ്ഞ ഉടൻ തന്നെ എൻറെ മകളും ഗൾഫിലേക്കു പോയി, മാസങ്ങൾക്കുള്ളിൽ തന്നെ ദുബായ് അൽ റാഷിദ് മെഡിക്കൽകോളേജ് ആശുപത്രിയിൽ ജോലി ലഭിച്ചു. ഇന്നു ഭർത്താവിനോടും രണ്ടു മക്കളോടുമൊപ്പം വളരെ സന്തോഷവതിയായി അവൾ ദുബായിൽ ജീവിക്കുന്നു. ഏതാനും നാളുകൾക്കുള്ളിൽ കൂടുതൽ നല്ല ജോലിക്കു വേണ്ടി അവൾ കുടുംബസമേതം അമേരിക്കയിലേക്കു പോവുകയാണ്. കുടുംബത്തിലെ അവസാനത്തെ അംഗം എൻറെ ഇളയ മകൾ കണക്കു പഠിക്കുവാൻ മിടുക്കിയായിരുന്നു. ബാക്കി പല വിഷയങ്ങൾക്കും വളരെ കുറഞ്ഞ മാർക്കാണെങ്കിലും കണക്കിന് എല്ലാ പരീക്ഷയിലും വളരെ ഉയർന്ന മാർക്ക്, പലപ്പോഴും നൂറിൽ നൂറ്. അതുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിനു സമയമാകുമ്പോൾ അവളെ കമ്പ്യൂട്ടർ സയൻസ് പഠിപ്പിക്കണമെന്നായിരുന്നു എൻറെ ആഗ്രഹം. പക്ഷെ എൻറെ ജോലിയും വരുമാനവും നഷ്ടപ്പെട്ടു പോയപ്പോൾ അങ്ങനെയുള്ള സ്വപ്നങ്ങളെല്ലാം പൊലിഞ്ഞു പോയി. അവൾ 7-ാംക്ലാസിലെത്തിയപ്പോൾ തന്നെ എൻറെ സാമ്പത്തിക നില അമ്പേ തകർന്നു കഴിഞ്ഞിരുന്നു. അങ്ങനെ ആകെ നിരാശയും ആശങ്കയുമൊക്കെയായി കഴിയുന്ന സമയത്ത് '92 മേയ് മാസത്തിൽ കേന്ദ്ര ഗവണ്മെൻറ് ഒരു പുതിയ പദ്ധതി ആവിഷ്കരിച്ചു. 7-ാം ക്ലാസ്സ്‌ പൂർത്തിയാക്കിയ കുട്ടികളിൽ നിന്ൻ ഒരു പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു പ്രത്യേക വിദ്യാലയത്തിൽ പോസ്റ്റ്‌ ഗ്രാജ്വേറ്റ് തലം വരെ കമ്പ്യൂട്ടർ സയൻസ് മാത്രം പഠിപ്പിക്കുന്നു. മാത്രമല്ല ഈ കോഴ്സ് പരിപൂർണ്ണമായി സൗജന്യമാണ്. അതും മാത്രമല്ല ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്കെല്ലാം കേന്ദ്ര ഗവണ്മെൻറിൻറെ മാനവവിഭവശേഷി വികസന വകുപ്പിൽ ഗസറ്റഡ് റാങ്കിൽ ജോലിയും ഉറപ്പാണ്‌. വലിയ പ്രതീക്ഷയോടെ എൻറെ മകളെ പഠിപ്പിച്ച് ആ പ്രവേശന പരീക്ഷ എഴുതിച്ചു. പരീക്ഷയിൽ റാങ്ക് കിട്ടിയാൽ ഭാവി സുരക്ഷിതമായി.

