സ്വർഗം വിലയ്ക്കു വാങ്ങാൻ

30,  Sep   

ഒരു മഹാമാരിയുടെ സംഹാര താണ്ഡവത്തിൽ നട്ടം തിരിയുകയാണ് ലോകം. സ്വപ്നങ്ങൾ പലതും അടർന്നു വീണു. നാളുകൾ കൊണ്ട് മെനഞ്ഞെടുത്ത പദ്ധതികൾ പലതും തകർന്നടിഞ്ഞു. ഉറ്റവരെയും ഉടയവരെയും ഒരു നോക്കു കാണാനാകാതെ അനേകം ജീവിതങ്ങൾ പൊലിഞ്ഞു പോയി... ശാരീരികമായും മാനസികമായും സാമ്പത്തികമായും മനുഷ്യനിന്ന് സഹനത്തിന്റെ നീർക്കയത്തിൽ മുങ്ങിത്താഴുകയാണ്. അനിശ്ചിതത്വത്തിന്റെ നാളുകൾ ... ജാഗരണത്തിന്റെയും തപസ്സിന്റെയും പ്രായശ്ചിത്തത്തിന്റെയും സുകൃത കൂട്ടുകൾ പലതും നടത്തിയിട്ടും ദൈവമേ ഈ മഹാമാരിയിൽ നിന്നും ഞങ്ങൾക്ക് മോചനമില്ലേ? ഞങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരമില്ലേ എന്ന ചോദ്യങ്ങളാണിന്നെവിടെയും. പ്രകൃതിയുടെ ഈ വികൃതികളും കാലം സമ്മാനിക്കുന്ന സഹനത്തിന്റെ ഇത്തരം വിരുന്നു മേശകളും നിത്യതയിലേക്കുള്ള യാത്രയിൽ അനിവാര്യമാണെന്ന് കാലത്തിന്റെ ഉടയവൻ ഒരിക്കൽ കൂടെ നമ്മെ ഓർമ്മിപ്പിക്കുന്നു. സനാതന രാജ്യത്തിലേക്ക് നമ്മെ നയിക്കുന്ന സുനിശ്ചിതമായ ഒരു വഴിയുണ്ടെങ്കിൽ അത് തീർച്ചയായും ക്ഷമാപൂർവ്വം നടന്നുനീങ്ങുന്ന സഹനത്തിന്റെ വഴിയാണെന്ന് തമ്പുരാൻ ഉറപ്പുതരുന്നു.

പാപച്ചേറ്റിൽ നിപതിച്ച നമ്മെ രക്ഷിക്കാൻ വേണ്ടി പിതൃ ഹിതത്തിന് വിധേയപ്പെട്ട കാൽവരിയുടെ തീച്ചൂളയിൽ ഉരുകി തെളിഞ്ഞ ക്രിസ്തു തന്നെയാണ് സഹനവഴിയിൽ നമുക്ക് മാതൃക. പ്രപഞ്ചം മുഴുവന്റെയും ഉടയവനായ യേശുവിന് ജനിക്കാൻ കിട്ടിയ ഇടം ഒരു കാലിത്തൊഴുത്തല്ലേ ? തല ചായ്ക്കാൻ ലഭിച്ചതോ വഞ്ചിയുടെ അമരവും . പാദങ്ങൾ ഉറപ്പിക്കാൻ ഒരംഗുലം മണ്ണു പോലും അവിടുത്തേക്ക് സ്വന്തമായി ലഭിച്ചില്ല. ഒറ്റപ്പെടുത്തലുകളും വിമർശനങ്ങളും മാത്രമായിരുന്നു ജീവിത യാത്രയിൽ അവിടത്തേക്ക് അകമ്പടി സേവിച്ചത്. 3 വർഷം കൂടെ കൊണ്ടു നടന്ന് ഊട്ടിവളർത്തിയ സ്വശിഷ്യന്മാർ തള്ളി പറഞ്ഞപ്പോഴും ഒറ്റിക്കൊടുത്തപ്പോഴും കുരിശിലേറ്റിയപ്പോഴും അവൻ മൗനം ഭജിച്ചു. അവന്റെ സഹനത്തെക്കുറിച്ച് ഏശയ്യ പ്രവാചകൻ ഇങ്ങനെ പറഞ്ഞു വച്ചിരുന്നു. " അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു. അവൻ വേദനയും ദുഃഖവും നിറഞ്ഞവനായിരുന്നു. അവനെ കണ്ടവർ മുഖം തിരിച്ചു കളഞ്ഞു( ഏശയ്യ :53/3). പിതാവ് വച്ചു നീട്ടിയ സഹനത്തിന്റെ കാസ ആവോളം പാനം ചെയ്ത് കാൽവരിയാഗം പൂർത്തിയാക്കിയ യേശുവിന്റെ കീഴ് വഴക്കം അനേകരുടെ രക്ഷയ്ക്ക് നിമിത്തമായി.

