ദൈവം എന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ അടയാളമായി കുരിശിൽ പിടയുന്ന തന്റെ ശരീരത്തിലേക്ക് നോക്കി ധ്യാനിക്കുവാൻ ആവശ്യപ്പെടുന്ന എന്റെ ഈശോയെ, കുരിശുകളിൽ നിന്നും ഞങ്ങൾ രക്ഷപെടാൻ കിണഞ്ഞു പരിശ്രമിക്കുമ്പോൾ ലഭിച്ച കുരിശിനെ ആവോളം കെട്ടിപ്പുണരുവാനാണല്ലോ അങ്ങ് ശ്രമിച്ചത്… സ്വന്തം ഇഷ്ടങ്ങൾക്കനുസ്സരിച്ചല്ലാത്തതെല്ലാം കുരിശാണെന്നു വിചാരിച്ചു ജീവിക്കുന്ന ഞങ്ങൾ രക്ഷയിലേക്കു നയിക്കുന്ന യഥാർത്ഥ കുരിശ് ഏതാണെന്നറിയാതെ കുഴയുകയാണ് ഈശോയെ… അങ്ങയുടേതെന്നു കരുതി ഞങ്ങൾ ഇപ്പോൾ ചുമന്നുകൊണ്ടിരിക്കുന്നതു കാൽവരിയിലെ പഴിചാരുന്ന കള്ളന്മാരുടെ ഒരുപയോഗവുമില്ലാത്ത കുരിശാണോ?… അങ്ങ് നിശബ്ദമായി കുരിശ് ചുമന്നപ്പോൾ കൊട്ടും കൊരവയോടും അല്ലേ ഞങ്ങളുടെ കുരിശ് ഞങ്ങൾ ചുമക്കുന്നത്… ഈശോയെ, ഏതെങ്കിലും കുരിശ് ചുമക്കുന്നതല്ല, ക്രിസ്തുവുള്ള, രക്ഷകനുള്ള കുരിശ് ചുമക്കുവാൻ ഞങ്ങളെ പഠിപ്പിക്കേണമേ... ചുമക്കുന്നത് ഭാരമേറിയ കുരിശാണെന്നു അവകാശപ്പെടുമ്പോഴും അതിലൊരു നന്മയില്ലെങ്കിൽ, ആരുടെയെങ്കിലും രക്ഷ ഇല്ലെങ്കിൽ അത് കുരിശല്ല, മറിച്ചു, വെറും ഒരു തടിക്കക്ഷണം മാത്രമാണെന്ന് ഞങ്ങൾക്ക് കാണിച്ചുതരേണമേ... തെറ്റായ വഴികളിൽ നടന്നുകൊണ്ടു, തിന്മയുടെ രീതികൾ ജീവിതത്തിൽ പകർത്തിക്കൊണ്ടു, "ഇതാണ് കർത്താവ് എനിക്ക് തന്ന കുരിശ്, അത് ഞാൻ ചുമന്നേ പറ്റൂ" എന്ന് വിചാരിക്കുന്ന ഞങ്ങളുടെ മൗഢ്യത്തെ അങ്ങ് മാറ്റിത്തരേണമേ... മറ്റുള്ളവരുടെ സന്തോഷത്തിനും സമാധാനത്തിനും നന്മക്കും വേണ്ടി ഞങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന രക്ഷയുടെ സൗന്ദര്യവും മധുരവുമുള്ള മാറ്റങ്ങളാണ് കർത്താവിന്റെ കുരിശെന്ന് പഠിപ്പിച്ചു തരേണമേ... ഈശോയെ, അങ്ങ് ചുമന്ന കുരിശ്, പിന്നീട് അങ്ങയെ ചുമന്നതുപോലെ ഞാൻ ചുമക്കുന്ന കുരിശ് എന്നെ സ്വർഗ്ഗത്തിലേക്ക് കൊണ്ടു പോകാനുള്ളതാണെന്നു ഞാനറിയുന്നു… പ്രാർത്ഥന കൊണ്ടും മറ്റും കുരിശുകളിൽ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിക്കാതെ ക്രിസ്തു ഉറങ്ങുന്ന കുരിശാണെങ്കിൽ അത് ചുമക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ… അങ്ങനെ, ദൈവമേ, സ്വർഗ്ഗം എനിക്കു വേണ്ടി തിരഞ്ഞെടുത്തു തന്ന കുരിശും ചുമന്നു വിശുദ്ധമായി സ്വർഗ്ഗത്തിലേക്ക് തന്നെ മടങ്ങിവരുവാൻ എന്നെ സഹായിക്കേണമേ… ക്രിസ്തുവിനെപ്പോലെ ആകാൻ ആഗ്രഹിക്കുമ്പോൾ ആദ്യം ക്രിസ്തുവിന്റെ കുരിശ് ഞങ്ങളുടെ ജീവിതത്തിൽ സ്വന്തമാക്കാൻ ഞങ്ങളെ ഓർമ്മിപ്പിക്കേണമേ… പരാതിയില്ലാതെ, അഭിനയങ്ങളില്ലാതെ, അങ്ങയെപ്പോലെ നിശബ്ദമായി കുരിശ് വഹിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ഈശോയെ… ആമേൻ
പ്രഭാത പ്രാർത്ഥന ; 28 -09 -2020
വിജയവും കാഴ്ചപ്പാടും
സഭാ വാർത്തകൾ | ഒൿടോബർ 09;2020
എന്താണ് ദിവ്യകാരുണ്യ ചിത്രം?