പരീക്ഷയിൽ റാങ്കു കിട്ടിയില്ലെന്നു മാത്രമല്ല, തോറ്റുപോയി! 'പൂജ്യം' മാർക്ക്! ഇപ്പോഴുള്ള പരീക്ഷയൊക്കെ അങ്ങനെയാണ് 'ഒബ്ജക്ടീവ് ടൈപ്പ്' ചോദ്യങ്ങളും കമ്പ്യൂട്ടർ വാലുവേഷനും ശരിയുത്തരങ്ങൾക്ക് കിട്ടിയ മാർക്കിൽ നിന്ൻ തെറ്റിപ്പോയ ഉത്തരങ്ങളുടെ ആകെ മാർക്കു കുറച്ചു കളയും. അങ്ങനെയാണു നിയമം. അപ്പോൾ എൻറെ മകൾക്കു കിട്ടിയത് പൂജ്യം. പൂജ്യം മാർക്ക്‌ കിട്ടിയത് കൊണ്ട് ആ ആഗ്രഹമുപേക്ഷിച്ചു. ആ കാര്യം മറന്നുപോയി. പിന്നീട് ഏഴു മാസം കൂടി കഴിഞ്ഞാണ് ഡിവൈനിൽ ധ്യാനത്തിൽ പങ്കെടുത്തത്. ധ്യാനം കഴിഞ്ഞു മടങ്ങിയെത്തിയതിൻറെ നാലാം ദിവസം ആ ഇൻസ്റ്റിറ്റൂട്ടിൽ നിന്ൻ ഒരോർഡർ വന്നു: "പൂജ്യം മാർക്കു കിട്ടിയ നിങ്ങളുടെ മകളെയും തെരഞ്ഞെടുത്തിരിക്കുന്നു;. വേഗം കൊണ്ടുവന്നു ചേർക്കുക." ഇത്തവണ എനിക്കത്ഭുതമൊന്നും തോന്നിയില്ല. ഇൻസ്റ്റിറ്റൂട്ട് അധികാരികൾക്ക് തെറ്റു പറ്റിയതായിരിക്കും. ആളുമാറിപ്പോയതായിരിക്കും എന്നു തന്നെ വിചാരിച്ചു. എങ്കിലും ഞാനാ സ്ഥാപനത്തിലൊന്നു പോയി. അതിൻറെ പ്രിൻസിപ്പലിനെക്കണ്ടു ചോദിച്ചു. "പൂജ്യം മാർക്കു കിട്ടിയ കുട്ടിക്കെങ്ങനെ പ്രവേശനം കൊടുത്തു?" പ്രിൻസിപ്പൽ പറഞ്ഞു: "അത് വലിയൊരു കഥയാണ്." ഞാൻ താമസിക്കുന്ന പുതുപ്പള്ളി എന്ന ഗ്രാമത്തിലാണ് ഇൻസ്റ്റിറ്റൂട്ട്. കേന്ദ്ര ഗവണ്മെൻറിൻറെ ഉടമസ്ഥതയിലുള്ള ഈ വലിയ സ്ഥാപനം പുതുപ്പള്ളി പഞ്ചായത്തിലേക്കു കൊണ്ടുവരാൻ വേണ്ടി വലിയ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തി അവസാനം സ്ഥലവും കെട്ടിടവുമൊക്കെ ദാനമായി കൊടുത്തതു പുതുപ്പള്ളി പഞ്ചായത്താണ്. എന്നാൽ പ്രവേശന പരീക്ഷ നടത്തി കുട്ടികളെ തെരഞ്ഞെടുത്തപ്പോൾ പഞ്ചായത്തിൽ നിന്ൻ ഒരു കുട്ടിക്കുപോലും അഡ്മിഷൻ കിട്ടിയില്ല. അപ്പോൾ പഞ്ചായത്തു പറഞ്ഞു: "അതു പാടില്ല. സ്ഥലവും കെട്ടിടവുമൊക്കെ ദാനമായി നൽകിയത് പഞ്ചായത്താണ്. അതുകൊണ്ട് പുതുപ്പള്ളി പഞ്ചായത്തിൽ നിന്നു കുറച്ചു കുട്ടികളെ കൂടി എടുക്കണം." ഒരു ന്യായവുമില്ല. നിയമവുമില്ല. അങ്ങനെ പറയാൻ. പരീക്ഷ നടത്തിയാണ് അർഹരായവരെ തെരഞ്ഞെടുത്തത്. പക്ഷെ പഞ്ചായത്ത് ജനകീയ സമിതിയാണ്. അവർ നിവേദനം തയ്യാറാക്കി. ആ നിവേദനവും കൊണ്ട് ഞങ്ങളുടെ എം.എൽ.എ.