സ്വർഗയാത്ര സഹനത്തിലൂടെ .


സ്വർഗം വിലയ്ക്ക് വങ്ങാനുള്ള നാണയമാണ് സഹനം. സഹനത്തിലൂടെ നമുക്ക് സ്വർഗത്തിലെത്താൻ കഴിയും. പക്ഷെ, സഹിക്കുന്നവരെല്ലാം രക്ഷപ്രാപിച്ചിരുന്നില്ല. യേശുവിനോടുള്ള സ്നേഹത്തെ പ്രതി സഹിക്കാൻ സന്നദ്ധതയുള്ളവർക്കേ രക്ഷ ലഭിക്കു. അഗ്നിയും കൂടവും ഇരുമ്പിനെ രൂപാന്തരപ്പെടുത്തുന്നതു പോലെ സഹനങ്ങളുടെ അഗ്നിയും പരീക്ഷണങ്ങളുടെ ഭാരവും നമ്മുടെ ആത്മാക്കളെ രൂപാന്തരപ്പെടുത്തും എന്നതിന് സംശയമില്ല പക്ഷേ, സഹനത്തിന്റെ ഞെരിപ്പോടിൽ വെന്തുരുകുന്ന ജീവിതങ്ങളൊക്കെ നമുക്കൊരു ചോദ്യചിഹ്നമാണ്. സഹനം ദൈവത്തിന്റെ ദാനമാണെന്നും ഒരു വരമാണെന്നും ദൈവമക്കൾക്കു ലഭിക്കുന്ന അവകാശമാണെന്നും ബോധ്യമില്ലാത്തതു കൊണ്ടാണല്ലോ സഹനത്തിന്റെ നീർക്കയത്തിൽ കിടന്ന് പിടയുന്നവരെ നോക്കി നാം പരിതപിക്കാറുള്ളത്. യേശു കൂടുതൽ സ്നേഹിക്കുന്നവർക്കാണ് കൂടുതൽ സഹനങ്ങൾ അനുവദിക്കുന്നതെന്ന സത്യം നാം പലപ്പോഴും തിരിച്ചറിയുന്നില്ല. പ്രഭാ: 2/5 ലൂടെ അവിടുന്ന് ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. " സ്വർണം അഗ്നിയിൽ ശുദ്ധി ചെയ്യപ്പെടുന്നു. കർത്താവിന് സ്വീകാര്യരായ മനുഷ്യരോ സഹനത്തിന്റെ തീച്ചൂളയിലും".