അന്ന് നമ്മുടെ ധനകാര്യ മന്ത്രിയും ഇന്നു നമ്മുടെ മുഖ്യമന്ത്രിയുമായ ശ്രീ ഉമ്മൻചാണ്ടി ഡൽഹിയിൽ പോയി കേന്ദ്ര മന്ത്രിയെ കണ്ടു ശുപാർശ ചെയ്ത്, അവസാനം അദ്ദേഹത്തിൻറെ സ്വാധീനത്തിനു വഴങ്ങി കേന്ദ്ര മന്ത്രി ഓർഡർ കൊടുത്തു: "ഈ പ്രാവശ്യം മാത്രം, ഇനിയില്ല. ഈ പ്രാവശ്യം മാത്രം പുതുപ്പള്ളി പഞ്ചായത്തിൽ നിന്നും പത്ത് കുട്ടികളെക്കൂടി എടുത്തു കൊള്ളുവാൻ" ഓർഡർ കിട്ടിയപ്പോൾ ഇൻസ്റ്റിറ്റൂട്ടിൻറെ പ്രിൻസിപ്പൽ പഴയ റാങ്ക് ലിസ്റ്റ് എടുത്തു. പുതുപ്പള്ളി പഞ്ചായത്തിൽ നിന്നും പരീക്ഷ എഴുതിയവരിൽ ഏറ്റവും കൂടുതൽ മാർക്കു കിട്ടിയ പത്തുപേരെ തെരഞ്ഞെടുക്കണം. അപ്പോഴാണ്‌ ഒരു കാര്യം മനസ്സിലായത്. പുതുപ്പള്ളി പഞ്ചായത്തിൽ നിന്നും ആകെ പത്തു പേരെ പരീക്ഷ എഴുതിയിട്ടുള്ളൂ. അങ്ങനെ പത്താമത്തെ ആളായി എൻറെ മകൾക്കും അഡ്മിഷൻ കൊടുത്തു. പ്രവേശന പരീക്ഷയിൽ പൂജ്യം മാർക്കു വാങ്ങിയ എൻറെ മകൾ രണ്ടു വർഷം മുമ്പ് 72% മാർക്കോടു കൂടി, കോഴ്സു പൂർത്തിയാക്കി അവസാന പരീക്ഷയിൽ വിജയിച്ചു. പരീക്ഷയ്ക്ക് മുമ്പു തന്നെ ഒരു ജർമ്മൻ കമ്പനിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി അവർക്കു ജോലിയും ലഭിച്ചു. 2004 ഒക്ടോബർ 20-ന് അവളും വിവാഹിതയായി. അവളെ വിവാഹം കഴിച്ച ശ്രീ അൽഫോൻസും ജീസസ് യൂത്തിലും റെക്സ്ബാൻഡിലും ഗായകനും സംഗീത സംവിധായകനുമായി പ്രവർത്തിക്കുന്നു. മലയാള ചലച്ചിത്രരംഗത്തും സംഗീത സംവിധായകൻ എന്ന നിലയിൽ അയാൾ സ്ഥാനം നേടി. 'ജലോത്സവം വെള്ളിത്തിര, മഞ്ഞുപോലെ ഒരു പെൺകുട്ടി' തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശ്രീ അൽഫോൻസ് ആണ്. ഈ കുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ചോർത്തു ദു:ഖിച്ച്, കുട്ടികളുടെ ഭാവിക്കുവേണ്ടി ഒരു പിതാവ് എന്ന നിലയിൽ ഞാൻ ചെയ്തു കൊടുക്കേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാൻ കഴിയാത്തതിലുള്ള ദു:ഖത്തിൽ നിരാശയിൽ ആറു വർഷം ഞാൻ ഉറക്കം വരാതെ കിടന്നു. എന്നാൽ യേശുവിനോടു പ്രാർത്ഥിക്കാൻ തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ കുട്ടികളുടെ ഭാവി മാത്രമല്ല എൻറെ ഭാവി, എൻറെ ഭാര്യയുടെ ഭാവി, കുടുംബത്തിലെ ഓരോ അംഗത്തിൻറെയും ഭാവി, തൻറെ കരങ്ങളിൽ സുരക്ഷിതമാണെന്ന് തെളിയിച്ചു കൊണ്ട് "നീയും കുടുംബവും രക്ഷ പ്രാപിക്കും." എന്നുള്ള വാഗ്ദാനം അവിടുന്നു പാലിച്ചു. കർത്താവായ യേശു സകല മനുഷ്യർക്കുമുള്ള രക്ഷകനാണ്‌. അവനിലൂടെ നമുക്ക് എല്ലാം സാധ്യമാണ് എന്ന വലിയ സത്യം നാം തിരിച്ചറിയാൻ വൈകരുത്. നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ എന്തുതന്നെയാകട്ടെ; ദൈവം നമ്മുക്ക് ഉറപ്പു തരുന്നു: "ഞാൻ സകല മർത്ത്യരുടെയും ദൈവമായ കർത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?" (ജറമിയാ 23:27)


Related Articles

Contact  : info@amalothbhava.in

Top