ജീവിതത്തിൽ പലപ്പോഴും കുരിശിലേറ്റപ്പെടുന്നവരാണ് നമ്മൾ. എന്നാൽ ജീവിതം അതു കൊണ്ടവസാനിച്ചു എന്ന് കരുതരുത്. ജീവിതത്തിലെ കുരിശുകൾക്കിടയിലും നാം അന്വേഷിക്കേണ്ടത് ഉത്ഥാനം ചെയ്ത യേശുവിനെയാണ്. ജീവിതത്തിന്റെ നാൾ വഴികളിലൂടെ കടന്നു പോകുമ്പോൾ സഹനങ്ങൾ നമ്മെ വട്ടമിട്ട് പറക്കും. ചിലപ്പോഴെങ്കിലും നമ്മുടെ ജീവിതം ശവക്കല്ലറ പോലെ നിർജീവമാകാം. തികച്ചും അപ്രതീക്ഷിതമായിട്ടായിരിക്കാം ഒരു ദുരന്തം കടന്നുവരിക. പ്രശ്നങ്ങളും പ്രതിസന്ധികളും ഒന്നിനു പുറകേ ഒന്നായി ആഞ്ഞടിക്കുമ്പോൾ ഇത് താങ്ങാവുന്നതിലേറെയാണെന്ന് സാത്താൻ നമ്മുടെ കർണ്ണപുടങ്ങളിൽ മന്ത്രിക്കും. എങ്കിലും നാം തളരരുത്. ഇവയൊന്നും നമ്മുടെ ഹൃദയ സമാധാനത്തെ തകർക്കാൻ നാം അനുവദിക്കരുത്. ജീവിതത്തിന്റെ കനൽ വഴികളിലൂടെ നിത്യതയിലേക്ക് യാത്ര ചെയ്തു കൊണ്ടിരിക്കുന്ന നമ്മൾ പരീക്ഷകളെ അഭിമുഖീകരിച്ചേ മതിയാകൂ. വി.യാക്കോബ് ശ്ലീഹ നമ്മെ ഓർമ്മപ്പെടുത്തുന്നു." പരീക്ഷകൾ ക്ഷമയോടെ സഹിക്കുന്നവൻ ഭാഗ്യവാൻ എന്തെന്നാൽ അവൻ പരീക്ഷകളെ അതിജീവിച്ചു കഴിയുമ്പോൾ തന്നെ സ്നേഹിക്കുന്നവർക്ക് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്റെ കിരീടം ലഭിക്കും"( വി. യാക്കോ.1/12)

സഹനം അനുഗ്രഹമോ ശാപമോ


ക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല അവനെ പ്രതി സഹിക്കാൻ കൂടിയുള്ള അനുഗ്രഹം നമുക്ക് ലഭിച്ചിരിക്കുന്നു (ഫിലി : 1/29 ) . സഹനത്തെ സന്തോഷത്തോടെ പുൽകുന്ന ജീവിതങ്ങളെയും സഹന വേളകളിൽ ദൈവത്തേയും സഹോദരങ്ങളെയും പഴിച്ച് ജീവിതം തള്ളിനീക്കുന്ന അനേകരെയും ഇതിനകം നാം കണ്ടുമുട്ടിയിട്ടുണ്ട്. സഹനം അനുഗ്രഹത്തിന് കാരണമാകുന്നതും ശാപത്തിന് വഴി തുറക്കുന്നതും സഹനത്തോടുള്ള നമ്മുടെ സമീപനമനുസരിച്ചാണ് അല്ലെങ്കിൽ മനോഭാവമനുസരിച്ചാണ് ജീവിതത്തിന്റെ പിന്നാമ്പുറങ്ങൾ വായിച്ചെടുക്കുമ്പോൾ നാം തിരിച്ചറിയും സഹനത്തിന്റെ വേളകളാണ് നമുക്ക് ആന്തരിക കരുത്തും ആന്തരിക സൗന്ദര്യവും പ്രദാനം ചെയ്തതെന്ന് . പാതിവഴിയിൽ കൈവിട്ടു പോകുന്നവനല്ല മറിച്ച് രാവിലും പകലിലും കൂടെ ആയിരിക്കുന്ന ഒരു ദൈവമാണ് നമുക്കുള്ളത്. ഒറ്റപ്പെടുത്തലിന്റെ മുൾമുനയിൽ മനസ്സ് പിടഞ്ഞപ്പോഴും , വിമർശനങ്ങളുടെ കൂരമ്പുകൾ ആഴ്ന്നിറങ്ങിയപ്പോഴും നാം ഒറ്റയ്ക്കായിരുന്നില്ല. മനസ്സും ശരീരവും തളർന്ന് ഇനി ഏതു വഴിയിലൂടെ നീങ്ങണം എന്നറിയാതെ പകച്ചു നിൽക്കുമ്പോൾ അവിടുന്ന് നമ്മുടെ കൂടെ നടക്കുകയല്ല, മറിച്ച് നമ്മെ തോളിലേറ്റുകയാണ് ചെയ്യുന്നത്. ജീവിതത്തിലുണ്ടാകുന്ന ദുഃഖ ദുരിതങ്ങൾ നമ്മുടെ ജീവിതത്തിന് അർത്ഥവും സൗന്ദര്യവും നൽകുന്നു എന്നതിൽ 2 പക്ഷമില്ല. ഭൂമി ഉഴുതു മറിക്കുമ്പോൾ വായു സഞ്ചാരം കൂടുകയും കൂടുതൽ വിളവ് ലഭിക്കുകയും ചെയ്യും. ഇതുപോലെ ദുഃഖത്തിന്റെയും വേദനയുടെയും കാറ്റടിച്ചെങ്കിലേ കൂടുതൽ നല്ല ഫലങ്ങൾ പുറപ്പെടുവിക്കാനാവൂ. ഓരോ സഹനത്തിന്റെയും പുറകിലും അവിടുന്ന് നാമറിയാതെ എന്തൊക്കയോ നമുക്കായി കരുതി വയ്ക്കുന്നുണ്ട് എന്നതാണ് വാസ്തവം. ജീവിതം സമ്മാനിക്കുന്നതെന്തും ദൈവത്തിന്റെ അറിവിലും നിയന്ത്രണത്തിലുമാണെന്ന് നമുക്ക് വിശ്വസിക്കാൻ കഴിയണം. സ്വർഗം വിലയ്ക്കു വാങ്ങിയ വിശുദ്ധാന്മാക്കൾ സഹനവഴിയിൽ നമുക്കു മാതൃകകളാണ്. സഹനത്തിന്റെ കാസ പരാതിയും പരിഭവവും കൂടാതെ മട്ടു വരെ കുടിക്കാൻ തയ്യാറായവളാണ് വി. അൽഫോൻസ .ശാരീരിക സഹനത്തേക്കാൾ ആത്മാവിനേറ്റ മുള്ളുകളായിരുന്നു അവളെ പിടിച്ചുച്ചത്. എങ്കിലും തളരാത്ത ഹൃദയത്തോടെ ആർക്കും അലോസരമുണ്ടാക്കാതെ ആത്മീയാന്ധകാരത്തിന്റെ ഇരുണ്ട രാത്രികളിലും അവൾ സ്നേഹത്തിന്റെ പ്രഭ വിതറി, സഹനം അനുഗ്രഹപ്രദമാക്കി പകർത്തി. സഹനമാകുന്ന ഉരകല്ലിൽ സ്ഫുടം ചെയ്തെടുത്ത ജീവിതങ്ങൾക്കേ സ്വയം പ്രകാശിക്കാനും മറ്റുള്ളവര പ്രകാശിപ്പിക്കാനും കഴിയൂ എന്ന് വിശുദ്ധ യുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. നമുക്ക് സംഭവിക്കുന്ന വീഴ്ച്ചകളിലേക്കും അപചയങ്ങളിലും കണ്ണും നട്ടിരുന്നാൽ ജീവിതത്തിൽ ഒരിക്കലും വിജയിക്കാനാകില്ല. അവയിലൂടെ നമ്മെ സന്ദർശിക്കുന്ന ദൈവത്തെ കാണാനും കേൾക്കാനും അനുഭവിക്കാനും കഴിയണം. സംഭവിച്ചവയെല്ലാം നന്മയക്കായിരുന്നുവെന്ന് അപ്പോൾ അവിടുന്ന് നമ്മെ പഠിപ്പിക്കും. നിലത്തുവീണഴിയുന്ന ഗോതമ്പുമണിയിൽ നിന്ന് പുതുനാമ്പ് കിളിർക്കുന്നതുപോലെ സഹനത്തിലൂടെ എന്നിലെ അഹത്തിന്റെ പുറന്തോട് അഴുകാൻ അനുവദിക്കുമ്പോൾ നവജീവൻ ലഭിക്കും. ക്രിസ്തുവിന്റെ നാമത്തിൽ നിന്ദിതനും തിരസ്കൃതനുമായ പൗലോസെഴുതി , നമുക്ക് വെളിപെടാനിരിക്കുന്ന മഹത്വത്തോട് തുലനം ചെയ്യുമ്പോൾ ഇന്നത്തെ കഷ്ടതകൾ തുലോം നിസ്സാരമാണെന്ന് ഞാൻ കരുതുന്നു.( റോമ: 8/18)

മുറിവുകൾ തിരുമുറിവുകളാകാൻ


പതിനൊന്നാം പീയൂസ് പാപ്പായുടെ അഭിപ്രായത്തിൽ സഹനം അത്യുത്തമമായ ഒരു പ്രാർത്ഥനയാണ്. പ്രസംഗം കൊണ്ടെന്നതിനേക്കാൾ സഹനം കൊണ്ടാണ് കൂടുതൽ ആത്മാക്കൾ രക്ഷിക്കപ്പെടുന്നത്. ഈശോയുടെ പീഡാസഹനത്തോട് ചേർത്തു വയ്ക്കുന്ന ഓരോ മുറിവും തിരുമുറിവാകും യേശുവിന്റെ മുറിവുകളെ ദിവസവും ധ്യാനവിഷയമാക്കുമ്പോൾ നമ്മുടെ മുറിവുകൾ താനേ ഉണങ്ങും. സഹനങ്ങൾ പാഴായി പോകാൻ ഇടയാകരുത്. പ്രശ്നങ്ങൾ എത്ര സങ്കീർണമെങ്കിലും ദൈവവുമായി ഒരു ആലോചനയ്ക്ക് തയ്യാറാകുമ്പോൾ മനസ്സിലാകും യേശുവിന് ഉണക്കാനാകാത്ത മുറിവുകൾ ഇന്നോളം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ലെന്ന് . നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം ദൈവത്തിന് വിട്ടുകൊടുത്തു കൊണ്ട് ജീവിച്ചാൽ കനത്ത ദുരന്തങ്ങളുണ്ടായാലും അവയൊന്നും നമ്മെ തകർക്കില്ല , നിശ്ചയം. മാത്രമല്ല, ജോബിനെപ്പോലെ ദുരന്തത്തിലും ദൈവഹിതം നിറവേറട്ടെ എന്ന് പ്രാർത്ഥിക്കാനായാൽ പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിടാനുള്ള കരുത്ത് ലഭിക്കും. വി. അമ്മ ത്രേസ്യ രോഗിയായി കിടന്നപ്പോൾ ഈശോ പറഞ്ഞു, ഈ സഹനത്തിൽ നിനക്ക് എന്നോട് സംസാരിക്കാനായില്ല. പക്ഷേ, ഇതിലൂടെ ഞാൻ നിന്നോട് സംസാരിച്ചു. എല്ലാ വേദനകളും മനുഷ്യാത്മാവിനെ ദൈവദർശനത്തിന് ഒരുക്കുന്നു. യേശുവിനോടുള്ള സ്നേഹത്തെ പ്രതി നാം കിനിയുന്ന ഓരോ വിയർപ്പു കണത്തിനും അലച്ചിലുകൾക്കും ഏറ്റെടുക്കുന്ന ഓരോ മുറിവിനും പരത്തിൽ വലിയ വിലയുണ്ടെന്ന് നമുക്ക് മറക്കാതിരിക്കാം. കുരിശില്ലാതെ കിരീടമോ,
മരണമില്ലാതെ ഉയിർപ്പോ ഉണ്ടാകില്ലന്ന് തിരിച്ചറിയാം.

ഓർക്കുക ദുഃഖത്തിന്റെ കാർമേഘങ്ങൾ നാളെ കൃപയുടെ കുളിർ കാറ്റായി തീരും. ഇരുളു നിറഞ്ഞ ദിനങ്ങളെ നാളെയുടെ ശോഭനമാർന്ന പ്രഭാതം കീഴ്പ്പെടുത്തുക തന്നെ ചെയ്യും.

സി. ഹിത ജോസ് സി.എം സി .
കാഞ്ഞൂർ


Related Articles

മറിയത്തിന്റെ പേര്

വിചിന്തിനം

Contact  : info@amalothbhava.in

Top